ഹൈദരാബാദ്: തെലങ്കാനയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ ദിവസമായിരുന്നു ഞായറാഴ്ച, 43 ഡിഗ്രി ചൂട്. തലസ്ഥാനമായ ഹൈദരാബാദില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേളയിലെ അന്തരീക്ഷത്തിനും അതിലേറെ ചൂടുണ്ടായിരുന്നു.

കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ്ബ്യൂറോയെയും തിരഞ്ഞെടുക്കുന്നതില്‍ നേതാക്കള്‍ക്കിടയിലെ ഭിന്നത അകത്തും പുറത്തും ഒരുപോലെ ആശങ്കയും അഭ്യൂഹങ്ങളുമുണ്ടാക്കി. തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന്റെ പിരിമുറുക്കത്തിലായിരുന്നു പ്രതിനിധികള്‍. രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്ന സമയത്തേതുപോലെ പുതിയ പി.ബി.-കേന്ദ്രകമ്മിറ്റി തിരഞ്ഞെടുപ്പും വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന പ്രതീതി നിലനിന്നു. കേന്ദ്രകമ്മിറ്റിയിലേക്കുള്ളത് രഹസ്യവോട്ടെടുപ്പായതിനാല്‍ ഇരുപക്ഷവും ആത്മവിശ്വാസത്തിലായിരുന്നു.

പുതിയ കമ്മിറ്റികളെക്കുറിച്ച് ധാരണയുണ്ടാക്കാന്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെ പി.ബി. യോഗം ചേര്‍ന്നു. രണ്ടുമണിക്കൂര്‍ ചര്‍ച്ച ചെയ്തിട്ടും തര്‍ക്കം തീര്‍ന്നില്ല. നിലവിലെ പി.ബി. തുടരട്ടെ എന്ന പ്രകാശ് കാരാട്ടിന്റെ വാദം യെച്ചൂരി സമ്മതിച്ചില്ല. എസ്.രാമചന്ദ്രന്‍ പിള്ള, എ.കെ.പത്മനാഭന്‍, ജി.രാമകൃഷ്ണന്‍ എന്നിവരെ പി.ബി.യില്‍ നിലനിര്‍ത്തണമെന്ന് കേരളഘടകം വാദിച്ചു. കേന്ദ്രകമ്മിറ്റിയിലേക്ക് 80 വയസ്സെന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും രാമചന്ദ്രന്‍പിള്ളയ്ക്ക് ഇളവുനല്‍കണമെന്ന് കേരളനേതൃത്വം വാശിപിടിച്ചു. പുതിയ കേന്ദ്രകമ്മിറ്റി പാനല്‍ തയ്യാറാക്കുന്നതിലും രൂക്ഷമായ തര്‍ക്കങ്ങളുണ്ടായി. മുംബൈ കിസാന്‍ ലോങ് മാര്‍ച്ചിന്റെ ശില്പിയും കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റുമായ അശോക് ധാവ്‌ളെയെ പി.ബി.യിലെടുക്കാന്‍ യെച്ചൂരി വാദിച്ചെങ്കിലും മറുപക്ഷം എതിര്‍ത്തു. കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പുണ്ടാവുമെന്ന് ബംഗാള്‍ നേതാക്കള്‍ ഭീഷണിയുയര്‍ത്തിയതോടെ തര്‍ക്കത്തില്‍ ഞായറാഴ്ച തീരുമാനമെടുക്കാനായി യോഗം പിരിഞ്ഞു.

രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ പി.ബി. ഒന്നരമണിക്കൂറും തുടര്‍ന്നുള്ള കേന്ദ്രകമ്മിറ്റിയോഗം ഒരു മണിക്കൂറും നീണ്ടു. സമാപനദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസ് നടപടിക്രമങ്ങള്‍ രാവിലെ 11.30ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. പക്ഷേ, യോഗങ്ങളിലെ തര്‍ക്കം നീണ്ടതുകാരണം തുടങ്ങിയത് ഒരുമണിക്കൂറോളം വൈകിമാത്രം.

