economy

ഴുപത് വര്‍ഷത്തെ ഇന്ത്യയുടെ വികസന അനുഭവത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം വളര്‍ച്ചയും ക്ഷേമവും തമ്മിലുള്ളതാണ്. സാമ്പത്തിക വളര്‍ച്ചയുടെ ആക്കം കൂടിയെങ്കിലും അതനുസരിച്ച് ജനങ്ങളുടെ ക്ഷേമം ഉയര്‍ന്നില്ല. വലിയ വിഭാഗം ജനങ്ങളുടെ ജീവിതനിലവാരം താഴേക്ക് പോയെന്നതാണ് വാസ്തവം. സ്വാതന്ത്ര്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ കണ്ട ഈ സാഹചര്യം എഴുപതാം വര്‍ഷത്തിലും തുടരുകയാണ്. 

സ്വാതന്ത്ര്യത്തിന് മുമ്പ് കൊളോണിയല്‍ കാലത്ത് ഏതാണ്ട് ഒരു ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. ജനസംഖ്യയും ആ രീതിയിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ പ്രതിശീര്‍ഷ വരുമാനം വളര്‍ന്നതേയില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ മൂന്നുപതിറ്റാണ്ടില്‍ സ്വരാജ് എന്ന സ്വാതന്ത്ര്യസമര ആദര്‍ശമാണ് സാമ്പത്തികരംഗത്തും നിലനിന്നത്. ഇറക്കുമതിയ്ക്ക് പകരം നമ്മുടെ രാജ്യത്തുതന്നെ ഉത്പാദിപ്പിക്കുക. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ആസൂത്രണ സങ്കല്‍പ്പങ്ങള്‍ കൊണ്ടുള്ള വികസന തന്ത്രത്തെ സ്വരാജിന് സഹായകമായ രീതിയില്‍ മാറ്റുകയായിരുന്നു.

എന്നാല്‍ നാം സ്വീകരിച്ച പുതിയ നയത്തിന്റെ ഭാഗമായി പിന്നീട് സാമ്പത്തിക വളര്‍ച്ചയുടെ വേഗം കൂടി. ഇറക്കുമതി നിരോധിച്ച് ആവശ്യമുള്ള സാധനങ്ങള്‍ നമ്മുടെ കാര്‍ഷിക-വ്യവസായ മേഖലയില്‍ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്തു. പൊതുമേഖലയും ആസൂത്രണവും കൊണ്ടുവന്നു. സ്വകാര്യമേഖല സംരക്ഷിച്ചുനിര്‍ത്തി. ഇതിന്റെ ഫലമായി സാമ്പത്തിക വളര്‍ച്ച മൂന്നിരട്ടിയായി മൂന്നുശതമാനമായി. ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത് എന്നൊക്കെ വിളിച്ച് പലരും പരിഹസിച്ചെങ്കിലും വളര്‍ച്ച ഒരു വസ്തുതയായിരുന്നു.

എന്നാല്‍ കാര്‍ഷികമേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാതിരുന്നതിനാല്‍ ഭൂരിപക്ഷം ജനതയുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായില്ല. ദാരിദ്ര്യം തടസമായതോടെ സാമ്പത്തികവളര്‍ച്ച മുരടിയ്ക്കാന്‍ തുടങ്ങി. വിദേശത്തുനിന്നുള്ള ഇറക്കുമതി നിരോധിച്ചപ്പോള്‍ കയറ്റുമതിയും സ്വാഭാവികമായും പരുങ്ങലിലായി. ഈ പ്രതിസന്ധിയ്ക്ക് പരിഹാരമായാണ് രാജീവ്ഗാന്ധിയുടെ കാലത്ത് പുതിയ സമീപനം സ്വീകരിച്ചത്. കയറ്റുമതിയോന്മുഖ വികസന നയമായിരുന്നു അത്.

