മ്മുടെ സ്വാതന്ത്ര്യത്തിന് 70 വയസ്സ് പൂര്‍ത്തിയായി. ഇക്കഴിഞ്ഞ ദശകങ്ങള്‍കൊണ്ട് നമുക്ക് അനേകം നേട്ടങ്ങളുണ്ടായി, അതിലേറെ കോട്ടങ്ങളും. നമ്മുടെ സ്വാതന്ത്ര്യം പിന്നെപ്പിന്നെ ദുര്‍ബലമായി വരികയാണ് എന്നതാണ് കോട്ടങ്ങളില്‍ പ്രധാനം. വിദ്യാഭ്യാസം, യാത്ര, ചികിത്സ, വസ്ത്രം, ഭക്ഷണം തുടങ്ങിയ മേഖലകളിലുണ്ടായ നേട്ടങ്ങളെക്കാള്‍ വലുതാണ് ജനാധിപത്യം, മതേതരത്വം, ദേശീയത, ലിംഗനീതി, ന്യൂനപക്ഷ സംരക്ഷണം തുടങ്ങിയ മേഖലകളിലുണ്ടായ കോട്ടങ്ങള്‍. 

യേശു ചോദിക്കുകയുണ്ടായി: 'സമസ്തവും നേടിയിട്ടും ആത്മാവ് നഷ്ടമായെങ്കില്‍ പിന്നെ അതുകൊണ്ട് എന്താണ് ഫലം? സ്വാതന്ത്ര്യത്തിനേറ്റ ബാധകളില്‍ ഏറ്റവും പ്രധാനം ഏതാണ് എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, ഹിംസയാണെന്ന്. ജാതി, മതം, ഭാഷ, പ്രദേശം, ലിംഗം, ആചാരം മുതലായവയുടെ പേരിലെല്ലാം ഹിംസ വളര്‍ന്നിരിക്കുന്നു! ദൈവത്തിന്റെ പേരിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. മതപ്രവര്‍ത്തനം, രാഷ്ട്രീയപ്രവര്‍ത്തനം എന്നെല്ലാം പറയുന്നത് പലപ്പോഴും കൊല്ലും കൊലയുമാണ്. 

'രാഷ്ട്രീയകൊലപാതകം' എന്ന ശൈലി നോക്കുക. അതിന്റെ അര്‍ഥം ആര്‍ക്കും എളുപ്പം തിരിയും. അതത്രമേല്‍ വ്യവസ്ഥാപിതമായിരിക്കുന്നു. ഇവിടത്തെ ഏതുപാര്‍ട്ടിക്കും പ്രത്യക്ഷമായോ പരോക്ഷമായോ ക്വട്ടേഷന്‍സംഘങ്ങളുണ്ട്. 'അക്രമമരാഷ്ട്രീയം' എന്ന ശൈലിയും മലയാളത്തില്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പശുവിന്റെയോ ദേശീയഗാനത്തിന്റെയോ പേരില്‍ ഏത് ജനക്കൂട്ടത്തിനും ഒരാളെയോ ഒരു കുടുംബത്തെയോ കശാപ്പുചെയ്യാം. അത് സ്വാഭാവികമാണ് എന്ന ദുരവസ്ഥയിലാണ് നമ്മുടെ ജനാധിപത്യം.

