ആരും ഇറങ്ങാത്ത സമുദ്രത്തിലേക്ക്‌ കെ.പി. കേശവമേനോനും കേളപ്പനും തോണിയിറക്കിയത്‌ എന്തുകൊണ്ടാകാം?

1919-ൽ മദിരാശി മലയാളി ക്ലബ്ബിൽ ഐക്യകേരളമെന്ന തന്റെ ആശയം കെ.പി. കേശവമേനോൻ അവതരിപ്പിച്ചപ്പോൾ അതൊരു സാഹസികമായ സ്വപ്നഭാഷണമെന്നാണ്‌ പലർക്കും തോന്നിയത്‌.
പക്ഷേ, സമസ്തകേരള സാഹിത്യപരിഷത്തും സഹോദരൻ അയ്യപ്പനും മഹാകവി വള്ളത്തോൾ നാരായണമേനോനും കേളപ്പനും കേശവമേനോനും കണ്ടത്‌ ഒരേ സ്വപ്നം തന്നെ. 1918-ൽ വള്ളത്തോളിന്റെ ‘പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവെച്ചുകിടക്കുന്ന കേരളത്തെ’യാണ്‌ മലയാളികൾ സ്വപ്നംകണ്ടത്‌. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്‌കരിക്കാൻ കോൺഗ്രസ്‌ പ്രവർത്തകസമിതി തീരുമാനിച്ചപ്പോൾ, കേരളസമിതിയുടെ സെക്രട്ടറി കേശവമേനോനായിരുന്നു.

ഐക്യകേരളമെന്ന ആശയത്തെ ആവേശപൂർവം ആശ്ലേഷിച്ചത്‌ കേളപ്പനായിരുന്നു. അദ്ദേഹം സ്വപ്നംകണ്ടത്‌ പശ്ചിമതീര കേരളസംസ്ഥാനമായിരുന്നു. 1922-ൽ കൊല്ലത്തുനടന്ന സമ്മേളനത്തിൽ കേശവമേനോൻ പറഞ്ഞു: ‘‘കാലം മാറിവരും, വ്യവസ്ഥകളും മാറും. ഇതു യാഥാർഥ്യമാകും.’’ അടുത്തവർഷം മാതൃഭൂമിയുടെ ആദ്യലക്കത്തിൽ അദ്ദേഹം തന്റെ പ്രതിജ്ഞ പുതുക്കി. സ്വന്തം പ്രസ്താവനയിൽ പത്രാധിപർ എഴുതി.

‘‘ഒരേ ഭാഷ സംസാരിച്ച്‌ ഒരേ ചരിത്രത്താലും ഐതിഹ്യത്താലും ബന്ധിപ്പിക്കപ്പെട്ട്‌ ഒരേ ആചാരസമ്പ്രദായങ്ങൾ അനുഷ്ഠിച്ചുവരുന്ന കേരളീയർ ഇപ്പോൾ ചിന്നിച്ചിതറി മൂന്നുനാലു ഭരണത്തിന്റെ കീഴിൽ ആയിത്തീർന്നിട്ടുണ്ടെങ്കിലും കേരളീയരുടെ പൊതുഗുണത്തിനും വളർച്ചയ്ക്കും ശ്രേയസ്സിനും കേരളത്തിന്റെ നാനാഭാഗങ്ങളിലും നിവസിക്കുന്ന ജനങ്ങൾ തമ്മിൽ ഇപ്പോൾ ഉള്ളതിൽ അധികം ചേർച്ചയും ഐക്യതയും ഉണ്ടായിത്തീരേണ്ടത്‌ എത്രയും ആവശ്യമാകകൊണ്ട്‌ ഈ കാര്യനിവർത്തിക്കും ‘മാതൃഭൂമി’ വിടാതെ ഉത്സാഹിക്കുന്നതാകുന്നു.’’

