ക്വിറ്റ്‌ ഇന്ത്യ എന്ന പദം മഹാത്മാഗാന്ധി ജൂണിൽത്തന്നെ ഉപയോഗിച്ചിരുന്നു. ജൂൺ 13-ലെ മാതൃഭൂമി പത്രത്തിൽ ‘ഗാന്ധിജിയുടെ പുതിയ പ്രസ്ഥാനം’ എന്ന തലക്കെട്ടിൽ എഴുതിയ പ്രത്യേക വാർത്തയിൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകണം എന്നതായിരിക്കും ഗാന്ധിജിയുടെ പുതിയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമെന്ന്‌ ലേഖകൻ പറയുന്നുണ്ട്‌. അത്‌ അന്നത്തെനിലയ്ക്ക്‌ തികച്ചും എക്സ്‌ക്ളൂസീവ്‌ ആയിരുന്നു. ഓഗസ്റ്റ്‌ ഒന്നുമുതലുള്ള പത്രത്തിന്റെ ഒന്നാം പേജിൽ ക്വിറ്റ്‌ ഇന്ത്യാ വാർത്തകൾക്കു പുറമേ ലോകയുദ്ധവാർത്തകൾ മാത്രമാണ്‌ പ്രസിദ്ധീകരിച്ചത്‌.

1942 ഏപ്രിൽ മൂന്നിന്‌ മഹാത്മജി ഐതിഹാസികമായൊരു തീരുമാനം എടുത്തിട്ടുണ്ടെന്ന്‌ ‘മാതൃഭൂമി’ അറിയിക്കുന്നുണ്ട്‌. അന്നാണ്‌ മഹാത്മജി തന്റെ മൗനവ്രതം വെടിഞ്ഞത്‌. 1942 ജൂലായ്‌ ആറിനായിരുന്നു വാർധയിലെ പ്രവർത്തകസമിതി. ആ യോഗത്തിനുമുമ്പ്‌ ഒരമേരിക്കൻ പത്രലേഖകനോട്‌ ഗാന്ധിജി പറഞ്ഞു: ‘‘എനിക്കിപ്പോൾ വയസ്സായി. എന്നിൽ അവശേഷിച്ച ശക്തിയെ ഞാൻ കൂട്ടിവയ്ക്കുകയാണ്‌. ഒടുക്കത്തെ പോരായിരിക്കുമെന്നു കരുതുന്ന സമരത്തിനുവേണ്ടി എന്നിൽ അവശേഷിച്ച ഊർജം കരുതിവയ്ക്കുകയാണ്‌.’’

ഈ ഒടുക്കത്തെ പോരിനുപിന്നിലുള്ള ദൃഢനിശ്ചയത്തെ ‘മാതൃഭൂമി’ വ്യക്തമായൊരു ആഹ്വാനമായിത്തന്നെ കരുതി.വാർധയിൽ ചേർന്ന കോൺഗ്രസ്‌ സമിതി ക്വിറ്റ്‌ ഇന്ത്യാ പ്രമേയത്തിന്റെ ഉള്ളടക്കം ചർച്ചചെയ്തത്‌ നീണ്ട എട്ടുദിവസമാണ്‌. ഓരോ ദിവസവും ചർച്ച തീർന്നത്‌ അർധരാത്രിയും. വിദേശത്തുള്ള പത്രലേഖകർ പുറത്തു തമ്പടിച്ചിട്ടുണ്ട്‌. ഗാന്ധിജി അവരുമായി സംസാരിക്കവേ, ഒരു പത്രലേഖകൻ ഗാന്ധിജിയോട്‌ ചോദിച്ചു: ‘‘തീ അങ്ങേയറ്റം കത്തിച്ചതിനുശേഷം താങ്കൾ സേവാഗ്രാമിൽ ഫിഡിൽ വായിച്ചുകൊണ്ടിരിക്കുമോ?’’ സാമ്രാജ്യം കത്തുപ്പോൾ നീറോ വീണ വായിച്ചതിനെപ്പറ്റിയായിരുന്നു ആ ദുഃസൂചന. ഗാന്ധിജിയുടെ നയനങ്ങൾ തീക്ഷ്ണമായി.

