1978 ഓഗസ്റ്റ്‌ 21-നാണ് കേശവമേനോൻ മാതൃഭൂമിയിൽ അവസാനം വന്നത്‌. ഗാന്ധിജി കയറിവന്ന ഗോവണിപ്പടികൾ കയറി സന്തതസഹചാരിയായ ശ്രീനിവാസനോടൊപ്പം പത്രാധിപരുടെ മുറിയിലേക്ക്‌ കയറിവരുമ്പോൾ അവശനെങ്കിലും പ്രസന്നത കൈവെടിഞ്ഞിരുന്നില്ല.

അതിന്‌ മൂന്നാഴ്ച മുമ്പ്‌ തന്റെ ജീവചരിത്രക്കുറിപ്പും ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ വിവരണവും അദ്ദേഹം തയ്യാറാക്കിവെച്ചിരുന്നു. ചിത്രങ്ങൾ പ്രത്യേകം കവറിലിട്ടു. എല്ലാ ചിത്രത്തിനും അടിക്കുറിപ്പുകൾ എഴുതിച്ചു. തെറ്റുകൾ പത്രാധിപർ പൊറുക്കില്ല. അതുകൊണ്ട്‌ പ്രൂഫ്‌ മൂന്നുതവണ വായിച്ചുകേട്ടു.

ഇത്‌ തയ്യാറാക്കുന്നതിനിടയിൽ ഒരു പത്രാധിപരുടെ സഹജമായ ഉത്‌കണ്ഠയോടെ അദ്ദേഹം ചോദിച്ചു. ‘‘ഞാൻ മരിച്ചാൽ നിങ്ങളെങ്ങനെയാണ്‌ പേജ്‌ തയ്യാറാക്കുന്നത്‌? എനിക്കതൊന്ന്‌ കാണണമെന്നുണ്ടായിരുന്നു’’!

ഒരു ഒസ്യത്തും അദ്ദേഹം എഴുതിവെച്ചു. ആകെയുണ്ടായിരുന്നത്‌ പ്രോവിഡന്റ്‌ ഫണ്ട്‌ മാത്രമാണെങ്കിലും ഒസ്യത്തിൽ വീട്ടുജോലിക്കാർക്കുപോലും പണവും സമ്മാനങ്ങളും എഴുതിവെച്ചിരുന്നു. ആ ജീവിതംതന്നെയായിരുന്നു സന്ദേശം. 

1917-ൽ കോഴിക്കോട്ട്‌ അഭിഭാഷകനായിരിക്കുമ്പോൾ ബ്രിട്ടീഷുകാർക്ക്‌ യുദ്ധത്തിനു പണക്കിഴി നൽകാൻ ചേർന്ന യോഗത്തിൽ മലയാളത്തിൽ പ്രസംഗിച്ചുകൊണ്ടാണ്‌ കേശവമേനോൻ സമരത്തിന്റെയും പ്രതിരോധത്തിന്റെയും ആദ്യപാഠങ്ങൾ പുറത്തെടുത്തത്‌. കളക്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ സദസ്സിന്റെ മുൻനിരയിലായിരുന്നു മേനോനും മഞ്ചേരി രാമയ്യരും കെ. മാധവൻനായരും. കവളപ്പാറ മൂപ്പിൽനായരാണ്‌ പ്രമേയം അവതരിപ്പിച്ചത്‌.