സമ്മേളനനടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കിയശേഷം പുതിയ കേന്ദ്രകമ്മിറ്റിയെയും പി.ബി.യെയും തിരഞ്ഞെടുത്തു. പുതിയ കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് യെച്ചൂരിയുടെ പേര് നിര്‍ദേശിച്ച മാണിക് സര്‍ക്കാര്‍തന്നെ സമ്മേളനത്തിലും പ്രഖ്യാപനം നടത്തി. പുതിയ പി.ബി. അംഗങ്ങളുടെ പേര് യെച്ചൂരിയും വായിച്ചു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിക്ക് വെല്ലുവിളിയൊന്നുമുണ്ടായിരുന്നില്ല. രാമചന്ദ്രന്‍ പിള്ളയെ നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു കേരളഘടകത്തിന്റെ സമ്മര്‍ദം. അത് വിജയിക്കുകയും ചെയ്തു. പ്രായപരിധിയുടെ പേരില്‍ അദ്ദേഹം ഒഴിയാന്‍ സന്നദ്ധനായിരുന്നെങ്കിലും കേരളഘടകത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി. ഏകകണ്ഠമായി തീരുമാനമുണ്ടെങ്കിലേ താന്‍ തുടരുന്നുള്ളൂവെന്ന അദ്ദേഹത്തിന്റെ നിലപാടിനെ യെച്ചൂരിയും എതിര്‍ത്തില്ല. തമിഴ്‌നാട്ടില്‍നിന്നുള്ള ജി. രാമകൃഷ്ണനെ പി.ബി.യില്‍ നിലനിര്‍ത്താനായതും കേരളഘടകത്തിന്റെ വിജയമായി.

സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റെന്ന നിലയ്ക്ക് നേരത്തേ പി.ബി.യില്‍ വന്ന എ.കെ.പത്മനാഭനെ നിലനിര്‍ത്താനുള്ള ആവശ്യം നിറവേറിയില്ല. ഇപ്പോള്‍ സി.ഐ.ടി.യു. വൈസ് പ്രസിഡന്റായ പത്മനാഭനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തി സംഘടനയുടെ ജനറല്‍ സെക്രട്ടറി തപന്‍ സെന്നിനെ പി.ബി.യിലെടുത്തു. കാരാട്ട് പക്ഷത്തോട് ആഭിമുഖ്യമുള്ള നേതാവാണ് അദ്ദേഹം. പി.ബി. അംഗസംഖ്യ പതിനേഴാക്കിയപ്പോള്‍ യെച്ചൂരിപക്ഷക്കാരനായ നീലോല്‍പല്‍ ബസുവിനും ഇടംകിട്ടി.

കേന്ദ്രകമ്മിറ്റിയില്‍ കേരളത്തിലെ കെ.രാധാകൃഷ്ണന്‍, ത്രിപുര എം.പി.യും ഗോത്രമേഖലയില്‍ നിന്നുള്ള നേതാവുമായ ജിതേന്‍ ചൗധരി, മഹാരാഷ്ട്രയിലെ ആദിവാസി എം.എല്‍.എ. ജെ.പി.ഗാവിത് എന്നിവരെ ഉള്‍പ്പെടുത്തിയത് പിന്നാക്കവിഭാഗങ്ങള്‍ക്ക് നല്ല പ്രാതിനിധ്യം നല്‍കിയതിന്റെ തെളിവായി.

95 അംഗ കേന്ദ്രകമ്മിറ്റിയില്‍ 15 പേരാണ് വനിതകള്‍. കേന്ദ്രകമ്മിറ്റിയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാനും സി.പി.എം. നേതൃത്വം ജാഗ്രത പുലര്‍ത്തി.

content highlights: 22nd cpm party congress