അക്രമരാഷ്ട്രീയത്തിന്റെ ക്രൂരമുഖം

അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് ഇക്കാലത്തെ ഹര്‍ത്താല്‍. അതില്‍ പ്രത്യക്ഷവും പരോക്ഷവുമായ ഹിംസയുണ്ട്. തല്ലുന്നതും കൊല്ലുന്നതും പ്രത്യക്ഷം. പരോക്ഷമായതോ? ആളെ പുറത്തിറങ്ങാന്‍ വിടാതെ പിടിച്ചുവെക്കുന്നത് ഹിംസയല്ലേ? ബലമായി വ്യാപാരസ്ഥാപനം അടപ്പിക്കുന്നത് ഹിംസയല്ലേ? രോഗിക്ക് ചികിത്സനിഷേധിക്കുന്നത് ഹിംസയല്ലേ? വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ വിടാത്തതോ? ഉദ്യോഗാര്‍ഥിയെ പരിശോധനയ്ക്ക് ഹാജരാകാന്‍ സമ്മതിക്കാത്തതോ? ലക്ഷക്കണക്കിന്, കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുന്നതോ? 1997-ല്‍ ഇന്ത്യയിലാദ്യമായി, കേരളത്തില്‍ ഹൈക്കോടതി ബന്ദ് നിരോധിച്ചു. ആ നിരോധനം സുപ്രീംകോടതി ശരിവെച്ചു.  എന്തുപ്രയോജനമുണ്ടായി? ഹര്‍ത്താല്‍, ബന്ദ് ആയി. 2004-ല്‍ ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതി വിസമ്മതിച്ചു. 

ഇന്ന് ഇന്ത്യയിലേറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. കൊല്ലത്തില്‍ ശരാശരി 100 എണ്ണം! നമ്മുടെ സംസ്ഥാനത്തിന് ചേരുന്ന പേര് 'ഹര്‍ത്താലിന്റെ സ്വന്തംനാട്' എന്നാണ്. ഇറാഖില്‍ സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിന് ഹര്‍ത്താല്‍ നടത്തിയ ഏകപ്രദേശമായിരിക്കും കേരളം!

പഴയൊരു കണക്കുമാത്രം പറയാം: 2006-ല്‍ കേരളത്തില്‍ 223 ഹര്‍ത്താല്‍ നടന്നു. ആ വര്‍ഷം ആ വകയില്‍ നഷ്ടംവന്നത് രണ്ടായിരം കോടിരൂപയാണ്. ആ ഒറ്റവര്‍ഷം കെ.എസ്.ആര്‍.ടി.സിക്കുമാത്രം നഷ്ടം 10 കോടി! ഈ തോതുവെച്ച് കഴിഞ്ഞ ഒരു വര്‍ഷത്തെ നഷ്ടം കണക്കാക്കി നോക്കുക. സാക്ഷരരും രാഷ്ട്രീയ പ്രബുദ്ധരുമായിട്ടും ഹര്‍ത്താല്‍ വകയില്‍ അക്രമവും ജീവഹാനിയും നേരിട്ട കേരളീയരെപ്പറ്റി ഓര്‍ത്തുനോക്കുക. എവിടെയാണ് സ്വാതന്ത്ര്യം? എവിടെയാണ് പൗരാവകാശം? 

'ഹര്‍ത്താല്‍' എന്ന പദം ഗുജറാത്തിയാണ്: ഏതെങ്കിലും വിധത്തിലുള്ള പ്രതിഷേധത്തിനോ പ്രതിരോധത്തിനോവേണ്ടി കടകമ്പോളങ്ങള്‍ 'അടച്ചിടുക' എന്ന ഒരര്‍ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരുന്നത്. ഗുജറാത്തുകാരനായ ഗാന്ധിജിയാണ് ദേശീയപ്രസ്ഥാനത്തിലേക്ക് ഇതൊരു രാഷ്ട്രീയായുധമായി കൊണ്ടുവന്നത്. ആ പ്രതിഷേധസമ്പ്രദായത്തിന് ഏതാണ്ട് നൂറുവയസ്സാവുകയാണ്.

റൗലറ്റ് ആക്ടിനുനേരേ ഗാന്ധിജിയുടെ പ്രതിരോധം

കൃത്യമായി പറഞ്ഞാല്‍ ദേശീയസമരത്തിലെ ആദ്യത്തെ ശ്രദ്ധേയമായ ഹര്‍ത്താല്‍ നടക്കുന്നത് 1919 ഏപ്രില്‍ ആറാം തീയതിയാണ്. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ 'റൗലറ്റ് നിയമ'ത്തിനോടുള്ള പ്രതിഷേധം. ഇന്ത്യക്കാരുടെ പൗരാവകാശങ്ങള്‍ ക്രൂരമായി വെട്ടിക്കുറയ്ക്കുന്ന കരിനിയമമായിരുന്നു 'റൗലറ്റ് ആക്ട്'. ഡല്‍ഹിയിലെ ഇമ്പീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പാസാക്കിയ ഈ നിയമം (1919 മാര്‍ച്ച് 18) ഒന്നാം ലോകയുദ്ധ (19141918) കാലത്ത് നിലവില്‍ വന്ന ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ടിന്റെ(1915) തുടര്‍ച്ചയായിരുന്നു. 

