• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

ഉത്തരവാദി ആര്‌? തള്ളാനോ കൊള്ളാനോ കഴിയാതെ പിണറായി

Oct 29, 2020, 02:02 PM IST
A A A
# സ്വന്തം ലേഖകന്‍
pinarayi vijayan
X

പിണറായി വിജയന്‍ | ഫോട്ടോ:  ബിജു വര്‍ഗീസ്\മാതൃഭൂമി

ശിവശങ്കറിന്റെ അറസ്റ്റ് സൃഷ്ടിക്കാന്‍ പോകുന്ന രാഷ്ട്രീയ പ്രകമ്പനങ്ങള്‍ ഇടതുപക്ഷത്തിന് കടുത്ത അഗ്നിപരീക്ഷയാകും. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ഇ.ഡി ഇടിത്തീയായി ശിവശങ്കറെ അറസ്റ്റ് ചെയ്ത് പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറില്‍ നിന്ന് അടുത്തത് എങ്ങോട്ട് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. തുടര്‍ചലനങ്ങളില്ലെങ്കില്‍ കാറും കോളും കെട്ടടങ്ങും. അത് ആശ്വാസകരമാകും ഇടതിന്. 

മുഖ്യമന്ത്രിയുടെ രാജിയില്ല എന്ന് സിപിഎം പ്രഖ്യാപിക്കുമ്പോഴും ഓഫീസ് ദുരുപയോഗം ചെയ്താല്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമില്ലേ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞത് തനിക്ക് ബാധകമല്ല എന്ന് മറ്റാര്‍ക്ക് പറയാന്‍ കഴിഞ്ഞാലും പിണറായി വിജയന് കഴിയുമോ. പ്രത്യേകിച്ച് ബാഗേജിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കസ്റ്റംസിനെ ബന്ധപ്പെട്ടുവെന്ന് തെളിഞ്ഞാല്‍ ദുരുപയോഗത്തിന് വേറെ തെളിവ് വേണ്ട.

ഇവിടെയാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയും സിപിഎമ്മും നേരിടുന്ന വലിയ വെല്ലുവിളി. ഓഫീസിലെ വീഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ല എന്ന് പറഞ്ഞാല്‍ ആ ഓഫീസില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ല എന്ന ആരോപണത്തിന് അത് ബലമേകും. കേവലം പി.എ ആയിരുന്നില്ല ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായിരുന്നു. സ്പ്രിംക്ലറില്‍ അടക്കം ഞാന്‍ സ്വന്തം ഇഷ്ടത്തിന് ചെയ്തതാണെന്ന് വരെ പറയാന്‍ ധൈര്യപ്പെട്ടയാള്‍. മറിച്ച് ഉത്തരവാദിത്വം ഏറ്റെടുത്താലോ രാജി ആവശ്യത്തിന് പ്രസക്തിയേറും. ഈ ദ്വന്ദ്വ പ്രതിസന്ധിയാണ് ഇനി പിണറായി വിജയന്‍ അഭിമുഖീകരിക്കാന്‍ പോകുക. 

കാരണം കേരളം കണ്ട ഏറ്റവും ശക്തനായ, ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന വിശേഷണമാണ് പിണറായിയുടെ അലങ്കാരം. അങ്ങനെയുള്ള പിണറായി വിജയന്‍ തന്റെ ഓഫീസില്‍ നടക്കുന്നതൊന്നും അറിയുന്നില്ല എന്ന് വന്നാല്‍ അത് വലിയ ക്ഷീണമാണ്. ഉപദേശകരുടെ ഒരു പടയാണ് മുഖ്യമന്ത്രിക്ക് ഇടത്തും വലത്തുമുള്ളത്. അത്രത്തോളം സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തണമെന്ന നിര്‍ബന്ധമുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സര്‍വസൈന്യാധിപനായിരുന്ന ആളാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. അതും വെറും അഴിമതി കേസല്ല കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകളില്‍. 

