കോൺഗ്രസ് ബന്ധം സംബന്ധിച്ച് സി.പി.എം. കൈക്കൊള്ളാൻ പോകുന്ന തീരുമാനത്തെക്കുറിച്ച് കോൺഗ്രസിനെക്കാൾ ഉത്കണ്ഠ ബി.ജെ.പി.ക്ക്. അതുകൊണ്ടുതന്നെ സി.പി.എം.
22-ാം പാർട്ടി കോൺഗ്രസിൽ വെള്ളിയാഴ്ചത്തെ തീരുമാനം ഉറ്റുനോക്കുന്നത് ബി.ജെ.പി.യാണ്.

കോൺഗ്രസുമായി ബന്ധമോ ധാരണയോ പാടില്ലെന്ന കാരാട്ടിന്റെ ലൈനും ബി.ജെ.പി.യെ തൂത്തെറിയാൻ കോൺഗ്രസുൾപ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളുമായി ധാരണയാകാമെന്ന സീതാറാം യെച്ചൂരി ലൈനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലം വെള്ളിയാഴ്ചയറിയാം. കാരാട്ടിന്റെ നയം പാർട്ടിയുടെ ഔദ്യോഗിക നിലപാടാണ്. ഇതു വിജയിച്ചുകാണാനാണ് ബി.ജെ.പി.ക്കു താത്പര്യം. യെച്ചൂരി ലൈനിന് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയാൽ അത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്ക് ദോഷകരമാവുമെന്നതാണ് കാരണം.

ദേശീയതലത്തിൽ സി.പി.എം. ചെറിയ പാർട്ടിയാണെങ്കിലും അവരുടെ തീരുമാനങ്ങൾക്ക് ബി.ജെ.പി. വളരെ ഗൗരവം നൽകുന്നുണ്ട്. ദേശീയരാഷ്ട്രീയത്തെ അവർ സ്വാധീനിച്ചേക്കാമെന്നതിനാലാണത്. കോൺഗ്രസുമായി ധാരണയ്ക്ക് സി.പി.എം. തീരുമാനമുണ്ടായാൽ ബംഗാളിലാണ് അതിന്റെ പ്രത്യക്ഷഫലം ആദ്യമുണ്ടാകുക. അവിടെ ശക്തി ക്ഷയിച്ച് തൃണമൂൽ കോൺഗ്രസിനോട് അടിയറവു പറഞ്ഞുനില്ക്കുകയാണ് സി.പി.എം. കോൺഗ്രസാണ് രണ്ടാംസ്ഥാനത്തെങ്കിലും ബി.ജെ.പി. വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നു. സി.പി.എം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി. എന്നീ കക്ഷികൾ ഒറ്റയ്ക്കു മത്സരിക്കുമ്പോൾ മതേതര വോട്ടുകൾ ഭിന്നിക്കുന്നതാണ് ഈ സ്ഥിതിവിശേഷത്തിനു കാരണം.
അവിടെ കോൺഗ്രസും സി.പി.എമ്മും ധാരണയിൽ മത്സരിച്ചാൽ ബി.ജെ.പി.യെയും തൃണമൂൽ കോൺഗ്രസിനെയും തളയ്ക്കാമെന്നാണ് ബംഗാൾ ഘടകത്തിന്റെ വാദം.

സി.പി.എം. ദുർബലമായ മറ്റു സംസ്ഥാനങ്ങളിലും ഇതേ അടവുനയം തുടർന്നാൽ ജനാധിപത്യ മതേതര വോട്ടുകൾ ഭിന്നിക്കുന്നത് വലിയപരിധിവരെ ഒഴിവാക്കാമെന്നാണ് യെച്ചൂരി ലൈനിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
ഇടതു മതേതര കക്ഷികളുടെ ദേശീയബദലുണ്ടാക്കാൻ പാർട്ടിക്ക് മുൻകൈ എടുക്കണമെങ്കിലും ഇത്തരമൊരു നിലപാടിന് വിജയം ധാർമികമായി ഗുണം ചെയ്യും. അതുകൊണ്ടുതന്നെ ഈ നിലപാട് പരാജയപ്പെടുന്നതിൽ ഏറെ താത്പര്യം ബി.ജെ.പി.ക്കായിരിക്കും.
അടുത്ത പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അംഗബലം എത്രയും കുറയ്ക്കുക എന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യം.

 ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാൽ വലിയ ഒറ്റക്കക്ഷിയെ മന്ത്രിസഭയുണ്ടാക്കാൻ വിളിച്ചാൽ കോൺഗ്രസിന് അവസരം കിട്ടാതിരിക്കണമെന്ന് ബി.ജെ.പി.ക്കു നിർബന്ധമുണ്ട്. പാർട്ടികോൺഗ്രസിലെ  തിരുമാനത്തിൽ ബി.ജെ.പി.ക്കുള്ള താത്പര്യം ഇതാണ്.

എന്നാൽ കാരാട്ട് പക്ഷത്തുള്ളവർ പറയുന്നത്, തങ്ങൾക്കു ശക്തിയില്ലാത്തിടത്ത് കോൺഗ്രസിനെ പിന്തുണയ്ക്കാമെന്നാണ്. അതിന് കോൺഗ്രസുമായി ധാരണ ഉണ്ടാക്കണമെന്ന രേഖയുടെ ആവശ്യമില്ല.
ബി.ജെ.പി.യാണ് മുഖ്യശത്രുവെന്നതു സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഒരു ഭിന്നതയുമില്ല. അവരെ എങ്ങനെ അധികാരത്തിൽനിന്ന് ഇറക്കിവിടണമെന്നതു സംബന്ധിച്ചാണ് തർക്കം. ജനാധിപത്യപാർട്ടി എന്ന നിലയിൽ അത് പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്നെന്നു മാത്രം.