സംശയം തോന്നുന്ന ഏത് ഇന്ത്യക്കാരെയും ഒരു വിചാരണയുംകൂടാതെ രണ്ടുവര്‍ഷംവരെ തടവിലിടാന്‍ ബ്രിട്ടീഷ് സര്‍ക്കാറിന് അധികാരം നല്‍കുന്ന 'ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട്' യുദ്ധം കഴിഞ്ഞും തുടരണമോയെന്ന് പരിശോധിക്കാനാണ് ജസ്റ്റിസ് സിഡ്‌നി റൗലറ്റ് അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്. ഈ 'അടിയന്തര നടപടികള്‍' അനിശ്ചിതമായി നീട്ടണമെന്നാണ് സമിതി ശുപാര്‍ശചെയ്തത്. സര്‍ക്കാറിനെതിരായ വിമര്‍ശനം അന്ന് കുറ്റകൃത്യമായിരുന്നു. വളര്‍ന്നുവരുന്ന ദേശീയബോധത്തെയും ഉയര്‍ന്നുകൊണ്ടിരുന്ന പ്രതിരോധചിന്തയെയും അടിച്ചമര്‍ത്താന്‍ വിദേശസര്‍ക്കാറിന് എല്ലാ സൗകര്യവും നല്‍കുന്ന ഈ അന്യായനിയമത്തെപ്പറ്റി ഇന്ത്യക്കാരെ ബോധവത്കരിക്കാനും അതിനെതിരേ ജനമനസ്സ് ഉണര്‍ത്താനുമാണ് ഗാന്ധിജി ഹര്‍ത്താലിന് ആഹ്വാനംചെയ്തത്.

ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അന്ന് ജോലിക്കുപോവാതിരുന്നതും ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടതും. സമരക്കാര്‍ ആ ഒരു ദിവസം ഉപവസിച്ചു. ഇതുകാരണം ഈ സമരത്തെ 'റൗലറ്റ് സത്യാഗ്രഹം' എന്നും വിളിക്കും. ഹര്‍ത്താല്‍ വിജയമായെങ്കിലും മാര്‍ച്ച് 30-ഓടെ പഞ്ചാബിലുംമറ്റും പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളും ലഹളകളും കാരണമായി ഗാന്ധിജി പ്രതിരോധസമരം പിന്‍വലിച്ചു. 'അഹിംസാധിഷ്ഠമായ പ്രതിഷേധത്തിന് ഇന്ത്യക്കാര്‍ പാകപ്പെട്ടിട്ടില്ല എന്നതായിരുന്നു ന്യായം. പിന്നെയും മൂന്നുകൊല്ലം കഴിഞ്ഞ് 1922-ലാണ് റൗലറ്റ് നിയമം പിന്‍വലിച്ചത്.

