johnഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന് പറയുന്നത് ലോകത്തെ മര്‍ദ്ദിത ജനവിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്. ഇന്ത്യയില്‍ നടന്നത് ഒരു ജനാധിപത്യവിപ്ലവമായിരുന്നു. പക്ഷേ, ആ അര്‍ഥത്തില്‍ ലോകജനത ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ വേണ്ട തരത്തില്‍ അടയാളപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം. 

ആ മഹത്തായ വിപ്ലവത്തിന് ശേഷം ഇന്ത്യ വലിയൊരു ദുരന്തം നേരിട്ടു എന്നതാണ് മറ്റൊരു വസ്തുത. രണ്ടാംലോക മഹായുദ്ധത്തിലെ ഇന്ത്യയുടെ പങ്കാളിത്തം കനത്ത നഷ്ടങ്ങളാണ് രാജ്യത്തിന് വരുത്തിവച്ചത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവനും മൃഗസമ്പത്തുമെല്ലാം നമുക്ക് നഷ്ടമായി. അതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യവിഭജനം നടന്നത്. നമുക്കെതിരെ ആരും യുദ്ധം ചെയ്തതല്ല, നമ്മള്‍ തന്നെ നമുക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. അന്നുണ്ടായ മുറിവുകള്‍ ഈ 70 വര്‍ഷത്തിന് ശേഷവും ഉണങ്ങിയിട്ടില്ല എന്നതുമാത്രമല്ല ഓരോ ദിവസവും അത് ഓര്‍മ്മിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.

മഹത്തായ വിപ്ലവവും പൈശാചികമായ വിഭജനവുമാണ് ഇന്ത്യക്ക് സംഭവിച്ചത്. ഇത് ഇന്ത്യന്‍ സമൂഹത്തെയും രാഷ്ട്രീയത്തെയും സ്വാധിനിച്ചിട്ടുള്ളതിന്റെ പങ്ക് വളരെ വലുതാണ്. ഒരുപാട് വലിയ നേട്ടം നേടിയെങ്കിലും നമ്മുടെ വിജയത്തെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി. അതേസമയം,സാമ്പത്തികരംഗത്ത് ഈ പോരായ്മകളെ മറികടക്കാന്‍ നമുക്ക് കഴിഞ്ഞു. വിഭജനസമയത്ത് ഇന്ത്യയുടെ ഫലഭൂയിഷ്ഠമായ പല പ്രദേശങ്ങളും നമുക്ക് നഷ്ടമായിരുന്നു. എന്നാല്‍, ഹരിതവിപ്ലവം പ്രാവര്‍ത്തികമായതോടെ ആ കുറവ് നമ്മള്‍ പരിഹരിച്ചു. ദക്ഷിണേന്ത്യയില്‍ അരി ഉല്പാദനവും പശ്ചിമേന്ത്യയില്‍ ഗോതമ്പ് ഉല്പാദനവും നടത്തി ഇന്ത്യ ഭക്ഷ്യോല്പാദനത്തില്‍ സ്വയംപര്യാപ്തമാവുന്ന നിലയിലെത്തി. പാലുല്പാദനത്തിലും നാണ്യവിളകളുടെ കാര്യത്തിലും ഏറെ ദൂരം നാം മുന്നോട്ട് പോയി.

വ്യാവസായിക രംഗത്തും ശാസ്ത്രസാങ്കേതിക രംഗത്തും ബഹുദൂരം മുന്നിലെത്താന്‍ നമുക്കായി. വൈമാനികയാത്രികരുടെ എണ്ണത്തിലൊക്കെ നമ്മള്‍ എത്രയോ മുന്നിലാണ്. സാമ്പത്തികനിലവാരത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലെത്താനും നമുക്ക് കഴിഞ്ഞു. അതേസമയം, ആഭ്യന്തര ഉല്പാദനത്തില്‍ മുന്നിലാണെങ്കിലും ആളോഹരി ആഭ്യന്തര ഉല്പാദനത്തില്‍ ഇന്ത്യ ഒരുപാട് പിന്നിലാണ്. 