ഗവർണർ വരുമ്പോൾ പൊതുജനങ്ങളുടെപേരിൽ ഒരു പണക്കിഴി സമ്മാനിക്കാൻ നിശ്ചയിച്ചുകൊണ്ടുള്ള പ്രമേയമായിരുന്നു അത്‌. ദിവാൻ ബഹാദൂർ കേളു ഏറാടിയാണ്‌ പ്രമേയം പിന്താങ്ങിയത്‌. പ്രമേയത്തെപ്പറ്റി രണ്ടുവാക്ക്‌ പറയാൻ അനുവദിക്കണമെന്ന്‌ മേനോൻ ഇംഗ്ളീഷിൽ കളക്ടറോട്‌ അഭ്യർഥിച്ചു. പ്ളാറ്റ്‌ഫോറത്തിൽ കയറി കേശവമേനോൻ മലയാളത്തിലാണ്‌ തുടങ്ങിയത്‌. ബഹുമാന്യനായ അധ്യക്ഷരേ എന്നുപറയുമ്പോഴേക്കും കളക്ടർ മലയാളത്തിൽ സംസാരിക്കുന്നതിനെ വിലക്കി. ഇവിടെയുള്ളവർ ഭൂരിഭാഗവും മലയാളഭാഷമാത്രം അറിയുന്നവരാണ്‌. ഈ പ്രമേയം എന്താണെന്ന്‌ അവരെ അറിയിക്കേണ്ടതുണ്ടെന്നായിരുന്നു മേനോന്റെ വാദം. ഈ തർക്കത്തിനിടയിൽ ജനങ്ങൾ മുഴുവനും ‘മലയാളത്തിൽ’ ‘മലയാളത്തിൽ’ എന്ന്‌ ആവശ്യപ്പെട്ടു.

എന്തുതന്നെയായാലും മലയാളത്തിൽ പ്രസംഗിക്കാൻ സാധ്യമല്ലെന്ന്‌ കളക്ടർ ശഠിച്ചു. അങ്ങനെയാണെങ്കിൽ സ്വാഭിമാനമുള്ള മലയാളികൾ ഈ യോഗത്തിൽ പങ്കെടുക്കുകയില്ലെന്ന്‌ പറഞ്ഞ്‌ മേനോൻ പുറത്തേക്കിറങ്ങി. ഭൂരിപക്ഷം പേരും മേനോനെ പിന്തുടർന്നു.

അഭിഭാഷകജോലിയും അധികൃതരുടെ എതിർപ്പും സമ്പാദിച്ച്‌ അധികകാലം നിലനിൽക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ്‌ കേശവമേനോൻ കുടുംബം പുലർത്താൻ മദിരാശിക്കു പോയത്‌. പക്ഷേ, രാജ്യം വീണ്ടും മോചനത്തിനായി ഉണർന്നപ്പോൾ മലബാറിലേക്ക്‌ അദ്ദേഹത്തിനു തിരിച്ചുവരേണ്ടിവന്നു. സഹപ്രവർത്തകർ കമ്പി സന്ദേശമയച്ച്‌ കോഴിക്കോട്ട്‌ എത്തിച്ചേരാൻ അപേക്ഷിക്കുകയായിരുന്നു.
കുടുംബത്തെ അവിടെത്തന്നെ നിർത്തി കേശവമേനോനും സി. രാജഗോപാലാചാരിയും കോഴിക്കോട്ടെത്തി. മൂന്നാഴ്ച മാധവൻനായരുടെ കോഴിക്കോട്ടെ വീട്ടിൽ താമസിച്ചു. സ്വാതന്ത്ര്യത്തിന്റെ വിളികേട്ടപ്പോൾ പ്രാക്ടീസുനിർത്താൻ അദ്ദേഹം തീരുമാനിച്ചു. ഇടിത്തീപോലെയാണ്‌ ഈ തീരുമാനം ബന്ധുക്കളും കുടുംബാംഗങ്ങളും അറിഞ്ഞത്‌.