‘‘ഞങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്ന മരണത്തിൽനിന്ന്‌ രക്ഷപ്പെടുന്നതിനുവേണ്ടി സ്വന്തം ചിതയ്ക്ക്‌ തീകൊളുത്തുന്ന പ്രവൃത്തി നീറോയുടെ വീണവായനപോലെയാണെന്ന്‌ പറയുന്നത്‌ ഭാഷയുടെ ഹീനമായ ദുരുപയോഗമാണ്‌.’’ എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. ചിതയിലെ അശാന്തമായ വെളിച്ചംപോലെ അത്‌ പടർന്നുവെന്ന്‌ ‘മാതൃഭൂമി’ സാക്ഷ്യപ്പെടുത്തി.

ഓഗസ്റ്റ്‌ ഏഴിലാണ്‌ ‘ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നൽകുക, ബ്രിട്ടീഷ്‌ ആധിപത്യം അവസാനിപ്പിക്കുക’ എന്ന ബാനർ തലക്കെട്ടുമായി ‘മാതൃഭൂമി’ പുറത്തിറങ്ങിയത്‌. പ്രമേയം ഒന്നാം പേജിൽനിന്നു തുടങ്ങി ഏഴാം പേജിൽ അവസാനിക്കുന്നു. 1700 വാക്കുകളുള്ളതായിരുന്നു ഇംഗ്ലീഷിലുള്ള ക്വിറ്റ്‌ ഇന്ത്യാ പ്രമേയത്തിന്റെ പരിഭാഷ. ആ പ്രമേയം ജനങ്ങളോടു പറഞ്ഞു: ‘‘ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി ചേർന്നുനിൽക്കാനും അദ്ദേഹത്തിന്റെ എല്ലാ ആജ്ഞകളെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുശിക്ഷിത യോദ്ധാക്കളെന്നനിലയ്ക്ക്‌ അനുസരിക്കാനും കമ്മിറ്റി അഭ്യർഥിക്കുന്നു. ഈ മഹാപ്രസ്ഥാനത്തിന്റെ അടിസ്ഥാനം അഹിംസയാണെന്ന്‌ അവർ ഓർക്കണം. ഉപദേശങ്ങൾ നൽകുവാനോ, ഉപദേശങ്ങൾ നൽകുന്നവർക്ക്‌ ജനങ്ങളുടെ അരികെ എത്തുവാനോ, കോൺഗ്രസ്‌ കമ്മിറ്റികൾക്ക്‌ പ്രവൃത്തി നടത്തുവാനോ സാധിക്കാത്ത ഒരു കാലം വരാം. സ്വാതന്ത്ര്യം കാംക്ഷിക്കുകയും സമരം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും അവനവന്റെ മാർഗദർശിയായിരിക്കട്ടെ. സ്വാതന്ത്ര്യത്തിലേക്കും മോചനത്തിലേക്കും നയിക്കുന്ന വിശ്രമമില്ലാത്ത ദുർഗമമാർഗത്തിൽ ഓരോരുവനും അവനവന്റെ നേതാവായിരിക്കട്ടെ.’’

ഓഗസ്റ്റ്‌ എട്ടിനും ഒമ്പതിനും പ്രസിദ്ധപ്പെടുത്തിയ പത്രത്തിൽ സമരവാർത്തകൾ മാത്രമേയുള്ളൂ. മൂന്നു ക്വിറ്റ്‌ ഇന്ത്യ പ്രസംഗങ്ങളാണ്‌ എ.ഐ.സി.സി. സമ്മേളനത്തിൽ ഗാന്ധിജി ചെയ്തത്‌. ക്വിറ്റ്‌ ഇന്ത്യാ പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പായിരുന്നു ഒരു പ്രസംഗം. ആ പ്രസംഗം ഒന്നാം പേജിന്റെ ഒന്നാം വാർത്തയാണ്‌. ഗാന്ധിജിയുടെ ചിത്രവുമുണ്ട്‌. രണ്ടാമത്തെ പ്രസംഗം ഹിന്ദിയിലായിരുന്നു. മൂന്നാമത്തെ പ്രസംഗം ഇംഗ്ലീഷിലായിരുന്നു. ‘‘സേനാനായകൻ എന്നു പലരും എന്നെ വിശേഷിപ്പിക്കുന്നു. സ്നേഹമല്ലാതെ മറ്റൊരു ആയുധവും എന്റെ കയ്യിലില്ല. എളുപ്പം ഒടിച്ചുകളയാവുന്ന ഒരു ഊന്നുവടി മാത്രമേ എന്റെ കയ്യിലുള്ളൂ. കോൺഗ്രസിനെ ഞാൻ ദൃഢപ്രതിജ്ഞ ചെയ്യിച്ചുകഴിഞ്ഞു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’. ഗാന്ധിജിയെയും നേതാക്കളെയും അർധരാത്രിതന്നെ അറസ്റ്റുചെയ്തു.