ഗതിമാറ്റിയ കയറ്റുമതി അധിഷ്ഠിത വികസനനയം

നാട്ടില്‍ വാങ്ങാന്‍ കഴിവില്ലാത്തവരുണ്ടെങ്കില്‍ വിദേശത്തുള്ളവര്‍ക്കു വേണ്ടി ഉത്പാദിപ്പിക്കുക, അതിലൂടെ കാര്‍ഷിക -വ്യവസായ മേഖലയെ രക്ഷിക്കുക എന്നതായിരുന്നു ആ നയം. കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് ഇറക്കുമതി ഉദാരവത്കരിക്കേണ്ടി വന്നു. പുതിയ സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും വന്നു. കയറ്റുമതിയ്ക്കായി ആഢംബര വസ്തുക്കളുണ്ടാക്കുന്ന വ്യവസായം വന്നെങ്കിലും അത് മുഴുവന്‍ വാങ്ങിയത് നാട്ടിലുള്ളവരാണ്. 

അതോടെ ഇറക്കുമതിയ്ക്ക് വേണ്ട വിദേശനാണ്യം കയറ്റുമതിയിലൂടെ ലഭിക്കാതെ വന്നു. അത് വായ്പ വാങ്ങി നികത്തി. ഒടുവില്‍ വായ്പയുടെ കടഭാരം കൂടി നമ്മള്‍ കടക്കെണിയിലായി. അങ്ങനെ വന്നപ്പോഴാണ് ഇനി വായ്പ കിട്ടണമെങ്കില്‍ സമ്പദ്ഘടനയില്‍ മാറ്റം വരുത്തണമെന്ന അവസ്ഥയുണ്ടായത്. ഇറക്കുമതിയുടെ നിയന്ത്രണം പൂര്‍ണ്ണമായി ഇല്ലാതാക്കുകയും വിദേശ മൂലധനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കേണ്ടി വരുകയും ചെയ്തു. വിദേശരീതിയില്‍ വ്യവസായ ഘടനയില്‍ മാറ്റം വരണം എന്നുവരെയായി.

ഇത്തരം ആഗോളവത്കരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി കൂടുതല്‍ മൂലധനം ഇന്ത്യയിലേക്ക് വന്നു. നമ്മുടെ നാട്ടില്‍ തന്നെയുള്ള മൂലധന ഉടമകള്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ തയ്യാറായി. ഇതിന്റെ ഫലമായി സാമ്പത്തികവളര്‍ച്ചയ്ക്ക് ആക്കംകൂടി. കയറ്റുമതിയോന്മുഖ വികസനനയത്തിന്റെ ഭാഗമായി 80കളില്‍ വളര്‍ച്ചാനിരക്ക് കൂടിയത് 90കളില്‍ കൂടുതല്‍ ശക്തമായി. അങ്ങനെ ആഗോളവത്കരണ കാലത്ത് വളര്‍ച്ചാനിരക്ക് എട്ടുശതമാനത്തിനടുത്തെത്തി. 

ഇങ്ങനെ വളര്‍ന്നാല്‍ ഇന്ത്യ ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയാകുമെന്ന സാഹചര്യമുണ്ടായി. മറ്റു രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച ഇതിനേക്കാള്‍ താഴ്ന്നതായിരുന്നു. എന്നാല്‍, അടിസ്ഥാന പ്രശ്നം അപ്പോഴും നിലനിന്നു. വളര്‍ച്ചയുടെ തിളക്കം മുഴുവന്‍ പട്ടണങ്ങളിലും ഉന്നത ശ്രേണയിലുള്ളവരിലും മാത്രമായി. സാധാരണക്കാരും കര്‍ഷകരും ആത്മഹത്യ ചെയ്യേണ്ടി വന്നു. ഇന്ത്യയില്‍ ഏറ്റവും പണമുള്ള ഒരു ശതമാനം ജനങ്ങള്‍ 40 ശതമാനം സമ്പത്തും കൈവശം വച്ചു. 

