1942 ഓഗസ്റ്റ്‌ എട്ടാം തീയതിയാണ്‌ ‘ക്വിറ്റ്‌ ഇന്ത്യാ’ പ്രമേയം (ഇന്ത്യ വിടുക) മഹാത്മാഗാന്ധി തന്നെ കോൺഗ്രസ്‌ സമ്മേളനത്തിൽ അവതരിപ്പിച്ച്‌ പാസാക്കിയെടുത്തത്‌.
1885-ൽത്തന്നെ ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ട്‌ എ.ഒ. ഹ്യൂം എന്ന റിട്ടയേർഡ്‌ സിവിൽ സർവീസ്‌ ഉദ്യോഗസ്ഥൻ വൈസ്രോയിയുടെയും മറ്റും ആശീർവാദത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന സംഘടന സ്ഥാപിച്ചിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ഭാഗമായ ഇന്ത്യയുടെ ഭരണവ്യവസ്ഥയിൽ ഇന്ത്യക്കാരുടെ അഭിപ്രായങ്ങൾക്കും താത്‌പര്യങ്ങൾക്കും കൂടുതൽ സ്ഥാനം അനുവദിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ആംഗലവിദ്യാഭ്യാസം നേടിയ ഇന്ത്യക്കാർ മുൻകൈയെടുത്താണ്‌ കോൺഗ്രസ്‌ രൂപവത്‌കരിച്ചത്‌. ഇന്ത്യക്കാരുടെ പിന്തുണയോടെ ഇവിടത്തെ ബ്രിട്ടീഷ്‌ കോളനിഭരണം കൂടുതൽ ശക്തിപ്പെടുത്തി ശാശ്വതമായി നിലനിർത്തണമെന്നാണ്‌ അവർ ആഗ്രഹിച്ചത്‌. ബ്രിട്ടന്റെ ദേശീയഗാനം ആലപിച്ചുകൊണ്ടാണ്‌ ഓരോ വർഷവും സമ്മേളനം ആരംഭിച്ചത്‌.

ഇന്ത്യൻ സിവിൽ സർവീസിൽ ചേരാനുള്ള മത്സരപ്പരീക്ഷകൾ ഇംഗ്ലണ്ടിൽവെച്ചുമാത്രം നടത്താതെ, ബ്രിട്ടീഷ്‌ ഇന്ത്യയുടെ അന്നത്തെ തലസ്ഥാനമായ കൽക്കത്തയിലും നടത്തണമെന്ന ഒരാവശ്യമാണ്‌ അവർ പ്രധാനമായി ഉന്നയിച്ചത്‌. ഇന്ത്യക്കാരെ സ്വയംഭരണത്തിൽ ആവശ്യമായ പരിശീലനം കൊടുത്ത്‌ കാലക്രമത്തിൽ നിയമാധികാരവ്യവസ്ഥ (റൂൾ ഓഫ്‌ ലോ) സ്ഥാപിക്കുകയാണ്‌ ലക്ഷ്യമെന്നാണ്‌ ബ്രിട്ടൻ പ്രഖ്യാപിച്ചത്‌. 1832-ലെ ഒന്നാം പരിഷ്കരണനിയമം തൊട്ട്‌ 1867-ലും 1884-ലും പ്രഖ്യാപിച്ച രണ്ടാമത്തെയും മൂന്നാമത്തെയും പരിഷ്കരണനിയമങ്ങൾ ഈ പരിപാടിയുടെ ഭാഗമാണെന്ന്‌ അവർ അവകാശപ്പെട്ടു. പക്ഷേ, ദേശീയവാദികൾ അതിൽ സംതൃപ്തരായിരുന്നില്ല. പരാജയപ്പെട്ട ബംഗാൾ വിഭജനശ്രമ (1909)ത്തിന്‌ ശേഷം പ്രഖ്യാപിച്ച പരിഷ്കരണനിയമത്തിലും (മിൻറോ മോർലി പരിഷ്കാരം) ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ (1918) നേരത്തേ കൊടുത്ത വാഗ്ദാനത്തിന്റെ പൂർത്തീകരണത്തിനായി 1919-ൽ പ്രഖ്യാപിച്ച മൊണ്ടേഗ്‌-ചെംസ്‌ഫോർഡ്‌ പരിഷ്കരണനിയമത്തിലും ദേശീയവാദികൾ സംതൃപ്തരായില്ല. 1935-ൽ സംസ്ഥാനങ്ങളിൽ ഇന്ത്യൻ നിയമസഭാംഗങ്ങൾക്ക്‌ ചില വകുപ്പുകളിൽ ഭാഗികാധികാരം നൽകുന്ന മറ്റൊരു നിയമം കൊണ്ടുവന്നു. അതും ഇന്ത്യയിലെ ദേശീയവാദികൾ സന്തോഷത്തോടെ സ്വാഗതം ചെയ്തില്ല.