നാടിന്റെ വിമോചനമെന്ന ആശയത്തിനുപിന്നാലെ സമസ്തകേരളമെന്ന സ്വപ്നസാക്ഷാത്‌കാരവും മാതൃഭൂമിയുടെ ജന്മദൗത്യമായി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവിരാമമായ അന്വേഷണങ്ങൾ മുഖപ്രസംഗത്തിലൂടെ പ്രകടിപ്പിച്ച പത്രം പിന്നീട്‌ ഏറ്റവും കൂടുതൽ എഡിറ്റോറിയലുകൾ എഴുതിയത്‌ ഐക്യകേരളത്തിനും മതേതരസംസ്ഥാനത്തിനും വേണ്ടിയായിരുന്നു. കേരളസംസ്ഥാനം പിറന്നപ്പോൾ, മാതൃഭൂമി അതിന്റെ ജീവിതയാത്രയിൽ ഏറ്റവും ആഹ്ലാദിച്ചനിമിഷങ്ങൾ പിറന്നു. അതുവരെ കാണാത്തവിധം 16 പേജുകളുള്ള സപ്ളിമെന്റ്‌ ഇറക്കി.

1946-ൽ ചെറുതുരുത്തിയിൽ കോൺഗ്രസ്‌ കമ്മിറ്റി വിളിച്ചുകൂട്ടിയ ഐക്യകേരളയോഗത്തിൽ കേശവമേനോനും കേളപ്പനും പങ്കെടുത്തിരുന്നു. തൃശ്ശൂരിൽ നടന്ന സമ്മേളനത്തിൽ കേളപ്പന്റെ അധ്യക്ഷപ്രസംഗം വികാരഭരിതമായിരുന്നു. ആ സമ്മേളനത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന കെ.എ. ദാമോദരമേനോൻ പറഞ്ഞത്‌ കേളപ്പന്റെ പ്രസംഗം, ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്ത കൊച്ചി രാജവംശത്തിന്റെ അധിപന്റെ ഹൃദയത്തെവരെ സ്വാധീനിക്കുന്നതായിരുന്നുവെന്നാണ്‌.

ഐക്യകേരള കൺവെൻഷൻ ആലുവയിൽ നടന്നപ്പോൾ പ്രമേയം അവതരിപ്പിച്ചത്‌ കെ.പി. കേശവമേനോനാണ്‌. ആ സമ്മേളനത്തിൽവെച്ചാണ്‌ കേളപ്പൻ അധ്യക്ഷനായി ഐക്യകേരളസമിതിയുണ്ടാക്കുന്നത്‌.

െഎക്യകേരളം പിറന്നപ്പോൾ ആഹ്ലാദചിത്തരായ മാതൃഭൂമി ആദ്യത്തെ മുഖപ്രസംഗം നവംബർ ഒന്നിന്‌ തന്നെ  കുറിച്ചിട്ടു. അതിൽ പ്രസക്തമായ ഒരു കാഴ്ചപ്പാട്‌ മാതൃഭൂമി ഇങ്ങനെയാണ്‌ അവതരിപ്പിച്ചത്‌.

‘‘മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയപ്രവർത്തനം നാം ഉപേക്ഷിക്കാത്ത കാലത്തോളം കേരള സംസ്ഥാനത്തിനുപുരോഗതി ഇല്ലതന്നെ.’’ ആ എഡിറ്റോറിയൽ അവസാനിക്കുന്നത്‌ ആശങ്കയോടെയാണ്‌. ‘‘ഐക്യത്തിൽ നിന്നു ജനാധിപത്യത്തിലൂടെ ഐശ്വര്യത്തിലേക്ക്‌ നാം മുന്നേറുമോ? അതോ നമ്മുടെ ഇടയിലുള്ള വ്യക്തിവാദവും ഗ്രൂപ്പ്‌ മനഃസ്ഥിതിയും പ്രാദേശികഭേദ ബുദ്ധിയും വർഗീയചിന്തയും അച്ചടക്കരാഹിത്യവും വളർത്തി നാം അധഃപതനത്തിലേക്ക്‌ കണ്ണടച്ച്‌ നീങ്ങുമോ?’’
ഇത്രയധികം പേജുകളുള്ള ഒരു സപ്ലിമെന്റ്‌ മുമ്പൊരിക്കലും മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നില്ല.