ആഗോളവത്കരണം കഴിഞ്ഞപ്പോള്‍ അത് 60 ശതമാനമായി മാറി. അത്രയ്ക്ക് ഭീമമായ കേന്ദ്രീകരണമാണ് സ്വത്തിന്റെ കാര്യത്തില്‍ വന്നത്. അദാനിയെയോ അംബാനിയെയോ പോലുള്ള വലിയ മൂലധന ഉടമകള്‍ വേഗത്തില്‍ വളര്‍ന്നു. ആളുകളെ ജോലിയെടുപ്പിച്ചുള്ള ലാഭമായിരുന്നില്ല കാരണം. പകരം, ഇന്ത്യയുടെ പൊതുസ്വത്ത് കൊള്ളയടിച്ചതായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും കാടും മലയും ഖനനത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഒരു പറ്റം വലിയ മുതലാളിമാര്‍ ഇന്ത്യയില്‍ രൂപംകൊണ്ടു.

ഓണ്‍ലൈന്‍ കച്ചവടം വന്നു. ജീവിതത്തിന്റെ സര്‍വമേഖലകളേയും ചലിപ്പിക്കാനാകുന്ന ഒന്നായി വിവരസാങ്കേതിക വിദ്യ മാറി. ചെറിയ കടകള്‍ പോയി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വന്നു. വിവര സാങ്കേതികവിദ്യ സമ്പദ് വ്യവസ്ഥയുടെ ഉത്പാദന ക്ഷമത ഗണ്യമായി വര്‍ദ്ധിക്കാന്‍ കാരണമായി. പിന്നാക്കം പോയാല്‍ പുതിയ ലോകത്ത് മുന്നേറാനാകാത്ത സ്ഥിതി വന്നു.

വളര്‍ച്ച കൂടാന്‍ കാരണം പഴയ നയങ്ങളുടെ തിരസ്‌കാരം മാത്രമായിരുന്നില്ല. പഴയ നയങ്ങളുടെ ഭാഗമായുണ്ടായ അടിസ്ഥാന വ്യവസായങ്ങളും സാമ്പത്തിക അടിത്തറയുമായിരുന്നു. ആദ്യ മൂന്നുപതിറ്റാണ്ടില്ലെങ്കില്‍ ആഗോളവത്കരണവുമില്ലെന്ന് മനസിലാക്കേണ്ടതുണ്ട്. അതേസമയം, ആദിവാസികളുടെയും പാവപ്പെട്ടവരുടെയും കാര്യം അധോഗതിയിലായി. 

അസമത്വം ഒരു കാലത്തുമില്ലാത്ത വണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചു. ഇതു കുടുംബങ്ങള്‍ തമ്മിലുള്ള വരുമാനത്തിന്റെ വ്യത്യാസത്തില്‍ മാത്രമല്ല, പ്രാദേശികാടിസ്ഥാനത്തിലുമായി. മഹാരാഷ്ട്രയും പശ്ചിമേന്ത്യന്‍ പ്രദേശങ്ങളും മുന്നോട്ടുപോകുമ്പോള്‍ ബീഹാറും ഒറീസയും പിന്നോട്ടുപോയി. സംസ്ഥാനങ്ങള്‍ക്കുള്ളിലെ ഗ്രാമവും നഗരവും തമ്മില്‍ വലിയ അകല്‍ച്ചയാണ് സംഭവിച്ചത്. സാമ്പത്തിക വളര്‍ച്ചയുടെ ഉച്ചസ്ഥായിയിലെത്തി എന്നു പറയുന്ന കാലത്തും അടിസ്ഥാനപരമായ വൈരുദ്ധ്യം ഇന്ത്യയില്‍ തുടരുകയാണ്. 

ഇത് വളരെ ഗൗരവമായ സാമൂഹ്യ, രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജനാധിപത്യ സംവിധാനത്തിനുള്ളില്‍ അസമത്വം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നു വരുമ്പോഴാണ് മുതലാളിത്ത വ്യവസ്ഥയെ നിലനിര്‍ത്താനായി ചില കണ്‍കെട്ട് വേലകള്‍ കാട്ടേണ്ടിവരുന്നത്. ഈ പ്രശ്നത്തിനൊക്കെ കാരണം അപരന്മാരാണെന്ന് പറഞ്ഞ് വര്‍ഗീയ ഹാലിയിളക്കി രാഷ്ട്രീയാധികാരം നിലനിര്‍ത്തുന്നതിനുള്ള വലിയ പരിശ്രമവും വര്‍ഗീയ ധ്രുവീകരണവും നടക്കുന്നുണ്ട്. ഈ ഭ്രാന്തന്‍, പിന്തിരിപ്പന്‍ ചിന്താഗതികളൊക്കെ ഉള്‍ക്കൊള്ളുന്ന ഒന്നായി ഇന്ത്യന്‍ മുതലാളിത്തം മാറിയിരിക്കുകയാണ്. അസമത്വം നിലനിന്നു പോകണമെങ്കില്‍ ഇത്തരം ഹാലിയിളക്കങ്ങള്‍ കൂടിയേ തീരൂ.

