സി.പി.ഐ.യുടെ പ്രസിദ്ധമായ ആറാം കോൺഗ്രസ് വിജയവാഡയിൽ നടക്കുമ്പോൾ ആ നഗരത്തിനൊപ്പം ഹൈദരാബാദും ആന്ധ്രയിലായിരുന്നു. സി.പി.എമ്മിന്റെ 22-ാം കോൺഗ്രസ് ഹൈദരാബാദിൽ ചേരുമ്പോൾ രണ്ടും രണ്ട് സംസ്ഥാനത്തായി. കമ്യൂണിസ്റ്റ് പാർട്ടിയിലെ ആശയപ്പോരാട്ടങ്ങളുടെയും പിളർപ്പുകളുടെയും രംഗവേദി എക്കാലത്തും ആന്ധ്രയായിരുന്നു, തെലങ്കാനയും.

കോൺഗ്രസിനെക്കുറിച്ചുള്ള വിലയിരുത്തലും അവരോട് സ്വീകരിക്കേണ്ട നിലപാടുമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ പിളർത്തിയത്.

അത് ഇന്ത്യൻ കമ്യൂണിസ്റ്റ് ഭാവിയെത്തന്നെ ക്ഷീണിതമാക്കി. നക്സൽബാരി ബംഗാളിലാണെങ്കിലും നക്സൽപ്രസ്ഥാനത്തിന്റെ ഉദ്ഭവത്തിലും വളർച്ചയിലും വലിയ പങ്കുവഹിച്ചത് ആന്ധ്രയിലെ സി.പി.എമ്മിലെ പിളർപ്പാണ്‌. ആന്ധ്രയിൽനിന്നുള്ള സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായിരുന്ന ടി. നാഗിറെഡ്ഡിയായിരുന്നു കമ്യൂണിസ്റ്റ് തീവ്രവാദത്തിന്റെ ആദ്യ ആശാന്മാരിലൊരാൾ.

വിജയവാഡയിൽ സി.പി.ഐ.യുടെ ആറാം കോൺഗ്രസിൽ രാഷ്ട്രീയപ്രമേയത്തിന്റെ അവതരണം സ്ഫോടനാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചു. രാഷ്ട്രീയപ്രമേയവും രാഷ്ട്രീയ റിപ്പോർട്ടും തയ്യാറാക്കാൻ നിയോഗിച്ച കമ്മിഷനുകൾക്ക് ഏകാഭിപ്രായത്തിലെത്താനാവാഞ്ഞതിനാൽ കോൺഗ്രസിൽ എസ്.എ. ഡാങ്കെ വിഭാഗവും രണദിവെ-ബസവപുന്നയ്യ വിഭാഗവും വെവ്വേറെ പ്രമേയം വിതരണംചെയ്തു.

ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്വന്തം നിലയിൽ മറ്റൊരു പ്രമേയം നൽകി. ഒടുവിൽ ജനറൽസെക്രട്ടറിയുടെ ഉദ്ഘാടനപ്രസംഗത്തിനൊപ്പം രണദിവെ വിഭാഗത്തിന്റെ ചില നിർദേശങ്ങളും ചേർത്ത് പ്രമേയമെന്ന നിലവരുത്തി പാസാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസുമായി സഹകരിക്കണമെന്നതായിരുന്നു ഡാങ്കെ വിഭാഗത്തിന്റെ നിലപാട്. പറ്റില്ലെന്ന് ഇടതുവിഭാഗവും. ഈ പാർട്ടികോൺഗ്രസോടെ രണ്ട് വിഭാഗമായി തിരിഞ്ഞ പാർട്ടി സി.പി.ഐ., സി.പി.എം. എന്ന വേറിട്ട സ്വത്വമാർജിക്കുന്നത് പിന്നെയും മൂന്നുവർഷത്തിനുശേഷമാണ്. കോൺഗ്രസ് ബന്ധം സംബന്ധിച്ച തർക്കം വിജയവാഡയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് നാന്ദികുറിക്കുകയായിരുന്നു. ആ കോൺഗ്രസിൽ മുതിർന്ന നേതാക്കളായ സുന്ദരയ്യ, സുർജിത്ത്, ജ്യോതിബസു എന്നിവർ ദേശീയ കൗൺസിൽ അംഗങ്ങളാകാതെ വിട്ടുനിൽക്കുകയായിരുന്നു. ചൈനീസ്‌ പക്ഷവും സോവിയറ്റ്‌ പക്ഷവും പ്രകടമായിനിന്നു.

ഒന്നാം കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായ പി.സി. ജോഷി രണ്ടാം കോൺഗ്രസിൽ ദേശീയ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അനുഭവവുമുണ്ട്. ജോഷി റിവിഷനിസ്റ്റ് സമീപനം സ്വീകരിക്കുന്നുവെന്ന വിമർശനം കോൺഗ്രസിൽ ഉയരുകയും കമ്മിറ്റി തിരഞ്ഞെടുപ്പിൽ മത്സരമുണ്ടായപ്പോൾ അദ്ദേഹംമാത്രം തോൽക്കുകയുമായിരുന്നു.

ബദൽപ്രമേയം അവിഭക്ത സി.പി. ഐ.യിൽ പലപ്പോഴുമുണ്ടായിട്ടുണ്ടെങ്കിലും സി.പി.എമ്മിൽ ഇപ്പോഴാണ് മൂർത്തരൂപത്തിൽ വരുന്നത്. അത് വോട്ടെടുപ്പിലേക്ക് നീങ്ങുകയാണ്. കോൺഗ്രസിനെപ്പറ്റിത്തന്നെയാണ്, അടവുനയവുമായി ബന്ധപ്പെട്ടാണ് ഇത്തവണയും തർക്കം.

മുമ്പ് മുസ്‌ലിംലീഗ് വിഷയത്തിൽ ബദൽരേഖ വന്നത് കേരളത്തിൽമാത്രമാണ്. അത് കേരളത്തിൽ സി.പി.എമ്മിൽ ചെറിയ പിളർപ്പുണ്ടാക്കി, എം.വി.രാഘവന്റെ നേതൃത്വത്തിൽ സി.എം.പി. രൂപംകൊള്ളുന്നതിലേക്കെത്തിച്ചു.
ഹൈദരാബാദിൽ പ്രമേയം രൂക്ഷമായ ഭിന്നിപ്പിലേക്കെത്തിച്ച സാഹചര്യം വിജയവാഡയിൽ 1961-ൽ നടന്ന ആറാം കോൺഗ്രസിന്റെ അവസ്ഥയിലേക്ക് വളരുമോ അതോ സമവായത്തിലെത്തുമോ എന്നതിനുത്തരം വെള്ളിയാഴ്ച രാത്രിയിലാണുണ്ടാവുക.

content highlights: 22nd cpm party congress hydarabad