പിന്നെ ഖിലാഫത്തിനായി പണിയെടുത്തു. മലബാർ കലാപം തുടങ്ങിയപ്പോൾ സമാധാനത്തിനായി ആദ്യവും അവസാനവുമായി എത്തിയ സംഘത്തിന്റെ നേതൃത്വം കേശവമേനോനായിരുന്നു.  പക്ഷേ, വാഗൺ ട്രാജഡിയോടെ മലബാറിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ നരഹത്യ കേശവമേനോനെ അടിമുടി ഉലച്ചു. പൊതുപ്രവർത്തനംതന്നെ മന്ദീഭവിച്ച ഘട്ടത്തിലാണ്‌ മാതൃഭൂമിയുടെ പിറവിക്കായി കേശവമേനോനും കുറൂരും മാധവൻനായരും യത്നിക്കുന്നത്‌. മാതൃഭൂമി എന്ന പേരിന്റെ സ്രഷ്ടാവും കേശവമേനോനായിരുന്നു. പത്രത്തിന്റെ നയം വ്യക്തമാക്കുന്ന പ്രസ്താവന പലതവണ വെട്ടിത്തിരുത്തി തയ്യാറാക്കിയതും ആദ്യ പത്രാധിപർതന്നെ. അക്കാലത്ത്‌ പത്രാധിപരുടെ കുടുംബം അർധപട്ടിണിയിലായിരുന്നു. മഹാത്മജിയാണ്‌ ചെലവിനുള്ള തുക അയച്ചുകൊണ്ടിരുന്നത്‌. 

വൈക്കം സത്യാഗ്രഹത്തിന്റെ വിധാതാക്കൾ കേശവമേനോനും ടി.കെ. മാധവനുമായിരുന്നു. സമരത്തിൽ അറസ്റ്റുവരിച്ചു ജയലിൽ പോകേണ്ടിവന്നപ്പോൾ അദ്ദേഹം പത്രാധിപത്യം ഒഴിഞ്ഞു. ജയിലിൽനിന്ന്‌ തിരിച്ചുവന്നപ്പോൾ ഭാര്യ ലക്ഷ്മിക്ക്‌ കടുത്ത ക്ഷയരോഗം ബാധിച്ചു. മദിരാശിയിൽ ചികിത്സയ്ക്കുപോകാൻ പണമില്ലായിരുന്നു. വരുന്നതുവരട്ടെ എന്നു നിശ്ചയിച്ചാണ്‌ ഭാര്യയുമായി തീവണ്ടിയിൽ കയറിയിരുന്നത്‌. വണ്ടി നീങ്ങാറായപ്പോൾ ഒരു സേട്ട്‌ ഓടിക്കിതച്ചുവന്ന്‌ ഒരു പൊതി നീട്ടി. അതിൽ 400 രൂപയുണ്ടായിരുന്നു. വണ്ടിയിലിരുന്ന്‌ കേശവമേനോൻ കരഞ്ഞു. പക്ഷേ, ഭാര്യയെ രക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 

വീണ്ടും മദിരാശിയിലേക്ക്‌ പോയി പ്രാക്ടീസ്‌ തുടങ്ങുന്നതിനിടയ്ക്ക്‌ ലക്ഷ്മിയുടെ സഹോദരി അമ്മുവിനെ വിവാഹം ചെയ്തു. പക്ഷേ, ജീവിതം പഴയപോലെ മുന്നോട്ടുപോയില്ല. വിവാഹം നിശ്ചയിച്ച മൂത്തമകൾ ചെല്ലമ്മയ്ക്ക്‌ ക്ഷയരോഗം തുടങ്ങി. ചികിത്സാച്ചെലവിനു പണമുണ്ടായിരുന്നില്ല. കുടുംബത്തെയുംകൊണ്ട്‌ മലയയിലേക്ക്‌ പോയ കേശവമേനോന്‌ അവിടെയും വലിയ വരുമാനമൊന്നും ലഭിച്ചില്ല. പിന്നീട്‌ സിങ്കപ്പൂരിലേക്ക്‌ പ്രാക്ടീസ്‌ മാറ്റി. എങ്കിലും മകളെ രക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 

ഇടയ്ക്കുവെച്ച്‌ പ്രാക്ടീസ്‌ മെച്ചപ്പെട്ടെങ്കിലും സിങ്കപ്പൂർ ജപ്പാൻ കീഴടക്കിയതോടെ വീണ്ടും ദുരിതങ്ങൾ തുടങ്ങി. ജപ്പാന്റെ പലനടപടികളെയും അദ്ദേഹം എതിർത്തു. അധികംെവൈകാതെ ജയിലായി. കൊടിയമർദനങ്ങൾക്ക്‌ പുറമെ രോഗങ്ങളും വലച്ചു. ഈ നാളുകളിൽ ആത്മഹത്യയ്ക്കുപോലും തുനിഞ്ഞു.

