ഹൈദരാബാദ്: ഇത്തവണ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ താരപരിവേഷം പിണറായി വിജയനാണ്. പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രിയെന്നതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. പോലീസ് അകമ്പടിയോടെ എത്തിയതും അദ്ദേഹം മാത്രമായിരുന്നു.

ഭാര്യ കമലയുമൊത്ത് ബുധനാഴ്ച രാവിലെ സമ്മേളന നഗരിയിലേക്ക് പിണറായി എത്തിയപ്പോഴേക്കും മാധ്യമങ്ങള്‍ വളഞ്ഞു. ആരാണ് ഈ വി.ഐ.പി. എന്നു സംശയിച്ചുനിന്നവരോട് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞുകൊടുത്തു -'അതു കേരള സി.എം.' പ്രതികരണത്തിന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അടുത്തുകൂടിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.
 

രക്തസാക്ഷികളില്‍ കേരളത്തില്‍നിന്ന് 13 പേര്‍

മൂന്നുവര്‍ഷത്തിനിടെ പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് 13 പേര്‍. എല്ലാവരെയും ആര്‍.എസ്.എസുകാരാണ് വധിച്ചതെന്ന് അനുശോചനപ്രമേയത്തില്‍ പറയുന്നു. ബംഗാളില്‍ 31 പേരുണ്ട് രക്തസാക്ഷികള്‍. തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ഇവരെ വധിച്ചത്. ആദരാഞ്ജലി അര്‍പ്പിക്കപ്പെട്ട പ്രമുഖരില്‍ കേരളത്തില്‍നിന്ന് ഒ.എന്‍.വി. കുറുപ്പ് മാത്രം.

ആദ്യകാലനേതാക്കള്‍ക്ക് ആദരം

പ്രായാധിക്യം മൂലം വിരമിച്ച നേതാക്കളെ പാര്‍ട്ടി കോണ്‍ഗ്രസ് ആദരിച്ചു. മുന്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.എം. ലോറന്‍സ്, വി. രവീന്ദ്രനാഥ് എന്നിവരെ വിശിഷ്ടാതിഥികളായി ക്ഷണിച്ചാണ് ആദരിച്ചത്.

1964-ല്‍ സി.പി.ഐ. വിട്ട് സി.പി.എം. രൂപവത്കരിച്ച ആദ്യ കേന്ദ്രകമ്മിറ്റിയില്‍ അംഗമായ വി.എസ്. അച്യുതാനന്ദനെയും തമിഴ്‌നാട്ടില്‍നിന്നുള്ള എന്‍. ശങ്കരയ്യയെയും വേദിയില്‍ ക്ഷണിച്ചിരുത്തി ഹാരവും ഉപഹാരവും നല്‍കി ആദരിച്ചു.

വേദിയില്‍ ചുവപ്പും പച്ചയും

സി.പി.എം. സമ്മേളനവേദികള്‍ സാധാരണ ചുവപ്പുമയമായിരിക്കും. പക്ഷേ, ഹൈദരാബാദിലെ വേദിയില്‍ പശ്ചാത്തലത്തിന് ചുവപ്പല്ല, പച്ചയാണ് നിറം. മുളകള്‍ നിരന്നുനില്‍ക്കുന്ന പശ്ചാത്തലമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആര്‍ഭാടമില്ലെന്നത് സമ്മേളനത്തിന്റെ സവിശേഷതയാണ്. ഹരിത ചട്ടം ഏറക്കുറെ നടപ്പാക്കാനുള്ള ശ്രമവുമുണ്ട്. ബാഗുകള്‍, തിരിച്ചറിയല്‍കാര്‍ഡുകള്‍ എന്നിവയെല്ലാം ചണം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍, കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിലാണ്.

പൊള്ളുന്ന ചൂടില്‍ ചൂടേറിയ ചര്‍ച്ചകള്‍

ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പകല്‍ 40 ഡിഗ്രി സെല്‍ഷ്യസിനും മുകളിലാണ് ഇവിടെ ചൂട്. ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പ്രതിവിധി. സമ്മേളനഹാള്‍ ശീതീകരിച്ചിട്ടുള്ളതിനാല്‍ ചര്‍ച്ചയിലെ ചൂടുമാത്രം സഹിച്ചാല്‍മതി അവിടെ.