വരാൻപോകുന്ന ഹർത്താലിന്‌ മുന്നോടിയായി മാതൃഭൂമിെക്കാരു പ്രത്യേക സപ്ളിമെന്റ്‌-മാതൃഭൂമി പ്രസിദ്ധീകരിച്ച ഇൗ ഹർത്താൽ പതിപ്പിന്റെ തലക്കെട്ട്‌ ‘ഹർത്താൽ പ്രത്യേക പ്രതി’ എന്നാണ്‌. 1928 ഫെബ്രുവരി രണ്ടിനാണ്‌ പിറ്റേദിവസം രാജ്യവ്യാപകമായി നടക്കാൻപോകുന്ന ഹർത്താലിന്‌ വിശേഷാൽപ്രതിയുണ്ടാകുന്നത്‌. കോൺഗ്രസ്‌ രാജ്യത്തോട്‌ ആഹ്വാനം ചെയ്ത ഹർത്താൽ സൈമൺ കമ്മിഷൻ ഇന്ത്യയിൽ വന്ന്‌ തെളിവെടുപ്പ്‌ നടത്തുന്നതിനെതിരെയായിരുന്നു.

ഒരു ജനതയുടെ വികാരവിക്ഷുബ്ധമായ പ്രതിഷേധത്തിന്റെ ഫലമായിരുന്നു ആ ഹർത്താൽ. ഹർത്താൽ പതിപ്പിന്റെ ഒന്നാംപേജ്‌ ഒരു പോസ്റ്റർ പോലെയാണ്‌.

‘സൈമൺ കമ്മീഷനെ ബഹിഷ്കരിക്കുവിൻ ഹർത്താൽ ആചരിക്കുവിൻ’. കമ്മീഷനർമാർ നടുങ്ങട്ടെ എന്നാണ്‌ ഈ പേജിന്റെ തലവാചകം. തൊഴിലാളികൾ, വിദ്യാർഥികൾ, കച്ചവടക്കാർ, വക്കീലന്മാർ എന്നിവരോട്‌ പ്രത്യേകമായ ബഹിഷ്കരണ ആഹ്വാനമുണ്ട്‌. ഹർത്താൽമൂലം ശനിയാഴ്ച പത്രം പ്രസിദ്ധീകരിക്കുകയില്ലെന്നും ഞായറാഴ്ച പകരമായി പത്രം ഇറക്കുമെന്നും എഡിറ്റോറിയൽ പേജിൽ അറിയിപ്പുണ്ട്‌. മാതൃരാജ്യത്തിനുവേണ്ടി പോരാടാൻ ആഹ്വാനം ചെയ്യുന്നതാണ്‌ മുഖപ്രസംഗം. ഭാവിയിൽ ജനിക്കാൻപോകുന്ന സ്വതന്ത്ര ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ ഹർത്താൽദിനം തുടങ്ങുന്നത്‌ പുതിയൊരു സൂര്യോദയമായിരിക്കുമെന്ന ആഹ്വാനത്തോടെയാണ്‌ മുഖപ്രസംഗം അവസാനിക്കുന്നത്‌.

ഹർത്താലിന്‌ എങ്ങനെ ഒരുങ്ങണമെന്ന്‌ അഞ്ചാംപേജിൽ പ്രത്യേക അറിയിപ്പുണ്ട്‌. ആ പേജിലെ പ്രധാന തലക്കെട്ട്‌ ‘പ്രവർത്തിക്കാനുള്ള സമയം ആസന്നമായി’ എന്നാണ്‌.
‘കമ്മീഷൻ മുംബൈയിലാണ്‌ കപ്പലിറങ്ങുന്നതെ’ന്നാണ്‌ ഉപശീർഷകം. ഹർത്താലിന്റെ കാര്യദർശി കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടാണ്‌. ഏഴാമത്തെ പേജും സൈമൺ കമ്മിഷന്‌ വേണ്ടി നീക്കിവെച്ചിരിക്കുന്നു. ‘സൈമൺ കമ്മീഷൻ ബഹിഷ്കരണത്തെ വിജയകരമാക്കുവാൻ’ എന്നാണ്‌ അതിന്റെ തലക്കെട്ട്‌. മലബാറുകാരോടുള്ള ഹൃദയപൂർണമായ അഭ്യർഥനയാണിത്‌. മുഴുവൻ പേജും ഇതിനായി നീക്കിവെച്ചു.

ഞായറാഴ്ച ഇറങ്ങിയ പത്രത്തിൽ കോഴിക്കോട്ടെ ഹർത്താലിന്റെ ഒരു വിശദമായ ചിത്രം മുഴുവൻപേജിൽത്തന്നെ നൽകിയിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ‘പൾസ്‌’അറിയുന്നതിനുള്ള മാർഗമായാണ്‌ സൈമൺകമ്മിഷൻ ബഹിഷ്കരണത്തെ ‘മാതൃഭൂമി’ കണ്ടത്‌.

