1947 ഓഗസ്റ്റ് 15-ാം തീയതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ട് പ്രധാന കാര്യങ്ങളാണ് സംഭവിച്ചത്. ബ്രിട്ടീഷുകാര്‍ ഭരണം കൈയ്യൊഴിഞ്ഞ് ഇന്ത്യക്കാരെ അവരുടെ പാട്ടിനു വിടാന്‍ തയ്യാറായി. അതേസമയം ബ്രിട്ടീഷ് ഇന്ത്യ എന്ന രാജ്യത്തെ അവര്‍ രണ്ടായി മുറിക്കുകയും ചെയ്തു. ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കള്‍ ഏറ്റവുമധികം വെറുത്തിരുന്ന ദ്വിരാഷ്ട്രവാദം അതേപടി അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതും ഇന്ത്യ വിഭജിക്കപ്പെട്ടതും ഒരേ സമയത്തായിരുന്നു എന്നര്‍ഥം. ഇതിന്റെ പ്രാധാന്യം പലപ്പോഴും നാം ഓര്‍മിക്കാറില്ല. ഇന്ത്യയ്ക്കു ലഭിച്ച സ്വാതന്ത്ര്യം നാം ഏറ്റവുമധികം വെറുത്ത ദ്വിരാഷ്ട്ര വാദത്തിനുള്ള അംഗീകാരം കൂടിയായിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ ആദര്‍ശങ്ങള്‍ക്കും വിപരീതമായി ആ വാദത്തെ അംഗീകരിച്ചുകൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും രണ്ട് രാഷ്ട്രങ്ങളായി മാറിയത്.
വിഭജനത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വവും അനാഥത്വവും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കുറേക്കാലം നിലനിന്നു. ഹിന്ദുക്കള്‍ കുറേപ്പേര് പാകിസ്താനില്‍നിന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയിലേയ്ക്ക് വന്നു. ഇന്ത്യയില്‍നിന്ന് മുസ്ലിങ്ങള്‍ പാകിസ്താനിലേയ്ക്കു പോയി. ജനങ്ങളുടെ പലായനവും വര്‍ഗ്ഗീയ ലഹളയും മറ്റും കുറച്ചുനാള്‍ നിലനിന്നു. ഭാഗ്യവശാല്‍ ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള ഉന്നത നേതാവിന്റെ നേതൃത്വം ഇന്ത്യയ്ക്ക് ലഭിച്ചതിനാല്‍ സൃഷ്ടിപരമായ ചില കാര്യങ്ങള്‍ ഇവിടെ സാധ്യമായി. അതുവരെ കോണ്ഗ്രസില്നിന്നൊക്കെ വിട്ടുനിന്നിരുന്ന അംബേദ്കര്‍ അടക്കമുള്ളവരുടെ സഹായത്തോടെ ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ടാക്കാനായി. ലോകത്തുള്ള എഴുതപ്പെട്ട ഭരണഘടനകള്‍ പരിശോധിച്ച് അതിലെ നല്ല പല അംശങ്ങളും സ്വീകരിച്ചുകൊണ്ടുണ്ടാക്കിയ ഭരണഘടന മുന്നോട്ടുള്ള വലിയ കാല്‍വയ്പായിരുന്നു.