മാതൃഭൂമി കേരള സംസ്ഥാനപ്പതിപ്പ്‌ പത്രമുൾപ്പെടെ 24 പേജിലാണ്‌ ലേഔട്ട്‌ ചെയ്തത്‌. ആദ്യപേജിൽ ദേശീയഗാനത്തിനും ബോധേശ്വരന്റെ കേരളഭാഷാഗാനത്തിനും പുറമേ പണ്ഡിറ്റ്‌ നെഹ്രു, വി.കെ. കൃഷ്ണമേനോൻ, ഗവർണർ പി.എസ്‌. റാവു, ഡോ. എസ്‌. രാധാകൃഷ്ണൻ എന്നിവരുടെ ചെറുലേഖനങ്ങളും ആശംസകളുമുണ്ട്‌.

പത്താംപേജിൽ ഒരു സംവാദംതന്നെ ഒരുക്കിയിട്ടുണ്ട്‌. കേരളത്തിന്റെ തലസ്ഥാനം എവിടെ വേണമെന്ന ചർച്ചയിൽ സഹോദരൻ കെ. അയ്യപ്പൻ, കെ.പി. കൃഷ്ണൻനായർ, സാമുവൽ ആറോൺ, മള്ളൂർ ഗോവിന്ദപ്പിള്ള, മലയാളമനോരമ പത്രാധിപർ കെ.എം. ചെറിയാൻ, ഡോ. എ.ആർ. മേനോൻ, കെ.ജി. കുഞ്ഞുകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തിട്ടുണ്ട്‌. എറണാകുളത്തിനും ഒറ്റപ്പാലത്തിനും തൃശ്ശൂരിനും തിരുവിതാംകൂറിനും വേണ്ടി വാദിക്കുന്നുണ്ടെങ്കിലും പൊതുവേ എറണാകുളത്തിനുവേണ്ടിയാണ്‌ പലരും അവരുടെ വാദമുഖങ്ങൾ നിരത്തിയത്‌.

ഭാവനയിലുള്ള ഐക്യകേരളം എങ്ങനെ വേണമെന്ന്‌ കെ.പി. കേശവമേനോൻ എഴുതുന്നു. സംസ്ഥാനനിർണയ യോഗങ്ങളിൽ കേശവമേനോൻ, കന്യാകുമാരിയും തെക്കൻ കർണാടകവും ഗൂഡല്ലൂരും ലക്ഷദ്വീപും ഉൾപ്പെട്ട സംസ്ഥാനത്തെയാണ്‌ അനുകൂലിച്ചിരുന്നത്‌. കന്യാകുമാരിയും ഗൂഡല്ലൂരും കൈവിട്ടതിനെക്കുറിച്ച്‌ ഒരു ലേഖനത്തിൽ അദ്ദേഹം പരിതപിക്കുന്നുണ്ട്‌. കേരളത്തിന്റെ വിവിധ മേഖലകളിൽ വേണ്ട വികസനത്തെപ്പറ്റിയാണ്‌ തുടർന്നുള്ള ലേഖനങ്ങൾ. ഇതിൽ കൃഷി, വ്യാപാരം, വ്യവസായം, ഭാഷ, വിദ്യാഭ്യാസം, ഭക്ഷ്യകാര്യം, സംസ്കാരം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്‌. തിരുകൊച്ചിയുടെയും മലബാറിന്റെയും പൊതു അവസ്ഥകളെക്കുറിച്ച്‌ പ്രത്യേകപേജുകൾ തന്നെയുണ്ട്‌. മലബാറിന്റെയും തിരുകൊച്ചിയുടെയും പ്രത്യേക സ്ഥിതിവിവരക്കണക്കുകളും സപ്ലിമെന്റിൽ കാണാം. കേരളത്തിന്റെ ഭൂപടവും ഈ പ്രത്യേക പതിപ്പിലുണ്ട്‌.

