വിപ്ലവം വിവാഹത്തിനും സംഭവിക്കും. ഡയാന രാജകുമാരിയുടേതടക്കം ലോകം ഒട്ടേറെ വിവാഹങ്ങളുടെ റിപ്പോർട്ടുകൾ വായിച്ചിട്ടുണ്ടെങ്കിലും ഏതാണ്ട്‌ പതിമ്മൂന്നു ദിവസം ഒന്നിടവിട്ട്‌ മാതൃഭൂമി ‘കവർ’ ചെയ്ത തൃത്താലയിലെ  വിധവാവിവാഹം നമ്പൂതിരി സമുദായത്തിലെ വിപ്ലവകരമായ ചുവടുവെപ്പായിരുന്നു.  മാതൃഭൂമിയുടെ ജീവിതയാത്രയിലെ ഏറ്റവും വിശദമായ വിവാഹറിപ്പോർട്ട്‌ തൃത്താലയിൽ ‘രസികസദന’ത്തിൽ നടന്നതാണ്‌. അതിന്‌ നേതൃത്വം നൽകിയത്‌ വിരാട്‌പുരുഷനായ വി.ടി. എന്ന വി.ടി. രാമൻ ഭട്ടതിരിപ്പാട്‌. സംഘാടകനും റിപ്പോർട്ടറുമായി കൂടെനിന്നത്‌ മാതൃഭൂമിയുടെ സഹപത്രാധിപർ എൻ.പി. ദാമോദരൻ.

1934 സെപ്‌റ്റംബർ 13-നാണ്‌ വിവാഹംനടന്നത്‌. വരൻ വന്നേരി മുല്ലമംഗലത്ത്‌ രാമൻഭട്ടതിരിപ്പാട്‌ എന്ന എം.ആർ.ബി. വധു ഇട്ട്യമ്പറമ്പത്ത്‌ വാസുദേവൻ നമ്പൂതിരിയുടെ പുത്രിയും വി.ടി.യുടെ ഭാര്യാസഹോദരിയുമായ ഉമാഅന്തർജനം. എടപ്പാൾ എടമന ഇല്ലത്തെ നാരായണൻ നമ്പൂതിരിയുടെ വിധവയായിരുന്ന ഉമാ അന്തർജനത്തിന്‌ അന്ന്‌ 21 വയസ്സ്‌ തികഞ്ഞിട്ടില്ല.  വേളി കഴിഞ്ഞ്‌ ഒരൊറ്റ ദിവസത്തെ ദാമ്പത്യത്തിനുശേഷം കുടിവെപ്പിനുമുമ്പുതന്നെ അവർ വിധവയായി. രണ്ടരവയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയുമായിരുന്നു അവർ.

ആ വേളി അന്തഃപുരത്തിലായിരുന്നില്ല, ഹോമകുണ്ഡവും ഉണ്ടായിരുന്നില്ല. വരൻ തറ്റുടുത്ത്‌ ഉത്തരീയവും തുളസിമാലയും അണിഞ്ഞല്ല വന്നത്‌. മുണ്ടും ഷർട്ടും ധരിച്ചായിരുന്നു. വധുവിനു ഘോഷ ഉണ്ടായിരുന്നില്ല. പകരം മുണ്ടും നേരിയതും ബ്ലൗസും ധരിച്ചാണ്‌ വിവാഹവേദിയായ പ്ലാറ്റ്‌ഫോമിലേക്ക്‌ വന്നത്‌. മാതൃഭൂമി റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു.

‘‘ശുഭമുഹൂർത്തത്തിൽ വരൻ വധുവിന്റെ കഴുത്തിൽ താലികെട്ടി. വധു ഒരു പുഷ്പഹാരം വരനെ അണിയിച്ചു. തൽസമയം ഒരു ചെറിയ മന്ത്രം ഉച്ചരിക്കപ്പെട്ടു. വിവാഹത്തിന്റെ ചടങ്ങും ഇതോടുകൂടി അവസാനിച്ചു’’.

1934 സെപ്‌റ്റംബർ അഞ്ചു മുതൽ 18 വരെയാണ്‌ മാതൃഭൂമി വിധവാവിവാഹം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്‌. വിവാഹം നടന്ന ദിവസത്തെ റിപ്പോർട്ടുകൾക്കായി സെപ്‌റ്റംബർ 15-ന്‌ പത്രത്തിൽ നാലുപേജ്‌ കൂട്ടി.  എഡിറ്റോറിയലിനും പ്രധാന വാർത്തകൾക്കുംപുറമേ  സ്ത്രീകൾക്കായി ഒരു പേജ്‌ തന്നെ മാതൃഭൂമി മാറ്റിവെച്ചു.

ചടങ്ങിൽ വി.ടി. ചെയ്ത ഹൃദയസ്പർശിയായ പ്രസംഗം ഏതാണ്ട്‌ പൂർണമായിത്തന്നെ മാതൃഭൂമി റിപ്പോർട്ടുചെയ്തു. അതിങ്ങനെ തുടങ്ങുന്നു: ‘ശ്രീമാൻ വി.ടി.രാമൻഭട്ടതിരി കൃതജ്ഞതാ പ്രകടനത്തിനായി പ്ലാറ്റ്‌ഫോമിൽകയറി. സ്തോഭാധിക്യംകൊണ്ട്‌ അദ്ദേഹത്തിന്‌ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായി. നമ്പൂതിരിവിധവകളുടെ ദയനീയസ്ഥിതിയെ ഹൃദയസ്‌പൃക്കായി അദ്ദേഹം വിവരിച്ചു’. ഒടുവിൽ വി.ടി.യുടെ വാക്കുകൾ ഇങ്ങനെയാണ്‌ അവസാനിച്ചത്‌: ‘‘ഇനി ഞാൻ നമ്പൂതിരി സമുദായത്തോട്‌ യാത്ര ചോദിച്ചുകൊള്ളട്ടെ. നമ്പൂതിരിയെന്നും നായരെന്നും മറ്റും പറഞ്ഞ്‌ പരസ്പരം കലഹിച്ചുകൊണ്ടിരിക്കുവാൻ ഇനി നമുക്ക്‌ സാധിക്കുന്നതല്ലാ. ജാതി പ്രത്യേകതയൊക്കെ വിസ്മരിച്ചു നമുക്കിനിമുതൽ മനുഷ്യരായിക്കഴിഞ്ഞുകൂടാം’’.