മികച്ച ഭരണഘടന, ശക്തമായ നേതൃത്വം
ഇന്ത്യയുടെ ഭരണഘടയെ സംബന്ധിച്ച് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് എടുത്തുപറയേണ്ടത്. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങളും നിര്‍ദ്ദേശക തത്വങ്ങളുമാണ് അവ. മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി സുപ്രീം കോടതി നിലവില്‍വന്നു. എന്നാല്‍ നിര്‍ദ്ദേശക തത്വങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനമുണ്ടായില്ല എന്നത് ഒരു പോരായ്മയായിരുന്നു. ഫെഡറല്‍ റിപ്പബ്ലിക്ക് എന്നാണ് വിളിച്ചതെങ്കിലും ഫെഡറല്‍ സ്റ്റേറ്റിന്റെയും യൂണിറ്ററി സ്റ്റേറ്റിന്റെയും സ്വഭാവം ഒന്നിച്ചു ചേര്‍ന്ന ഒരു ഭരണഘടനയാണ് നമുക്കുണ്ടായത്. പൗരന്മാര്ക്ക് അഭിപ്രായ സ്വാതന്ത്ര്യം, പ്രവര്‍ത്തനസ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്താനുള്ള നിയമങ്ങള്‍ ഭരണഘടനയിലുണ്ടായിരുന്നു. എന്നാല്‍ അത് എത്രത്തോളം നടപ്പില്‍വരുത്താന്‍ സാധിച്ചു എന്നത് മറ്റൊരു കാര്യമാണ്.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഒന്നാമത്തെ മന്ത്രിസഭ സോഷ്യലിസത്തോട് ആഭിമുഖ്യമുള്ള ഒരു രാഷ്ട്രഘടനയായിരുന്നു വിഭാവനം ചെയ്തത്. 1947ലെ ഇന്ത്യ ഒരു ദരിദ്ര രാജ്യമായിരുന്നു. എന്നാല്‍ സോവിയറ്റ് റഷ്യയെ അനുകരിച്ചുകൊണ്ട് നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളിലൂടെ നാം വികസ്വര രാഷ്ട്രത്തിലേയ്ക്ക് ചുവടുവെച്ചു. രണ്ടാമത്തെ പഞ്ചവത്സര പദ്ധതി ആകുമ്പോഴേയ്ക്കും രാജ്യം വ്യവസായവത്കരണത്തിലേയ്ക്കു കടന്നു. പൊതുമേഖല, സ്വകാര്യമേഖല എന്നിങ്ങന രണ്ടായി തിരിച്ചുകൊണ്ടായിരുന്നു വ്യവസായികവത്കരണം നടപ്പാക്കിയത്. അടിസ്ഥാന വ്യവസായങ്ങള്‍ പൊതുമേഖലയിലും ഉപഭോഗവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ സ്വകാര്യ മേഖലയിലും നടപ്പാക്കാന്‍ തീരുമാനിച്ചു. ഇത്തരമൊരു ഒരു മിശ്രസാമ്പത്തിക വ്യവസ്ഥ ഒരു പുതിയ ഏര്‍പ്പാടായിരുന്നു. 1947ന് ശേഷം ലോകത്ത് പലയിടത്തുമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കുറേയധികം ഒഴിഞ്ഞുനില്ക്കാന് നമുക്ക് കഴിഞ്ഞത് സാമ്പത്തിക വ്യവസ്ഥയുടെ ഈ സവിശേഷതകൊണ്ടാണ്. രണ്ടും മൂന്നും പഞ്ചവത്സര പദ്ധതികള്‍ കഴിഞ്ഞതോടെ രാജ്യം വികസ്വര രാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ എത്തി. എന്നാല്‍ മുതലാളിത്തത്തിന്റെ താല്പര്യങ്ങള് തന്നെയായിരുന്നു പ്രാധാന്യം നേടിയത്. സോഷ്യലിസം എന്നത് അപ്പോഴും ഒരു ആശയം മാത്രമായി നിലനിന്നു.
സ്വാഭാവികമായുള്ള കാര്യപ്രാപ്തിയും മിടുക്കും കൃത്രിമമായി ഉണ്ടാക്കിയെടുക്കാനാവില്ല എന്നിരിക്കെ, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനായിരുന്നു സോണിയ ഗാന്ധിയുടെ ശ്രമം. ഈ ശ്രമത്തില്‍ സോണിയാഗാന്ധി കോണ്‍ഗ്രസിനെ നിഗ്രഹിച്ചു. അഥവാ, കോണ്‍ഗ്രസ് ആത്മഹത്യ ചെയ്തു.
ഇക്കാലത്തിനിടയില്‍ ഇന്ത്യയ്ക്കുണ്ടായ പ്രധാന നേട്ടം തിരഞ്ഞെടുപ്പ് സമ്പ്രദായമാണ്. ലോകത്ത് പല രാജ്യങ്ങളിലും വോട്ടവകാശം നേടിയെടുത്തത് വലിയ സമരങ്ങളിലൂടെയാണ്. ഇംഗ്ലണ്ടിലടക്കം സ്ത്രീകളുടെ വോട്ടവകാശങ്ങള്ക്കായുള്ള വലിയ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് വോട്ടവകാശം അംഗീകരിക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്തരം സമരങ്ങളൊന്നും വേണ്ടിവന്നില്ല. സ്വാതന്ത്ര്യത്തിന്റെ കൂടെത്തന്നെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രായപൂര്‍ത്തി വോട്ടവകാശം അംഗീകരിക്കപ്പെട്ടു. എങ്കിലും സ്ത്രീകള്‍ക്ക് കുടുംബത്തിനകത്തടക്കം പലവിധത്തിലുള്ള ചൂഷണങ്ങള്‍ കുറെ കാലത്തേയ്ക്കുകൂടി നിലനിന്നു. ഇന്നും ഒരളവുവരെ അത് നിലനില്ക്കുകയും ചെയ്യുന്നു. എന്നാല്‍ പൊതുവെ സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി കൂടുതല്‍ ബോധവത്കരണം നടക്കുകയും അക്കാര്യത്തില്‍ മുന്നോട്ടുള്ള നീക്കം ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്.
