ഇന്ത്യന്‍ ഫിക്ഷന്‍- മാറുന്ന ഭൂമിക

സ്വന്തം രാഷ്ട്രത്തെക്കുറിച്ചുള്ള എഴുത്തുകളാണ് മൂന്നാം ലോക രാജ്യങ്ങളിലെ നോവലിസ്റ്റുകളുടേതെന്നത് സാഹിത്യവിമര്‍ശനത്തില്‍ പറഞ്ഞു പഴകിയ ഒരു പ്രയോഗമായി മാറിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ എഴുത്തുകാര്‍ ഒരു രാഷ്ട്രത്തെയല്ല, നിരവധി രാഷ്ട്രങ്ങളെയാണ് എഴുതുന്നത്. ഓരോരുത്തരും അവരവരുടേതായ രീതിയില്‍ രാഷ്ട്രത്തെ സങ്കല്‍പിക്കുകയും അവരുടേതായ രീതിയില്‍ ആഖ്യാനം ചെയ്യുകയും ചെയ്യുന്നു. സമൂഹത്തിന്റെ വ്യത്യസ്ത അടരുകളില്‍നിന്നുള്ള വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവിയെയും ആസാമീസ് എഴുത്തുകാരനായ ബീരേന്ദ്രകുമാര്‍ ഭട്ടാചാര്യയെയും പോലുള്ളവരുടെ രചനകള്‍ ഗോത്ര വീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവയാണ് ('അരണ്യര്‍ അധികാര്‍', 'ഇയ്യരു ഇന്‍ഗം'). തമിഴില്‍ 'കുറുക്കു', 'സംഗതി' തുടങ്ങിയവയുടെ കര്‍ത്താവായ പാമ, മറാത്തിയില്‍ 'ഉചല്യ'യുടെ കര്‍ത്താവായ ലക്ഷ്മണ്‍ ഗെയ്ക്ക്വാദ്, 'അക്കര്‍മാശീ'യുടെ കര്‍ത്താവായ ശരണ്‍ കുമാര്‍ ലിംബാളേ, ഗുജറാത്തിയില്‍ 'അംഗലിയാത്തി'ന്റെ കര്‍ത്താവായ ജോസഫ് മാക്വാന്‍, കന്നടയില്‍ 'ഊരു കേരി'യുടെ കര്‍ത്താവായ സിദ്ധലിംഗയ്യ, 'കുസുമബലേ'യുടെ കര്‍ത്താവായ ദേവനൂര്‍ മഹാദേവ, ഒറിയയില്‍ നിന്നുള്ള എഴുത്തുകാരനായ ഗോപിനാഥ് മൊഹന്തി, തെലുങ്ക് എഴുത്തുകാരന്‍ ഉണ്ണാവ ലക്ഷ്മി നാരായണ എന്നിവരൊക്കെ ദളിത് ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. ദളിതരുടെ സാമൂഹ്യ വിമോചനത്തിനു വേണ്ടിയാണ് എഴുത്തിലൂടെ അവര്‍ വാദിക്കുന്നത്. 

പ്രത്യേക പ്രദേശത്തെക്കുറിച്ചുള്ളവയും പ്രാദേശികചരിത്രം കേന്ദ്ര വിഷയമാകുന്നവയുമായി നിരവധി നോവലുകള്‍ പുറത്തുവന്നിട്ടുണ്ട്. ഫനീശ്വര്‍ നാഥ് രേണുവിന്റെ 'ദ സോയില്‍ഡ് റീജിയന്‍', രാഹി മസൂം രാസയുടെ 'എ വില്ലേജ് ഇന്‍ ഹാല്‍വ്സ്', ഹിന്ദിയില്‍ താരാശങ്കര്‍ ബാനര്‍ജിയുടെ 'ആരോഗ്യനികേതന്‍', ശിവരാമ കാരന്തിന്റെ 'ചൊമനദുഡി', കന്നഡയില്‍ യു.ആര്‍ അനന്ത മൂര്‍ത്തിയുടെ 'ഭാരതിപുര', മലയാളത്തില്‍ എം.ടിയുടെ 'നാലുകെട്ട്', എസ്.കെ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ', തകഴി ശിവശങ്കരപ്പിള്ളയുടെ 'കയര്‍', എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' എന്നിവയും തമിഴില്‍ സുന്ദരരാമസ്വാമിയുടെ 'ഒരു പുളിയാമരത്തിന്‍ കതൈ'യുമൊക്കെ ഉദാഹരണങ്ങളാണ്.

പുതിയ ഘടനകളും ഭാഷയും ഉപയോഗിച്ച് ജീവിതത്തെയും മനസ്സിനെയും കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതകളും ഒറ്റപ്പെടലുകളും പ്രമേയവത്കരിച്ചുകൊണ്ട് നോവല്‍ എന്ന സാഹിത്യ വിഭാഗത്തെ നവീകരിക്കാനും ശ്രമിച്ച ഒരു കൂട്ടം നോവലിസ്റ്റുകളുണ്ട്. മലയാളത്തില്‍നിന്ന് ഒ.വി വിജയന്‍, എം. മുകുന്ദന്‍, സേതു, എന്‍.എസ് മാധവന്‍, പോള്‍ സക്കറിയ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സാഹിത്യത്തില്‍ ആവര്‍ത്തിച്ചുവരുന്ന വിഷയമാണ് ഇന്ത്യ-പാക് വിഭജനം. ബംഗാളി എഴുത്തുകാരനായ സുനില്‍ ഗംഗോപാദ്ധ്യായയുടെ 'ഈസ്റ്റ് ആന്റ് വെസ്റ്റ്', ഇംഗ്ലീഷില്‍ ഖുശ്‌വന്ത് സിംഗിന്റെ 'എ ട്രെയിന്‍ ടു പാകിസ്ഥാനും' യശ്പാലിന്റെ 'ദ അണ്‍ട്രൂ ട്രൂത്ത്', ഹിന്ദിയില്‍'ഖുറാറ്റുലൈന്‍ ഹൈദറുടെ ദ റിവര്‍ ഓഫ് ഫയര്‍', ഉറുദുവില്‍ സാദത് ഹസന്‍ മന്റോ, കിഷാന്‍ ചന്ദര്‍, ആര്‍. അജീന്ദര്‍ സിംഗ് ബേദി എന്നിവരുടെ കൃതികള്‍ വിഭജനത്തെ വിഷയീകരിക്കുന്ന നോവലുകളാണ്.

ഇന്ത്യന്‍ നോവലിന്റെ തുടക്കം മുതല്‍ നോവല്‍ രചയിതാക്കളുടെ ഇഷ്ട മേഖലയാണ് ചരിത്ര നോവലുകള്‍. ബംഗാളി എഴുത്തുകാരനായ ശ്യാമള്‍ ഗംഗോപാദ്ധ്യായ, ഹിന്ദിയില്‍ 'ക്യൂന്‍ ഓഫ് ഝാന്‍സി'യുടെ കര്‍ത്താവായ വൃന്ദാവന്‍ ലാല്‍ വര്‍മ്മ, 'ചിക്കവീര രാജേന്ദ്ര'യുടെ കര്‍ത്താവും കന്നട സാഹിത്യകാരനുമായ മസ്തി വെങ്കിടേശ അയ്യങ്കാര്‍, 'മറാത്തിയില്‍ സ്വാമി' എന്ന കൃതിയുടെ കര്‍ത്താവ് രണ്‍ജീത് ദേശായി, ഒറിയ സാഹിത്യകാരന്‍ സുരേന്ദ്ര മൊഹന്തിയുടെ 'ദ ബ്ലൂ മൗണ്ടേന്‍', 'ഏകവീര'യുടെ കര്‍ത്താവും തെലുങ്ക് സാഹിത്യകാരനുമായ വിശ്വനാഥ തുടങ്ങിയവര്‍ ചില ഉദാഹരണങ്ങളാണ്. പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ ഇന്നുവരെയുള്ള ചരിത്രത്തിന്റെ വലിയൊരു മേഖലയെ എഴുത്തില്‍ ആവിഷ്‌കരിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.

പുതിയ ഘടനകളും ഭാഷയും ഉപയോഗിച്ച് ജീവിതത്തെയും മനസ്സിനെയും കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതകളും ഒറ്റപ്പെടലുകളും പ്രമേയവത്കരിച്ചുകൊണ്ട് നോവല്‍ എന്ന സാഹിത്യ വിഭാഗത്തെ നവീകരിക്കാനും ശ്രമിച്ച ഒരു കൂട്ടം നോവലിസ്റ്റുകളുണ്ട്. മലയാളത്തില്‍നിന്ന് ഒ.വി വിജയന്‍, എം. മുകുന്ദന്‍, സേതു, എന്‍.എസ് മാധവന്‍, പോള്‍ സക്കറിയ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. കന്നടയില്‍ യു. ആര്‍ അനന്തമൂര്‍ത്തി, ചന്ദ്രശേഖര കമ്പാര്‍, പൂര്‍ണ ചന്ദ്ര തേജസ്വി എന്നിവരും തമിഴില്‍ നിന്ന് സുന്ദരരാമസ്വാമിയും ജയമോഹനും ഈ വിഭാഗത്തില്‍പ്പെടുന്നു. ഗുജറാത്തില്‍ നിന്ന് സുരേഷ് ജോഷിയും മറാത്തിയില്‍ നിന്ന് ഭാല്‍ചന്ദ്ര നിമാഡെ, ഹിന്ദിയില്‍ നിന്ന് നിര്‍മല്‍ വര്‍മ, കൃഷ്ണ ബാല്‍ദേവ് വെയ്ദ്, വിനോദ് കുമാര്‍ ശുക്ല എന്നിവരും ആധുനിക നോവലിസ്റ്റുകളാണ്.