ഇതല്ല ഹര്‍ത്താല്‍

ഈ ചരിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കിയാല്‍ വ്യക്തമാകും:
* ഹര്‍ത്താലില്‍ ഒരു വ്യക്തിയോ സ്ഥാപനമോ പങ്കെടുക്കണമോ വേണ്ടയോ എന്ന് മറ്റുള്ളവര്‍ തിരുമാനിച്ചുകൂടാ; അവരവര്‍ തീരുമാനിക്കണം.
* അതൊരു സത്യഗ്രഹമാണ്. സമരക്കാര്‍ അന്ന് ഉപവസിച്ചുകൊണ്ട് അന്യരെ എന്നപോലെ അവനവനെയും ശുദ്ധീകരിക്കാന്‍ മുന്നോട്ടുവരണം.
* ഹര്‍ത്താല്‍ അഹിംസാനിഷ്ഠമായ സമരമാണ്. ആരെങ്കിലും ആരെയെങ്കിലും നിര്‍ബന്ധിക്കുന്നതോ ഉപദ്രവിക്കുന്നതോ അതിന്റെ ഭാഗമല്ല. അത് സമരത്തിനെതിരുമാണ്. 
*റൗലറ്റ് നിയമംപോലെ, പൗരാവകാശപ്രശ്‌നങ്ങളെ മൊത്തമായി ബാധിക്കുന്ന വിഷയങ്ങളിലുള്ള ജനകീയ പ്രതിഷേധമാണത്. അത് ഏതെങ്കിലും കക്ഷിയുടെയോ സംഘടനയുടെയോ താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. 
* പൗരാവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി സഞ്ചാരസ്വാതന്ത്ര്യം മുതലായ അടിസ്ഥാന പൗരാവകാശങ്ങള്‍ തടഞ്ഞുകൂടാ.

ഇന്ന് നാട്ടില്‍ അഴിഞ്ഞാടുന്ന ഹര്‍ത്താലുമായി ഇപ്പറഞ്ഞതിനെയൊന്ന് താരതമ്യം ചെയ്തുനോക്കൂ. ആളുകളെ ഭീഷണിപ്പെടുത്തിയും അക്രമിച്ചുമാണ് ഹര്‍ത്താലുകള്‍ 'വിജയിപ്പിക്കുന്നത്'. ആളുകള്‍ പേടിച്ച് പുറത്തിറങ്ങുകയില്ല. അപ്പോള്‍ വിജയിച്ചല്ലോ. മനുഷ്യരുടെ അക്രമവാസന ആവിഷ്‌കാരംനേടുന്ന സന്ദര്‍ഭങ്ങളിലൊന്നാണത്. ആ ദിവസം മിക്കനാട്ടിലും വാഴ്ചകൊള്ളുന്നത് ഗുണ്ടാരാജ് ആണ്! അത് ജനവിരുദ്ധമാണെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട. 

കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഭീതിദമായ മുഖം വെളിപ്പെടുന്നത് ഹര്‍ത്താലുകളിലാണ് എന്ന വസ്തുത ആവര്‍ത്തിച്ചുപറയണം. അപ്പോള്‍ ജനകീയ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും വേണ്ട എന്നാണോ? അല്ല, അതിന് നൂറുകൊല്ലം പഴക്കമുള്ള സമരരീതി ഉപേക്ഷിച്ച് പുതിയ സമ്പ്രദായങ്ങള്‍ കണ്ടെത്തണം. ഇല്ലെങ്കില്‍ ആ രീതിയുടെ ജനാധിപത്യ നിഷ്ഠമായ അഹിംസാ സമ്പ്രദായം പുനഃസ്ഥാപിക്കണം. ഇന്ന് ഏതുപാര്‍ട്ടി, ഏതുപ്രസ്ഥാനം, ഏതുസംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും അസംഘടിതരും നിരപരാധികളുമായ ബഹുജനങ്ങളോടുള്ള തുറന്ന യുദ്ധമായിട്ടാണ് തീരുന്നത്. 

ഇന്നത്തെ ഹര്‍ത്താലിന്റെ ഫലം: അത് പ്രഖ്യാപിക്കുന്നവരുടെ പരാതികള്‍ക്ക് എല്ലാനിലയ്ക്കും കാരണക്കാരായവര്‍ക്ക് കാര്യമായ ഒരു ദോഷവും സംഭവിക്കുന്നില്ല. ആ പരാതികള്‍ക്ക് ഒരു നിലയ്ക്കും ഉത്തരവാദികളല്ലാത്ത സാധാരണക്കാര്‍ എല്ലാ നിലയ്ക്കും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു! ഇതിനേക്കാള്‍ വിചിത്രമായി വല്ല സമരവും കാണുമോ?