വിദേശ ബന്ധവും അയല്‍ രാജ്യങ്ങളും
ചേരിചേരാ നയം ആവിഷ്കരിച്ചു എന്നതായിരുന്നു വിദേശബന്ധങ്ങളുടെ കാര്യത്തിലുണ്ടായ വലിയ നേട്ടം. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിലുള്ള ഇരു ചേരികളിലും ചേരാതെ തന്ത്രപരമായി ഒഴിഞ്ഞുനിന്നതുകൊണ്ട് ഇന്ത്യയ്ക്ക് പല പ്രയോജനങ്ങളുമുണ്ടായി. പൊതുവെ സമാധാനപരമായ പുരോഗതിയ്ക്കുള്ള അന്തരീക്ഷം സൃഷ്ടിക്കാനും നിലനിര്‍ത്താനും രാജ്യത്തിന് കഴിഞ്ഞു.
ഇന്ത്യ നേരിട്ട വലിയൊരു പ്രശ്നം അയല്‍ രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലുകളാണ്. ഇന്ത്യയോടുള്ള വൈരാഗ്യത്തില്‍നിന്ന് ജനിച്ച പാകിസ്താന് എല്ലാക്കാലത്തും നമ്മുടെ പാര്‍ശ്വഭാഗത്തെ ഒരു ഭീഷണിയായിത്തന്നെ നിലനിന്നു. ഇടയ്ക്കിടെ അതിര്‍ത്തിലംഘനങ്ങളും ഏറ്റുമുട്ടലുകളുമായി അത് ഇന്നും തുടരുന്നു. നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഭരണം പാകിസ്താനുമായുള്ള പ്രശ്നങ്ങളെ കഴിയുന്നത്ര മയപ്പെടുത്താനും ശത്രുതാപരമായ മുന്നേറ്റങ്ങളെ തടയാനും ശ്രമിക്കുകയും അതില്‍ കുറെയൊക്കെ വിജയിക്കുകയും ചെയ്തു. രണ്ടുമൂന്ന് പ്രാവശ്യം യുദ്ധസാഹചര്യത്തിലേയ്ക്ക് എത്തിയെങ്കിലും അതൊന്നും ഇന്ത്യയുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചു എന്ന് പറഞ്ഞുകൂടാ. യഥാര്‍ഥത്തില്‍ പാകിസ്താനിലും സമാധാനവും സ്വാതന്ത്ര്യവും ജനാധിപത്യ ഭരണവും സ്ഥാപിക്കപ്പെട്ട്, പട്ടാളത്തിന്റെ ശക്തി കുറഞ്ഞാല്‍ മാത്രമേ ഇന്ത്യയ്ക്ക് ശരിയായ ഒരു ആശ്വാസം ലഭിക്കൂ. ഇന്ത്യയെപ്പോലെ വ്യവസായവല്കരണത്തിലൂടെ മുന്നേറുന്ന അവസ്ഥ പാകിസ്താനും ഉണ്ടായാല്‍ മാത്രമേ ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാവൂ.
ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയുടെ പശ്ചാത്തലത്തില്‍ ലോകത്തുണ്ടായിട്ടുള്ള വലിയൊരു മാറ്റം ചൈനയുടെ നവോത്ഥാനമാണ്. ഇന്ത്യയേപ്പോലെ ഒരു വിദേശഭരണത്തിന്കീഴില് ഇരുന്നിട്ടുള്ള രാജ്യമല്ല ചൈന. ചരിത്രത്തിന്റെ ആരംഭം മുതല്‍ ചൈനയുടെ സ്വാതന്ത്ര്യം അഭംഗുരം നിലനിന്നിരുന്നു. ചൈനയില്‍ പൊതുവായ ഒരു ഭാഷയാണുള്ളത്. കമ്യൂണിസ്റ്റുകളുട നേതൃത്വത്തില്‍ ശക്തമായ കേന്ദ്രഭരണമുണ്ട്. ചൈനയുടെ കുറേ ഭാഗങ്ങളില്‍ മൂലധനത്തിന് സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും മറ്റുചില ഭാഗങ്ങള്‍ ഇന്നും പുറത്തുള്ളവര്‍ക്ക് ഒരു പ്രഹേളികയായി നിലനില്‍ക്കുകയാണ്. അങ്ങനെയൊരു ചൈന ഇന്ത്യയ്ക്കും ലോക സമാധാനത്തിനും ഒരു ഭീഷണിയാണ്.
കോണ്‍ഗ്രസിന്റെ ആത്മഹത്യ, രാഷ്ട്രീയരംഗത്ത് ശൂന്യത
ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തോടനുബന്ധിച്ച് രൂപംകൊണ്ട്, സ്വാതന്ത്ര്യാനന്തരം ഭരണം കൈയ്യാളിയ കോണ്‍ഗ്രസ് പിന്നീടുള്ള കാലത്ത് ക്ഷയിക്കാന്‍ തുടങ്ങി. അധികാരം ലഭിച്ചതോടെ പഴയ ആദര്‍ശങ്ങള്‍ ഉപേക്ഷിച്ച കോണ്‍ഗ്രസിന്റെ ആ അപചയം ഓരോ കൊല്ലം കഴിയുന്തോറും വലുതായിക്കൊണ്ടിരുന്നു. നതൃത്വത്തിലുണ്ടായിരുന്നു ആദ്യ തലമുറ മാറിയപ്പോള്‍ പുതിയൊരു തലമുറ ഉയര്‍ന്നു വന്നില്ല. ഗാന്ധി നെഹ്റു കുടുംബങ്ങളുടെ വംശാധിപത്യത്തിലേയ്ക്കുള്ള കാല്‍വയ്പായിരുന്നു പിന്നീട് സംഭവിച്ചത്.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം സോണിയാഗാന്ധി പാര്‍ട്ടി നേതൃത്വത്തില്‍ വരികയും കോണ്‍ഗ്രസിലെ പല ഗ്രൂപ്പുകളെയും ഒരുമിപ്പിച്ച് ഭരണം നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍, നെഹ്റു-ഗാന്ധി കുടുംബക്കാരുടെ കൂടെ നില്‍ക്കുന്നവരെ ഒഴിച്ച് ബാക്കി എല്ലാവരെയും അധികാരസ്ഥാനങ്ങളില്‍നിന്ന് അവര്‍ മാറ്റിനിര്‍ത്തി. അങ്ങനെ വന്നപ്പോള്‍ രണ്ട് പ്രധാന നേതാക്കളാണ് കോണ്‍ഗ്രസില്‍ അവശേഷിച്ചത്- പ്രണബ് മുഖര്‍ജിയും നരസിംഹറാവുവും. സോണിയാഗാന്ധിയുടെ ആജ്ഞകള്‍ അനുസരിച്ച് നില്ക്കുന്ന ആളായതുകൊണ്ടായിരിക്കണം അവര്‍ നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കിയത്. അതേസമയം, പ്രണബ് മുഖര്‍ജിയാണ് പ്രധാനമന്ത്രിയായിരുന്നതെങ്കില്‍ കോണ്‍ഗ്രസിന് കുറേക്കൂടി നല്ല നിലയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമായിരുന്നു.
മകന് രാഹുല്‍ ഗാന്ധിയെ എങ്ങനെയും പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു സോണിയാ ഗാന്ധിയുടെ പ്രധാന അജണ്ട. എന്നാല്‍ സ്വാഭാവികമായുള്ള കാര്യപ്രാപ്തിയും മിടുക്കും കൃത്രിമമായി ഉണ്ടാക്കിയെടുക്കാനാവില്ല എന്നിരിക്കെ, മറ്റെല്ലാ മാര്‍ഗ്ഗതടസ്സങ്ങളും നീക്കി രാഹുലിനെ പ്രധാനമന്ത്രിയാക്കാനായിരുന്നു സോണിയയുടെ ശ്രമം. ആ ശ്രമത്തിനിടയില്‍ അവര്‍ കോണ്‍ഗ്രസിനെ ഏതാണ്ട് നിഗ്രഹിച്ചു എന്നുതന്നെ പറയാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ് ആത്മഹത്യ ചെയ്തു. അഴിമതിയും അക്രമങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ജനങ്ങള്‍ക്ക് അതുവരെ കോണ്‍ഗ്രസിനോടുണ്ടായിരുന്ന ഒരു സൗമനസ്യം ഇല്ലാതാക്കാന്‍ ഇതൊക്കെ ഇടയാക്കി.