ഗാന്ധിജിയുടെ മരണത്തിനുശേഷമാണ്‌ പത്രാധിപരായി അദ്ദേഹം വീണ്ടും തിരിച്ചെത്തുന്നത്‌. ഐക്യകേരളമെന്ന ചിരകാലസ്വപ്നം സാക്ഷാത്‌കരിക്കുന്നതിനാണ്‌ പിന്നീട്‌ അദ്ദേഹം ശ്രമിച്ചത്‌. അതു മാതൃഭൂമിയുടെയും പാവനപ്രതിജ്ഞയായിരുന്നു. നെഹ്രുവിന്റെ അഭ്യർഥനമാനിച്ച്‌ ഒരുകൊല്ലം സിലോൺ ഹൈക്കമ്മിഷണർ ആയിരുന്നത്‌ ഒഴിച്ചുനിർത്തിയാൽ പിന്നീട്‌ അദ്ദേഹം മാതൃഭൂമിയിൽതന്നെയായിരുന്നു. ഇക്കാലത്താണ്‌ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക്‌ അദ്ദേഹം നേതൃത്വം നൽകിയത്‌. 

പത്രാധിപരായിരിക്കുമ്പോഴും ജനങ്ങൾക്കിടയിലായിരുന്നു കേശവമേനോൻ. സാഹിത്യ അക്കാദമിയുടെ വർക്കിങ്‌ പ്രസിഡന്റായും തുഞ്ചൻപറമ്പിന്റെയും വള്ളത്തോൾ സ്മാരകത്തിന്റെയും രക്ഷകർത്താവായും മെഡിക്കൽ കോളേജിന്റെയും വിമാനത്താവളത്തിന്റെയും പ്രചാരകനായും ആ പത്രാധിപർ സമൂഹത്തെ നയിച്ചു. അവസാനത്തെ ഇരുപതുവർഷം അന്ധനായാണ്‌ അദ്ദേഹം ജീവിച്ചത്‌. ഈ ഘട്ടത്തിലും പുസ്തകങ്ങൾ രചിച്ചു. സാന്ത്വനസാഹിത്യമെന്ന സാഹിത്യശാഖയുടെ പ്രണേതാവും കേശവമേനോനായിരുന്നു. ലളിതസുഭഗമായ ഭാഷയിൽ അദ്ദേഹം എഴുതിയിരുന്ന ‘നാംമുന്നോട്ട്‌’ തലമുറകൾക്ക്‌ പ്രചോദനം നൽകി. കേശവമേനോൻ ‘യേശുദേവൻ’ എഴുതിയപ്പോൾ തന്റെ ദൗത്യം പൂർത്തിയായതായി എഴുതി. സ്വന്തം പൂജാമുറിയിലുള്ള യേശുദേവന്റെ ചിത്രംതന്നെ കവർചിത്രമായി നൽകണമെന്ന്‌ അദ്ദേഹം ശഠിച്ചു.

മാതൃഭൂമി മേനോന്‌ ഒരവയവം പോലെയായിരുന്നു. ലക്ഷ്മിയമ്മ ജയിലിലേക്ക്‌ എഴുതിയ ഒരു കത്തിൽ പറയുന്നുണ്ട്‌... ‘മാതൃഭൂമി നന്നായി ഇറങ്ങുന്നുണ്ട്‌ എന്നറിയുമ്പോൾ സന്തോഷമായിരിക്കുമല്ലോ’. തനിക്കും കുട്ടികൾക്കും സുഖംതന്നെ എന്നെഴുതുന്നതിനുപകരം എഴുതിയത്‌ ഇങ്ങനെ. കാരണം മാതൃഭൂമിയുടെ പിതാവ്‌ കേശവമേനോനായിരുന്നു.


mpsurendran@mbnews.in