ഹൈദരാബാദ്: ബി.ജെ.പി.യെ അധികാരത്തില്‍നിന്നു താഴെയിറക്കാനുള്ള വിശാല രാഷ്ട്രീയചേരിയില്‍ കോണ്‍ഗ്രസിനെ സഹകരിപ്പിക്കുന്നതിനെച്ചൊല്ലി സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞുള്ള ചര്‍ച്ച. കേന്ദ്രനേതൃത്വത്തിലെ അഭിപ്രായവ്യത്യാസം പാര്‍ട്ടി കോണ്‍ഗ്രസിലേക്കും പടരുന്നതിന്റെ പ്രതിഫലനമായിരുന്നു കരടു രാഷ്ട്രീയപ്രമേയത്തിന്മേല്‍ വ്യാഴാഴ്ച നടന്ന പൊതുചര്‍ച്ച. ഭിന്നത രൂക്ഷമായതിനു പുറമേ, ഭേദഗതികളില്‍ രഹസ്യവോട്ടെടുപ്പിന് ആവശ്യമുയര്‍ന്നതും ശ്രദ്ധേയമായി. ഇതോടെ കൂടുതല്‍ ജാഗ്രതയോടെയാണ് ഇരുപക്ഷത്തിന്റെയും നീക്കം. ചര്‍ച്ചയില്‍ ചേരിതിരിവു രൂക്ഷമായതോടെ, വോട്ടെടുപ്പിനു സാധ്യത തെളിഞ്ഞു. രഹസ്യവോട്ടെടുപ്പിന് ആവശ്യമുയര്‍ന്നതോടെ, നേതൃത്വം പിരിമുറുക്കത്തിലായി.

കാരാട്ട് പക്ഷത്തോപ്പം ഉറച്ചുനില്‍ക്കുന്ന കേരളത്തിനു വേണ്ടി പി. രാജീവ് പൊതുചര്‍ച്ചയ്ക്കു തുടക്കമിട്ടു. ബി.ജെ.പി.യെ താഴെയിറക്കാനുള്ള തിരഞ്ഞെടുപ്പുതന്ത്രമെന്ന നിലയ്ക്ക് കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്നത് ആത്മഹത്യാപരമാണെന്നു രാജീവ് തുറന്നടിച്ചു. നാളത്തെ ബി.ജെ.പി.യാണ് ഇന്നത്തെ കോണ്‍ഗ്രസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ത്രിപുരയില്‍ വ്യാപകമായി കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പി.യിലേക്കു ചോര്‍ന്നതു ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം.

ത്രിപുരയില്‍നിന്നുള്ള പ്രതിനിധി തപന്‍ ചക്രവര്‍ത്തിയും കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ത്തു. സ്വന്തം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് അനുഭവം മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ ചര്‍ച്ച. ബി.ജെ.പി.ക്ക് ഇത്രയേറെ സീറ്റു ലഭിച്ചത് കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നതിനാലാണെന്നാണ് ത്രിപുരയുടെ വാദം. ബി.ജെ.പി.ക്കു തടയിടാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്നതിന്റെ തെളിവാണ് അവരുടെ സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച നാമമാത്രവോട്ടുകളെന്നും തപന്‍ ചക്രവര്‍ത്തി പറഞ്ഞു.

ഹിമാചല്‍പ്രദേശില്‍നിന്നുള്ള രാകേഷ് സിന്‍ഘ എം.എല്‍.എ.യുടെ ചര്‍ച്ച ഏറെ വൈകാരികമായിരുന്നു. ഹിമാചലില്‍ വീര്‍ഭദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കെതിരേ പാര്‍ട്ടി നടത്തിയ സമരങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. അത്തരമൊരു സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഹകരിച്ചു തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിക്കാനാവില്ല.

ബി.ജെ.പി.യെ മുഖ്യശത്രുവായി ഉയര്‍ത്തിക്കാട്ടുകയും കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പുധാരണയോ സഖ്യമോ വേണ്ടെന്നു തീരുമാനിക്കുകയും ചെയ്ത വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ അടവുനയം ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നും രാകേഷ് സിന്‍ഘ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി.