ഒന്നാംലോക മഹായുദ്ധം സ്വേച്ഛാധിപത്യശക്തികളെ തോല്പിച്ച്‌ ജനാധിപത്യസ്ഥാപനത്തിനുവേണ്ടിയാണ്‌ നടത്തുന്നതെന്നും അതുകൊണ്ട്‌ ഇന്ത്യക്കാർ ബ്രിട്ടന്റെ സൈന്യത്തിൽ ധാരാളമായി ചേർന്ന്‌ സഹകരിക്കണമെന്നും ബ്രിട്ടീഷ്‌ ഭരണാധികാരികൾ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാർ അങ്ങനെ ചെയ്ത്‌ സഹകരിക്കുകയും ചെയ്തു. പക്ഷേ, യുദ്ധാവസാനത്തിൽ ഈ വാഗ്ദാനം പ്രാവർത്തികമായില്ല. രണ്ടാംലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ ഇതേ വാഗ്ദാനം ആവർത്തിക്കപ്പെട്ടപ്പോൾ ഒരിക്കൽ വഞ്ചിതരായ സ്ഥിതിക്ക്‌ ഇത്തവണ എഴുതപ്പെട്ട ഒരു പ്രമാണം സൃഷ്ടിക്കണമെന്ന്‌ ഇന്ത്യൻ ദേശീയവാദികൾ ആവശ്യപ്പെട്ടു. ബ്രിട്ടീഷ്‌ അധികാരികൾ അതിന്‌ ഒരുക്കമായിരുന്നില്ല. അപ്പോഴാണ്‌ ആദ്യമായി നിയമാധികാരവ്യവസ്ഥയുടെ സ്ഥാപനമാണ്‌ തങ്ങളുടെ കോളനി ഭരണത്തിന്റെ ലക്ഷ്യമെന്ന ബ്രിട്ടീഷ്‌ പ്രഖ്യാപനത്തിന്റെ പൊള്ളത്തരത്തെപ്പറ്റി ഗാന്ധിജിയടക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ബോധ്യപ്പെട്ടത്‌. അതുകൊണ്ട്‌, ബ്രിട്ടൻ ഉടനെ ഇന്ത്യ വിട്ടുപോകണമെന്ന്‌ ആവശ്യപ്പെട്ട്‌ കാര്യകാരണങ്ങളൊന്നും വിസ്തരിക്കാതെ രണ്ടേ രണ്ടു വാക്കുകളിലാണ്‌ ‘ക്വിറ്റ്‌ ഇന്ത്യ’ എന്ന പ്രമേയം ഗാന്ധിജി തന്നെ 1942 ഓഗസ്റ്റ്‌ എട്ടാം തീയതി കോൺഗ്രസ്‌ സമ്മേളനത്തിൽ അവതരിപ്പിച്ച്‌ സർവസമ്മതമായി പാസാക്കിയത്‌.

ബ്രിട്ടൻ ഉടനെ ഇന്ത്യ വിട്ടുപോകണമെന്ന്‌ ആവശ്യപ്പെട്ട്‌ കാര്യകാരണങ്ങളൊന്നും വിസ്തരിക്കാതെ രണ്ടേ രണ്ടു വാക്കുകളിലാണ്‌ ‘ക്വിറ്റ്‌ ഇന്ത്യ’ എന്ന പ്രമേയം ഗാന്ധിജി തന്നെ 1942 ഓഗസ്റ്റ്‌ എട്ടാം തീയതി കോൺഗ്രസ്‌ സമ്മേളനത്തിൽ അവതരിപ്പിച്ച്‌ സർവസമ്മതമായി പാസാക്കിയത്‌.