വിദ്യാഭ്യാസരംഗത്ത് വേണ്ടവിധം മുന്നേറാന്‍ ഈ 70 വര്‍ഷങ്ങള്‍ കൊണ്ടായില്ല എന്നത് നിരാശാജനകമാണ്. കൃഷിയിലും വ്യവസായത്തിലും അണക്കെട്ട് നിര്‍മ്മാണത്തിലും നല്കിയ ശ്രദ്ധ  വിദ്യാഭ്യാസരംഗത്ത് ഇന്ത്യ പതിപ്പിച്ചില്ല. നമുക്കൊപ്പം മുന്നേറ്റം തുടങ്ങിയ ചൈന പക്ഷേ 1960കളില്‍ തന്നെ സാക്ഷരതയുടെ കാര്യത്തില്‍ മുന്‍പന്തിയിലെത്തി. അന്ന് നമ്മളെത്തേണ്ട അവസ്ഥയിലാണ് ഇന്ന് വിദ്യാഭ്യാസരംഗത്ത് നാമെത്തിനില്‍ക്കുന്നത്. ആരോഗ്യരംഗത്തും ഇന്ത്യ മുന്നിലെത്തിയെന്ന് പറയാനാകില്ല. സാമ്പന്നനും ദരിദ്രനും തമ്മിലുള്ള സാമ്പത്തിക അന്തരം വര്‍ധിച്ചതോടെ ഇല്ലാത്തവന്‍ കൂടുതല്‍ ഇല്ലാത്തവനായി മാറുകയും മതിയായ ആഹാരം പോലും അപ്രാപ്യമായ അവസ്ഥയിലേക്കെത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. ജനാധിപത്യത്തിന്റെ ഒരു തലം മാത്രമാണത്. ജനങ്ങള്‍ക്ക് തുല്യരായി ജീവിക്കാന്‍ കഴിയുന്നതും സ്ത്രീകള്‍ക്ക് ഭയപ്പെടാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്. കള്ളവോട്ടുകളില്ലാതിരിക്കുക, െതരഞ്ഞെടുപ്പില്‍ അഴിമതി ഉണ്ടാവാതിരിക്കുക എന്നതും അതിന്റെ ഭാഗമാണ്. ആ നിലയ്ക്ക് ഇന്ത്യ പരാജയമാണ്. അതായത്, രൂപത്തിൽ  മുന്‍പന്തിയിലും ഗുണമേന്മയിലും ഉള്ളടക്കത്തിലും പിന്നിലുമാണ് ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തിന്റെ ഗുണമേന്മ (Qualitiy of democracy) നിർണയിക്കപ്പെടേണ്ടതുണ്ടെന്ന്  എന്നു പോലും നാം മനസിലാക്കുന്നില്ല.

അസമത്വവും ജാതിവ്യവസ്ഥയുമാണ് ഇന്ത്യന്‍ പരിതസ്ഥിതിയിലെ ഏറ്റവും ദോഷകരമായ രണ്ട് കാര്യങ്ങള്‍. ജാതീയത സംബന്ധിച്ച ചോദ്യങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാനാവുന്നില്ലെന്ന് മാത്രമല്ല അത് കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയുമാണ്. ഇന്ത്യയിലെ ഇന്നത്തെ ദളിത്-ആദിവാസി വിഭാഗങ്ങളുടെ നില വളരെ പരുങ്ങലിലാണ്. എന്നാല്‍, ഈ 70 വര്‍ഷങ്ങള്‍ കൊണ്ട് ഒബിസി വിഭാഗങ്ങള്‍ സാമൂഹ്യപരമായും സാമ്പത്തികപരമായും വളര്‍ച്ച കൈവരിക്കുകയാണ് ചെയ്തത്. മധ്യജാതിക്കാരുടെ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളിലുണ്ടായ മുന്നേറ്റം അത്ഭുതാവഹമാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും തലപ്പത്തെത്താനും ഈ മധ്യവര്‍ഗത്തിന് കഴിഞ്ഞു. സവര്‍ണരാഷ്ട്രീയതയെന്ന് ആരോപണം കേള്‍ക്കുന്ന ബിജെപിയുടെ തലപ്പത്ത് പോലുമുള്ളത് ഈ മധ്യവര്‍ഗപ്രതിനിധികളാണ്!

