ഹൈദരാബാദ്: ബി.ജെ.പി.യെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ 101 പ്രതിനിധികള്‍. കരടുപ്രമേയത്തിലെ കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പുസഖ്യമോ വേണ്ട എന്ന പരാമര്‍ശം നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതടക്കം 375 ഭേദഗതികളാണ് പ്രതിനിധികള്‍ മുന്നോട്ടുവെച്ചത്. കരടു പ്രമേയത്തിലുള്ള ചര്‍ച്ച വ്യാഴാഴ്ചരാത്രി അവസാനിച്ചു

യെച്ചൂരിയും പ്രകാശ് കാരാട്ടും മറുപടി പറഞ്ഞശേഷം ഭേദഗതികള്‍ അവതരിപ്പിക്കും. അതിനു മുമ്പായി എല്ലാ പ്രതിനിധികള്‍ക്കും ഭേദഗതികള്‍ വിതരണം ചെയ്യും.

മൊത്തം 764 പ്രതിനിധികളില്‍ യെച്ചൂരിക്കും കാരാട്ടിനും പിന്നില്‍ അണിനിരക്കുന്ന ബംഗാളിനും കേരളത്തിനും 175 പ്രതിനിധികള്‍ വീതമുണ്ട്. ഇതില്‍ ബംഗാളിലെ മഹാഭൂരിപക്ഷവും യെച്ചൂരിയെ പിന്തുണച്ചു.

തമിഴ്‌നാട്-52, മഹാരാഷ്ട്ര 16, യു.പി. ഒമ്പത് എന്നിങ്ങനെ പ്രതിനിധികള്‍ ഉള്ളതില്‍ ഭൂരിപക്ഷവും ഒപ്പം നില്‍ക്കുമെന്നാണ് യെച്ചൂരി പക്ഷത്തിന്റെ പ്രതീക്ഷ. ബലാബലം വോട്ടെടുപ്പിലേക്കു നീങ്ങുന്നതോടെ സമവായശ്രമങ്ങളും നടക്കുന്നുണ്ട്. മാണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് അതിനുള്ള ശ്രമം.