ഇന്ത്യന്‍ നോവല്‍ ചരിത്രത്തില്‍ ഇപ്പോള്‍ ധാരാളം സ്ത്രീ എഴുത്തുകാരുണ്ട്. സ്ത്രീകള്‍ക്കു വേണ്ടി, സ്ത്രീകളുടെ ആശയങ്ങള്‍, ആവശ്യങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങിയവ മുന്നോട്ടുവയ്ക്കുന്നതിന് ഇവര്‍ക്കു സാധിക്കുന്നുണ്ട്. പുരുഷാധിപത്യ കാഴ്ചപ്പാടുകളെയും മിത്തുകളെയും മാറ്റിയെഴുതാനും ഇതിഹാസങ്ങളുടെ പുനര്‍ വ്യാഖ്യാനത്തിലൂടെ ഒരു പുതിയ പ്രതിഭാഷയ്ക്ക് രൂപം കൊടുക്കാനും അവര്‍ക്ക് കഴിഞ്ഞു. കമലാദാസ്, അമൃത് പ്രീതം, കൃഷ്ണ ശോബ്തി, ആശാപൂര്‍ണ ദേവി, അജീത് കൗര്‍, ലക്ഷ്മി കാന്തമ്മ, ലളിതാംബിക അന്തര്‍ജനം, പ്രതിഭാ റേ, ഇന്ദിരാ ഗോസ്വാമി, നബനീത ദേവ് സെന്‍ എന്നിവരിലൂടെയാണ് സ്ത്രീ എഴുത്ത് ഉടലെടുത്തത്. ഇവര്‍ക്ക് പിന്‍ഗാമികളായി മലയാളത്തില്‍ നിന്ന് സാറാ ജോസഫും ഗ്രേസിയും സിതാരയും ഉണ്ട്. തമിഴിലെ അമ്പായി, തെലുങ്കിലെ വോള്‍ഗ, ബംഗാളിയിലെ ബാനി ബസു, അസാമിയിലെ മൗഷ്മി കണ്ഡാലി, മറാത്തിയില്‍ നിന്നുള്ള സാനിയ, ഹിന്ദിയില്‍ നിന്നുള്ള ഗീതാഞ്ജലി എന്നിവരും ഇതില്‍പ്പെടുന്നു.

ഇന്ത്യയിലെ എല്ലാ ഭാഷകളിലും പുതിയ തലമുറയിലെ വളര്‍ന്നു വരുന്ന നിരവധി നോവലിസ്റ്റുകളുണ്ട്. ബംഗാളിയിലെ ഹെര്‍ബെര്‍ട്ടിന്റെ കര്‍ത്താവായ നബരുണ്‍ ഭട്ടാചാര്യ, ഹിന്ദിയില്‍ നിന്നുള്ള അല്‍ക സരൗഗി, തമിഴിലെ ജയമോഹന്‍, മലയാളത്തിലെ കെ.പി രാമനുണ്ണി എന്നിവര്‍ നോവല്‍ രചനയിലെ അവരുടെ പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു.

Salman Rushdie gets Denmark's top literature awardസല്‍മാന്‍ റുഷ്ദിയുടെ 'മിഡ്‌നൈറ്റ് ചില്‍ഡ്രന്‍' എന്ന കൃതിയോടെ ഇന്ത്യന്‍ ഇംഗ്ലീഷ് നോവല്‍ ആഗോള തലത്തില്‍ വലിയ സ്വീകാര്യത നേടിത്തുടങ്ങി. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരായ ആര്‍ കെ നാരായണ്‍, രാജറാവു, ഭബനി ഭട്ടാചാര്യ, മുല്‍ക് രാജ് ആനന്ദ്, നയന്‍താര സേഗാള്‍, അനിത ദേശായ് തുടങ്ങിയവരുടെ കൃതികളെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. എന്നാല്‍ റുഷ്ദി, വിക്രം സേത്, അമിതാവ് ഘോഷ്, അലന്‍ സീല തുടങ്ങിയുടെ വരവോടെ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ വലിയ മാറ്റമുണ്ടായി. സല്‍മാന്‍ റുഷ്ദിയുടെ 'മിഡ്‌നൈറ്റ്സ് ചില്‍ഡ്രന്‍', ഉപമന്യു ചാറ്റര്‍ജിയുടെ 'ഇംഗ്ലീഷ്', 'ഓഗസ്റ്റ്', അമിതാവ് ഘോഷിന്റെ 'സീ ഓഫ് പോപ്പീസ്' എന്നിവ ഭാഷയുടെ അതിര്‍വരമ്പുകളെ മറികടക്കുകയും ചെയ്യുന്നവയാണ്. പുതിയ എഴുത്തുകാര്‍ ഭാരതീയ സംസ്‌കാരത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള സങ്കല്‍പങ്ങളെ ചോദ്യം ചെയ്യുകയും ഉപഭൂഖണ്ഡ ഭാഷകളിലൊന്നായി ഇംഗ്ലീഷ് ഭാഷയെ  സ്വീകരിക്കുകയും ചെയ്തു. പാരമ്പര്യത്തിന്റേയോ ആധുനികതയുടെയോ പിന്‍ബലം തിരസ്‌കരിക്കുന്നവയാണ് അവരുടെ രചനകള്‍.

നവ ഇംഗ്ലീഷ് നോവലുകളുടെ പ്രമേയ ശ്രേണി വളരെ വിപുലമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ വിള്ളലുകള്‍ ('ബീത്തവന്‍ എമോങ് ദി കൗസ്'), ഉയര്‍ന്നു വരുന്ന വര്‍ഗീയത ('ദി ലിറ്റില്‍ സോള്‍ജിയര്‍'), ദേശാന്തരാഗമനം ('ദി ഗ്ലാസ് പാലസ്', 'എ സീ ഓഫ് പോപ്പീസ്'), വിഭജിക്കപ്പെട്ട കുടിയേറ്റക്കാരന്റെ ആത്മാവബോധം ('ദി സെയ്റ്റാനിക് വേഴ്‌സസ്'), ക്രമാതീതമായ നഷ്ടം ('ആഫ്റ്റര്‍ നൂണ്‍ രാഗ്'), അധിനിവേശാനന്തര  ചരിത്രം('മിഡ്‌നൈറ്‌സ് ചില്‍ഡ്രന്‍', 'ഷെയിം', 'ട്രോറ്റേര്‍ണാമാ'), വൈവിധ്യങ്ങളുടെ ആഘോഷം 
('മൂര്‍സ് ലാസ്‌റ് സൈ', 'ദി എന്‍ചാന്റേഴ്‌സ് ഫ്‌ലോറെന്‍സ്'), സ്വത്വ പ്രതിസന്ധി ('നെയിംസെയ്ക്ക്') മാറുന്ന ഭാരതീയ ഗ്രാമങ്ങള്‍ ('നെക്ടര്‍ ഇന്‍ എ സീവ്', 'സണ്‍ലൈറ്റ് ഓണ്‍ എ ബ്രോക്കന്‍ കോളം') എന്നിവ പുതിയ എഴുത്തുകാരുടെ പ്രമേയ വൈവിധ്യങ്ങള്‍ക്ക് ഉദഹരണങ്ങളാണ്.

ചേതന്‍ ഭഗത്, സമിത് ബസു, മീനാക്ഷി മാധവന്‍ എന്നിവരുടെ രചനകളില്‍ സാഹിത്യത്തില്‍ അസ്വസ്ഥത ഉളവാക്കുന്നതും എന്നാല്‍ പുതിയതും ലളിതവുമായ ഒരു ആഖ്യാനരീതി പ്രകടമാണ്. 
ബ്ലോഗുകളും ഇ-മാഗസിനുകളും, ഇന്റര്‍നെറ്റും സാഹിത്യ ആശയവിനിമയത്തിന്റെ മുഖംതന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. വിപണി സമ്പദ് വ്യവസ്ഥയുണ്ടാക്കുന്ന സമ്മര്‍ദ്ദവും ആഗോളവത്കരണവും സംസ്‌കാരങ്ങളുടെ നിര്‍ബന്ധിതമായ സജാതീയവത്കരണവുമെല്ലാം നോവല്‍ സാഹിത്യത്തില്‍ പുതിയ പാതകള്‍ തെളിക്കുന്നതിനുള്ള പശ്ചാത്തലമൊരുക്കുന്നുണ്ട്.

അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, മുഖ്യധാരയില്‍ നിന്നും പുറന്തള്ളപ്പെടുന്ന വിഭാഗങ്ങള്‍ എന്നിവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ച്  ധാര്‍മ്മികമായ ചോദ്യങ്ങള്‍ക്ക് ഉദാരവല്‍കരിക്കപ്പെട്ട ഇന്ത്യയുടെ ആന്തരിക ഭൂപടം ഒരു പശ്ചാത്തലമായിത്തീര്‍ന്നു. റാണ ദാസ് ഗുപ്ത, കിരണ്‍ ദേശായ് തുടങ്ങിയവരുടെ സമീപകാല രചനകള്‍ ഇത്തരം ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

കവിത: പുതിയ ദിശകള്‍ 

സ്വാതന്ത്ര്യത്തെ പല കവികളും ആഘോഷത്തോടെ മംഗളഗാനങ്ങള്‍ കൊണ്ട് വരവേറ്റപ്പോള്‍ ചിലരെങ്കിലും അതിനെ തെറ്റായ ഒരു ഉദയമായി കണക്കാക്കി. ഒരുപക്ഷെ നസ്‌റുല്‍ ഇസലാമിനെ പോലെ വിശന്ന കുഞ്ഞിന് എന്തെങ്കിലും നല്കാന്‍  സ്വരാജിന് സാധിക്കില്ലെന്ന് തോന്നിയിരിക്കാം. അല്ലെങ്കില്‍ ഭാരതം കീറിമുറിക്കപ്പെടാന്‍ ഇടയാക്കിയ സ്വാതന്ത്ര്യത്തിന്റെ പോരായ്മകളും വിള്ളലുകളും അവര്‍ തിരിച്ചറിഞ്ഞിരിക്കാം. ചന്ദ്രന്റെ മുഖം വികലമാണെന്നും, പത്തു തലയുണ്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത മരം കൊണ്ട് നിര്‍മിച്ച രാവണനെപോലെയാണ് അധീശത്വപരമായ പുതിയ രാഷ്ട്ര രൂപീകരണമെന്നും ഹിന്ദിയില്‍ നവകവിതയുടെ വഴിതെളിച്ച ഗജാനന്‍ മാധവ് മുക്തിബോദ് 1953ല്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇതുവരെയും എത്തിച്ചേരാത്ത ഒന്നിനെക്കുറിച്ച്(അനാഗത് ) പറയുന്ന കേദാര്‍നാഥ് സിംഗിന്റെ കവിത, അതിന്റെ ചിറകുകള്‍ സ്വര്‍ണ നിഴലുകളില്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും  കാലുകള്‍ മൂടല്‍മഞ്ഞില്‍ വിറകൊള്ളുന്നുവെന്നും എഴുതി. ഡബ്ലിയു. ബി. യീറ്റ്‌സിന്റെ 'ദി സെക്കന്റ് കമിങ് ' എന്ന കൃതിയിലേതുപോലെ ദുരന്തദര്‍ശികളായ എഴുത്തുകാര്‍ സാഹിത്യത്തില്‍ വര്‍ധിച്ചു. ഏറ്റവും മികച്ചതിനെക്കുറിച്ച്് ദൃഢവിശ്വാസം ഇല്ലായ്മയും ഏറ്റവും മോശമായതില്‍  ആവേശം നിറഞ്ഞ തീവ്രതയും മുഴച്ചു നിന്നിരുന്നു .

