ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറം യെച്ചൂരി മുന്നോട്ട് വെച്ച ന്യൂനപക്ഷരേഖ അംഗീകരിച്ചെന്ന് പറയാനാവില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. യെച്ചൂരി മുന്നോട്ട് വെച്ച ബദല്‍നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി. 

ഭിന്നാഭിപ്രായങ്ങളുള്ള രണ്ട് നിലപാടുകള്‍ അനുസരിച്ച് കരട് പ്രമേയം പരിഷ്‌കരിക്കുയായിരുന്നു. അത് കൂട്ടായി പരസ്പര സഹകരണത്തോടെയാണ് ചെയ്തത്. 

ചിന്തിക്കുന്നവരുടെ പാര്‍ട്ടിയാണ് സിപിഎം. ചര്‍ച്ചകളേയും അഭിപ്രായങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണ് പാര്‍ട്ടിയുടെ സംസ്‌കാരം. 

നിലവിലെ സാഹചര്യത്തില്‍ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയത് പോലെ കോണ്‍ഗ്രസ് സഖ്യം പാടില്ലെന്നും ബൃന്ദ ആവര്‍ത്തിച്ചു. ന്യൂനപക്ഷരേഖയില്‍ വിശദീകരണവുമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.