1930മെയ്‌ 12. ഉപ്പുസത്യാഗ്രഹജാഥ കോഴിക്കോട്‌ കടപ്പുറത്ത്‌ തിരകളുടെ ഗർജനവും മറികടന്ന്‌ മുഴങ്ങുന്നു. പോലീസിന്റെ ലാത്തിയടിയിൽ ജനങ്ങൾ ചിതറുമ്പോഴും നേതാക്കൾ മുന്നാക്കം നടക്കുകയാണ്‌. ഏറ്റവും മുമ്പിൽ മുഹമ്മദ്‌ അബ്ദുറഹ്‌മാൻ സാഹബ്‌. തൊട്ടുപിന്നിൽ കെ. മാധവനാർ.

അവരുടെ ശരീരത്തിൽ ലാത്തികൾ വീണുകൊണ്ടിരുന്നു. മണൽത്തരികളിൽ അബ്ദുറഹ്‌മാൻ സാഹബിന്റെ രക്തംവീഴുന്നത്‌ മാധവനാർ കണ്ടു. തൂവെള്ള ഖദർവസ്ത്രം രക്തത്തിൽ കുതിർന്നു. എന്നിട്ടും അദ്ദേഹം മുന്നാക്കം നടക്കുകയാണ്‌. സത്യാഗ്രഹികൾ അതുകണ്ടു. ആയിരക്കണക്കിന്‌ സത്യാഗ്രഹികൾ മുദ്രാവാക്യം വിളിച്ചു പിന്നാലെയെത്തി. നിർദയമായ ലാത്തികൾക്ക്‌ അതു തടുക്കാനായില്ല.
പാവനമായൊരു ധർമസമരത്തെ രക്തപങ്കിലമാക്കിയ നടപടികണ്ട്‌ സഹിക്കാതെ എം.പി. ഭട്ടതിരിപ്പാട്‌ (പ്രേംജി) പിറ്റേന്ന്‌ എഴുതി.

‘‘കേരളസിംഹമാം അബ്ദുറഹ്‌മാന്റെ
വീരകണ്ഠത്തിലും ലാത്തിചാർത്തിയതാർ
ആ മുഴു മുഠാള പോലീസ്‌ സൂപ്രണ്ട്‌
ആ മൂസാഹബ്ബിന്റെ നാടാണു കേരളം’’

പൊന്നാനിയിൽ ഖിലാഫത്ത്‌ പ്രവർത്തകരും പോലീസും തമ്മിലുണ്ടായ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയത്‌ അവർക്കിടയിൽ സിംഹത്തെപോലെ അദ്ദേഹം ഗർജിച്ചതുകൊണ്ടാണെന്ന്‌ മാതൃഭൂമി എഴുതി.
മാതൃഭൂമിയുടെ താളുകളിൽ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ട പേരുകളിലൊന്നാണ്‌ മുഹമ്മദ്‌ അബ്ദുറഹ്‌മാൻ സാഹബ്. മലബാർ കലാപകാലത്ത്‌ സമാധാനം പുനഃസ്ഥാപിക്കാൻ 24 പേർ തിരൂരങ്ങാടിയിലേക്ക്‌ പുറപ്പെട്ടപ്പോൾ കേശവമേനോൻ, മൊയ്തുമൗലവി എന്നിവരോടൊപ്പം ആദ്യത്തെ ജസ്കവണ്ടിയിൽ കയറിയിരുന്നയാളാണ്‌ അബ്ദുറഹ്‌മാൻ സാഹബ്. മലബാറിൽ കലാപത്തിനുശേഷം അബ്ദുറഹ്‌മാൻ സാഹബ് ഉത്തരേന്ത്യയിൽനിന്നുപോലും സഹായങ്ങൾ എത്തിച്ചു.