ബംഗാളി കവിയായ ബിഷ്ണു ഡേ, മരിച്ചുകൊണ്ടിരിക്കുന്ന ഗ്രാമത്തെയും പ്രകൃതിയുടെ മേലുള്ള  രൂക്ഷമായ  കൈയ്യേറ്റത്തെയും ജീവിതത്തിന്റെ ഒഴുക്കിനെയും  ഐക്യത്തെയും  താളം തെറ്റിക്കുന്ന  വിവേകശൂന്യമായ  നഗരവത്കരണത്തെയും കുറിച്ചുള്ള ആശങ്ക തന്റെ കവിതകളിലൂടെ  പ്രകടിപ്പിച്ചു.

'നമ്മുടെ കൂടാരവും ചുമന്ന് 
ഇനിയെത്രനാള്‍ നാം ചുറ്റിത്തിരിയും? 
ഇനിയെപ്പോഴാണ് പരദേശി
സ്വന്തമായൊരു വീടുണ്ടാക്കുക?'

n n kakkadനഗരത്തിലെ സായാഹ്നങ്ങളെ ഇടപാടുകാരെ തേടി പാര്‍ക്കുകളിലും മറ്റും അലയുന്ന ഉടുത്തൊരുങ്ങിയ അഭിസാരികയോട് ഉപമിച്ച മലയാള കവി എന്‍.എന്‍ കക്കാടിന്റെ കവിതയും (പാര്‍ക്കില്‍) ഇതേ വൈകാരികാനുഭവമാണ് പ്രകടിപ്പിച്ചത്. അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്ര'വും 'മൃത്യുപൂജയും' പോലുള്ള കവിതകളിലും ഇതുപോലെ സാമൂഹികവും ധാര്‍മികവുമായ മോഹഭംഗങ്ങളും ചിന്താക്കുഴപ്പങ്ങളും പ്രതിധ്വനിക്കുന്നു. കിണറ്റിലെ തവള, എന്തെങ്കിലും ചെയ്യൂ, സഹോദരാ എന്നീ കവിതകളില്‍ ഗോപാല്‍കൃഷ്ണ അഡിഗയും തങ്ങള്‍ക്കു ചുറ്റുമുള്ള ദുരവസ്ഥയോട് പ്രതികരിക്കാതെ ഇഴുകിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ സഹിഷ്ണുതയെയും, അനുനയത്തെയും വിമര്‍ശിക്കുന്നു. നഗരത്തിന്റെ മാസ്മരികതയിലും സങ്കീര്‍ണതയിലും ഒറ്റപ്പെട്ടുപോയ കുട്ടിയിലൂടെ തന്റെ വേരുകളില്‍ നിന്ന് പറിഞ്ഞുപോകുന്ന ഇന്ത്യന്‍ യുവത്വത്തെ ആധുനിക ഉറുദു കവിയായ അഖ്താര്‍ ഉല്‍ ഇമാന്‍ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു.

ബംഗാളി കവികളായ സുനില്‍ ഗംഗോപാധ്യായ്, ശക്തി ചട്ടോപാധ്യായ്, ആന്ധ്രാ പ്രദേശിലെ 'ദിഗംബര പോയറ്റ്' എന്നറിയപ്പെടുന്ന നഗ്‌നമുനി, ജ്വാലാമുഖി, നിഖിലേശ്വര്‍ എന്നിവര്‍ ഭാവനയിലും ആവിഷ്‌കരണത്തിലും എല്ലാവിധ പാരമ്പര്യങ്ങളെയും രൂപശില്‍പ സങ്കല്‍പങ്ങളെയും ബഹിഷ്കരിച്ചുകൊണ്ടുള്ള കവിതാ സമീപനങ്ങളാണ് സ്വീകരിച്ചത്. യൂറോപ്യന്‍ സാഹിത്യകലാ പ്രസ്ഥനമായാ ദാദായിസത്തിന്റെയും സര്‍റിയലിസത്തിന്റെയും ഘടകങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് മോഹഭംഗങ്ങളുടെയും നിരാശയുടെയും പുതിയ ആവിഷ്‌കരണങ്ങള്‍ നടത്തി. ഇവര്‍ പ്രാസവൃത്താദികള്‍ പാലിക്കാത്ത കവിതകളും ഗദ്യ ശകലങ്ങളും കൂടുതലായി ഉപയോഗപ്പെടുത്താന്‍ തുടങ്ങി. പഴയ അലങ്കാര പ്രയോഗങ്ങള്‍ക്ക് ബദലായി ദൃശ്യങ്ങള്‍ വന്നു. കാവ്യാത്മക ഭാവനയും വാക്യസമ്പ്രദായങ്ങളും പരമ്പരാഗത ശീലങ്ങളില്‍നിന്നും ആവര്‍ത്തിച്ച് വിരസമായിത്തീര്‍ന്ന ശൈലിയില്‍നിന്നും സ്വതന്ത്രമായി. ഈ മാറ്റങ്ങള്‍ വൈദേശീയ സാഹിത്യത്തിന്റെ സ്വാധീനത്തിലൂടെ സംഭവിച്ചതായിരുന്നില്ലെന്ന് അന്നദാശങ്കര്‍ റേ ചൂണ്ടിക്കാണിച്ചിരുന്നു. 'അതിനെക്കുറിച്ച് വായിക്കാതെയാണ് ഞങ്ങള്‍ അയഥാര്‍ഥാവാദികളായത്. ഐനോസ്‌കോയുടെ യുക്തിഹീനമായ ലോകം ഞങ്ങളെ ഗ്രസിക്കുകയായിരുന്നു'- അദ്ദേഹം പറയുന്നു.

എന്നാല്‍ വിദേശീയമായ സാഹിത്യ പ്രവണതകളുടെ സ്വാധീനവും അവയെ മുന്‍നിര്‍ത്തിയുള്ള  പരീക്ഷണങ്ങളും ഏറെ നാള്‍ അതുപോലെ തുടര്‍ന്നില്ല. വിവിധ ഭാഷകളില്‍ വിവിധ സാഹചര്യങ്ങളില്‍ ആധുനികതാവാദം ഉയര്‍ന്നുവന്നു. അതിന്റെ പേരുകള്‍ പോലും വിഭിന്നമായി. ഹിന്ദിയില്‍ നയെ കവിത, ബംഗാളിയിലും മലയാളത്തിലും ആധുനിക കവിത,  കന്നഡയില്‍ നവ്യ, തമിഴില്‍ പുതുകവിതൈ എന്നിങ്ങനെ അവ അറിയപ്പെട്ടു. ഭാഷ ശൈലിയും  സമീപനങ്ങളും പലപ്പോഴും ഓരോ ഭാഷയിലും വ്യത്യാസപ്പെട്ടിരുന്നു. പ്രത്യയശാസ്ത്രപരമായും ഇവ ഏകശിലാത്മകമായിരുന്നില്ല. ഉദാഹരണത്തിന് ഹിന്ദിയിലും ബംഗാളിയിലും തെലുഗിലും ഈ പുതിയ കവിത പ്രസ്ഥാനം മുന്നേറിയത്  ഉത്പതിഷ്ണുക്കളും സോഷ്യലിസ്റ്റ് ആശയക്കാരുമായിരുന്ന  മുക്തിബോധ്, ബിഷ്ണു ഡേ, ശ്രീ ശ്രീ എന്നിവരുടെ നേതൃത്വത്തിലാണ്. അതേസമയം മറാത്തിയിലും കന്നഡത്തിലും മലയാളത്തിലും വ്യക്തികേന്ദ്രിത സമീപനം പുലര്‍ത്തിയ ആധുനിക കവിത, ബി എസ് മാര്‍ദെക്കാര്‍, അയ്യപ്പ പണിക്കര്‍, ഗോപാലകൃഷ്ണ അഡിഗ എന്നിവരുടെ നേതൃത്വത്തിലാണ് മുന്നേറിയത്. 

ഇന്ത്യയിലെ നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഭാഗമായുള്ള വിവിധ ഘടകങ്ങളുടെ സമന്വയമാണ് ആധുനിക കവിതയുടെ ഏതു മാതൃക എടുത്തുനോക്കിയാലും കാണാനാകുക. ഗ്രാമീണ ജീവിതത്തിന്റെ നഷ്ടത്തെ ചെറുക്കാനുള്ള ഒരു വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. രാഷ്ട്രീയത്തില്‍നിന്നുള്ള ഗാന്ധിയന്‍ മൂല്യങ്ങളുടെ പിന്‍വാങ്ങല്‍, നഗരവത്കരണത്തിന്റെ തീവ്രതയില്‍ ഗ്രാമങ്ങളിലുണ്ടായ തൊഴിലില്ലായ്മ, വിഭജനം സമ്മാനിച്ച ദുരിതങ്ങള്‍, കൊളോണിയല്‍ വിദ്യാഭ്യാസം സൃഷ്ടിച്ച പിരിമുറുക്കങ്ങള്‍, ദാരിദ്ര്യം നിലനില്‍ക്കുന്ന നഗരത്തിലെ ചേരികളും ഗ്രാമങ്ങളും, അന്യവത്കരണം തുടങ്ങിയവയൊക്കെച്ചേര്‍ന്ന് സൃഷ്ടിച്ചത് ഒരു പുതിയ ഒരു സാംസ്കാരികാന്തരീക്ഷമായിരുന്നു. പൊതുവായ ആശയസംഹിതകള്‍ ലളിതമായ ആശയങ്ങള്‍ക്കും തുടര്‍ച്ചയായ പ്രക്രിയകള്‍ക്കുമിടയില്‍ നഷ്ടപ്പെട്ടതായി കാണാമെങ്കിലും അതങ്ങനെ തന്നെയാണോ എന്ന ചോദ്യം നിലനില്‍ക്കുന്നു; അതിരില്ലാത്ത അനുഭവസമ്പത്തുകളുടെ കുഴഞ്ഞുമറിച്ചിലുകള്‍ ചിന്താശൈലിയിലും ബിംബങ്ങളിലും ആശയപ്രകടനത്തിലും മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ എഴുത്തുകാരെ നിര്‍ബന്ധിതരാക്കി.