കോണ്‍ഗ്രസിന്റെ അപചയം അധികാരത്തിന്റെ മേഖലയില്‍ വലിയ ശൂന്യതയാണുണ്ടാക്കിയത്. ആ ശൂന്യത നികത്താനുള്ള ബദല്‍ ശക്തികള്‍ ഉയര്‍ന്നുവന്നതുമില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യപരമായ നീക്കങ്ങള്‍ കാരണം ഇടതുപക്ഷത്തിന് ഇന്ത്യയില്‍ വലിയ ശക്തിയുണ്ടായില്ല, അത് ദുര്ബലമായിത്തെന്നെ നിന്നു. അധികാരസ്ഥാനത്തുണ്ടായ ഈയൊരു ശൂന്യതയുടെ അവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. രാജ്യം ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തിലും ചേരിചേരാ നയവും വികസന പദ്ധതികളും എത്രത്തോളം മുന്നോട്ടു പോകും എന്ന കാര്യത്തിലും ഉറപ്പ് നല്കാനാവുന്ന ബദല്‍ നേതൃത്വം ഉയര്‍ന്നുവന്നിട്ടില്ല. എഴുപത് വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു അനിശ്ചിതാവസ്ഥയുടെ പ്രതിസന്ധി ഘട്ടത്തിലാണ് നില്‍ക്കുന്നത് എന്നതാണ് സത്യം.
ഹിന്ദുത്വരാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന് എന്തു സംഭവിക്കും?
നിലവില്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപി, ഹിന്ദുത്വശക്തികള്‍ക്കൊപ്പം നില്ക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ്. ഹിന്ദുത്വ വര്‍ഗ്ഗീയതയാണ് ഹിന്ദുത്വവാദികളുടെ ദേശീയത. ദേശാഭിമാനംകൊണ്ടും രാജ്യസ്നേഹംകൊണ്ടും മാത്രം ദേശീയതയുണ്ടാവുന്നില്ല. ദേശീയതയുണ്ടാകുന്നത് ഒരു പ്രത്യേക കാലാവസ്ഥയിലാണ്. വ്യാവസായിക പുരോഗതി ഒരു പ്രത്യേക അവസ്ഥയിലെത്തുക, ദേശത്തിന്റെ പേരില്‍ വിരുദ്ധ ശക്തികള്‍ ഒന്നിച്ചുനില്‍ക്കുക, മറ്റു രാജ്യങ്ങളോടുള്ള പെരുമാറ്റത്തിലും വിദേശ ബന്ധങ്ങളുടെ കാര്യത്തിലും ഒന്നിച്ചു നില്ക്കാന് കഴിയുക തുടങ്ങിയവയൊക്കെ ചേര്‍ന്നാണ് ദേശീയത രൂപപ്പെടുന്നത്. ആ തരത്തില്‍ ആരോഗ്യകരമായ, മുന്നോട്ട് നോക്കാന്‍ കഴിവുള്ള ഒരു ദേശീയത ഇന്ന് നിലവിലുണ്ടെങ്കില്ത്തന്നെ നാളെ നിലനില്ക്കും എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല.
കോണ്‍ഗ്രസിന്റേതുപോലെ ദേശീയപ്രസ്ഥാനം പോലുള്ളവയുടെ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. കോണ്‍ഗ്രസിന്റെ അപചയംകൊണ്ടുണ്ടായ ശൂന്യത നികത്താന്‍ അവര്‍ക്ക് സാധിക്കുമോ എന്ന കാര്യം സംശയാസ്പദമാണ്. ജനാധിപത്യം, മതേതരത്വം തുടങ്ങിയവയില്‍ ചുവടുറപ്പിച്ചു നില്ക്കുന്ന നേതൃത്വശക്തിയുള്ള വ്യക്തികള്‍ ഇപ്പോള്‍ കേന്ദ്രഭരണ ചക്രത്തിലില്ല എന്നകാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.