പട്ടാളനിയമ ഓർഡിനൻസ്‌ ഉപയോഗിച്ച്‌ അധികാരികൾ അദ്ദേഹത്തെ ജയിലിലടച്ചു. കൈകളിൽ ആമവും അരയിൽ ചങ്ങലയുമിട്ട്‌ സാഹബിനെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്ന കാഴ്ച, വികാരവായ്പോടെ മാധവൻനായർ വിവരിക്കുന്നുണ്ട്‌. അറസ്റ്റിലായ കേളപ്പനും മൊയ്തുമൗലവിയും കെ.വി. രാമൻമേനോനും മോഴിക്കുന്നത്ത്‌ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ആ ധീരന്റെ വരവ്‌ കണ്ടു. മിഠായിത്തെരുവിലൂടെ നടത്തിക്കൊണ്ടുപോയ സാഹബ്‌ ഖിലാഫത്തുപ്പാപ്പ എന്നറിയപ്പെടുന്ന കരിമാടത്ത്‌ മമ്മദ്‌ഹാജിയുടെ പുകയിലക്കടയുടെ മുമ്പിലെത്തിയപ്പോൾ പറഞ്ഞു, ഖിലാഫത്തുപ്പാപ്പ എനിക്കൊരഞ്ചു രൂപ വേണം. മമ്മദ്‌ഹാജി നിറകണ്ണുകളോടെ പത്തുരൂപ നീട്ടിക്കൊണ്ടു പറഞ്ഞു: ‘‘അബ്ദുറഹ്‌മാനേ, ന്റെ ഖൽബല്ലേ നിനക്ക്‌ തന്നത്‌.’’

തന്റെ സമുദായത്തിന്‌ പ്രബുദ്ധത പകരനാണ്‌ സാഹബും മൗലവിയും അൽ അമീൻ പത്രം തുടങ്ങിയത്‌. അതിന്റെ ആദ്യ പ്രസ്താവന 1924 സെപ്‌റ്റംബർ 16-ന്‌ മാതൃഭൂമി പ്രസിദ്ധീകരിച്ചു. കൊളോണിയൽ ഭരണകൂടത്തിനെതിരേ മാതൃഭൂമിക്കൊപ്പംനിന്ന പത്രമാണ്‌ അൽ അമീൻ. ‘മാതൃഭൂമി’യുടെ സഹോദരനാണ്‌ ഈ പത്രമെന്ന്‌ പ്രഖ്യാപിച്ചതും സാഹബ്തന്നെ. സാഹബ് 1940-45 കാലത്ത്‌ വെല്ലൂർ-രാജമുൺട്രി ജയിലിൽ തടവുകാരനായി കിടക്കുമ്പോൾ അൽ അമീൻ പുനഃപ്രസിദ്ധീകരണത്തിനു സഹായവാഗ്‌ദാനം നൽകിയത്‌ പത്രാധിപർ ദാമോദരമേനോനായിരുന്നു.

ഒട്ടേറെ യുദ്ധഭൂമിയിലൂടെ കടന്നുപോയ ജീവിതമാണ്‌. ഓരോനിമിഷവും ആപൽക്കരമായാണ്‌ മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹബ്‌ ജീവിച്ചത്‌. സ്വന്തം സമുദായത്തിന്റെ ശുദ്ധീകരണം, ദേശീയത, നാടിന്റെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടം, ഈ മൂന്നു ലോകങ്ങളാണ്‌ അദ്ദേഹത്തിനു പ്രിയങ്കരം. ആവേശകരമായ അദ്ദേഹത്തിന്റെ പ്രസംഗം, സമുദ്രത്തിലെ തിരകൾ പോലെയാണ്‌. കോൺഗ്രസിൽ അദ്ദേഹം തിളച്ചുമറിയുന്ന ഊർജത്തിന്റെ പ്രതീകമായിരുന്നു. സുഭാഷ്‌ചന്ദ്രബോസിന്റെ ആശയങ്ങളോട്‌ ആഭിമുഖ്യം തോന്നിയ സാഹബ് കോൺഗ്രസിനുള്ളിൽ തീവ്രനിലപാടുള്ളവരുടെ ആവേശമായി.  എന്നാൽ ആയുധമെടുക്കുന്നതിനോട്‌ യോജിച്ചില്ല. ഗർജിക്കുന്ന സിംഹമായാണ്‌ അദ്ദേഹത്തെ അനുയായികൾ കണ്ടത്‌. കെ.പി.സി.സി.യുടെ പ്രസിഡന്റായ കാലത്ത്‌ കേരളം ഇതുകണ്ടു.

