election

പകടം പിടിച്ച സാധനമാണ് സ്വാതന്ത്ര്യം. കയ്യില്‍ കിട്ടിയാലും കൈവിട്ട് പോകുന്ന വസ്തു. സമരം ചെയ്തു സ്വാതന്ത്ര്യം നേടുന്നവര്‍ സ്വഭാവികമായും ചിന്തിക്കും, അവര്‍ എന്നും സ്വതന്ത്രരായിരിക്കുമെന്ന്. തെറ്റ്, ഒരിക്കലും തീരാത്ത സമരമാണ് സ്വാതന്ത്രത്തിന് വേണ്ടിയുള്ള സമരം എന്നു പറയുന്നതായിരിക്കും ശരി. അതിലും വലിയ ഒരു പ്രഹേളികയുണ്ട്. വിദേശികളില്‍ നിന്ന് നമ്മുടെ സ്വാതന്ത്ര്യം തിരിച്ചു പിടിക്കുന്നതിലും ബുദ്ധിമുട്ടാണ് സ്വദേശികളില്‍ നിന്ന്- അതായത്, നമ്മുടെ സ്വാതന്ത്ര്യം തട്ടിയെടുക്കുന്ന നമ്മുടെ നേതാക്കന്മാരില്‍ നിന്ന്- അതു തിരിച്ചുപിടിക്കുന്നത്. ജനാധിപത്യത്തില്‍ കൂടി ജനാധിപത്യത്തെ ചങ്ങലയ്ക്കിടാന്‍ സാധിക്കും എന്നതാണ് പരമമായ സത്യം, പരമമായ വിരോധാഭാസം.

രണ്ടാം ലോകയുദ്ധത്തിനുശേഷം പല രാജ്യങ്ങളും, തെക്കുകിഴക്കന്‍ ഏഷ്യയിലും ആഫ്രിക്കയിലും, ഇന്ത്യയെപ്പോലെ കൊളോണിയല്‍ മേല്‍ക്കോയ്മയില്‍നിന്ന് സ്വതന്ത്രരായല്ലോ. എന്നാല്‍ ഇന്ത്യയിലാണ് ഏറ്റവും സുസ്ഥിരമെന്നു തോന്നിയ പാര്‍ലമെന്ററി സമ്പ്രദായം വേരൂന്നിയത്. ലോകം അതംഗീകരിച്ചു. കാരണം, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ പാകിയത് ചരിത്രത്തില്‍ ഏറ്റവും സ്വീകാര്യത നേടിയ തത്വങ്ങളായിരുന്നു. അവ ക്രോഡീകരിച്ച ഭരണഘടന ഒരു മാതൃകയായി പല പണ്ഡിതരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബി. ആര്‍ അംബേദ്കറുടെ പാണ്ഡിത്യവും ജവഹര്‍ലാല്‍ നെഹറുവിന്റെ ഉല്‍പതിണുത്വവും പാര്‍ലമെന്ററി മര്യാദകളോട് ആദ്യകാല നേതാക്കന്മാര്‍ വെച്ചുപുലര്‍ത്തിയ ബഹുമാനവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് പ്രത്യേക മാനങ്ങള്‍ നല്‍കി.

യഥാര്‍ഥ ജനാധിപത്യം അത് ആചരിക്കുന്നവരുടെ സര്‍ഗ്ഗശക്തിക്കു പ്രചോദനം നല്‍കുമെന്ന ആശയവും സാക്ഷാത്കരിക്കപ്പെട്ടന്നത് നാം കണ്ടു. തൊള്ളായിരത്തി അമ്പതുകളും അറുപതുകളുമായിരുന്നു ഇന്ത്യയുടെ സ്വര്‍ണദശ. സാഹിത്യത്തിലും ചിത്രരചനയിലും സിനിമയിലും നാടകങ്ങളിലും നൃത്ത-സംഗീതകലകളിലും ഉത്കൃഷ്ടമായ സംഭാവനകളാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്നത്. ഒപ്പം, ഹോമി ഭാഭയുടെയും സാരാഭായിയുടെയും നേതൃത്വത്തില്‍ ശാസ്ത്രരംഗത്തുണ്ടായ നേട്ടങ്ങളും അത്ഭുതാവഹമായിരുന്നു.

