ഹൈദരാബാദ്: ത്രിപുരയിലെ തോല്‍വിയില്‍നിന്ന് പാഠം പഠിക്കണമെന്ന് സി.പി.എമ്മില്‍ സ്വയംവിമര്‍ശനം. പാര്‍ട്ടികോണ്‍ഗ്രസിന് മുന്‍പിലുള്ള സംഘടനാറിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.

ത്രിപുര ശരിക്കും ഒരു പാഠമാണ്. അവിടെ ബി.ജെ.പി.യെ നേരിടുന്നതില്‍ രാഷ്ട്രീയമായി മാത്രമല്ല, സംഘടനാപരമായും ആശയപരമായും പരാജയപ്പെട്ടു. പ്രവര്‍ത്തനത്തിലെ പരിമിതിയാണ് കാരണം. ബംഗാളിനുപിറകെ ത്രിപുരയും പ്രതികൂലസാഹചര്യങ്ങളെ നേരിടുകയാണ്. ഇതിനുപിന്നാലെ കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാരിനെയും ആര്‍.എസ്.എസ്.-ബി.ജെ.പി. ശക്തികള്‍ ലക്ഷ്യംവയ്ക്കുന്നു. രാജ്യത്തെ ഏക ഇടതുസര്‍ക്കാരാണ് കേരളത്തിലേത്. കേരളത്തിലും മറ്റുരണ്ട് സംസ്ഥാനങ്ങളിലും പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ നടപടിസ്വീകരിക്കണം.

ആര്‍.എസ്.എസ്.-ബി.ജെ.പി. ശക്തികളെ രാഷ്ട്രീയമായിമാത്രം നേരിട്ടാല്‍പോരാ, ആശയപരമായും നേരിടണം. അതുകൂടാതെ വിദ്യാഭ്യാസ, സാംസ്‌കാരിക മണ്ഡലങ്ങളിലും ഇടപെടല്‍വേണം. ഈ മേഖലകളിലാണ് ഇപ്പോള്‍ ഹിന്ദുത്വ വര്‍ഗീയശക്തികള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരേയുള്ള പ്രചാരണത്തിന് ബുദ്ധിജീവികള്‍, ചരിത്രകാരന്മാര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ തുടങ്ങിയവരെ അണിനിരത്തണമെന്നാണ് നിര്‍ദേശം.

ബംഗാളില്‍ കാര്യങ്ങള്‍ വളരെ പ്രയാസകരമാണ്. തൃണമൂല്‍പ്രവര്‍ത്തകര്‍ ആക്രമണം ഇപ്പോഴും തുടരുന്നു. ബംഗാള്‍ഘടകത്തിന് വിമര്‍ശനവുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് അടവുനയത്തിന്റെ ലംഘനമാണെന്നാണ് കുറ്റപ്പെടുത്തല്‍.

ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനായില്ല

മുസ്ലിം ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുന്നതില്‍ വേണ്ടത്ര വിജയിച്ചിട്ടില്ലെന്നാണ് മറ്റൊരു വിമര്‍ശനം. ബംഗാളൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇതാണ് സ്ഥിതി. ബംഗാളിലെ പാര്‍ട്ടിയില്‍ രണ്ടുവര്‍ഷം മുന്‍പ് മുസ്ലിം പ്രാതിനിധ്യം 7.1 ശതമാനം മാത്രമായിരുന്നത് ഇപ്പോള്‍ 11.3 ശതമാനമായി വര്‍ധിച്ചു. വിവിധ വര്‍ഗ-സാമൂഹിക വിഭാഗങ്ങള്‍ക്കും മെച്ചപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടില്ല. പാര്‍ട്ടികമ്മിറ്റികളില്‍ ഇത് നടപ്പാക്കണമെന്ന് കൊല്‍ക്കത്ത പ്‌ളീനം നിര്‍ദേശമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

യുവാക്കളെ കൊണ്ടുവരുന്നതിലും വീഴ്ച

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിലും മിക്ക സംസ്ഥാനങ്ങളും പിന്നിലാണ്. 31 വയസ്സില്‍ താഴെ പ്രായമുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ പ്രത്യേക പരിശ്രമം വേണമെന്നായിരുന്നു പ്‌ളീനം നിര്‍ദേശം. ഇതില്‍ കേരളത്തിന്റെ സ്ഥിതി താരതമ്യേന മെച്ചമാണ്. കേരളത്തില്‍ 1,08,699 പേര്‍ 31 വയസ്സില്‍ താഴെയുള്ളവരാണ്.

ന്യൂജന്‍ പ്രചാരണത്തില്‍ നേട്ടം, കേരളത്തിന് പ്രശംസ

സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തില്‍ പുരോഗതിയുണ്ടായതായി വിലയിരുത്തലുണ്ട്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നിവ ഉപയോഗിക്കുന്ന അനുയായികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്.

സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തില്‍ കേരളത്തിന് പ്രത്യേക പ്രശംസയുണ്ട്. കേരളത്തില്‍ ആര്‍.എസ്.എസ്. അക്രമത്തിനെതിരേ നടത്തിയ പ്രചാരണമാണ് എടുത്തുപറയുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷകമാര്‍ച്ച്, സി.ഐ.ടി.യു.വിന്റെ മഹാപാടവ്, ത്രിപുര തിരഞ്ഞെടുപ്പ് തുടങ്ങിയ സംഭവങ്ങളില്‍ നടത്തിയ പ്രചാരണവും ശ്രദ്ധേയമായിരുന്നു.

അടവുനയ തര്‍ക്കം പി.ബി.യില്‍ ഐക്യത്തെ ബാധിച്ചു

അടവുനയത്തെച്ചൊല്ലിയുള്ള തര്‍ക്കം കേന്ദ്രനേതൃത്വത്തിലെ ഐക്യത്തെ ബാധിച്ചു. പാര്‍ട്ടി സെന്ററിലെ പി.ബി. അംഗങ്ങള്‍ക്കിടയിലെ കൂട്ടായ്മയെ അത് ഗുരുതരമായി ബാധിച്ചു. അതുകൊണ്ടുതന്നെ സമയാസമയങ്ങളില്‍ അനിവാര്യമായ രാഷ്ട്രീയ-സംഘടനാ ഇടപെടലുകള്‍ക്കും സാധിച്ചില്ല.

പാര്‍ട്ടിവാര്‍ത്തകള്‍ ചോരുന്നതിനെതിരേ രൂക്ഷ വിമര്‍ശനമുണ്ട്. പി.ബി. അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും 'ലൂസ് ടോക്ക്' നിര്‍ത്തണം. പി.ബി.യിലെയും കേന്ദ്ര ആസ്ഥാനത്തെയും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടുന്നുണ്ട്.

ചോര്‍ച്ചയെപ്പറ്റി അന്വേഷിച്ചപ്പോള്‍ അവ ഏകീകൃത സംവിധാനത്തിലൂടെയാണെന്ന് വ്യക്തമായി. നേതൃതലത്തില്‍ ഇത് പരിശോധിക്കണം. മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ ദേശീയനേതൃത്വത്തിനാകണം. പി.ബി. അംഗങ്ങള്‍ക്കിടയില്‍ പരസ്​പരവിശ്വാസം ശക്തിപ്പെടുത്തണം. പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ തമ്മില്‍ ചര്‍ച്ചചെയ്തുവേണം അഭിപ്രായം പറയാന്‍.