ഓഗസ്റ്റ്‌ ഒമ്പതിനാണ്‌ മാതൃഭൂമി പത്രാധിപർ കെ.എ. ദാമോദരമേനോനെ പത്രാധിപക്കസേരയിൽനിന്ന്‌ അറസ്റ്റുചെയ്തത്‌. കോഴിപ്പുറത്തു മാധവമേനോനെയും അന്നുതന്നെ അറസ്റ്റുചെയ്തു. കേളപ്പനെ തലശ്ശേരിയിലെ ഒരു വീട്ടിൽനിന്നാണ്‌ അറസ്റ്റുചെയ്തത്‌. തിരുവനന്തപുരത്തുനിന്നും തൃശ്ശൂരുനിന്നും അറസ്റ്റിന്റെ വാർത്തകളുണ്ട്‌. രാവിലെയാണ്‌ അറസ്റ്റുകൾ നടന്നത്‌. ദാമോദരമേനോന്റെയും മാധവമേനോന്റെയും വീടുകൾ പോലീസ്‌ റെയ്‌ഡുചെയ്തു.

രാവിലത്തെ അറസ്റ്റ്‌ നടന്നതോടെ ‘മാതൃഭൂമി’ പ്രവർത്തകർ ഓഗസ്റ്റ്‌ 10-ന്‌ പ്രത്യേക പതിപ്പ്‌ നേരത്തേ ഇറക്കാൻ തീരുമാനിച്ചു. ആറു കോളം (ഇന്നത്തെ എട്ടുകോളം തന്നെ) തലക്കെട്ടാണ്‌ പ്രധാന വാർത്തയ്ക്കു നൽകിയത്‌. ‘ഗാന്ധിജിയും പ്രവർത്തക കമ്മിറ്റി മെമ്പർമാരും അറസ്റ്റിൽ’ എന്ന തലക്കെട്ടിനു താഴെ ‘രാജ്യരക്ഷാനിയമപ്രകാരം തടങ്കലിൽ വെക്കാൻ തീരുമാനം’ ബോംബെയിലെ പതാകവന്ദനം, ലാത്തിപ്രയോഗം, മലബാറിലെ അറസ്റ്റുകൾ എന്നീ ഉപശീർഷകങ്ങളുമുണ്ട്‌.

‘ഇന്ത്യക്കു സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞതോ കോൺഗ്രസ്‌ ചെയ്ത കുറ്റം’ എന്ന തലവാചകത്തിൽ ഗാന്ധിജിയുടെ പ്രസംഗ വിവരങ്ങളുണ്ട്‌. ജവാഹർലാൽ നെഹ്രുവിന്റെ പ്രസംഗം പ്രത്യേകമായി നൽകിയിട്ടുണ്ട്‌. തുടർന്നുള്ള ദിവസങ്ങളിൽ 1943 ജൂൺ വരെ ക്വിറ്റ്‌ ഇന്ത്യാ സമരം മാതൃഭൂമി റിപ്പോർട്ടുചെയ്തു. ‘മാതൃഭൂമി’യുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തിയത്‌ ക്വിറ്റ്‌ ഇന്ത്യ സമരത്തെക്കുറിച്ചാണ്‌.

mpsurendran@mbnews.in