അതേസമയം, രാഷ്ട്രീയം പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ഒതുങ്ങിനിന്നു. അഴിമതി കൈവിട്ടു പോയില്ലെന്നു മാത്രമല്ല, ഗൗരവമേറിയ കേസുകള്‍ പുറത്തു വന്നപ്പോള്‍ ബന്ധപ്പെട്ട വകുപ്പു മന്ത്രിമാര്‍ ഉത്തരവാദിത്വത്തിന്റെ പേരില്‍ രാജിവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കൂട്ടത്തില്‍ പ്രഗത്ഭരായ മന്ത്രിമാരും ഉണ്ടായിരുന്നു; ടി. ടി. കൃഷ്ണമാചാരിയും കെ. സി. മാളവ്യയും ഉദാഹരണം. അവര്‍ അഴിമതിയില്‍പ്പെട്ടിരുന്നില്ല. എങ്കിലും ധാര്‍മിക ബാധ്യത അവര്‍ ഏറ്റെടുത്തു.

election indiragandhi
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്സ്

 

അങ്ങനെ വളര്‍ന്നു പുഷ്ടിപ്രാപിച്ച് ലോകത്തിന്റെ ബഹുമാനം ആര്‍ജ്ജിച്ച ഇന്ത്യ പെട്ടെന്ന് അതിന്റെ ആദര്‍ശങ്ങള്‍ ഉപേക്ഷിക്കുന്ന കാഴ്ചയാണ് തൊള്ളായിരത്തി എഴുപതുകളില്‍ നാം കണ്ടത്. വിദേശികളില്‍ നിന്ന് നാം പൊരുതി വാങ്ങിയ സ്വാതന്ത്ര്യം സ്വദേശിയായ ഇന്ദിരാഗാന്ധി നമ്മില്‍ നിന്ന് തട്ടിയെടുത്തു. ജനാധിപത്യത്തിന്റെ കൂടെ എന്നു വേണമെങ്കില്‍ പറയാം. ഭരണഘടനയുടെ പേരിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഉടച്ചുവാര്‍ത്ത സുപ്രീകോടതിയുടെ പേരിലാണ് പൗരസ്വാതന്ത്ര്യം ഉന്മൂലനം ചെയ്തത്.

അതിനുശേഷം പൂര്‍ണമായ സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. രണ്ടു ഘടകങ്ങളാണ് ഈ അവസ്ഥാവിശേഷത്തിലേക്ക് നയിച്ചത്. ഒന്ന്, ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം അംഗീകാരം നേടിയ കുടുംബ വാഴ്ച, തിരഞ്ഞെടുപ്പിന്റെ കെയറോഫിലാണ് ഞെളിഞ്ഞു നടന്നതെങ്കിലും ജനാധിപത്യ വിരുദ്ധമായിരുന്നു. രണ്ട്, പാര്‍ട്ടി ഭേദമെന്യെ നാടെങ്ങും നടമാടിയ അഴിമതി സംസ്‌കാരം ജനാധിപത്യത്തെ ഒരുകാഴ്ചവസ്തുവാക്കി മാറ്റി, ഒരു ബോണ്‍ലെസ്സ് വണ്ടര്‍.

ഇടയ്ക്ക് ഗാന്ധിനാമമില്ലാത്ത ചില പ്രധാനമന്ത്രിമാര്‍ രംഗപ്രവേശം ചെയ്തെങ്കിലും ഭരണത്തിന്റെ ജീവനാഡിയായി അഴിമതി പരിലസിച്ചു. തിരഞ്ഞെടുപ്പുപോലും പണത്തിനു കീഴടങ്ങി. അങ്ങനെ മാഫിയ നേതാക്കന്മാര്‍ എം.എല്‍.എ.യും മന്ത്രിയും മറ്റുമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. അവര്‍ക്കെന്തു ജനാധിപത്യം?