pinarayi cartoon

ഇനി ഓഫീസിലെ വീഴ്ചകള്‍ക്ക് മുഖ്യമന്ത്രി ധാര്‍മ്മിക ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വന്നാലോ അതും പ്രശ്‌നമാണ്. എന്താണ് പരിഹാരം എന്ന ചോദ്യം ഉയരും. ഇതിനെ മറികടക്കാന്‍ കെ.എം ഷാജിക്കും ഇബ്രാഹിംകുഞ്ഞിനുമെതിരെയുള്ള ആരോപണങ്ങളും കേസും ഭരണപക്ഷത്തെ സഹായിക്കുമോ. യുഡിഎഫിലെ പ്രകമ്പനങ്ങളുടെ ആഴത്തിലാണ് ആ പ്രതീക്ഷ. അധികാരം മുഴുവന്‍ മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കാന്‍ പോകുന്ന ഘട്ടത്തിലാണ് വീഴ്ചകളുടെ പരമ്പരകള്‍ മുന്നില്‍ വന്നുപതിക്കുന്നത്. പ്രളയവും കോവിഡും നേരിട്ട തിളക്കത്തില്‍ നിന്നുള്ള പ്രതിഛായ നഷ്ടത്തിലേക്കുള്ള വഴുതല്‍. സ്പ്രിംക്ലര്‍, ബെവ്ക്യൂ, ഇ മൊബിലിറ്റി, പിഡബ്ല്യുസിയുടെ വരവ്, കെ. ഫോണ്‍, ഐടി പാര്‍ക്കിന്റെ ഭൂമി കൈമാറിയത് എന്നിങ്ങനെ ശിവശങ്കര്‍ പ്രതിസ്ഥാനത്ത് വന്നതോടെ അദ്ദേഹം ഇടപെട്ട പദ്ധതികളെല്ലാം സംശയത്തിന്റെ മുനയിലാണ്. 

മുഖ്യമന്ത്രിയുടെ ഓഫീസ് കുത്തഴിഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ കാലഘട്ടത്തെ ജനം വിലയിരുത്തി ആ മാന്‍ഡേറ്റിലൂടെയാണ് പിണറായി എന്ന മുഖ്യമന്ത്രിയുടെ പട്ടാഭിഷേകം നടന്നത്. മറ്റൊരു ആരോപണമായിരുന്ന ബാര്‍കോഴയില്‍ ഏറക്കുറെ ക്ലീന്‍ ചിറ്റ് നല്‍കി മാണിയുടെ മകനെ വരെ ഒപ്പം കൂട്ടിയ സ്ഥിതിക്ക് അത് ആവിയായി. നിയമസഭ തല്ലിപ്പൊളിച്ചതിന് ഇനി ആര് സമാധാനം പറയും. ആ കേസില്‍ കോടതി വിടാതെ പിടികൂടിയിരിക്കുകയാണ്. 

ശിവശങ്കറില്‍ കേസും അന്വേഷണവും അവസാനിക്കുമെന്ന ആത്മവിശ്വാസമാണ് ഇടത് കേന്ദ്രങ്ങള്‍ക്കുള്ളത്. അങ്ങനെയെങ്കിലും കാറും കോളും അടങ്ങുമ്പോള്‍ കരപറ്റാം എന്ന് അവര്‍ കരുതുന്നു. മറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരിലേക്കെങ്കിലും അന്വേഷണം നീണ്ടാല്‍ ഇപ്പോഴത്തെ പരിച മതിയാകാതെ വരും. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും എന്ന മുഖ്യമന്ത്രിയുടെ ആപ്തവാക്യം അനുസരിച്ചാണെങ്കില്‍ ശിവശങ്കര്‍ വെള്ളം കുടിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിനില്‍ക്കുന്നു. മുട്ട് കൂട്ടിയിടിക്കുന്നതും നെഞ്ചിടിപ്പ് കൂടുന്നതും ആര്‍ക്കെന്ന് പൂരിപ്പിക്കേണ്ട സമയം അടക്കുകയാണ്. മടിയില്‍ കനമുള്ളവര്‍ ആരൊക്കെ. ശിവശങ്കറിന് മാത്രമാണോ. അതോ കെ.സുരേന്ദ്രന്‍ പൊട്ടിച്ച വെടിയില്‍ പറയുന്നതു പോലെ രണ്ട് മന്ത്രിമാരുണ്ടോ മുഖ്യമന്ത്രിയുടെ ഓഫീസിലെ വേറെ ഉദ്യോഗസ്ഥരുണ്ടോ. കസ്റ്റംസിന്റെ മുമ്പത്തെ വിശേഷണം ഓര്‍മ്മിക്കുക -അധോലോകം.

സത്യപ്രതിജ്ഞയുടെ തലേന്നാള്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ ഈ ഘട്ടത്തില്‍ പ്രസക്തമാണ്. "എന്റെ അടുത്തയാളാണ് എന്ന് പറഞ്ഞ് ചിലര്‍ രംഗപ്രവേശം ചെയ്താല്‍ അതും ഒരു അഴിമതിയുടെ രീതിയാണ്. അത്തരം അവതാരങ്ങളെ സൂക്ഷിച്ചു നില്‍ക്കേണ്ടതായിട്ടുണ്ട്. അത് എല്ലാവര്‍ക്കും ബാധകമായിട്ടുള്ള കാര്യമാണ്. അത്തരം കാര്യങ്ങള്‍ അടക്കം ശ്രദ്ധിക്കുന്ന മന്ത്രിസഭയായിരിക്കും ഈ മന്ത്രിസഭ". 