1967-70 കളോടെ കവികള്‍ ഇന്ത്യന്‍ ജീവിതത്തിന്റെ ബഹുസ്വരതയെ അതിന്റെ എല്ലാവിധ അസ്വസ്ഥതകളോടും കൂടിത്തന്നെ എഴുത്തിലേക്ക് പകര്‍ത്താന്‍ മത്സരിച്ചിരുന്നു. ഒരേസമയം യുക്തിസിദ്ധവും അധ്യാത്മികവും, യാഥാര്‍ഥ്യവും അയാഥാര്‍ഥ്യവും അവരുടെ രചനാ ബിബംങ്ങളിലും പ്രകടമായി. സമയവും സ്ഥലവും തമ്മിലുള്ള സ്വപ്നസമാനമായ കൂട്ടിച്ചേര്‍ക്കലുകളും അപ്രതീക്ഷിതമായ ചിന്തകളും ഭാവനകളും അതിരുകള്‍ ഭേദിക്കുന്ന അച്ചടക്കരാഹിത്യവും നാടന്‍ ശൈലികളും ശാസ്ത്രീയതയും തമ്മിലുള്ള വൈപരിത്യങ്ങളും, പ്രാദേശികവും വൈദേശികവുമായ ഘടകങ്ങളും ഇന്ത്യന്‍ പുരാണങ്ങളുടെ പുനരാവിഷ്കരണവും എല്ലാം ജീവിതത്തിന്റെയും ഭാഷയുടെയും പശ്ചാത്തലങ്ങളായി ഉള്‍പ്പെടുത്തപ്പെട്ടു. 

ദെനംദിനഭാഷയുടെ മാതൃകകളിലും ഇതിഹാസങ്ങളുടെ വിവരണത്തിലും ഈ കടന്നുകയറ്റം പ്രകടമായി. ആസാമിയില്‍ നവകാന്ത ബറുവായുടെ 'മോര് അറു പൃഥ്വിര്‍' (of mine and the earth's), ഹിരണ്‍ ഭട്ടാചാര്യയുടെ ബിബിന്ന 'ദിനാര്‍ കവിത' (poems of different days), നീലാമണി ഭൂക്കന്റെ 'സൂര്യ ഹേനോ നാമി അഭീ നദിയെദീ' (the sun is said to come descending this river), ബംഗാളിയില്‍ നിരേന്ദ്ര ചക്രബര്‍ത്തിയുടെ 'ഉലങ്ക രാജാ' (the naked king) യ്ക്ക് പുറമേ ബുദ്ധദേവ് ബോസ്, അമിയാ ചക്രബര്‍ത്തി, സുഭാസ് മുഖോപാദ്ധ്യായ്, സുബീന്ദ്രനാഥ് ദത്ത, സമാര്‍ സെന്‍, പ്രേമേന്ദ്ര മിത്ര, സുനില്‍ ഗംഗോപാദ്ധ്യായ എന്നിവരുടെ കവിതകളിലും ഇത് പ്രകടമാണ്.

ഹിന്ദിയില്‍ ജെ.എം. മുക്തിബോധിന്റെ 'ചാന്ദ് കാ മുഹ് തേധാ ഹേ'യും ആജ്നെയുടെ 'നദീ കാ ദ്വീപു'മാണ് ഇത്തരത്തിലുള്ള കൃതികള്‍. ഇവര്‍ക്ക് പുറമേ കുന്‍വര്‍ നരേയ്ന്‍, കേദാര്‍നാഥ് സിംഗ്, വിനോദ് കുമാര്‍ ശുക്ള, ഷാംഷേര്‍ തുടങ്ങിയവരും ഈ ഗണത്തില്‍ പെടുന്നു. ഗുജറാത്തിയില്‍ സുരേഷ് ജോഷിയുടെ പ്രത്യാഞ്ച, ശിതാന്‍ശു യാഷചന്ദ്രയുടെ മഗന്‍ കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. രാജീവ് പട്ടേല്‍, ലാഭ്ശങ്കര്‍ താക്കേര്‍ എന്നിവരുടെ കവിതകളും ഈ വിഭാഗത്തില്‍ പെടുന്നു. കന്നഡയിലാവട്ടെ ഗോപാലകൃഷ്ണ അഡിഗയുടെ ഭൂമിഗീതെ, ഭൂത, കൂപമണ്ഡൂക എന്നിവയാണ് പ്രധാനകൃതികള്‍. കെ.എസ്.നരസിംഹസ്വാമി, ചന്ദ്രശേഖര്‍ പാട്ടീല്‍, ചന്നാവീര കനവി, ജി.എസ്. ശിവരുദ്രപ്പ എന്നിവരുടെ കവിതകളും ഈ പട്ടികയില്‍ ഉള്‍പ്പെടും.

ayyappa panikerമലയാളത്തിലാവട്ടെ എം ഗോവിന്ദന്റെ 'ജീവിതത്തില്‍, മരണത്തില്‍', അയ്യപ്പ പണിക്കരുടെ കവിതകള്‍, എന്‍എന്‍ കക്കാടിന്റെ 1963, മാധവന്‍ അയ്യപ്പത്തിന്റെ  ജീവചരിത്രക്കുറിപ്പുകള്‍, ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ എന്നിവയെ ഇക്കൂട്ടത്തില്‍ പെടുത്താം. ചെറിയാന്‍ കെ ചെറിയാനും ഈ ഗണത്തില്‍ പെടുന്നു. കശ്മീരി കവികളില്‍ നചികേത, ദിനാനാഥ് നദീം, റഹ്മാന്‍ റഹി, അമീന്‍ കാമില്‍, ജി.ആര്‍. സന്തോഷ് എന്നിവരാണ് പ്രമുഖര്‍.

മണിപ്പൂരിയില്‍ എല്‍.സമരേന്ദ്രസിങ്ങിന്റെ ഖുലാ അമാഗിവാരി (the story of a village), തങ്ജോം ഇബോപിഷോകിന്റെ നരക്-പാതാള്‍-പൃഥ്വി (hell,the netherworld and the earth) എന്നിവയെയും ഇ.നീലകാന്തസിങ്ങ്, എന്‍ ബൈറണ്‍ എന്നിവരുടെ കവിതകളെയും മേല്‍പ്പറഞ്ഞ വിഭാഗത്തിലുള്‍പ്പെടുത്താം. മറാത്തിയില്‍ ബി.എസ്.മാര്‍ധേകര്‍, ദിലീപ് ചിത്രെ, അരുണ്‍ കോലാത്കര്‍, പിഎസ്.റീഗെ എന്നിവരാണ് പ്രമുഖര്‍. ഒറിയയിലാവട്ടെ ഭാനുജി റാവുവിന്റെ ബിസാദ് ഏക റിതു (despair, a reason), സചി റൗത്രോയുടെ കവിതകള്‍, രമാകാന്ത് രാഥിന്റെ ശ്രീ രാധാ എന്നിവയ്ക്ക് പുറമേ സീതാകാന്ത മഹാപത്ര, ഗുരുപ്രസാദ് മൊഹന്തി, ഹരപ്രസാദ് ദാസ്, സൗഭാഗ്യകുമാര്‍ മിശ്ര എന്നിവരുടെ കവിതകളിലും ഇത് പ്രകടമാണ്.

പഞ്ചാബിയില്‍ ഹര്‍ബജന്‍ സിങ്ങിന്റെ രുക്തെ റിഷി, അമൃതാ പ്രീതത്തിന്റെ സുനെഹരെ, ശിവകുമാര്‍ ബതല്‍വിയുടെ ലൂണ എന്നിവയാണ് പ്രധാനകൃതികള്‍. തമിഴില്‍ സുന്ദര രാമസ്വാമിയുടെ നടുനിസി നായ്കള്‍, ക. ന. സുബ്രഹ്മമ്യത്തിന്റെ കവിതകള്‍, ജ്ഞാനക്കൂത്തന്‍, സി.എസ്.ചെല്ലപ്പ, എസ്.മണി, ടി.കെ.ദൊരൈസ്വാമി എന്നിവരുടെ എഴുത്തുകളിലുമാണ് ഇത് കൂടുതല്‍ പ്രകടം. 

തെലുങ്കില്‍ ഇസ്മയില്‍, അജന്ത, എന്നിവരുടെ കവിതകളിലും ഉറുദുവില്‍ ഫിറാഖ് ഗോരഖ്പുരി, അക്തര്‍ ഉല്‍ ഉസ്മാന്‍, ബല്‍രാജ് കോമള്‍ ശെഹര്യാര്‍, മഖ്ദൂം മൊഹ്യുദ്ദീന്‍ എന്നിവരുടെ എഴുത്തുകളുമാണ് അവസാന ദശാബ്ദങ്ങളില്‍ ഇന്ത്യന്‍ കവിതാധാരയ്ക്ക് പുതുവഴി സമ്മാനിച്ചത്. കവിതയില്‍ പുതിയ ഭാഷാസമ്പ്രദായം പരീക്ഷിക്കുന്നതില്‍ ഇവരെല്ലാവരും ഒറ്റക്കെട്ടായിരുന്നെങ്കിലും കവിതയുടെ മറ്റ് നിരവധി തലങ്ങളില്‍ അവര്‍ വ്യത്യസ്തരായിരുന്നു.

ജനാധിപത്യത്തിന്റെ ശാക്തീകരണത്തോടെ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട പലതിന്റെയും പ്രതിഫലനമായി കവിതാരംഗം പടര്‍ന്ന് പന്തലിക്കുന്ന കാഴ്ചയാണ് 1970കളോടെ ദൃശ്യമായത്. അതുവരെ ഭക്തി-സൂഫി പ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യ സമരാനന്തര സാമൂഹ്യ വിഷയങ്ങളിലും ഒതുങ്ങിക്കിടക്കുകയായിരുന്നു ഇന്ത്യന്‍ കവിത. ഈ മാറ്റം പ്രാവര്‍ത്തികമായതിന് പിന്നില്‍ ഒന്നിനു പിറകെ ഒന്നായുള്ള നിരവധി വ്യത്യസ്ത പോരാട്ടങ്ങളുണ്ടായിരുന്നു. വികേന്ദ്രീകരണത്തിന്റെ ഫലമായി ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍, സാംസ്‌കാരിക വ്യതിരിക്തതയ്ക്കു വേണ്ടിയുള്ള മുറവിളികള്‍, ജാതി-ലിംഗ മേധാവിത്വങ്ങളുടെ കടന്നുവരവ്, പാരിസ്ഥിതിക സന്തുലിതാവസ്ഥ, മണ്ണിനു വേണ്ടിയുള്ള ആദിവാസികളുടെ ആവശ്യം, ഭാഷയും സംസ്‌കാരവും തുടങ്ങിയവ ഉദാഹരണങ്ങള്‍. മാത്രമല്ല, ദൈനംദിന ജീവിതത്തിലേക്ക് വിപണി വ്യവസ്ഥയുടെ കടന്നുവരവ്, ഉപഭോക്തൃ സ്വാതന്ത്ര്യത്തെ അവഗണിക്കല്‍, ജനങ്ങളുടെ മേല്‍ മുതലാളിത്ത-വര്‍ഗീയ മേധാവിത്തങ്ങളുടെ നിര്‍ബന്ധിത ക്രമീകരണം, മത്സരമനോഭാവം, സ്വയംഭരണാധികാരത്തിന്റെ അടിച്ചമര്‍ത്തല്‍ എന്നിവയും പ്രേരകഘടകങ്ങളായി. ആഗോളവത്കരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ജനതയ്ക്ക് നേരിടേണ്ടിവന്ന സാമ്രാജ്യത്വം, സാംസ്‌കാരിക വിസ്മൃതി എന്നിവയുടെ ഫലമായുണ്ടായ പ്രതിരോധമായും ഈ മാറ്റത്തെ കാണാം.