ജനഹിതമനുസരിച്ചുള്ള ഭരണം എന്ന തത്ത്വം അട്ടിമറിക്കപ്പെട്ടെങ്കിലും ഇക്കാലമെത്രയും അടിസ്ഥാനപരമായ പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും തടസ്സപ്പെട്ടിരുന്നില്ല. നടുറോഡിലിറങ്ങി നരസിംഹറാവുവിനെയും മന്‍മോഹന്‍സിംഗിനെയും നിശിതമായി വിമര്‍ശിക്കാന്‍ നമുക്ക് സാധിക്കുമായിരുന്നു. ഇന്ന് അതത്ര എളുപ്പമല്ല. ജനാധിപത്യത്തിന്റെ അസ്തിത്വത്തിനു ക്ഷതമേല്‍പ്പിക്കുന്ന കൈകടത്തലുകള്‍ കണ്ടുതുടങ്ങിയത് 2014-ലെ തിരഞ്ഞെടുപ്പിനു ശേഷമാണ്.

ലോക്‌സഭ ബി.ജെ.പി. കയ്യടക്കി എന്നതുമാത്രമല്ല 2014-ല്‍ നടന്നത്. ചരിത്രവിജയത്തിന്റെ ബാക്കിപത്രമായി ബി.ജെ.പി. തന്നെ പുനര്‍ജനിച്ചു. മുതിര്‍ന്ന നേതാക്കന്മാരെ പുറംതള്ളി നരേന്ദ്രമോദി എന്ന ഒറ്റയാന്‍ ആര്‍ക്കും ചൊദ്യംചെയ്യാനാവാത്ത ഒറ്റയാന്‍ അധികാര കേന്ദ്രമായി സ്വയം രൂപപ്പെടുത്തി.

തുടര്‍ന്നുള്ള മാസങ്ങളില്‍ ചില കാര്യങ്ങള്‍ വ്യക്തമായി. ഏറ്റവും പ്രധാനമായ കാര്യം ഭരണത്തിന് രണ്ടു തലങ്ങള്‍ ഉണ്ടായി എന്നതാണ്. എവിടെയും എപ്പോഴും കാണപ്പെട്ട മോദി പ്രഭാവവും, ഒരിടത്തും പ്രത്യക്ഷപ്പെടാത്ത ആര്‍.എസ്.എസ്. ശക്തി കേന്ദ്രവും. വിശാലമായ കാഴ്ചപ്പാടുകള്‍ അവകാശപ്പെടുന്ന വിശാലമായ നയപരിപാടികള്‍ക്ക് മോദി വാചാലമായ  വിശദീകരണങ്ങള്‍ നല്‍കുമ്പോള്‍, സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങള്‍ ആര്‍.എസ്.എസും കൂട്ടരും നിയന്ത്രിക്കുക എന്ന സംവിധാനം നടപ്പിലായി.

ലക്ഷ്യം പ്രത്യക്ഷം: ഇന്ത്യയെ ഉടച്ചുവാര്‍ത്ത് ഭാരതം എന്ന പുതിയൊരു രാഷ്ട്രസങ്കല്‍പം സാക്ഷാത്കരിക്കുക. നമുക്കുപരിചിതമായ പുരാതന ഭാരതമല്ല. ഋഷികളുടെ ഭാരതം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സര്‍വ്വോപരി തത്ത്വവൈവിധ്യങ്ങളുടെയും വിഹാരരംഗമായിരുന്നു. ഇന്നത്തെ രാഷ്ട്രീയ മേധാവികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് നേര്‍വിപരീതമായ ഒരു ഭാരത സങ്കല്‍പമാണ്. സ്വേച്ഛാധിപത്യത്തില്‍ ഉറപ്പിച്ച പുതിയ ഇനം ഭാരതം. എല്ലാ സംസ്ഥാനങ്ങളെയും കീഴ്പ്പെടുത്തി, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഇല്ലാതാക്കി, ഒറ്റപാര്‍ട്ടി ആധിപത്യം സ്ഥാപിക്കാന്‍ ഏതു തന്ത്രവും എത്ര പണവും രംഗത്തിറക്കുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത്.

ഒരേ ഒരു പാര്‍ട്ടിയും ഒരേയൊരു നേതാവും സര്‍വ്വാധികാരങ്ങളും കയ്യാളുന്ന സമ്പ്രദായം ജനാധിപത്യമാണോ? ആണെന്നാണ് ചൈന പറയുന്നത്.