നോട്ടുനിരോധനവും ജി.എസ്.ടിയും

ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ബ്രേക്കിടും പോലെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്. അതോടെ നിക്ഷേപവും വായ്പ വാങ്ങലും കുറയുകയും വിദേശവ്യാപാരക്കമ്മി കൂടുകയും ചെയ്തു. വളര്‍ച്ചാനിരക്ക് കാര്യമായി കുറഞ്ഞു. ചുരുക്കത്തില്‍ നോട്ട് റദ്ദാക്കല്‍ ഒരു ഭ്രാന്തന്‍ പരിപാടി തന്നെയായി. രോഗം വന്നെന്നു കരുതി രക്തം മുഴുവന്‍ ഊറ്റിയെടുക്കും പോലെ. ആ തകര്‍ച്ചയില്‍ നില്‍ക്കുന്ന ഇന്ത്യയിലേക്കാണ് ജി.എസ്.ടി വന്നത്. 

ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമാകുമെന്നതില്‍ സംശയമില്ലെങ്കിലും പെട്ടെന്നുണ്ടായത് സാമ്പത്തിക തളര്‍ച്ചയായിരുന്നു. നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ച ചെറുകിട മേഖലയെ പ്രതികൂലമായി ബാധിച്ചതായിരുന്നു കാരണം. നോട്ടുനിരോധനത്തിനുമേല്‍ ജി.എസ്.ടി വന്നുപതിച്ചപ്പോള്‍ അത് താല്‍ക്കാലിക സാമ്പത്തിക ആഘാതം തന്നെയായി. 

ജി.എസ്.ടിയുടെ പ്രത്യാഘാതങ്ങളില്‍ ഏറ്റവും പ്രധാനം നികുതിയില്‍ മാറ്റം വരുത്താനുള്ള അധികാരം സംസ്ഥാനത്തിനില്ലാതായതാണ്. കേരളത്തിന്റെ തനതായ മാതൃകയിലേക്ക് പോകാന്‍ കേന്ദ്രത്തിന്റെ സാവകാശത്തിന് കാത്തുനില്‍ക്കേണ്ടി വരും. നമ്മുടേതായ വിഭവസമാഹരണത്തിന്റെ സാദ്ധ്യതകള്‍ കുറയും. അതേസമയം, എല്ലായിടത്തും ഒരേ നികുതി കൊണ്ടുവന്നത് കമ്പോള വ്യവസ്ഥയെ സഹായിക്കും. കയറ്റുമതിയുടെ മുകളിലുള്ള എല്ലാ നികുതിയും ഇല്ലാതാകുന്നത് മത്സരസാദ്ധ്യതയെ മെച്ചപ്പെടുത്തുകയും ചെയ്യും. 

പാവങ്ങള്‍ക്കും ചെറുകിടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും വലിയ കുത്തകകള്‍ക്കും കച്ചവടക്കാര്‍ക്കും ലാഭം കിട്ടുന്നതിനാല്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാകും. ചെറിയമെച്ചം ദീര്‍ഘകാലത്തേക്ക് ഉണ്ടാകുമെന്നതിനാല്‍ നേട്ടങ്ങള്‍ പര്‍വതീകരിക്കുന്നതായാണ് ഇപ്പോള്‍ കാണുന്നത്. ജി.എസ്.ടി മൂലം തകര്‍ന്നുപോകുമെന്നല്ല ഈ പറഞ്ഞുവരുന്നത്. അസംഘടിത മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ താല്‍ക്കാലികമായ ഒരു തിരിച്ചടിയുണ്ടാകും എന്നാണ്.