ഇങ്ങനെ ഉയര്‍ന്നുവന്ന പൊതുസ്വത്വത്തെ വ്യത്യസ്ത ഭാഷാ ശൈലിയിലൂടെ അവതരിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ കവിത. ആശയപരമായ ഭിന്നത പുലര്‍ത്തുമ്പോഴും സാമൂഹ്യസ്ഥിതിയില്‍ ആശങ്കാകുലരായിരുന്ന ഒരു വിഭാഗം കവികളായിരുന്നു അത്തരത്തിലുള്ള ഒരു ശൈലിയുടെ പ്രയോക്താക്കള്‍. ജനാധിപത്യത്തില്‍ വിശ്വസിക്കുമ്പോഴും നിലവിലെ സമ്പ്രദായം പൊതുജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ പര്യാപ്തമായതല്ലെന്ന് അവര്‍ വിലയിരുത്തി. ഗാന്ധിയന്മാരും രാം മനോഹര്‍ ലോഹ്യയെ പിന്തുണച്ച സോഷ്യലിസ്റ്റുകളും എം.എന്‍.റോയിയെ പിന്തുണച്ചവരും കമ്മ്യൂണിസത്തിന്റെ വക്താക്കളുമൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു. ഇവരെല്ലാവരും തന്നെ സമൂഹത്തിലെ അസമത്വം തിരിച്ചറിയുകയും സമത്വവാദം യാഥാര്‍ഥ്യമാകണമെന്ന് ആഗ്രഹിച്ചവരുമായിരുന്നു. ആധുനികതയുടെ വക്താക്കളായ മുന്‍ഗാമികളുടെ പുരോഗമനരീതികളില്‍ നിന്ന് വേറിട്ടതായിരുന്നു ഇവരുടെയൊക്കെ ശൈലി. വിപരീതാര്‍ഥം, കറുത്ത ഹാസ്യം, ഛന്ദോബദ്ധമല്ലാത്ത കവിത, പുതുബിംബങ്ങള്‍, അയഥാര്‍ത്ഥമായ ഉപമകള്‍ എന്നിവയിലൊക്കെ അവര്‍ പുതുമ പരീക്ഷിച്ചു. ഒരേസമയം പുരോഗമനവാദികളുടെ സാമൂഹ്യവീക്ഷണവും ആധുനികതയുടെ സമകാലിക വൈകാരികതയും അവര്‍ കവിതകളിലൂടെ പങ്കുവച്ചുവെന്ന് ഒറ്റവാക്കില്‍ പറയാം. സമകാലിക ജീവിതത്തിന്റെ സങ്കീര്‍ണതകളും അവര്‍ അനുഭവിച്ച നാഗരികതയെക്കുറിച്ചുള്ള അവബോധവും അവരുടെ രചനകളില്‍ കാണാവുന്നതാണ്.

ചുരുക്കിപ്പറഞ്ഞാല്‍ പുരോഗമനവാദികളുടെ സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുകളും ആധുനികതാവാദികളുടെ സമകാലിക സൂക്ഷ്മതയും കൈവശമുള്ളവരായിരുന്നു ഈ കൂട്ടായ്മയിലെ കവികള്‍. ജീവിതത്തിന്റെ സങ്കീര്‍ണതകളെ കുറിച്ചും നാഗരികജീവിതാനുഭവങ്ങളെയും സംവേദനം ചെയ്യുന്നവയായിരുന്നു അവരുടെ കവിതകള്‍. രഘൂവീര്‍ സഹായി, ധൂമില്‍, സര്‍വേശ്വര്‍ ദയാല്‍ സ്‌കസേന, വിജയ് നാരായണ്‍ സാഹി, കന്‍വര്‍ നരെയ്ന്‍, കേദാര്‍നാഥ് സിങ്, വിനോദ് കുമാര്‍ ശുക്ല, മംഗലേഷ് ദബ്രാല്‍, രജേഷ് ജോഷി, അരുണ്‍ കമല്‍, വിഷ്ണു നഗര്‍, ഋതുരാജ്, ആസാദ് സെയ്ദി തുടങ്ങി യുവതലമുറയുടെ നിരവധി ഉദാഹരണങ്ങള്‍ ഹിന്ദിയില്‍നിന്നു മാത്രം കണ്ടെത്താനാകും. പഞ്ചാബിയില്‍നിന്ന്  ജഗ്താര്‍, പാഷ് അല്ലെങ്കില്‍ സുര്‍ജിത് പാതര്‍, കന്നഡയില്‍നിന്ന് ചന്ദ്രശേഖര കമ്പര്‍ അല്ലെങ്കില്‍ പി ലങ്കേഷ് കുമാര്‍, ബംഗാളിയില്‍നിന്ന് ബിഷ്ണു ദേ, സമര്‍സെന്‍, സുഭാഷ് മുഖോപാധ്യായ, ഒഡിയയില്‍നിന്ന് ജെ പി ദാസ്, ജയന്ത മഹാപത്ര, മറാത്തിയില്‍നിന്ന് നാരായണ്‍ സുര്‍വേ, ചന്ദ്രകാന്ത് പാട്ടീല്‍, ഗുജറാത്തിയില്‍നിന്ന് മഫത് ഓസ, ചിനു മോഡി, സരൂപ് ധ്രുവ്, ഉറുദുവില്‍നിന്ന് അലി സര്‍ദാര്‍ ജാഫ്രി, ജാവേദ് അഖ്തര്‍, മലയാളത്തില്‍നിന്ന് കടമ്മനിട്ട രാമകൃഷ്ണന്‍, കെ സച്ചിദാനന്ദന്‍, കെ ജി ശങ്കരപ്പിള്ള, തെലുങ്കില്‍നിന്ന് ശിവറെഡ്ഡി, വരവര റാവു എന്നിവരൊക്കെ ഉദാഹരണങ്ങളാണ്.

kadammanittaഇവരില്‍ ചില കവികള്‍, ഉദാഹരണമായി കടമ്മനിട്ട, കമ്പര്‍ തുടങ്ങിയവര്‍ നാടന്‍ഭാഷയെ വീണ്ടെടുക്കുകയും അതിന്റെ ശൈലീസൂക്ഷ്മതയെ പ്രയോജനപ്പെടുത്തുകയും ചെയ്തു. അതേസമയം മാവോയിസ്റ്റ് കവികളായ സുബ്ബറാവു പാണിഗ്രഹി, ചേരാബന്ദ രാജു, സരോജ് ദത്ത, മുരാരി മുഖോപാധ്യായ, ഗദ്ദര്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവര്‍ പുതിയ സിമ്പോളിസത്തിന് രൂപം നല്‍കി. വിപ്ലവ കാല്‍പനികതാവാദത്തിന്റെ വരവിന് ഇത് തുടക്കം കുറിച്ചു. മൂര്‍ച്ചയുള്ള, വികാരരഹിതമായ, വിപരീതാര്‍ഥകമായ ശക്തമായ ഭാഷയിലാണ് ഇവരില്‍ അധികം പേരും സമൂഹത്തോടുള്ള നീരസം പ്രകടമാക്കിയത്. പഞ്ചാബി കവിയായ പാഷിന്റെ കാര്യം തന്നെയെടുക്കാം- 
'ഇല്ല, ഞാനിപ്പോള്‍ അത്തരം കാര്യങ്ങള്‍ ചിന്തിക്കാറില്ല
ഗ്രാമത്തിനപ്പുറം സൂര്യനസ്തമിക്കുന്നതിന്റെ 
ചുവപ്പുരാശിയെക്കുറിച്ചോ,
രാത്രിയുടെ ഉമ്മറപ്പടിക്കപ്പുറം
ചന്ദ്രന്‍ തെന്നിനീങ്ങുമ്പോള്‍
അവളുടെ മനസ്സലെന്തായിരിക്കുമെന്നതോ
ഞാന്‍ ഓര്‍ക്കാറില്ല
ഇല്ല, അത്തരം കൊച്ചുകാര്യങ്ങളില്‍ ഞാനിപ്പോള്‍ ആശങ്കപ്പെടാറില്ല'
(ഇല്ല ഞാനിപ്പോള്‍ ഉറക്കം നഷ്ടപ്പെടുത്താറില്ല)

ധൂമില്‍ പറയുന്നു- 'ഒരു മനുഷ്യന്‍
മറ്റൊരുവന്റെ കഴുത്ത് വെട്ടിമാറ്റുന്നു
ശിരസ്സില്ലാത്ത കബന്ധത്തില്‍നിന്ന്
ഒരു മെക്കാനിക് നട്ട് വേര്‍പെടുത്തുന്നതു പോലെ
ഒരു ബോള്‍ട്ടില്‍നിന്ന്
നീ പറയും- ഇതൊരു കൊലപാതകമെന്ന്
ഞാന്‍ പറയും-ഇതൊരു സംവിധാനത്തിന്റെ തകര്‍ച്ചയെന്ന്'

കവി വായനക്കാരനെ കൊണ്ടു പോവുകയാണ് - 'കവിതയുടെ സാമ്രാജ്യത്തിലേക്ക്,
ഭാഷയുടെ വന്യതയിലേക്ക്. 
അവിടെ ഭയം പിന്തിരിഞ്ഞോടും
തിരയില്ലാത്ത തോക്കു ചൂണ്ടി
എതിര്‍പ്പു മുന്നോട്ടു പോകും
ഇരുട്ടിലേക്ക്'

ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം എന്ന കവിതയില്‍ അദ്ദേഹം ആരായുന്നു- 
'...സ്വാതന്ത്ര്യം വെറുമൊരു പേരു മാത്രമാണോ
ഒരുമിപ്പിച്ച മൂന്നുനിറങ്ങളിലൊന്ന്
ഒറ്റച്ചക്രത്താല്‍ വലിച്ചുനീക്കപ്പെടുന്നത്?'

