M V Govindanവിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ നേതാവാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിലെത്തിയ എം. വി ഗോവിന്ദന്‍. എന്നാല്‍ യുവജന പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം നേതാവായി വളര്‍ന്നത്. സ്‌കൂള്‍ പഠന കാലത്ത് ബാലസംഘത്തില്‍ സജീവമായിരുന്ന അദ്ദേഹം പിന്നീട് കെ.എസ്.വൈ.എഫിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായി.

ഡി.വൈ.എഫ് .ഐ രൂപവത്കരിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അഞ്ച് പ്രതിനിധികളില്‍ ഒരാളായിരുന്നു. ഡി.വൈ.എഫ്.ഐ പ്രഥമ സംസ്ഥാന പ്രസിഡന്റായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മോസ്‌കോയില്‍ നടന്ന യുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.

കണ്ണൂരിലെ മൊറാഴയില്‍ കുഞ്ഞമ്പുവിന്റെയും മാധവി അമ്മയുടെയും മകനായി 1953 ഏപ്രില്‍ 23 നാണ് എം. വി ഗോവിന്ദന്റെ ജനനം. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമ നേടിയ അദ്ദേഹം കുറച്ചുകാലം ഇരിങ്ങല്‍ യു.പി സ്‌കൂളില്‍ കായിക അധ്യാപകനായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയത്തില്‍ സജീവമായതോടെ ജോലി ഉപേക്ഷിച്ചു. നിരവധി യുവജന - കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിയന്തരാവസ്ഥ കാലത്ത് നാലുമാസം ജയിലില്‍ കഴിഞ്ഞു. അക്കാലത്ത് കടുത്ത പോലീസ് മര്‍ദനത്തിന് ഇരയായി.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ലും 2001 ലും തളിപ്പറമ്പില്‍നിന്ന് നിയമസഭയിലെത്തി. നിലവില്‍ ദേശാഭിമാനി ചീഫ് എഡിറ്ററാണ്. കണ്ണൂര്‍ എസ്.സി -എസ്.ടി വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്, മലബാര്‍ ടൂറിസം ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ പി. കെ. ശ്യാമളയാണ് ഭാര്യ. മക്കള്‍: ശ്യാംജിത്, രംഗീത്.