നോട്ട് നിരോധനം പോലെ ജി.എസ്.ടിയുടെ പ്രത്യാഘാതങ്ങളും മനസിലാക്കാന്‍ പോകുന്നതേയുള്ളൂ. ആഢംബര വസ്തുക്കളുടെ നികുതി കുറഞ്ഞെങ്കിലും അവശ്യവസ്്തുക്കളുടെ വില പ്രതീക്ഷിച്ചത്ര കുറയാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. ഇതു തുടര്‍ന്നാല്‍ അസമത്വം വര്‍ദ്ധിക്കുകയും വിലക്കയറ്റമുണ്ടാവുകയും ചെയ്യും. നികുതിയിലുണ്ടായ ഇടിവ് ജനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാകാത്തതിനാലാണിത്. സംസ്ഥാനത്തിന് നേട്ടമുണ്ടാകുന്നതിനാല്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ അഭിമുഖീകരിച്ചേ മതിയാകൂ.

വികസനത്തിന്റെ പുതുമാതൃകയായി കേരളം

ഇന്ത്യ മുഴുവനായി മൂന്നുതരത്തിലുള്ള സാമ്പത്തിക മാതൃകകളാണ് കാണാനാകുന്നത്. വലിയ വ്യവസായ വളര്‍ച്ചയുണ്ടെങ്കിലും ക്ഷേമമില്ലാത്ത ഗുജറാത്ത്, വലിയ വളര്‍ച്ചയില്ലെങ്കിലും ക്ഷേമം ഉറപ്പുവരുത്താനായ കേരളം, വ്യവസായമോ ക്ഷേമമോ ഇല്ലാത്ത ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ എന്നിങ്ങനെ. ഗുജറാത്ത് സാമ്പത്തികമായി ഏറെ മുന്നോട്ടാണെങ്കിലും പകുതിപ്പേര്‍ക്കും കക്കൂസില്ലാത്ത അവസ്ഥയാണ്. ദാരിദ്ര്യത്തിന്റെ കുണ്ടിലാണ് 40 ശതമാനത്തോളം ആളുകള്‍. 

കേരളത്തില്‍ വലിയ വ്യവസായ സംരംഭങ്ങളൊന്നുമില്ലെങ്കിലും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്താനായിട്ടുണ്ട്. അതേസമയം വടക്കേഇന്ത്യയിലെ ബീഹാര്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വളര്‍ച്ചയോ ക്ഷേമമോ ഇല്ല.  ഇതില്‍ നമുക്ക് വേണ്ടത് ഗുജറാത്തോ മറ്റു സംസ്ഥാനങ്ങളോ അല്ല, പകരം കേരളത്തിന്റെ പുതിയ പതിപ്പാണ്. 

70 വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍ വ്യവസായവത്കരണവും അതോടൊപ്പം ക്ഷേമവും ഉറപ്പുവരുത്തുന്ന കേരളത്തിന്റേത് വലിയൊരു പാഠമാണ്. ഇന്നത്തെ സാമ്പത്തിക വളര്‍ച്ച അനുസരിച്ച മെച്ചപ്പെട്ട ജീവിതം കൊടുക്കാനാകുമെന്ന് കേരളം ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളോടും നിരക്ഷരരോടും പറയുകയാണ്. ഇങ്ങനെ പറയുമ്പോള്‍ കേരളത്തെ കളിയാക്കാനാണ് പലരും ശ്രമിക്കുന്നത്. 

ഈ ക്ഷേമത്തോടൊപ്പം വളര്‍ച്ചയും ഉറപ്പുവരുത്താനാകണം. 70 വര്‍ഷത്തെ ഇന്ത്യയുടെ അടിസ്ഥാന വൈരുദ്ധ്യം തിരുത്താന്‍ കേരളത്തിന് കഴിയണം. വ്യവസായ, ഉത്പാദന മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം സാമൂഹ്യക്ഷേമ രംഗങ്ങളിലും ദ്രുതഗതിയില്‍ വളരാനാകുന്ന ഒരു പുതിയ മാതൃക സൃഷ്ടിക്കാനാകണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്.

തയ്യാറാക്കിയത്: ജിതിന്‍ എസ്.ആര്‍.