അവതാരങ്ങള്‍ പുറത്തുനിന്ന് വന്നതാണോ അതോ വിശ്വസ്തന്‍ തന്നെ അവതാരമായി മാറുകയായിരുന്ന എന്നതിനാണ് ഇ.ഡി ഉത്തരം തേടുന്നത്. ബാധകം എന്ന ആ വാക്കാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്. വിവാദ വനിതയുമായി വഴിവിട്ട ഇടപാടിന്റെ പേരിലാണ് ശിവശങ്കറിനെതിരെ നടപടിക്ക് എടുത്തത്. ആ വഴിവിട്ട നീക്കം സ്വന്തം ഓഫീസ് ദുരുപയോഗിച്ച് തന്നെയാണ് നടന്നത് എന്ന് വന്നാലോ. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ ഇറക്കിയ പരസ്യവാചകം ഇങ്ങനെയാണ് 'ജാഗ്രത മാത്രമാണ് രക്ഷ'. ജാഗ്രതക്കുറവും വീഴ്ചയും തന്നെയാണ് തെളിയുന്നത്. 

തെറ്റ് ചെയ്തവര്‍ ആരായാലും സംരക്ഷിക്കില്ല എന്ന വാക്ക് മുഖ്യമന്ത്രി കേരള സമൂഹത്തിന് നല്‍കിയതാണ്. ശിവശങ്കറിനെ മാറ്റി നിര്‍ത്തി ഇതില്‍ കൂടുതല്‍ സര്‍ക്കാരിന് എന്താണ് ചെയ്യാനാകുക. തെറ്റു ചെയ്തു മാറ്റി നിര്‍ത്തി. പക്ഷേ മാറ്റിനിര്‍ത്തിയ ശേഷമല്ല ഈ തെറ്റുകളൊക്കെ ചെയ്തിരിക്കുന്നത്. അത് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുമ്പോഴാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറക്കുകയാണ്.

കേരളത്തില്‍ ശിവശങ്കറാണെങ്കില്‍ കര്‍ണാടകത്തില്‍ ബിനീഷ് കോടിയേരി. ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നതും ഇ.ഡി തന്നെയാണ്. യു.എ.ഇ.എഫ്.എക്‌സിലേക്ക് അന്വേഷണം നീളാന്‍ പോകുന്നു. സിബിഐയെ താത്കാലികമായി വിലക്കിയിട്ടുണ്ടെങ്കിലും ലൈഫ് മിഷനിലെ അധ്യായം തുറക്കാനിരിക്കുന്നതേയുള്ളൂ. അഗ്നിപരീക്ഷയുടെ നാളുകളാണ്.

Content Highlights: Sivshankar's arrest:  Pinarayi could not deny or accept 'responsibility'

PRINT
EMAIL
COMMENT

 

Related Articles

ഉന്നതരിൽ അസാന്മാർഗികളുമെന്ന് സ്വപ്‌നയുടെ മൊഴി
Kerala |
News |
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സർക്കാരിനെ അപകീർത്തിപ്പെടുത്താന്‍ കസ്റ്റംസ് ശ്രമിക്കുന്നു- പിണറായി
News |
യു.എ.ഇ കോണ്‍സല്‍ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ നല്‍കിയത് ദുരൂഹമെന്ന് മന്ത്രി വി.മുരളീധരൻ
News |
'രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണി വിലപ്പോവില്ല'; പ്രതികരണവുമായി കസ്റ്റംസ് കമ്മീഷണർ
 
  • Tags :
    • m sivshankar
    • Gold Smuggling Case
More from this section
petrol pump
സെഞ്ച്വറി കടന്ന് പെട്രോള്‍: 'മൈലേജ്' കൂടുന്ന വികസനം
Rank holders strike
ബംഗാളില്‍ സമരം, കേരളത്തില്‍ പരിഹാസം; ഒരു പിന്‍വാതില്‍ അപാരത
Rajnikanth
രാഷ്ട്രീയം മണ്ണും മനുഷ്യരും, ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണ് കടുപ്പമേറിയതുമാണ്
sfi
ശുഭ്രപതാകയുടെ ചരിത്രം
sfi
എസ്.എഫ്.ഐ.യുടെ അരനൂറ്റാണ്ട്....മുന്നോട്ട്...
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.