ഉപ്പുസത്യാഗ്രഹസമരക്കാലത്ത്‌ സാഹബിനെ ജയിലിൽ കൊണ്ടുപോയപ്പോൾ കെ. മാധവൻനായർ മാതൃഭൂമിയിൽ എഴുതി. അബ്ദുറഹിമാന്റെ സ്വരാജ്യസ്നേഹവും കേളപ്പന്റെ ധൈര്യവും കൃഷ്ണസ്വാമി അയ്യരുടെ സഹനവും ഉറങ്ങിക്കിടന്ന കേരളത്തെ ഉണർത്തി. ഭീരുക്കളെ ധീരന്മാരാക്കി, അലസന്മാരെ ഉത്സാഹമുള്ളവരാക്കി. മറ്റുള്ളവരെ ജയിൽമുക്തരാക്കിയപ്പോഴും അബ്ദുറഹിമാനെ വിട്ടയച്ചില്ല. 1945-ന്‌ മാതൃഭൂമിയുടെ വീറുറ്റ മുഖപ്രസംഗത്തിന്റെ തലക്കെട്ടിൽ മി. മുഹമ്മദ്‌ അബ്ദുറഹിമാൻ എന്നുമാത്രം. ആ സിംഹത്തെ തടയാനാവില്ലെന്ന്‌ അധികാരികൾക്ക്‌ മുന്നറിയിപ്പ്‌ നൽകി മാതൃഭൂമി.

മാതൃഭൂമി ഈ ജയിൽവാസത്തെ പിന്നീട്‌ ദേശീയപ്രശ്നമായി മാറ്റുന്നുണ്ട്‌. അക്കാലത്ത്‌ മാതൃഭൂമിയുടെ പിന്തുണയോടെ നടത്തിയ അബ്ദുറഹിമാൻ ദിനാചരണത്തിൽ പതിനായിരങ്ങളാണ്‌ അണിചേർന്നത്‌. ജയിൽമോചിതനായി തിരിച്ചെത്തിയപ്പോൾ മാതൃഭൂമി പ്രത്യേക പേജ്‌ സ്വീകരണങ്ങൾക്കായി നീക്കിവെച്ചു. ഗാന്ധിജിയുടെ വേർപാടിനുമുമ്പ്‌ മാതൃഭൂമി ഇത്രയും വേദനയോടെ പ്രാധാന്യത്തോടെ ഒരു മരണത്തിനുവേണ്ടി അച്ചുനിരത്തിയിട്ടില്ല. കേരളസിംഹത്തിന്‌ മാതൃഭൂമി നൽകിയ യാത്രാമൊഴി പേജുകളിൽനിന്ന്‌ പേജുകളിലേക്ക്‌ നീണ്ടു.

ജനാബ്‌ മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹബ്‌ അന്തരിച്ചു എന്നാണ്‌ ബാനർ ഹെഡ്ഡിങ്‌, ഊർജസ്വലനായ ദേശീയനേതാവ്‌ നഷ്ടപ്പെട്ടു എന്നാണ്‌ രണ്ടാമത്തെ തലവാചകം. മുക്കത്തിനടുത്ത്‌ കൊടിയത്തൂർ എന്നസ്ഥലത്തുവെച്ച്‌ രാത്രി പത്തുമണിക്കാണ്‌ ഹൃദ്രോഗബാധമൂലം മരണമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ‘‘അബ്ദുറഹിമാൻ സാഹബിന്റെ പെട്ടെന്നുള്ള ഈ ചരമവർത്തമാനം കേട്ടവരെ മുഴുവൻ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. ഇന്നലെ രാത്രി 12.30-ന്‌ ഇത്‌ എഴുതുമ്പോഴും നാനാജാതി മതസ്ഥരായ സ്ത്രീപുരുഷന്മാർ സംഘംസംഘമായി കോഴിക്കോട്‌ നാലാംഗേറ്റിലുള്ള ജോസ്‌വില്ല എന്ന അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന്‌ നേതാവിനെ വന്ദിച്ച്‌  മടങ്ങിക്കൊണ്ടിരുന്നു.’’

പിറ്റേദിവസവും മാതൃഭൂമി കബറടക്കച്ചടങ്ങ്‌ വിശദമായി നൽകി. ‘‘അവിചാരിതമായ ഈ അനിഷ്ടസംഭവത്തിൽ, വിളറാത്ത മുഖമോ, അടയാത്തൊരൊച്ചയോ, നനയാത്ത കണ്ണുകളോ’’ ഉണ്ടായിരുന്നില്ലെന്ന്‌ മാതൃഭൂമി എഴുതി.

mpsurendran@mbnews.in