ഇന്ത്യയിൽ നിർമിക്കുന്ന ഏക ന്യൂസ്‌പ്രിന്റായ ‘നീപ്പാ’ ന്യൂസ്‌ പ്രിന്റാണ്‌ സപ്ലിമെന്റിന്റെ അച്ചടിക്ക്‌ ഉപയോഗിക്കുന്നതെന്ന്‌ പ്രത്യേക ബോക്സിൽ വാർത്തയായി നൽകിയിരിക്കുന്നു. അന്ന്‌ ഇന്ത്യയിലുള്ള 14 സംസ്ഥാനങ്ങളെക്കുറിച്ച്‌ വാർത്തയുണ്ട്‌. നാട്ടുരാജ്യ സംയോജനത്തിന്റെ ശില്പികളായ സർദാർ വല്ലഭ്‌ഭായ്‌ പട്ടേലിനെക്കുറിച്ചും വി.പി. മേനോനെക്കുറിച്ചും പ്രത്യേക ലേഖനമുണ്ട്‌.
വി.പി. മേനോൻ കേരളത്തെക്കുറിച്ച്‌ എഴുതിയിരിക്കുന്നു - ‘കേരളം - ഇന്ത്യയിലെ കുഴപ്പം പിടിച്ച സ്റ്റെയിറ്റ്‌’ എന്നാണതിന്റെ തലവാചകം. തൊഴിലില്ലായ്മയും വ്യവസായരംഗത്തെപ്രശ്നങ്ങളും ഭക്ഷ്യപ്രശ്നവും എടുത്തുപറഞ്ഞുകൊണ്ട്‌ ഒരു നേതാവിനെ തിരഞ്ഞെടുക്കാൻ പറ്റാത്ത സംസ്ഥാനത്തിന്റെ കഴിവുകേട്‌ മേനോൻ തുറന്നെഴുതുന്നു.

ലളിതവും തെളിഞ്ഞതും ഓജസ്സുള്ളതുമായ മലയാളഭാഷ മറ്റു ഭാഷകളുടെ മുന്നിലാണെന്ന്‌ ‘കേരള ഭാഷ’ എന്ന ലേഖനത്തിൽ പുത്തേഴത്ത്‌ രാമൻമേനോൻ സമർഥിക്കുന്നു. പഴയ ഭാഷയെ പുത്തേഴൻ ഇങ്ങനെ ആനയിക്കുന്നു. ‘അടിയൻ നനഞ്ഞ്‌ വിടകൊണ്ടപ്പോൾ തിരുമേനി നീരാട്ടു കഴിഞ്ഞ്‌ എഴുന്നള്ളി’. മലയാളത്തിന്‌ ആവശ്യത്തിലധികം ഒന്നുമില്ലെന്ന്‌ അദ്ദേഹം സമർഥിക്കുന്നു. ‘‘പശു പുല്ലിനെ തിന്നാറില്ല, പുല്ല്‌ പശുക്കളാൽ തിന്നപ്പെടാറുമില്ല. എന്നാലും പുല്ലു തിന്നുന്ന പശുക്കൾ ധാരാളമുണ്ട്‌’’.

സംസ്ഥാനം രൂപംകൊണ്ടപ്പോഴും ദുഃഖിച്ചവർ കേളപ്പനും കേശവമേനോനുംതന്നെ. ഭാഷയ്ക്കപ്പുറം കേരളത്തിനു തുളുനാടും ഗൂഡല്ലൂരും ലക്ഷദ്വീപും കന്യാകുമാരിയും വേണമെന്ന്‌ നിരന്തരം വാദിച്ച കേശവമേനോനും പശ്ചിമതീര സംസ്ഥാനത്തെക്കുറിച്ച്‌ പ്രചാരണം നടത്തിയ കേളപ്പനും ഒരുപോലെ ദുഃഖിച്ചു. പിൽക്കാലത്ത്‌ കേരളത്തെക്കുറിച്ച്‌ എഴുതേണ്ടിവന്നപ്പോൾ, അടിസ്ഥാനസൗകര്യങ്ങൾക്ക്‌ ഭൂമി ലഭിക്കാത്ത കേരളത്തെക്കുറിച്ച്‌ കേളപ്പജി വിലപിച്ചു.