ഹൈദരാബാദ്: കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ കരട് രാഷ്ട്രീയപ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ രാഷ്ട്രീയപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഒഴിവായേക്കുമെന്ന് സൂചന. കോണ്‍ഗ്രസുമായി ധാരണയാകാം,സഖ്യം പാടില്ല എന്ന തരത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

വിവാദവിഷയമായ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച പരാമര്‍ശത്തില്‍ മണിക് സര്‍ക്കാരും പിണറായി വിജയനുമടക്കമുള്ള നേതാക്കള്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ ഇല്ലാതെ തന്നെ ബിജെപിയെ തോല്‍പ്പിക്കാനാവശ്യമായ നടപടികള്‍ വേണമെന്നായിരുന്നു പ്രമേയത്തിലെ മുന്‍നിര്‍ദേശം. ഇതിലാണ് ഭേദഗതി വരുത്താന്‍ ധാരണയായിരിക്കുന്നത്.

ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ വേണ്ട എന്നതിനുപകരം രാഷ്ട്രീയസഖ്യം വേണ്ട എന്ന് മാറ്റിയിട്ടുണ്ട്. ഇത് പ്രകാശ് കാരാട്ട്,സീതാറാം യെച്ചൂരി പക്ഷങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യമായ കാര്യമാണ്. ഇതോടെയാണ് കരട് രാഷ്ട്രീയപ്രമേയത്തില്‍ വോട്ടെടുപ്പ് ഒഴിവാകുന്നത്.

Content highlights: 22nd CPM party congress, hyderabad party congress, Draft political resolution,problem solved, cpm-congress relation