ഹൈദരാബാദ്: കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച  കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാട് തള്ളി കാരാട്ട് പക്ഷം രംഗത്ത്. രഹസ്യ ബാലറ്റ് ബാലറ്റ് പതിവില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായാണ് വ്യക്തമാക്കുന്നത്. അതിനാല്‍ രഹസ്യ ബാലറ്റിന്റെ ആവശ്യമില്ല.

ഇതുവരെ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ രാഷ്ട്രീയ പ്രമേയങ്ങളില്‍ രഹസ്യ ബാലറ്റ് ഉപയോഗിച്ചിട്ടില്ല. പുതിയ കമ്മിറ്റികളെ തിരഞ്ഞെടുക്കുന്നതിന് രഹസ്യ ബാലറ്റ് ആകാം. എന്നാല്‍, രാഷ്ട്രീയ പ്രമേയ ഭേദഗതികളില്‍ രഹസ്യ ബാലറ്റ് ആകാമെന്ന് പറയുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

രഹസ്യ ബാലറ്റ് എന്ന ആവശ്യം ശക്തമായി ഉയര്‍ന്നതിനു പിന്നാലെയാണ് കാരാട്ടിന്റെ പ്രതികരണം. യെച്ചൂരിയെ അനുകൂലിക്കുന്ന ആറ് സംസ്ഥാനങ്ങള്‍ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. 

തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് രഹസ്യ ബാലറ്റിനെ അനുകൂലിച്ച് രംഗത്തെത്തിയത്. കീഴ്‌വഴക്കങ്ങള്‍ മറികടന്ന് രഹസ്യ വോട്ടെടുപ്പ് പാടില്ലെന്ന നിലപാടാണ് കേരളഘടകത്തിന്റേത്. ഹിമാചല്‍ പ്രദേശ്, തൃപുര ഘടകങ്ങളും കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന കാരാട്ടിന്റെ നിലപാടിനൊപ്പമാണ്.

അതിനിടെ, ന്യൂനപക്ഷ രേഖ അവതരിപ്പിച്ചതിന്റെ പേരില്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ തെറ്റില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. പദവിയില്‍ തുടരുന്നതിന് അദ്ദേഹത്തിന് തടസങ്ങളില്ല. രേഖ അംഗീകരിച്ചുകഴിഞ്ഞാല്‍ ഒറ്റപ്പക്ഷം മാത്രമാണുള്ളതെന്നും കാരാട്ട് പറഞ്ഞു.

Content Highlights: CPM Party Congress, Hyderabad