ഹൈദരാബാദ്: കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കണോ ധാരണവേണോ എന്ന ചര്‍ച്ചയുടെ പ്രശ്‌നമേ ഉദിക്കുന്നില്ല. അക്കാര്യത്തിലും ആര്‍.എസ്.എസ്. നയിക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് മാറ്റണമെന്ന കാര്യത്തിലും സി.പി.എമ്മില്‍ അഭിപ്രായവ്യത്യാസമേയില്ല. ബി.ജെ.പി.ക്കെതിരായ പോരാട്ടം എങ്ങനെ ഫലപ്രദമായി നടത്താനാവും എന്ന കാര്യത്തിലാണ് ചര്‍ച്ച.

ഇക്കാര്യത്തില്‍ ശരിയായ നിലപാട് ശക്തമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന കാര്യമാണ് ചര്‍ച്ചചെയ്യുന്നത്. ജനറല്‍ സെക്രട്ടറിയായ താന്‍ കേന്ദ്ര കമ്മിറ്റിയിലെ ന്യൂനപക്ഷാഭിപ്രായം കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത് സമ്മേളനദിവസം കേന്ദ്രകമ്മിറ്റി തീരുമാനിച്ചതനുസരിച്ചാണ്. കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരടുപ്രമേയത്തില്‍ ഭേദഗതിവരുത്തണമെന്ന് മുമ്പൊരിക്കലുമില്ലാത്തത്ര നിര്‍ദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് വ്യത്യസ്താഭിപ്രായവും ചര്‍ച്ചയ്ക്കായി അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.!!

ജനറല്‍ സെക്രട്ടറി ഔദ്യോഗികപ്രമേയം അവതരിപ്പിക്കാത്തതിലോ ന്യൂനപക്ഷപ്രമേയം അവതരിപ്പിച്ചതിലോ അസ്വാഭാവികതയില്ല. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമായിരുന്നുവെന്ന ന്യൂനപക്ഷാഭിപ്രായം ജനറല്‍ സെക്രട്ടറിയായിരിക്കെ ഹര്‍കിഷന്‍സിങ് സുര്‍ജിത്താണ് അവതരിപ്പിച്ചത്. കരടുരാഷ്ട്രീയപ്രമേയം മിക്കപ്പോഴും ജനറല്‍ സെക്രട്ടറിയല്ല അവതരിപ്പിക്കാറ്. സുന്ദരയ്യ സെക്രട്ടറിയായിരുന്നപ്പോള്‍ രണദിവെയും ഇ.എം.എസ്. സെക്രട്ടറിയായിരുന്നപ്പോള്‍ സുര്‍ജിത്തും സുര്‍ജിത്ത് സെക്രട്ടറിയായിരിക്കെ പ്രകാശുമാണ് അവതരിപ്പിച്ചത്.

കോണ്‍ഗ്രസുമായി മുന്നണിയോ ധാരണയോ അല്ല, ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ തന്ത്രപരമായ സമീപനം സ്വീകരിക്കുകയാണുവേണ്ടത്. പുറത്തുനിന്ന് പിന്തുണയ്ക്കുക എന്ന സമീപനത്തിന്റെ ബൗദ്ധികസ്വത്തവകാശം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് സി.പി.എമ്മിനാണെന്ന് പറയാറുണ്ട്. 1996-ല്‍ ഐക്യമുന്നണിയെയും 2004-ല്‍ യു.പി.എ.യെയും പുറത്തുനിന്നാണ് പിന്തുണച്ചത് -തന്റെ പക്ഷം ഇപ്പോള്‍ നിര്‍ദേശിക്കുന്നതും കോണ്‍ഗ്രസിന് പുറത്തുനിന്ന് പിന്തുണ നല്‍കലാണെന്ന സൂചന നല്‍കി യെച്ചൂരി പറഞ്ഞു.

ഹൈക്കമാന്‍ഡ് പാര്‍ട്ടിയല്ല, ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയെന്ന നിലയില്‍ എല്ലാ അഭിപ്രായവും ചര്‍ച്ചചെയ്തശേഷം യോജിച്ച തീരുമാനമെടുക്കാന്‍ ശ്രമിക്കും. തീരുമാനമെടുത്താല്‍ അത് എല്ലാവര്‍ക്കും ബാധകമാവുകയും ചെയ്യും -യെച്ചൂരി പറഞ്ഞു.

സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിയുടെ പ്രമേയം പരാജയപ്പെട്ടാല്‍ എന്തുസംഭവിക്കുമെന്ന ചോദ്യത്തിന്, ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ, ഊഹാപോഹം വേണ്ട എന്നായിരുന്നു മറുപടി. രാഷ്ട്രീയപ്രമേയത്തില്‍ വോട്ടെടുപ്പുനടന്നാല്‍ അത് പിളര്‍പ്പിലേക്കെത്തുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, ചര്‍ച്ച തുടങ്ങിയതല്ലേയുള്ളൂ, ഊഹാപോഹം വേണ്ടെന്നായിരുന്നു മറുപടി.