ഫെബ്രുവരി മൂന്നിന്‌ ബോംബെ അലക്സാണ്ടർ ബേയിൽ കോരിച്ചൊരിയുന്ന മഴയത്ത്‌ സൈമൺ കമ്മിഷൻ അംഗങ്ങൾ കപ്പലിറങ്ങുമ്പോൾ, ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹിഷ്കരണഹർത്താൽ ആചരിക്കുകയായിരുന്നു. ബോംബെ മുഴുവൻ അന്ന്‌ അടഞ്ഞുകിടന്നു.

കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ‘ശീമക്കാരേഴുപേരെ, മായക്കാരായവരെ, സൈമൺ കമ്മീഷൻ, പോപോ പോപോ,’ എന്ന ഗാനം’ പ്രതിഷേധയോഗങ്ങളിലെല്ലാം അലയടിച്ചുയർന്നു.
കോഴിക്കോട്‌ പാറൻ സ്ക്വയറിൽ സൈമൺ കമ്മിഷനെ അനുകൂലിക്കാൻ മിതവാദി സി. കൃഷ്ണൻ വിളിച്ചുകൂട്ടിയ യോഗം കമ്മിഷനെ എതിർക്കുന്ന പ്രവർത്തകരെക്കൊണ്ടു നിറഞ്ഞു.
മൂർക്കോത്ത്‌ കുമാരൻ വിളിച്ചുകൂട്ടിയ സമാനമായൊരു യോഗത്തിൽനിന്ന്‌ പ്രതിഷേധക്കാർ ഇറങ്ങിപ്പോയപ്പോൾ അനുകൂലിക്കുന്നവർ ന്യൂനപക്ഷമായി. നിസ്സഹകരണപ്രസ്ഥാനത്തിനുശേഷം കോൺഗ്രസിനെയും മാതൃഭൂമിയെയും ഊർജസ്വലമാക്കിയത്‌ സൈമൺ കമ്മിഷന്റെ നിയമനമാണ്‌. സ്വയംഭരണത്തിന്‌ ഇന്ത്യക്കാർ എത്രത്തോളം യോഗ്യരാണെന്ന്‌ നിർണയിക്കാൻ സർ ജോൺ സൈമന്റെ നേതൃത്വത്തിലാണ്‌ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ കമ്മിഷൻ രൂപവത്‌കരിച്ചത്‌.

വൈസ്രോയിയും ചില ബ്രിട്ടീഷ്‌ അനുകൂല നേതാക്കളും തമ്മിൽ നടന്നുവരുന്ന കൂടിയാലോചനകളെ സംബന്ധിച്ച്‌ മാതൃഭൂമി വായനക്കാർക്ക്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. കമ്മിഷന്റെ പ്രഖ്യാപനം വന്നപ്പോൾ മാതൃഭൂമി തുടർച്ചയായി മൂന്നു മുഖപ്രസംഗങ്ങൾ എഴുതി.

കമ്മിഷനെ ബഹിഷ്കരിക്കുന്നത്‌ വലിയ വിജയമാകുമെന്ന്‌ മറ്റൊരു മുഖപ്രസംഗത്തിൽ മാതൃഭൂമി വ്യക്തമാക്കിയിരുന്നു.

1927 ഏപ്രിലിൽ മുതലക്കുളത്തുചേർന്ന പ്രതിഷേധയോഗം സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിക്കുന്നതായിരുന്നു. അതിന്റെ സ്വാഗതസംഘം അധ്യക്ഷൻ കെ. മാധവൻ നായരായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ധീരസേനാനിയും ബോംബെ ക്രോണിക്കിൾ പത്രത്തിന്റെ എഡിറ്ററുമായ ബി.ജി. ഹോർണിമാന്റെ അധ്യക്ഷതയിലാണ്‌ യോഗം നടന്നത്‌. വലിയൊരു ചിത്രത്തോടുകൂടി (പേജിന്റെ മുക്കാൽഭാഗം വരുന്ന ചിത്രം ആദ്യമായാണ്‌ മാതൃഭൂമി പ്രസിദ്ധീകരിക്കുന്നത്‌) ഈയോഗം മാതൃഭൂമി റിപ്പോർട്ടുചെയ്തു. കേരളത്തിന്റെ ചരിത്രത്തിൽ വിമോചനപ്പോരാട്ടത്തിന്‌ അടിത്തറയുണ്ടാകുന്നത്‌ സൈമൺ കമ്മിഷന്റെ വരവോടെയാണ്‌. അതിനെതിരെ ജ്വലിക്കുന്ന വാക്കുകളുമായി മാതൃഭൂമി നിലയുറപ്പിച്ചു.
(mpsurendran@mbnews.zin)