പിന്നീട്‌ ബ്രിട്ടീഷ്‌ അധികാരികൾക്ക്‌ ഉരുണ്ടുകളിക്കാനൊന്നും അവസരമുണ്ടായില്ല. അവസാനത്തെ വൈസ്രോയി ആയ ലോർഡ്‌ മൗണ്ട്‌ ബാറ്റന്റെ മധ്യസ്ഥതയിൽ ഇംഗ്ലണ്ടിൽ നടന്ന വട്ടമേശസമ്മേളനങ്ങളിലൂടെ ചർച്ചകൾ നടന്നു. ഒടുവിൽ ഇന്ത്യൻ ദേശീയവാദികളുടെ ആഗ്രഹസാഫല്യമെന്ന ഭാവേന 1947 ഓഗസ്റ്റ്‌ 15-ന്‌ ഇന്ത്യൻ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു. വാസ്തവത്തിൽ ഇതിൽ ഒരു വലിയ ചതി ഒളിച്ചുകിടന്നിരുന്നു. സ്വാതന്ത്ര്യസമരക്കാർ എന്നും എതിർത്ത ദ്വിരാഷ്ട്രവാദത്തിന്റെ - ഹിന്ദുക്കളും മുസ്‌ലിങ്ങളും രണ്ട്‌ വെവ്വേറെയുള്ള രാഷ്ട്രങ്ങളാണെന്ന സിദ്ധാന്തത്തിന്റെ- സാധൂകരണമായ ഇന്ത്യാ വിഭജനവും പാകിസ്താൻ സൃഷ്ടിയും ഈ പാക്കേജിന്റെ ഭാഗമാണ്‌.

ക്വിറ്റ്‌ ഇന്ത്യാ പ്രമേയം ദീർഘകാലത്തെ പ്രതീക്ഷയുടെയും പരീക്ഷണങ്ങളുടെയും പ്രകടനങ്ങളുടെയും പരിണതഫലമായിരുന്നു. എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനമാവുമ്പോഴേക്ക്‌ അന്താരാഷ്ട്രീയരംഗത്തുള്ള ബലസമത്വത്തിൽ വലിയ മാറ്റങ്ങളുണ്ടായി. സാമ്പത്തികമായി ബ്രിട്ടൻ ക്ഷീണിച്ചു. ഇന്ത്യയിൽ ബലപ്രയോഗം തുടർന്നുപോകാൻ അസാധ്യമായി. സോവിയറ്റ്‌ ചേരിയും അമേരിക്കൻ ചേരിയും സൈന്യസന്നാഹത്തോടെയും സാമ്പത്തികമത്സരത്തിലൂടെയും സഖ്യരൂപവത്‌കരണത്തിലൂടെയും ശീതസമരം തുടർന്നു. മൂന്നാം ലോകമഹായുദ്ധം എന്നും എപ്പോഴും പൊട്ടിപ്പുറപ്പെടാമെന്നും അണുഭേദനത്തിന്റെ പശ്ചാത്തലത്തിൽ അത്‌ മനുഷ്യവംശത്തിന്റെ മഹാനാശത്തിൽ അവസാനിക്കാമെന്നും എല്ലാവരും ഭയപ്പെട്ടു.

എന്നാൽ, ഭയപ്പെട്ടതൊന്നും സംഭവിച്ചില്ല. മൂന്നാം ലോകമഹായുദ്ധമുണ്ടായില്ല. യുദ്ധച്ചെലവുകളുടെ ഫലമായി സാമ്പത്തികക്ഷീണം ബാധിച്ച ബ്രിട്ടൻ ഒരു മാന്യമായ കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ വിടാൻ തയ്യാറായി. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഈ ലോകത്തിൽത്തന്നെ അഭൂതപൂർവമായ സംഘടിതമായ അഹിംസാത്മക സമരത്തിന്റെ ഫലമായി ഇന്ത്യയ്ക്ക്‌ മോചനം ലഭിച്ചു. അരുണ ആസഫലിയെപ്പോലെയുള്ള വീരനായികമാർ ഉയർന്നുവന്നു.

ഇന്ത്യക്കാരുടെ സഹനത്തിനും ക്ഷമാപൂർവമായ സത്യാഗ്രഹത്തിനും ഫലമുണ്ടായി. മുൻസാമ്രാജ്യമേധാവികളുമായി സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ സ്വമേധയാ സൗഹൃദം സ്ഥാപിച്ചു. ‘ബ്രിട്ടീഷ്‌’ എന്ന വാക്കുമാത്രം വിട്ടുകളഞ്ഞുകൊണ്ട്‌ ഒരു പരസ്പരസഹായസഖ്യം, കോമൺവെൽത്ത്‌ ഓഫ്‌ നേഷൻസ്‌ രൂപവത്‌കൃതമായി. അങ്ങനെ ക്വിറ്റ്‌ ഇന്ത്യാ പ്രമേയത്തിലൂടെ ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുകയും ജനാധിപത്യത്തിലേക്കുള്ള പ്രയാണം ആരംഭിക്കുകയും ചെയ്തു. ഇന്ത്യ കൊടുങ്കാറ്റിലും കോളിലും തകർന്നുപോകാതെ അച്ചടക്കത്തോടെ മതേതരജനാധിപത്യമായി. എഴുതപ്പെട്ട ഒരാധുനിക ഭരണഘടന സ്വായത്തമാക്കി മുന്നോട്ടുതന്നെ യാത്ര തുടർന്നു.