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി ശക്തമായ സ്ത്രീപക്ഷ ചിന്തയുള്ള, നിരവധി കവയിത്രികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആറാം നൂറ്റാണ്ടിലെ ബുദ്ധസന്യാസിനികളില്‍നിന്ന് വ്യാപിച്ച്, ഭക്തകവയിത്രികളായ അക്കാ മഹാദേവി, മീരാ ബായി, ആണ്ടാള്‍, ലാല്‍ ദേദ് എന്നിവയിലൂടെ കടന്ന് മഹാദേവി വര്‍മ, ബാലാമണി അമ്മ എന്നിവരിലെത്തി നില്‍ക്കുന്ന കവിതാപാരമ്പര്യമാണ് ഇന്ത്യയിലെ കവയിത്രികളുടെത്. സ്ത്രീവിമോചനം, അനുഭവങ്ങളുടെ ആവിഷ്‌കാരതത്വമായി ജെന്‍ഡറിനെ സ്വീകരിക്കുക, ശരീരം ഭാഷയിലേക്ക് കടന്നുവരുന്നത് -ഇവയൊക്കെ തീര്‍ത്തും പുതുതായ പ്രതിഭാസങ്ങളായിരുന്നു. കബിതാ സിന്‍ഹ, നബനീത ദേവ് സെന്‍, അമൃതാ പ്രീതം, കമലാ ദാസ് തുടങ്ങിയ കവയിത്രികളിലൂടെ ആയിരുന്നു ഈ സമ്പ്രദായം ആരംഭിച്ചത്. ഇന്ന് ഇംഗ്ലീഷില്‍നിന്ന് യൂനിസ് ഡിസൂസ, രുക്മിണി ഭയ നായര്‍, അരുന്ധതി സുബ്രഹ്മണ്യം, മേനക ശിവസദാനി എന്നിവരില്‍ തുടങ്ങി ബംഗാളിയില്‍നിന്ന് മല്ലിക സെന്‍ഗുപ്ത, ഒഡിയയില്‍നിന്ന് പ്രവാസിനി മഹാകുഡ്, കന്നഡയില്‍നിന്ന് പ്രതിഭ നന്ദകുമാര്‍, ഉറുദുവില്‍നിന്ന് തരാനം റിയാസ്, പഞ്ചാബിയില്‍നിന്ന് മഞ്ചിത് ടിവാന, തെലുങ്കില്‍നിന്ന് എ ജയപ്രഭ, തമിഴില്‍നിന്ന് കനിമൊഴി, മറാത്തിയില്‍നിന്ന് അനുരാധാ പാട്ടീല്‍, ഹിന്ദിയില്‍നിന്ന് അനാമിക, മലയാളത്തില്‍നിന്ന് സാവിത്രി രാജീവന്‍ അങ്ങനെ  നിരവധി പ്രയോക്താക്കളുണ്ട് ഈ സമ്പ്രദായത്തിന്. 

ആര്‍ലിന്‍ സൈദിന്റെ ഇന്‍ ദെയര്‍ ഓണ്‍ വോയിസ്, സൂസി ടാറുവും കെ ലളിയും ചേര്‍ന്ന് തയ്യാറാക്കിയ 'വുമണ്‍ റൈറ്റിങ് ഇന്‍ ഇന്ത്യ; ഫ്രം ദ സിക്‌സ്ത് സെഞ്ചുറി ടു ദ പ്രസന്റ്' തുടങ്ങിയ ആന്തോളജികളില്‍ ഇവര്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ഭാഷകളില്‍ സ്വതന്ത്രവ്യക്തികള്‍ തയ്യാറാക്കിയ  ആന്തോളജികള്‍ക്കും സമാഹാരങ്ങള്‍ക്കും പുറമേയാണിത്. പുരുഷമേധാവിത്വ വ്യവസ്ഥയെ വെല്ലുവിളിച്ചും പിതൃകേന്ദ്രീകൃത നിയമങ്ങളെ ചോദ്യം ചെയ്തും സ്ത്രീകള്‍ അനുഭവിക്കുന്ന വേദന, ഏകാന്തത, ആഗ്രഹങ്ങള്‍, സന്തോഷങ്ങള്‍ തുടങ്ങിയവ പ്രകടിപ്പിക്കാനാവശ്യമായ പദങ്ങള്‍ കണ്ടെത്താനും അവര്‍ ശ്രമിച്ചു. എന്നാല്‍ സ്ത്രീകളുടെ കവിതാശൈലി ഏകശിലാത്മകമല്ല. വ്യത്യസ്തകള്‍ക്ക് ഏറെയിടമുണ്ട് ഇതില്‍. പ്രാദേശികഭേദങ്ങള്‍ക്കും ഭാഷാപ്രയോഗങ്ങള്‍ക്കും വ്യത്യസ്തമായ ആചാരങ്ങള്‍ക്കും അനുഭവങ്ങളുടെ ആവിഷ്‌കാരത്തിന്റെ ശൈലിയിലും ഈ വ്യത്യസ്തത പ്രകടമാണ്. ഉദാഹരണത്തിന് നാഗരിക മുസ്ലിം കവയിത്രിമാരായ മല്ലിക അമര്‍ ഷേക്ക്, ഇംതിയാസ് ധാര്‍കര്‍, പ്രവാസികളായ  പന്ന നായിക്ക്, മീന അലക്‌സാണ്ടര്‍, ദളിത് കവയിത്രികളായ പ്രജ്‌ന ലോഖണ്ഡെ, ഹീരാ ബന്‍സോഡെ തുടങ്ങിയവര്‍ തങ്ങളുടേതായ സാമൂഹികജീവിതത്തിന്റെ ആവിഷകരണമാണ് വിശാലമായ പെണ്‍കവിതാലോകത്ത് നടത്തിയത്. -'അവര്‍ അറിയുന്ന ചരിത്രം അച്ചടിക്കപ്പെടാന്‍ സാധിക്കുന്നതല്ലെന്നെന്ന'യൂനിസ് ഡി സൂസയ്‌ക്കൊപ്പം അവരും തിരിച്ചറിഞ്ഞു. ഇരുട്ടിലുള്ള, നീണ്ട ഒറ്റനിലവിളിയാണ് ശരിയായ പുസ്തകമെന്നും. 

കന്നഡ, മറാത്തി, ഗുജറാത്തി ഭാഷകളില്‍ മുഖ്യധാരയില്‍ ഇടം കണ്ടെത്താന്‍ ദളിത് കവിതാശാഖയ്ക്ക് സാധിച്ചിട്ടുണ്ട്. പഞ്ചാബി, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ഇവ കരുത്താര്‍ജിച്ചു. മുപ്പത്  നൂറ്റാണ്ടിലധികമായി ജാതിവ്യവസ്ഥയുടെ എറ്റവും താഴെ ജീവിക്കേണ്ടി വന്ന ദളിത് വിഭാഗങ്ങളുടെ നിരാശകളെയോ ധാര്‍മ്മികരോഷത്തെയോ മാത്രമല്ല ഈ കവിതകള്‍ പ്രതിനിധീകരിച്ചത്. ഒപ്പം ദളിത് മൂല്യങ്ങളുടെ ഊട്ടിയുറപ്പിക്കലിനും ജാനാധിപത്യം വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമവും ഇവ നടത്തി. മറാത്തിയില്‍നിന്നുള്ള നാംദിയോ ധാസലിനെ പോലെയുള്ള അങ്ങേയറ്റം പുതുമയുള്ള കവികളുടെ സൃഷ്ടിക്ക് ഈ മുന്നേറ്റം സഹായകമായി. കന്നഡയില്‍നിന്നുള്ള സിദ്ധലിംഗയ്യ, മലയാളത്തില്‍നിന്നുള്ള എസ് ജോസഫ്, രാഘവന്‍ അത്തോളി, എം ആര്‍ രേണുകുമാര്‍, എം ബി മനോജ്, തെലുങ്കില്‍നിന്നുള്ള ശിവസാഗര്‍, ജെ ഗൗതം, മദ്ദൂരി നാഗേഷ് ബാബു, പൈദി തെരഷ് ബാബു, സതീഷ് ചന്ദര്‍, തമിഴില്‍നിന്നുള്ള അന്‍പാതവന്‍, യക്കന്‍, ഭാരതി വസന്തന്‍, പുതിയ മടവി, ഇദയവേന്‍ദന്‍, ഹിന്ദിയില്‍നിന്നുള്ള സൂരജ്പാല്‍ ചൗഹാന്‍, രാജ്നീ തിലക്, ഓം പ്രകാശ് വാല്‍മീകി, മോഹന്‍ദാസ് നൈമിഷ്റായ, സുഷീല ടാക്സോര്‍, ആസംഗ് ഘോഷ്, കുസും മേഘ് വാള്‍,  പഞ്ചാബിയില്‍നിന്നുള്ള ഗുര്‍ദാസ് ആലം, സന്ത് രാം ഉദാസി, മഞ്ജിത് ഖാദേര്‍, ലാല്‍സിങ് ദില്‍ തുടങ്ങിയവരുടെ സംഭാവനകളെ ഇത് സമ്പുഷ്ടമാക്കി.  

മറാത്തയില്‍നിന്നുള്ള കവികളെ പറ്റി പറയേണ്ടതേയില്ല- അര്‍ജുന്‍ ദാംഗ്ലേ, ദയാ പവാര്‍, ജെ പി പൊവാര്‍, അര്‍ജുന്‍ കാംബ്ലെ, അരുണ്‍ കാലെ, ശരണ്‍കുമാര്‍ ലിംബാളെ, പ്രകാസ് ഖരാട്ട്, അരുണ്‍ ചന്ദ്ര ഗവ്ലി, ദിന്‍കര്‍ മന്‍വാര്‍, മഹേന്ദ്ര ഭാവ് രെ, ആഷാ തോറാട്ട്, മീന ഗജ്ഭിയേ, ഊര്‍മിള പവാര്‍, ജ്യോതി ലഞ്ചേവര്‍, കുമുദ് പാവഡെ, ഗുജറാത്തി കവികളായ ഹരിഷ് മംഗലം, ജയന്ത് പര്‍മര്‍, യോസഫ് മാക്വാന്‍, മംഗള്‍ റാത്തോഡ്, കിസാന്‍ സോസ എന്നിവരും ഓര്‍മിക്കപ്പെടേണ്ടവരാണ്. ദളിത് കവികള്‍ സൃഷ്ടിച്ചത് അവരുടതായ സൗന്ദര്യ സങ്കല്‍പങ്ങളായിരുന്നു. ഇത് സാമ്പ്രദായിക സാഹിത്യസങ്കല്‍പവുമായി യോജിച്ചിരുന്നുമില്ല. ഗ്രാമ്യമെന്നും സംസ്‌കാരശൂന്യമെന്നും അശ്ലീലമെന്നും നിര്‍വചിച്ച് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ഭാവങ്ങള്‍ ഉപയോഗിക്കുകയും ധ്വനിയെയും ഔചിത്യത്തെയും പോലുള്ള നിയമങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. നാടന്‍ ഭാഷയും ശൈലിയും തെരുവുഭാഷയും അപൂര്‍വമായ പ്രയോഗങ്ങളും ചേര്‍ത്ത് കവിതയ്ക്ക് സമ്പന്നമായൊരു പദാവലി അവര്‍ സമ്മാനിച്ചു. നിശ്ശബ്ദതയിലും ഇരുട്ടിലും ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന അനുഭവങ്ങളുടെ ഭൂഖണ്ഡത്തെ അവര്‍ കണ്ടെത്തുകയും ഇന്ത്യന്‍ സാഹിത്യത്തിന്റെ ഭൂപടത്തെ മാറ്റി വരയ്ക്കുകയും ചെയ്തു. 