ആന്ധ്രാപ്രദേശ്, ബിഹാര്‍, ഹരിയാണ, രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങള്‍ ഔദ്യോഗികപ്രമേയത്തെ പിന്തുണച്ചു. തമിഴ്‌നാട്, അസം സംസ്ഥാനങ്ങള്‍ യെച്ചൂരിയെ പിന്തുണച്ചു. ബി.ജെ.പി.യെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിനുവേണ്ടി ശക്തമായി വാദിച്ച മഹാരാഷ്ട്രാ പ്രതിനിധി ഉദയ് നര്‍വേല്‍ക്കര്‍ പ്രമേയത്തിലെ ഭേദഗതിയില്‍ രഹസ്യവോട്ടെടുപ്പു വേണമെന്നും ആവശ്യപ്പെട്ടു.

പ്രമേയത്തിന്മേല്‍ കേന്ദ്രനേതൃത്വത്തില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കെ രഹസ്യവോട്ടെടുപ്പിന് ആവശ്യമുയര്‍ന്നത് ഇരുപക്ഷത്തെയും നീക്കങ്ങള്‍ വെളിപ്പെടുത്തി. ഭേദഗതികളില്‍ ആരെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അതു പരിഗണിക്കുമെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. അതേസമയം, രഹസ്യവോട്ടെടുപ്പിനു ഭരണഘടനാപരമായി വ്യവസ്ഥയില്ലെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ വാദം. എന്നാല്‍, അങ്ങനെയൊരു പ്രഖ്യാപിത വ്യവസ്ഥയില്ലെന്നു യെച്ചൂരിപക്ഷം ചൂണ്ടിക്കാട്ടുന്നു. രഹസ്യവോട്ടെടുപ്പു വേണ്ടെന്ന് പാര്‍ട്ടി ഭരണഘടനയില്‍ വ്യവസ്ഥയൊന്നുമില്ല. കേന്ദ്രകമ്മിറ്റി അവതരിപ്പിക്കുന്ന കരടുരാഷ്ട്രീയ അടവുനയം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നു മാത്രമേ ഭരണഘടനയില്‍ പറയുന്നുള്ളൂ.

ഇതുവരെയും അടവുനയം അംഗീകരിക്കപ്പെട്ടത് ഏകകണ്ഠമായിട്ടായതിനാല്‍ രഹസ്യവോട്ടെടുപ്പിന്റെ വിഷയമുയര്‍ന്നിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ രഹസ്യ വോട്ടെടുപ്പിന് പ്രതിനിധികള്‍ ആവശ്യമുന്നയിച്ചാല്‍ അതു അംഗീകരിക്കേണ്ടത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമാണെന്നാണ് യെച്ചൂരിപക്ഷത്തിന്റെ വാദം.

രഹസ്യവോട്ടെടുപ്പുണ്ടായാല്‍ ഔദ്യോഗികപക്ഷത്തെ പിന്തുണയ്ക്കുന്നവരിലും വിള്ളലുണ്ടാക്കാമെന്നാണ് യെച്ചൂരിപക്ഷത്തിന്റെ തന്ത്രം. എന്നാല്‍, പൊതുചര്‍ച്ചയില്‍ പരസ്യമായി ഉന്നയിക്കപ്പെട്ട അഭിപ്രായപ്രകടനങ്ങളിലും വോട്ടെടുപ്പും പരസ്യമായി തന്നെ വേണമെന്നാണ് കാരാട്ട് പക്ഷത്തിന്റെ വാദം. ബലാബലത്തില്‍ ഇരുപക്ഷവും ഉറച്ചുനിന്നാല്‍ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്തു സംഘടനാപ്രതിസന്ധി പരിഹരിക്കാമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രസീഡിയത്തിന്റെ മുന്നിലെ വെല്ലുവിളി.