വിവാഹത്തിന്‌ യോഗക്ഷേമസഭാ പ്രസിഡന്റ്‌ ഋഷികേശൻനമ്പൂതിരി, മാതൃഭൂമി പത്രാധിപർ കേളപ്പൻ, പാർവതി നെന്മിനിമംഗലം, പാർവതി നിലയങ്കോട്ട്‌, നിലമ്പൂർ കോവിലകത്തെ അമ്മുക്കുട്ടി തമ്പായി, സ്വാമി ധർമാനന്ദൻ, വാചസ്പതി  ടി.സി. പരമേശ്വരൻ മൂസത്‌ എന്നിവരുടെയൊക്കെ ആശംസകൾ വായിക്കുന്നുണ്ട്‌. ആ പൊതുയോഗത്തിൽ നിലമ്പൂർ വലിയ രാജാവാണ്‌ അധ്യക്ഷതവഹിച്ചത്‌. .

ഈ വിവാഹത്തെക്കുറിച്ച്‌ മാതൃഭൂമി പ്രത്യേകപ്രതിനിധി, നാലപ്പാട്ട്‌ നാരായണമേനോൻ, വൈശ്രവണത്ത്‌ നാരായണൻ നമ്പൂതിരി, ആര്യാപള്ളം, നിലമ്പൂർ വലിയരാജ എന്നിവരുമായി അഭിമുഖം നടത്തുന്നുണ്ട്‌. പ്രത്യേക പ്രതിനിധി എൻ.പി. ദാമോദരൻതന്നെ. ആറാംപേജിൽ വിധവാവിവാഹം എന്ന പേരിൽത്തന്നെയാണ്‌ മുഖപ്രസംഗം എഴുതിയിട്ടുള്ളത്‌. നാലാംപേജിൽ സ്ത്രീകൾക്കായുള്ള പ്രത്യേക സപ്ലിമെന്റാണ്‌.  കേരളത്തിൽ ആദ്യമായി ഒരു ദിനപത്രം, വനിതകൾക്കായി ഒരു പേജ്‌ നീക്കിവെക്കുന്നത്‌ മാതൃഭൂമിയാണ്‌. ഈ പ്രത്യേക പംക്തിയുടെ പേര്‌ ‘വനിതാലോകം’ എന്നാണ്‌. വിധവാവിവാഹത്തെക്കുറിച്ചുള്ള ആദ്യ ലേഖനം സെപ്‌റ്റംബർ അഞ്ചിനാണ്‌ പ്രസിദ്ധീകരിച്ചത്‌.

ആര്യാപള്ളം എഴുതിയ ‘വരാൻപോകുന്ന സുദിനം’  എന്ന ലേഖനത്തിൽ ‘ബാലവിധവകളിൽ ഭൂരിഭാഗത്തിന്റെയും പെട്ടികളിൽ ഒരു കസവുകരപ്പുടവയെങ്കിലും സൂക്ഷിച്ചുവെച്ചിട്ടുണ്ടാകുമെന്ന’ വരിയിൽ എത്തുമ്പോൾ നമ്മുടെ മനസ്സിൽ ആ കാലത്തെയോർത്ത്‌ നനവ്‌ പടരാതിരിക്കില്ല. സെപ്‌റ്റംബർ ഒമ്പതിന്‌ എൻ.പി. ദാമോദരൻ അയച്ച വിധവാവിവാഹത്തിന്റെ കാര്യപരിപാടി വായിക്കാം.  സെപ്‌റ്റംബർ 12-ന്‌ പാർവതി നെന്മിനിമംഗലം എഴുതിയ മറ്റൊരു ലേഖനം കാണാം. അതിന്റെ തലവാചകം ഇങ്ങനെയാണ്‌. ‘പുറപ്പെടുക! എം.ആർ.ബി.യുടെ വേളിക്ക്‌.’ വിവാഹം റിപ്പോർട്ടുചെയ്ത  സെപ്‌റ്റംബർ 15-ന്‌ ശേഷവും ‘ഫോളോഅപ്പ്‌’ തുടർന്നു.

സെപ്‌റ്റംബർ 17-ന്‌ വി.കെ. നാരായണഭട്ടതിരിയുടെ പ്രൗഢമായ ലേഖനം മാതൃഭൂമി പ്രസിദ്ധീകരിച്ചു. ‘വിധവാവിവാഹം വേദസിദ്ധം’ എന്ന ലേഖനത്തിൽ ഭട്ടതിരി രണ്ടു കാര്യങ്ങൾ പറഞ്ഞുറപ്പിക്കുന്നു. വിധവാവിവാഹം നടപ്പാക്കുക, അവർക്ക്‌ വിദ്യാഭ്യാസം കൊടുത്ത്‌ സ്വതന്ത്രമായി ജീവിക്കാൻ ത്രാണിയുണ്ടാക്കുക.