ദളിത് എഴുത്തുകളെ നിശബ്ദമാക്കുകയും ഇരുട്ടിലാക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ സാഹിത്യ ഭൂപടത്തെ അനുഭവങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും അവര്‍ മാറ്റിവരച്ചു. നിരൂപണത്തിന്റെ പുതിയ അളവുകോലുകളിലൂടെ സ്തംഭനാവസ്ഥയിലായിരുന്ന സാഹിത്യ ലോകത്തെ അവര്‍ മറികടന്നു. ഭൂരിപക്ഷം വരുന്ന സാമൂഹ്യവിഭാഗങ്ങള്‍ അനുഭവിച്ചിരുന്ന ആത്മസംതൃപ്തിയെ അത് അസ്വസ്ഥമാക്കി. യാഥാര്‍ത്ഥ്യങ്ങളെ നോക്കികാണുന്ന വ്യവസ്ഥതാപിതമായ കാഴ്ചപാടുകളെ വെല്ലുവിളിച്ചു. ഈ പരിശ്രമത്തില്‍ മിഥ്യകളെ പുനരവലോകനം നടത്തുകയും ചെയ്തു.

ദളിതര്‍ക്കൊപ്പം ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളും ഉണര്‍ന്നു. തങ്ങളുടെ ഭൂമിയെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള ചിരിത്രത്തിന്റെ വിസ്മൃതിയിലായിരുന്ന അവകാശങ്ങള്‍ അവര്‍ ചോദിച്ചു തുടങ്ങി. ആദ്യ കവികളും ആദ്യ തത്വചിന്തകരും ആദ്യ പ്രപഞ്ച ശാസ്ത്രജ്ഞരും ആദ്യ ഇതിഹാസ നിര്‍മ്മാതാക്കളും ആദ്യ കര്‍ഷകരും ആദ്യ കലാകാരനും ആദ്യ ശാസ്ത്രജ്ഞരും തങ്ങളായിരുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞു. വേദങ്ങളും ഉപനിഷത്തുകളും മഹാകാവ്യങ്ങളും പുരാതന ഗോത്രക്കാരാണ് സൃഷ്ടിച്ചത്. മുഖ്യധാരയില്‍ നിന്ന് അരികുവത്ക്കരിക്കുകയും അന്യവത്കരിക്കപ്പെടുകയും ചെയ്യപ്പെട്ടവരുടേതുകൂടിയാണ് മനുഷ്യ ചരിത്രം. അവര്‍ക്ക് വൈദേശിക അക്രമങ്ങളോട് പോരാടിയതിന്റെ ചരിത്രമുണ്ട്. ഗുജറാത്തിലെ ഭില്‍സുകള്‍, കേരളത്തിലെ കുറച്യര്‍, ബിഹാറിലെ സാന്താളുകള്‍ എന്നിവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ബിര്‍സ മുണ്ട, സിദ്ദു കന്‍ഹു, ചന്ദ് ഭൈരവ്, തിലക് മജ്ഹി, ടാന്റിയ ഭില്‍, ഖജ്യാ നായിക്, റുമാല്യാ നായക് എന്നിവരെ പോലുള്ള അപൂര്‍വ്വ യോദ്ധാക്കളെ ചരിത്രത്തിന്റെ ഔദ്യോഗിക രേഖകളില്‍ കണ്ടെത്താനാവില്ല. നിശബ്ദമാക്കപ്പെട്ട ആദിവാസികളുടെ ജീവിതത്തിന്റെ വേദനക്ക് വാക്കുകള്‍ സൃഷ്ടിക്കുന്നവയാണ് പുതിയ ഗോത്ര സാഹിത്യമെന്ന് വിനായക് തുംമ്ര നിര്‍വചിക്കുന്നു. 

പുതിയ ആദിവാസി എഴുത്തുകള്‍ നിലനില്‍ക്കുന്ന വര്‍ണ സമ്പ്രാദായത്തെ സമൂഹത്തില്‍ നിന്ന് പുറംതള്ളുകയും സമത്വാധിഷ്ഠിതമായ ആദര്‍ശത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. പൗരോഹിത്യവാഴ്ചയില്ലാത്ത, ചൂഷണരഹിതവും അക്രമണ രഹിതവുമായ സമൂഹം. അവരുടെ കൃതികളെ പ്രകൃതി, സംസ്‌കാരം, ചരിത്രം എന്നിവ ഒരേപോലെ പ്രചോദിപ്പിച്ചു. ആദിവാസി മൂല്യങ്ങള്‍ സൗഹൃദത്തോടെ അവര്‍ ആഘോഷിച്ചു. പ്രകൃതിയെ കുറിച്ചുള്ള ഉത്കണ്ഠ പങ്കുവെച്ചു. ബോഡോയേയും സാന്താലിയേയും കൂടാതെ ഭിലി, മുന്ദാരി, ഗോണ്ടി, ഗമ്മിറ്റ്, ഭര്‍ത്താരി, മീസോ, ലെപ്ച്ച, ഗര്‍ഹ്വാലി, പഹാഡി, കോക്‌ബോറോക്, ടെനിഡൈ, ആദി, ഹോ തുടങ്ങിയവയിലെ ഐതിഹ്യങ്ങളും വാമൊഴികളുമായി പുതിയ ധാരളം എഴുത്തുകള്‍ സംഭാവന ചെയ്തു. അവരുടെതായ ഐതിഹ്യങ്ങളിലൂടെ പ്രത്യേകമായ വാമൊഴി വഴക്കങ്ങളുമായി സംവദിക്കുന്നതും സമകാലികവുമായിരുന്നു അവ. അനില്‍ ബോഡൊ, രാംദയാല്‍ മുണ്ട, നിര്‍മല പുറ്റുല്‍, മമാംഗ് ദായ്, പോള്‍ ലിഗ്‌ദ്വോ, കിംഫാം നോങ്കിര്‍ണി, ഭുജാങ് മെഷ്‌റാം, വിനായക് തുംറ തുടങ്ങിയ ഏതാനും പേര്‍ക്ക് മാത്രമാണ് പുതിയ ഗോത്ര സാഹിത്യത്തില്‍ ഭിന്നാഭിപ്രായമുള്ളത്. ദേശീയവാദി എഴുത്തുകാര്‍ സാംസ്‌കാരിക ബഹുസ്വരതയെ ആഘോഷിക്കുന്നവരും വിപണിയുടെ ആധിപത്യ നിയമങ്ങളെ ചോദ്യം ചെയ്യുന്നവരും തങ്ങളുടെ പദ്ധതികള്‍ക്ക് യോജിച്ച ഒരു ഇന്ത്യയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നവോത്ഥാന പ്രചാരകരുമാണ്. ചന്ദ്രശേഖര പാട്ടീല്‍, പി. ലങ്കേഷ്, സിദ്ധലിംഗയ്യ തുടങ്ങിവരെ പോലുള്ള കന്നഡ കവികള്‍ സൂര്‍ദാസിന്റെ സാംസ്‌കാരിക ഓര്‍മകള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചവരാണ്.

മലയാളത്തില്‍ എം. ഗോവിന്ദന്‍, എന്‍. എന്‍ കക്കാട്, ആറ്റൂര്‍ രവിവര്‍മ തുടങ്ങിയവര്‍ ഭാഷയെ സംസ്‌കൃതമുക്തമാക്കാന്‍ ശ്രമിച്ചു. പ്രാദേശിക ഭാഷയും പ്രാദേശിക ചരിത്രവും പുരാവൃത്തവും മിത്തുകളും ഉപയോഗപ്പെടുത്തിയ കവികളാണ് കടമ്മനിട്ട രാമകൃഷ്ണന്‍, കെ.ജി. ശങ്കരപ്പിള്ള, പി.പി. രാമചന്ദ്രന്‍, റഫീഖ് അഹമ്മദ് തുടങ്ങിയവര്‍. മറാത്തിയില്‍ അരുണ്‍ കോലത്കാറും ഗുജറാത്തിയില്‍ കഞ്ജി പട്ടേലും ഇത്തരത്തിലുള്ളവരാണ്. അനുരാധ മഹാപത്ര, ഇക്രാം അലി, അമിതാഭ് ഗുപ്ത തുടങ്ങിയ ഉത്തരാധുനിക ബംഗാളി കവികള്‍ വാമൊഴികളും ഗ്രാമീണ ജീവതവും കവിതകളില്‍കൊണ്ടുവരുന്നു. ജ്ഞാനക്കൂത്തന്‍, മനുഷ്യപുത്രന്‍, വല്ലിക്കണ്ണന്‍ പാസുവയ്യ, തുടങ്ങിയ കവികള്‍ തമിഴ് പാരമ്പര്യവും വ്യക്തിത്വവും കവിതകളില്‍ പ്രതിഫലിപ്പിച്ചു. ഗുല്‍ ചൗഹാന്‍, സുര്‍ജിത് പാത്തെര്‍, മിന്ദെര്‍, സ്വര്‍ജ്ബിര്‍, മോഹന്‍ജിത്ത്, ജസ്വന്ത് ദീദ് തുടങ്ങിയ കവികള്‍ പഞ്ചാബി പാരമ്പര്യം പ്രതിഫലിപ്പിച്ചു. എച്ച്.എസ്. ശിവപ്രകാശ്, ദിലീപ് ചിത്രെ തുടങ്ങിയവര്‍ കവിതകളിലെ ആത്മീയ സംഭാഷണത്തിലൂടെ ഭക്തിയിലേക്ക് തിരിച്ചെത്തി. വൈ. ഇബോച്ചാസിങ്, താങ്ജോം ഇബോപിഷക്, മൗച്ചമ്പി ദേവി, സറാചന്ദ്ര തിയാം എന്നീ കവികള്‍ മെയ്ത്ഹി ചരിത്രത്തിന്റെ മണിപ്പൂരി ഭൂപ്രകൃതിയുടേയും സ്മരണകളുയര്‍ത്തി. ഹിന്ദു പൗരോഹിത്യത്തിന്റേയും വിപണി ശക്തികളുടേയും സമ്മര്‍ദ്ദത്തില്‍ ഏക വര്‍ണ്ണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാംസ്‌കാരിക ഭൂപടത്തിലേയ്ക്ക് പ്രാദേശികതയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നവരാണ് ഈ കവികള്‍.

