സിപിഎം കേന്ദ്രകമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ പാര്‍ട്ടിയുടെ സ്വീകാര്യനായ നേതാക്കളില്‍ ഒരാളാണ്. ചെറിയ വരുമാനത്തില്‍ ഏറ്റവും ചുരുങ്ങി ജീവിച്ചു ശീലിച്ച രാധാകൃഷ്ണന്‍ ലാളിത്യവും വിനയവും കൊണ്ട് സഹപ്രവര്‍ത്തകരുടെയും എതിരാളികളുടയെും ആദരവും അംഗീകാരവും നേടിയ നേതാവാണ്. വയലില്‍ പോത്തുകളുമായി കന്നുപൂട്ടാന്‍ പോയിരുന്ന അധ്വാനത്തിന്റെ ബാല്യമുണ്ട് അദ്ദേഹത്തിന്.

ദരിദ്ര കര്‍ഷകത്തൊഴിലാളി കുടുംബമായ തോന്നൂര്‍ക്കര വടക്കേ വളപ്പില്‍ കൊച്ചുണ്ണിയുടെയും ചിന്നയുടെയും രണ്ടാമത്തെ മകനായി 1964- മെയ് 24നാണ് രാധാകൃഷ്ണന്റെ ജനനം. തേയിലത്തോട്ടത്തിലെ തൊഴിലാളികളായിരുന്നു അഛനും അമ്മയും.

നിലവില്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗമായ രാധാകൃഷ്ണന്‍ കേരള നിയമസഭയില്‍ സ്പീക്കര്‍ സ്ഥാനവും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമം, യുവജന വകുപ്പ മന്ത്രി, ചീഫ് വിപ്പ്, എന്നീ സ്ഥാനങ്ങളും വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്. 

എസ്.എഫ്.ഐ.യുടെ സജീവ പ്രവര്‍ത്തകനായാണ് രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം. എസ്.എഫ്.ഐ. ചേലക്കര സ്‌കൂള്‍ യൂണിറ്റ് ഭാരവാഹിയായി . പിന്നീട് വടക്കാഞ്ചേരി വ്യാസയില്‍ പ്രീഡിഗ്രിക്കും തൃശ്ശൂര്‍ കേരളവര്‍മയില്‍ ബിരുദത്തിനും പഠിക്കുമ്പോള്‍ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി

കേരളവര്‍മ കോളേജില്‍ യുണിറ്റ് സെക്രട്ടറിയായിരിക്കെയാണ് തൃശ്ശൂരിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവ സാന്നിദ്ധ്യമാകുന്നത്. ഡി.വൈ.എഫ്.ഐ. ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി.

1991-ല്‍ ഇദ്ദേഹം വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്നും തൃശൂര്‍ ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപെട്ടു. 1996-ല്‍ ആദ്യമായി ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. 1996 -2001 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമം, യുവജന കാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2001-ല്‍ ഇദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ ചീഫ് വിപ്പാവുകയും ചെയ്തു. 2006-ല്‍ പന്ത്രണ്ടാം നിയമസഭയില്‍ സ്പീക്കറായും പ്രവര്‍ത്തിച്ചു.

മന്ത്രിയായിരുന്നപ്പോഴും ടാര്‍പോളിന്‍കൊണ്ടു മറച്ച ചെറിയ കൂരയിലെ താമസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിന്നീടാണ് ഹൌസിങ്‌ബോര്‍ഡില്‍ നിന്നും മൂന്ന്‌ലക്ഷം രൂപ വായ്പയെടുത്ത് ഒറ്റമുറി വീട് പണിതത്. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത് രാധാകൃഷ്ണനായിരുന്നു.

നിലവില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമാണ്. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ അദ്ദേഹം അഖിലേന്ത്യാ ദളിത് ശോഷണ്‍ മുക്തി മഞ്ച് പ്രസിഡന്റ്, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ്, ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്(സിഐടിയു) എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.