Equality

ഇന്ത്യാ പാക് വിഭജനം ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഇന്ത്യയിലെ മുസ്ലീംകളെയാണ്. രാമചന്ദ്രഗുഹയുടെ പുസ്തകത്തില്‍ പറയുന്നു ഇന്ത്യയോടുള്ള കൂറ് തെളിയിക്കാന്‍ മുസ്ലീംകളോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുവെന്ന്. ഖാദര്‍ മൊഹിയുദ്ദീന്‍ പറയുന്നു എന്റെ രാജ്യത്തോടുള്ള രാജഭക്തി അളക്കുന്നതും തൂക്കുന്നതും ക്രിക്കറ്റ് മാച്ചുകളാണ്. ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ മുസ്ലീംകളോട് വീടുകള്‍ക്ക് പുറത്ത് ദേശീയപതാക പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടും. ഉറക്കെ പരസ്യമായി ഇന്ത്യയുടെ വിജയത്തിനായി ആര്‍പ്പുവിളിക്കാന്‍ ആവശ്യപ്പെടും. എന്റെ മാതൃഭൂമിയെ ഞാനെത്രമേല്‍ സ്നേഹിക്കുന്നു എന്നതല്ല ശത്രുരാജ്യത്തെ ഞാനെത്രമേല്‍ വെറുക്കുന്നു എന്നതാണ് മുഖ്യം. രണ്ട് സമുദായങ്ങളുടെയും ധ്രുവീകരണം സംഘപരിവാറിന്റെ വിജയമായിരുന്നു എന്ന്. ഇന്ത്യന്‍ മുസ്ലീംകള്‍, ദളിതര്‍, ഒബിസിയിലെ ഒരു വിഭാഗം എന്നിവര്‍ക്ക് ഇപ്പോഴും ഇന്ത്യയില്‍ ഒരു അന്യഥാ ബോധമുണ്ട് എന്നത് അവഗണിക്കാനാവാത്ത സത്യമാണ്.

ഇത്തരക്കാര്‍ക്ക് അന്യഥാ ബോധമില്ലെന്ന് വാദിക്കുന്നത് അവരിലാരുമല്ല, അവരെ ഭരിക്കുന്ന അധോവര്‍ഗമാണ്. അത് ചിലപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളാവാം, മതമേധാവികളാവാം, മാധ്യമങ്ങളുമാവാം. അനുഭവസ്ഥര്‍ക്കല്ല, തീരുമാനങ്ങളെടുക്കുന്നവര്‍ക്കാണ് ഇന്ത്യയില്‍ എപ്പോഴും പ്രാധാന്യം.

അതുപോലെ തന്നെയാണ് ലിംഗനീതിയുടെ കാര്യവും. ആ വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ പോലും ഈ 70 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇന്ത്യ തയ്യാറായിട്ടില്ല. മേല്‍പ്പറഞ്ഞതു പോലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചും തീരുമാനങ്ങളെടുക്കുന്നത് സ്ത്രീകളല്ല, പുരുഷന്മാരാണ്. ലിംഗനീതിയെക്കുറിച്ച് പറഞ്ഞുതുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്. എന്നാല്‍,കുടുംബത്തിലെ സ്ത്രീകള്‍ സന്തോഷവതികളാണെന്ന് ഉറപ്പിച്ച് പറയുന്നത് എല്ലായ്പ്പോഴും പുരുഷന്മാരാണ്. ലിംഗത്വം ഒരു പ്രശ്നമേയല്ല എന്നതാണ്  ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം. അതൊരു അജണ്ടയാണെന്ന് പോലും ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിക്ക് തോന്നുന്നില്ല

രാഷ്ട്രീയപാര്‍ട്ടികളില്‍ പോലും ഈ ലിംഗനീതിയില്ലായ്മ പ്രകടമാണ്. അതേസമയം,അഭിമാനിക്കാന്‍ വക നല്കുന്ന മറ്റ് ചില വസ്തുതകള്‍ ഉണ്ട് താനും. ഇന്ദിരാഗാന്ധി നെഹ്റുവിന്റെ മകളായതു കൊണ്ട് രാഷ്ട്രീയത്തിലേക്ക് വന്നതാണ്. ജയലളിതയാവട്ടെ എംജിആറിന്റെ പിന്‍ഗാമിയായി വന്നതാണ്. എന്നാല്‍, മമതാ ബാനര്‍ജിയും മായാവതിയുമൊക്കെ സ്വതന്ത്രരായി ഉയര്‍ന്നു വന്നവരാണ്. അത് നല്ലൊരു സൂചന തന്നെയാണ്. ജനാധിപത്യം സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ മുന്‍കയ്യെടുക്കാതെ സ്ത്രീമുന്നേറ്റങ്ങള്‍ ഉണ്ടാവില്ല. ത്രിതല തെരഞ്ഞെടുപ്പുകളില്‍ സ്തീകള്‍ക്ക് മുന്‍ഗണന നല്കുമ്പോഴും പാര്‍ട്ടിതലത്തില്‍ അവരെ അധികാരസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാന്‍ പുരുഷാധിപത്യ സമൂഹ മനസ്ഥിതി അനുവദിക്കുന്നില്ല എന്നത് പുരോഗമനത്തിന് വെല്ലുവിളിയാണ്.

തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം കുറഞ്ഞുവരികയാണ് ചെയ്തത്. പണ്ട് കാലത്ത് കര്‍ഷകത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും തോട്ടംതൊഴിലാളികളുമൊക്കെയായി എത്രയോ സ്ത്രീകള്‍ തൊഴില്‍ മേഖലയിലുണ്ടായിരുന്നു. കേരളത്തെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ പ്രവാസിജീവിതത്തിന്റെ സ്വാധീനം സ്ത്രീകളെ വീട്ടിലിരുത്തുന്നതിലെത്തിച്ചു എന്ന് കാണാന്‍ കഴിയും. ഗള്‍ഫുകാരന്‍ ഒരിക്കലും അവന്റെ വീട്ടിലെ പെണ്ണുങ്ങളെ പാടത്തോ പറമ്പിലോ പണിക്ക് വിടുന്നില്ല. വിദ്യാഭ്യാസനിലവാരത്തില്‍ ഒരുപാട് മുന്നോട്ട് പോകാത്തവര്‍ക്ക് മറ്റേതെങ്കിലും ജോലിയിലേക്ക് പോവാനും കഴിയുന്നില്ല. അങ്ങനെ കുടുംബവരുമാനത്തില്‍ സ്ത്രീയുടെ പങ്കാളിത്തം കുറയുകയാണ് ചെയ്തതെന്ന് പ്ലാനിംഗ് കമ്മീഷന്റെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. സ്ത്രീകളുടെ തൊഴില്‍മേഖലയിലേക്കുള്ള തിരിച്ചുവരവ് ഇപ്പോള്‍ വീണ്ടും തുടങ്ങിവന്നിട്ടേയുള്ളു. ചെറുകിട സംരംഭങ്ങളൊക്കെ ആരംഭിച്ചാണ് ആ തിരിച്ചുവരവ്. സാമ്പത്തികസ്വാശ്രയത്വം കൂടി വന്നാലേ സ്ത്രീമുന്നേറ്റം എന്ന ആശയം പൂര്‍ണമാവുകയുള്ളു.

പ്രകൃതിയോടുള്ള ഇന്ത്യയുടെ സമീപനം ആശാവഹമാണ്. ഇന്ദിരാഗാന്ധിയുടെ കാലത്തെടുത്ത നിലപാടുകള്‍ കൊണ്ട് തന്നെയാണ് ഇപ്പോഴും വനമേഖലയുടെ വിസ്തൃതി ഇത്രയുമെങ്കിലും നിലനില്‍ക്കുന്നത്. 1980കളില്‍ വനംവകുപ്പ് നിയമം നിലവില്‍ വന്നത് ആ നിലയ്ക്ക് ഗുണകരമായി എന്ന് പറയുമ്പോഴും കാടിനെ ആശ്രയിച്ച് കഴിയുന്ന ആദിവാസി വിഭാഗങ്ങളെ അത് പ്രതികൂലമായി ബാധിച്ചു എന്ന വസ്തുത തള്ളിക്കളയാനാവില്ല.