നാടകവും വിമര്‍ശനവും

ഇന്ത്യയിലെ മാറുന്ന യാഥാര്‍ത്ഥ്യത്തോട് വ്യത്യസ്ത രീതികളില്‍ ഇന്ത്യന്‍ നാടകരംഗം പ്രതികരിച്ചിട്ടുണ്ട്. ആധുനിക നാടകരംഗത്തിന്റെ മാര്‍ഗദര്‍ശികളാണ് പിഎല്‍ ദേശ്പാണ്ഡേ, വിജയ് തെന്‍ഡുല്‍കര്‍, ജിപി ദേശ്പാണ്ഡേ, മഹേഷ് എല്‍കുഞ്ച്വര്‍, സതിഷ് കല്‍ശേഖര്‍, ഗിരിഷ് കര്‍ണാട്, ചന്ദ്രശേഖര കമ്പാര്‍, എച്ച്.എസ് ശിവപ്രസാദ്, ബിവി കരന്ദ്, മോഹന്‍, രാഖേഷ്, ഹബീബ് തന്‍വീര്‍, ബിഷാം സഹ്നി, സിജെ തോമസ്, ജി ശങ്കര പിള്ള, സിഎന്‍ ശ്രീകണ്ഠന്‍ നായര്‍, കാവാലം നാരായണ പണിക്കര്‍, ആര്‍. നരേന്ദ്ര പ്രസാദ്, മനോരഞ്ജന്‍ ദാസ്, മനോജ് മിത്ര, ബിദാല്‍ സിര്‍ക്കാര്‍, രതന്‍ തെയാം, ബല്‍വന്ദ് ഗാര്‍ഗി തുടങ്ങിയവര്‍. ഇബ്സന്‍, സ്ട്രിന്റ്ബെര്‍ഗ്, ബെര്‍നാര്‍ഡ് ഷാ, ചെക്കോവ് എന്നിവരെ പോലെ സാമൂഹികവും ആഭ്യന്തരവും മാനസികവുമായ അസ്വസ്ഥകള്‍ നാടകത്തിലൂടെ കൈകാര്യം ചെയ്യുന്ന ഒരു ഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ നാടകരംഗം കടന്നുപോയത്.

പുരാണങ്ങളുടെ വീര്‍പ്പുമുട്ടലില്‍ നിന്നും നാടകത്തെ മോചിപ്പിച്ചതിലും അതിനെ യാഥാര്‍ത്ഥ്യങ്ങളോട് മുഖാമുഖം കൊണ്ടുവന്നതിലും ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷനും സുപ്രധാന പങ്കുണ്ട്. ബംഗാളിയില്‍ മനോജ് മിത്ര, മോഹിത് ചാതോപാധ്യായ, ശിശിര്‍ കുമാര്‍ ദാസ് ഹിന്ദിയില്‍ കെ.ബി വൈദ് എന്നിവരെപ്പോലുള്ളവരില്‍ പാശ്ചാത്യ നാടകകൃത്തുക്കളായ ബ്രെഹ്തും ബെക്കെറ്റും വലിയ സ്വാധീനം ചെലുത്തിയിരുന്നു. ബാദല്‍ സര്‍ക്കാരിന്റെ 'എബാം ഇന്ദ്രജീത്ത്', ധര്‍മ്മവീര്‍ ഭാരതിയുടെ 'അന്തഃയുഗ്', ഗിരിഷ് കര്‍ണാടിന്റെ-'തുഗ്ലക്', 'ഹയവദന', മോഹന്‍ രാകേഷിന്റെ 'ആധേ അദുരേ', ഹബീബ് തന്‍വീറിന്റെ 'ചരണ്‍‌ ദാസ് ചോര്‍', പിഎല്‍ ദേശ് പാണ്ഡേയുടെ 'തുജ് അഹേ തുജ് പസി', വിജയ് തെന്‍ഡുല്‍കറിന്റെ 'ശാന്തത കോര്‍ ചലൂ അഹേ', 'ഖാസിറാം കോട് വാല്‍', ശ്രീരംഗയുടെ 'കേളു ജന്‍മേജയ', മനോരഞ്ജന്‍ ദാസിന്റെ 'ആഗസ്റ്റ് നാ', ചന്ദ്രശേഖര കമ്പാറുടെ 'സിരിസാമ്പിഗെ', കെഎന്‍ പണിക്കരുടെ 'അവനവന്‍ കടമ്പ', സിഎന്‍ ശ്രീകണ്ഠന്‍ നായരുടെ 'കലി' തുടങ്ങിയവയെല്ലാം ഇന്ത്യന്‍ നാടകരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്ന നാടകങ്ങളില്‍ ചിലതാണ്. ഇവരെല്ലാം തന്നെ ആന്റോണിന്‍ അര്‍താഡ്, അഡോള്‍ഫ് അപിയാ, സ്റ്റാന്‍സ്ലാവ്സ്‌കി, ലോണെസ്‌കോ, അനൗലി തുടങ്ങിയ നിരവധി നാടകകാരന്‍മാരുടെ യൂറോപ്യന്‍ രീതികള്‍ സ്വായത്തമാക്കിയവരായിരുന്നു. ഇന്ത്യന്‍ നാടകത്തെക്കുറിച്ചും നാടക രീതികളെക്കുറിച്ചുമുള്ള സ്വന്തം അറിവും ധാരണയും അവയോടൊപ്പം ചേര്‍ക്കാനും അവര്‍ക്ക് സാധിച്ചു. ആഗോളവല്‍കൃത ഇന്ത്യയിലെ പുതിയ ആശങ്കകളെ നാടക രൂപത്തിലേയ്ക്ക് മാറ്റുന്നതിനായി ശ്രമിക്കുന്ന ഒരുപാട് പുതുതലമുറ നാടകപ്രവര്‍ത്തകരും എഴുത്തുകാരും ഇപ്പോഴുണ്ട്. 

ഇന്ത്യന്‍ സാഹിത്യ വിമര്‍ശനം പുതിയ മാറ്റങ്ങളെ മനസിലാക്കാനും വ്യാഖ്യാനിക്കാനും വിവിധ തരത്തില്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രക്രിയയില്‍ സംസ്‌കൃതം, തമിഴ്, കന്നട ഭാഷകളിലുള്ള പരമ്പരാഗത നിരൂപണ സിദ്ധാന്തങ്ങളും പുരാവൃത്ത വിമര്‍ശനം (Myth Criticism), ആദിപ്രരൂപ വിമര്‍ശനം (Archetypal Criticism), നവ വിമര്‍ശനം (New Criticism), പ്രാതിഭാസിക വിമര്‍ശനം (Phenomenological Criticism), ചിഹ്നവിജ്ഞാനീയ വിമര്‍ശനം, ഘടനാവദ വിമര്‍ശനം, മനോവിശകലന-മാര്‍ക്‌സിസ്റ്റ് വിമര്‍ശനങ്ങള്‍ തുടങ്ങിയവയുടെയും അപനിര്‍മാണം, കോളനിയനന്തര പഠനങ്ങള്‍ തുടങ്ങിയവയുടെയെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്ര നെമാഡെയെയും പികെ ബാലകൃഷ്ണനെയും പോലുള്ള നിരൂപകര്‍ മലയാളത്തിലും മറാത്തിയിലുമുള്ള സാഹിത്യസമ്പ്രദായത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന തത്വസംഹിതകളെ അടിസ്ഥാനമാക്കി തദ്ദേശീയ നിരൂപണ രീതികള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമവും നടത്തി.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ സാഹിത്യത്തിന്റെ വളര്‍ച്ചയെ നിരീക്ഷിക്കുന്നതിനുള്ള ഒരുവഴി, അധിനിവേശാനന്തര സാഹചര്യങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ അവയെ നോക്കിക്കാണുന്നതാണ്. ഇക്കാലത്തിനിടയില്‍ നിരവധി മാതൃകകള്‍ പരീക്ഷിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. സമൂഹങ്ങളെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ ഉടലെടുക്കുകയും മാഞ്ഞുപോവുകയും ചെയ്തു. പാരമ്പര്യങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും അപനിര്‍മിക്കപ്പെടുകയും ചെയ്തു. ഏകത്വത്തിനും നാനാത്വത്തിനുമുള്ള തത്വസംഹിതകള്‍ പുനര്‍നിര്‍മിക്കപ്പെട്ടു. പൈതൃകത്തിലെ ക്ലാസിക്കല്‍ നാടോടി ഘടകങ്ങള്‍- എകെ രാമാനുജന്‍  മഹദ്പാരമ്പര്യമെന്നും (great tradition) ഈഷദ് പാരമ്പര്യം (little tradition) എന്നും വിളിച്ച- പാശ്ചാത്യ ആശയങ്ങള്‍ക്കും മാതൃകകള്‍ക്കും പകരമായി വന്നു. 

നമ്മുടെ സൃഷ്ടികള്‍ സംവാദരൂപത്തിലുള്ളവയായതിനാല്‍ 'വിവാദതത്പരനായ ഇന്ത്യക്കാര'ന് അനുയോജ്യമാണ്. അനിവാര്യമായ നാനാത്വങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതും വ്യത്യസ്തതയിലും വൈവിധ്യത്തിലും അധിഷ്ഠിതമായ സ്വത്വബോധത്തെ നിര്‍വചിക്കുന്നതും സ്വത്വത്തെയും അപരത്തെയും കുറിച്ച് നിരന്തര സംവാദത്തില്‍ ഏര്‍പ്പെടുന്നതും, ഫൂക്കോയുടെ ഭാഷയില്‍ 
'സ്വത്വത്തിന്റെ വ്യത്യസ്ത സങ്കേതങ്ങള്‍' പ്രയോജനപ്പെടുത്തുന്നതുമാണ് നമ്മുടെ സാഹിത്യസംവാദം.