ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള യെച്ചൂരിലൈനിന് അംഗീകാരം നല്‍കിയ സി.പി.എമ്മിന്റെ 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്, ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യാനുള്ള ആഹ്വാനത്തോടെ സമാപിച്ചു. കേന്ദ്രകമ്മിറ്റിയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട രാഷ്ട്രീയനയവുമായെത്തിയ സീതാറാം യെച്ചൂരി കൂടുതല്‍ കരുത്തോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു.

പ്രായപരിധി പിന്നിട്ടെങ്കിലും മുതിര്‍ന്ന നേതാവായ എസ്. രാമചന്ദ്രന്‍പിള്ളയെ കാരാട്ട് പക്ഷത്തിന്റെയും കേരളഘടകത്തിന്റെയും ആവശ്യപ്രകാരം പൊളിറ്റ്ബ്യൂറോയില്‍ നിലനിര്‍ത്തി. ബംഗാളില്‍നിന്ന് രണ്ടുപേരെക്കൂടി പുതുതായി പി.ബി.യില്‍ ഉള്‍പ്പെടുത്തി. സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി തപന്‍ സെന്നും എസ്.എഫ്.ഐ. മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ പാര്‍ലമെന്റംഗവുമായ നീലോല്‍പല്‍ ബസുവുമാണ് പുതുതായി ഇടം നേടിയത്. ഇതോടെ ബംഗാളില്‍നിന്നുള്ള പി.ബി.അംഗങ്ങളുടെ എണ്ണം ആറായി. സി.ഐ.ടി.യു. മുന്‍ അഖിലേന്ത്യാ പ്രസിഡന്റും മലയാളിയുമായ എ.കെ.പത്മനാഭനെ ഒഴിവാക്കി. കേരളത്തില്‍നിന്ന് എം.വി.ഗോവിന്ദനും കെ.രാധാകൃഷ്ണനും പുതുതായി കേന്ദ്രകമ്മിറ്റിയിലെത്തി.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടായില്ലെങ്കിലും യെച്ചൂരിയെ തിരഞ്ഞെടുക്കുന്നതില്‍ നാലുപ്രതിനിധികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. മാണിക് സര്‍ക്കാരിനെയാണ് ഇവര്‍ നിര്‍ദേശിച്ചത്. എന്നാല്‍, മത്സരത്തിന് തയ്യാറാകാതിരുന്ന മാണിക് സര്‍ക്കാര്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിയുടെ പേര് നിര്‍ദേശിച്ചു. തന്റെ രാഷ്ട്രീയനിലപാട് അംഗീകരിപ്പിക്കാനായതുപോലെ കേന്ദ്രകമ്മിറ്റിയിലും പി.ബി.യിലും തന്റെ നിലപാടിനോട് ചേര്‍ന്നുനില്‍ക്കുന്നവരുടെ എണ്ണം കൂട്ടുന്നതിനും യെച്ചൂരി തന്ത്രപരമായ നിലപാട് സ്വീകരിച്ചെന്നാണ് വിവരം.

രാഷ്ട്രീയപ്രമേയവുമായി ബന്ധപ്പെട്ട തര്‍ക്കവും വിവാദവും കാരണം യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ ഒരുവിഭാഗത്തിനുണ്ടായ എതിര്‍പ്പും കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച ബംഗാള്‍ ഘടകത്തിന്റെ കടുത്ത നിലപാടും ഏകകണ്ഠമായ തിരഞ്ഞെടുപ്പിന് തടസ്സമായേക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഞായറാഴ്ച രാവിലെ ദീര്‍ഘനേരം സമ്മേളിച്ച പി.ബി. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ധാരണയിലെത്തി.

കേന്ദ്രകമ്മിറ്റിയിലെ അംഗസംഖ്യ 91-ല്‍നിന്ന് 95 ആക്കി. ഇതില്‍ 94 പേരെ തിരഞ്ഞെടുത്തു. ഒരു പദവി ഒഴിച്ചിട്ടു. 19 പേരാണ് കമ്മിറ്റിയില്‍ പുതുതായെത്തിയത്. പ്രായവും അനാരോഗ്യവും കണക്കിലെടുത്ത് പി.കെ. ഗുരുദാസനെ ഒഴിവാക്കി. പി. കരുണാകരന്‍, പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, ഇ.പി. ജയരാജന്‍, വൈക്കം വിശ്വന്‍, ടി.എം. തോമസ് ഐസക്ക്, എ. വിജയരാഘവന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍, എളമരം കരീം എന്നിവര്‍ തുടരും. ക്ഷണിതാക്കളായിരുന്ന മലയാളികളായ മുരളീധരന്‍, വിജു കൃഷ്ണന്‍ എന്നിവരെ ഇത്തവണ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ഒരു വനിതാ അംഗത്തെ പിന്നീട് ഉള്‍പ്പെടുത്തും.

വി.എസ്. അച്യുതാനന്ദനെ ഇത്തവണയും പ്രത്യേക ക്ഷണിതാവാക്കി. പ്രായപരിധി പിന്നിട്ടതിനെത്തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയില്‍നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയ പാലോളി മുഹമ്മദ്കുട്ടിയെയും ഇത്തവണ ക്ഷണിതാവാക്കി. ബുദ്ധദേവ് ഭട്ടാചാര്യയെ ഇത്തവണ ക്ഷണിതാവാക്കിയില്ല.

മുന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബസുദേവ ആചാര്യ കണ്‍വീനറായ അഞ്ചംഗ കണ്‍ട്രോള്‍ കമ്മിഷനില്‍ കേരളത്തില്‍നിന്നുള്ള പി. രാജേന്ദ്രന്‍ അംഗമാണ്.

പൊളിറ്റ്ബ്യൂറോ

സീതാറാം യെച്ചൂരി

എസ്. രാമചന്ദ്രന്‍ പിള്ള

പിണറായി വിജയന്‍

കോടിയേരി ബാലകൃഷ്ണന്‍

എം.എ. ബേബി

പ്രകാശ് കാരാട്ട്

വൃന്ദാ കാരാട്ട്

മാണിക് സര്‍ക്കാര്‍

സുഭാഷിണി അലി

ബി.വി. രാഘവുലു

ജി. രാമകൃഷ്ണന്‍

ബിമന്‍ ബസു

ഹനന്‍ മൊള്ള

സൂര്യകാന്ത മിശ്ര

മൊഹമ്മദ് സലിം

തപന്‍ സെന്‍

നീലോല്‍പല്‍ ബസു