ഭക്ഷണം, സ്ത്രീപുരുഷന്മാരുടെ വസ്ത്രധാരണം തുടങ്ങിയവ സംബന്ധിച്ച് ഹിന്ദുത്വ രാഷ്ട്രീയം സ്വീകരിക്കുന്ന പല നിലപാടുകളും മധ്യകാലഘട്ടത്തിലേയ്ക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഗോമാംസത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ ചരിത്രത്തിന് നിരക്കുന്നതല്ല. ഗോമാംസം മറ്റു മാംസങ്ങളേക്കാള്‍ മോശമാണെന്നോ പശുവിന് ഒരു പുണ്യ സ്ഥാനം ഉണ്ടെന്നോ ഉള്ള ചിന്താഗതി മുന്‍പൊരിക്കലും ഉണ്ടായിരുന്നില്ല. മാംസാഹാരത്തിന് വിലക്കും ഉണ്ടായിരുന്നില്ല. ഹിന്ദുക്കളില്‍ ഭൂരിപക്ഷവും മാംസാഹാരം ഉപയോഗിച്ചിരുന്നു. പഴയകാലത്ത് അതിഥിയെ സല്ക്കരിക്കാന് കാളയെ അറുക്കുന്ന രീതിയുണ്ടായിരുന്നു. അതുകൊണ്ടാണ് ഗോഗ്നന് എന്ന വാക്ക് അതിഥി എന്ന വാക്കിന്റെ പര്യായമായി സംസ്കൃതത്തില്‍ രൂപപ്പെട്ടതുതന്നെ.
ദേശീയ പാരമ്പര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറയുമ്പോഴും, ബിജെപിയുടെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍, ജനാധിപത്യത്തിലൂടെ അധികാരത്തില്‍വന്ന ഒരു സ്വേച്ഛാധിപത്യശക്തിയായി അത് മാറാന്‍ എല്ലാ സാധ്യതകളുമുണ്ട്. ജനാധിപത്യത്തിലൂടെയാണ് ഹിറ്റ്ലര്‍ അടക്കമുള്ള ആളുകള്‍ സ്വേച്ഛാധിപത്യ ശക്തിയായി വളര്‍ന്നുവന്നത്. രാഷ്ട്രീയത്തില്‍ ബിജെപിക്ക് ബദല്‍ ഇല്ല എന്നൊരു അവസ്ഥയുണ്ടായാല്‍ അവര്‍ ഭരണഘടനയെത്തെന്നെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിച്ചേക്കാം. ഇപ്പോള്‍ അവര്‍ക്ക് അതിനുള്ള ജനപ്രാതിനിധ്യമില്ലെങ്കിലും ആ വഴിക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്ത്യയെ സ്വേച്ഛാധിപത്യത്തിലേയ്ക്ക് നയിക്കുകയും അതിന്റെ ഫലമായി ആഭ്യന്തര കലഹങ്ങളും ഭരണഘടനയ്ക്ക് കോട്ടംതട്ടുന്ന മറ്റു സംഭവങ്ങളും ഉണ്ടായിക്കൂടാ എന്നുമില്ല. അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത വിധത്തിലുള്ള ഒരു അനിശ്ചിതാവസ്ഥയാണ് ഇന്നുള്ളത്.
ഇന്ത്യയില്‍ ജാതീയത ഇന്നും വലിയൊരു പ്രശ്നമാണ്. വ്യാവസായികവല്കരണത്തോടെ ജാതിവ്യവസ്ഥ തനിയെ അപ്രത്യക്ഷമാകും എന്നൊരു ചിന്തയാണുണ്ടായിരുന്നത്. എന്നാല്‍ അത് തെറ്റി. ജാതിയെ സിദ്ധാന്തവല്കരിക്കാനും അതിന്റെ കാരണങ്ങള്‍ തേടി പുറത്താക്കാനുമുള്ള ശ്രമങ്ങള്‍ ഇപ്പോളും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല എന്നത് വലിയ പൊരായ്മയാണ്.