വികസനകാഴ്ച്ചപ്പാടുകളില്‍ പ്രകൃതി ഒരു ഘടകമാണെന്ന് ഇന്ത്യ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു പ്രശ്നം. അറിവില്ലായ്മ തന്നെയാണ് ഇതിനു കാരണം. പ്രകൃതി സംരക്ഷണത്തിന് വാഹനജാഥ സംഘടിപ്പിക്കുന്നവരാണ് നമ്മള്‍. വാഹനങ്ങളില്‍ നിന്നുയരുന്ന പുകയും പൊടിയും പ്രകൃതിയെ മലിനമാക്കുമെന്ന് നമ്മള്‍ ചിന്തിക്കുന്നതേയില്ല. ശുദ്ധവായു എന്നത് ഇപ്പോഴും നമ്മുടെ അജണ്ടയിലുള്ള കാര്യമല്ല.എന്‍വയോണ്‍മെന്റല്‍ വര്‍ക് ഷോപ് എന്ന സാങ്കേതികത നമ്മള്‍ പരിചയിക്കണം. നടുവഴിയിലെ മാലിന്യവും പുകപടലങ്ങളും എല്ലാം പ്രകൃതിയെയും മനുഷ്യനെയും ദോഷകരമായി ബാധിക്കാത്ത തരത്തില്‍ സംസ്‌കരിച്ചെടുക്കാന്‍ നമ്മള്‍ വഴികളുണ്ടാക്കണം. എങ്കില്‍ മാത്രമേ പ്രകൃതിചൂഷണവും ഇല്ലാതാവൂ. പരിസ്ഥിതിയും പ്രകൃതിയും ബുദ്ധിജീവികള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ മാത്രമല്ല. വീട്ടമ്മയും തൂപ്പുകാരനുമെല്ലാം അതിന്റെ ഭാഗമാണ്.

ചൈനയുമായും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ ഇന്ത്യക്ക് ഹിതകരമാവില്ല. യുദ്ധമാണെങ്കില്‍ പോലും രാഷ്ട്രതലവന്മാര്‍ക്ക് ചിലപ്പോള്‍ ഗുണം ചെയ്തേക്കാം, പക്ഷേ ജനങ്ങള്‍ക്ക് നല്ലതിനാവില്ല. യുദ്ധം ഒന്നിനും ഒരു പരിഹാരമാവുകയുമില്ല. ഇന്ത്യന്‍ പുരോഗതിയെ  പിന്നോട്ട് വലിച്ച പ്രധാന കാരണങ്ങളിലൊന്ന് യുദ്ധങ്ങളായിരുന്നു. ലോകമഹായുദ്ധമായാലും വിഭജന യുദ്ധങ്ങളായാലും ഇന്ത്യന്‍ പുരോഗതിയെ പ്രതികൂലമായി ബാധിച്ചിട്ടേയുള്ളൂ.

വ്യക്തി-പൗര സ്വാതന്ത്ര്യം സംബന്ധിച്ച് ഇന്ത്യയുടെ നിലപാടുകള്‍ പ്രശംസനീയമായിരുന്നു. ഇന്ത്യന്‍ ജയിലുകളിലാണ് ഏറ്റവും കുറവ് തടവ്പുള്ളികളുള്ളത.്  ലോകമാകെയുള്ള ജയില്‍ ജനസംഖ്യയില്‍ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒരു ലക്ഷത്തില്‍ 30 പേര്‍ എന്ന നിലയില്‍ മാത്രമേ ഇവിടെ ആളുകള്‍ ജയിലിലാവുന്നുള്ളു. അതുപോലെ,ആധാര്‍ എന്ന സംവിധാനം മികച്ച ഒരു മാതൃകയാണ്. ആദിവാസികളില്‍ ചില വിഭാഗങ്ങള്‍ ഇപ്പോഴും കാടിനു വെളിയില്‍ വരാത്തവരാണ്. സാമൂഹ്യവ്യവസ്ഥിതിയില്‍ അവര്‍ സ്വയം തീര്‍ത്ത ജയിലുകളില്‍ ജീവിക്കുകയാണ്. അത്തരക്കാരെ മുഖ്യധാരയുടെ ഭാഗമാക്കാന്‍ ആധാര്‍ കൊണ്ട് കഴിയുമെന്നത് വളരെ നല്ല  കാര്യമാണ്.

ഇന്ത്യയുടെ വികസനം എന്നത് സമീപഭാവിയില്‍ ഉണ്ടാവേണ്ടത് ദളിത് വികസനത്തിലൂടെയാണ്. അവരുടെ പുരോഗതിയിലൂടെ മാത്രമേ രാഷ്ട്രപുരോഗതിയും സാധ്യമാകൂ. ഒപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് സ്ത്രീസമത്വത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടും. ലിംഗനീതി നടപ്പാകാത്ത ഒരു രാജ്യവും ഉയര്‍ച്ച കൈവരിക്കില്ല എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുമാണ്.