ജനാധിപത്യം തന്നെ ശക്തി
നാടുവാഴിത്തത്തിന്റെയും ജന്മിത്തത്തിന്റെയും മറ്റും സാഹചര്യങ്ങളില്‍നിന്ന് മാറ്റമുണ്ടാക്കുന്നതില്‍ ഏറ്റവുമധികം ശ്രമിച്ചിട്ടുള്ളത് കമ്യൂണിസം അടക്കമുള്ള ശക്തികളാണ്. എന്നാല്‍ ഫ്യൂഡലിസത്തില്‍നിന്ന് മാറിയാല്‍ സോഷ്യലിസത്തിലേയ്ക്കല്ല പോകുക, മുതലാളിത്തത്തിലേയ്ക്കാണെന്ന് ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റുകള്‍ തിരിച്ചറിഞ്ഞു. അതോടെയാണ് വ്യവസായവത്കരണത്തോടുള്ള സമീപനത്തില്‍ വ്യത്യാസം വരുന്നത്. വ്യവസായവത്കരണം പാതിവഴിയില്‍ സ്തംഭിച്ചു എന്നുതന്നെ പറയാം. അത് തൊഴിലില്ലായ്മയ്ക്ക് ഇടയാക്കുകയും ചെയ്തു.
വ്യവസായവല്കരണത്തിന്റെ ഫലമായി വികസിത രാജ്യങ്ങളിലുണ്ടായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്- വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ആസ്പത്രകള്, പൊതുമേഖലാ സ്ഥാപനങ്ങള്‍- തുല്യമായ സാഹചര്യങ്ങള്‍ കുറെയൊക്കെ ഇന്ത്യയിലും രൂപപ്പെട്ടു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളിയത്തിന്റെ കണ്ടുപിടിത്തം വലിയ തോതില്‍ ഈ രാജ്യങ്ങളിലേയ്ക്ക് യുവാക്കള്‍ ചേക്കേറുന്ന സാഹചര്യമുണ്ടാക്കി. ഒരു മണിയോര്‍ഡര്‍ ഇക്കോണമി ഇന്ത്യയില്‍ രൂപപ്പെടാന്‍ ഇത് ഇടയാക്കി. യഥാര്‍ഥത്തില്‍ വ്യവസായവല്കരിക്കപ്പെട്ട മറ്റു രാജ്യങ്ങളുടെ ഗുണഭോക്താക്കളായി ഇന്ത്യക്കാരും മാറുകയാണുണ്ടായത്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന രാജ്യങ്ങള്‍ ഏറെ മാറിയത് ഇന്ത്യക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിനെ മറികടക്കുന്നതിനുള്ള മുന്‍കരുതലുകളൊന്നും നാം സ്വീകരിച്ചിട്ടില്ല എന്നത് വലിയൊരു പ്രശ്നമാണ്.
കഴിഞ്ഞ എഴുപതു വര്‍ഷത്തെ ഇന്ത്യന്‍ ജനാധിപത്യം, മറ്റു ജനാധിപത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ വളരെ ഭേദപ്പെട്ടതാണെന്നു പറയാം. ഇന്ത്യയില്‍ ഇക്കാലമത്രയും ഭരണഘടന നിലനിന്നു എന്നത് ചെറിയകാര്യമല്ല. ഇപ്പോഴും ഫെഡറല്‍ അധികാരങ്ങള്ക്കൊന്നും വലിയ കോട്ടം പറ്റിയിട്ടില്ല. സുപ്രീംകോടതി ശക്തിപ്പെട്ടുതന്നെ നില്ക്കുന്നു. നാം അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവുമൊക്കെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് നമുക്ക് തിരിച്ചറിയാനാവുക. പാകിസ്താനിലോ ശ്രീലങ്കയിലോ മറ്റു പശ്ചിമേഷ്യന്‍ മുസ്ലിം രാജ്യങ്ങളിലോ നമുക്ക് ഈ സ്വാതന്ത്ര്യങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. ഇസ്ലാം മതത്തിന് കൂടുതല്‍ പ്രാധാന്യമുള്ള രാജ്യങ്ങളില്‍ ജനാധിപത്യ പാരമ്പര്യം വളരെ സാവധാനത്തില്‍ മാത്രമേ സ്ഥാനംപിടിക്കൂ. ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലത്തുതന്നെ സ്വാതന്ത്ര്യം നേടിയ മറ്റു രാജ്യങ്ങളായ മ്യാന്മാര്, ശ്രീലങ്ക, പാകിസ്താന്, ഇന്തോനേഷ്യ തുടങ്ങിയവയുമായി താരതമ്യം ചെയ്താല്‍ ജനാധിപത്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി വളരെ ഭേദമാണെന്ന് പറയാം.
തയ്യാറാക്കിയത്: ശ്യാം മുരളി