സീതാറാം യെച്ചൂരി മുതല്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ വരെയുള്ള തിളങ്ങുന്ന വ്യക്തിത്വങ്ങളെ ഇന്ത്യന്‍ രാഷ്ട്രീയത്തിനു സമ്മാനിച്ച പ്രസ്ഥാനം. എസ്.എഫ്.ഐ. വിദ്യാര്‍ഥി രാഷ്ട്രീയത്തിന് കാമ്പസിനകത്തും പുറത്തും പുതിയ ഭാവുകത്വം നല്‍കിയ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് അമ്പതാണ്ട് തികയുകയാണ്

 

ലോകത്തെവിടെയും മാറ്റങ്ങള്‍ക്കുവേണ്ടി നടന്ന ഉശിരന്‍ സമരങ്ങളില്‍ വിദ്യാര്‍ഥികള്‍ ത്യാഗപൂര്‍ണമായ പങ്കുവഹിച്ചിട്ടുണ്ട്. 1908-ല്‍ ബ്രിട്ടീഷ് ഭരണം തൂക്കിലേറ്റിയ 18 വയസ്സുകാരന്‍ ഖുദ്ദിറാം ബോസിനെപ്പോലുള്ള വിദ്യാര്‍ഥി രക്തസാക്ഷികള്‍ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടാന്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും യുവാക്കളെയും ഉത്തേജിപ്പിച്ചു. 1931 മാര്‍ച്ച് 23-ന് തൂക്കിലേറ്റപ്പെട്ട സര്‍ദാര്‍ ഭഗത്സിങ് ദത്തിന്റെ ധീരത ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിഷേധാഗ്‌നി ആളിപ്പടരുന്ന സാഹചര്യം സൃഷ്ടിച്ചു.

ഈ പശ്ചാത്തലത്തിലാണ് സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് അണിനിരത്തുകയെന്ന കാഴ്ചപ്പാടോടുകൂടി 1936 ഓഗസ്റ്റ് 12-ാം തീയതി ലഖ്നൗവില്‍ അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെ രൂപവത്കരണസമ്മേളനം ചേര്‍ന്നത്. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു ഉദ്ഘാടനംചെയ്ത സമ്മേളനത്തില്‍ മുഹമ്മദലി ജിന്ന അധ്യക്ഷതവഹിച്ചു. ഈ സംഘടന സ്വാതന്ത്ര്യസമരത്തില്‍ ധീരോജ്ജ്വല പങ്കുവഹിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യസമ്പാദനാനന്തരം ഇന്ത്യന്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ ശക്തമായ വ്യത്യസ്തചിന്താഗതികള്‍ സംഘടനയില്‍ അനൈക്യം സൃഷ്ടിച്ചു. 1960-കളുടെ മധ്യത്തില്‍ കേരളത്തില്‍ കേരള വിദ്യാര്‍ഥി ഫെഡറേഷന്റെ രൂപവത്കരണത്തിലേക്ക് നയിച്ചത് ഇതാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ സംസ്ഥാനതല സംഘടനകള്‍ രൂപവത്കരിക്കപ്പെട്ടു. ഇത്തരം സമരോത്സുക സംഘടനകള്‍ കൂടിച്ചേര്‍ന്നാണ് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ.) രൂപംകൊണ്ടത്.

ആ നാളുകള്‍

തിരുവനന്തപുരം ടാഗോര്‍ സെന്ററിനറി ഹാളില്‍ 1970 ഡിസംബര്‍ 27 മുതല്‍ 30 വരെ ചേര്‍ന്ന രൂപവത്കരണസമ്മേളനം എ.കെ.ജി.യാണ് ഉദ്ഘാടനംചെയ്തത്. വിദ്യാര്‍ഥിസമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന എസ്.എഫ്.ഐ. പരിപാടി എന്ന രേഖ ചര്‍ച്ചചെയ്ത് അംഗീകരിക്കുന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യകടമ. 'സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം' എന്നീ മുദ്രാവാക്യങ്ങള്‍ രക്തനക്ഷത്രാങ്കിതമായ ശുഭ്രപതാകയില്‍ ആലേഖനംചെയ്യാനും സമ്മേളനം തീരുമാനിച്ചു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപനപ്രകടനത്തിലും റാലിയിലും ഒരു 16 വയസ്സുകാരനായി പങ്കെടുത്ത ഓര്‍മ ഇന്നും മങ്ങിയിട്ടില്ല.

1974-ല്‍ െകാല്‍ക്കത്തയില്‍ ചേര്‍ന്ന രണ്ടാം അഖിലേന്ത്യാസമ്മേളനമാണ് ഞാന്‍ പ്രതിനിധിയായി സംബന്ധിക്കുന്ന ആദ്യ അഖിലേന്ത്യാസമ്മേളനം; അതിനുമുമ്പ് പാലക്കാട്ടും കോട്ടയത്തും കൊല്ലത്തും നടന്ന സംസ്ഥാനസമ്മേളനങ്ങളില്‍ പ്രതിനി ധിയായിരുന്നു. പി.സുന്ദരയ്യ ഉദ്ഘാടനംചെയ്ത കൊല്‍ക്കത്താസമ്മേളനത്തിന്റെ മുഖ്യസംഭാവന വിശദമായ ഒരു 'വിദ്യാഭ്യാസപ്രമേയം' ചര്‍ച്ചചെയ്ത് അംഗീകരിച്ചതാണ്.

1975-ലെ ആഭ്യന്തര അടിയന്തരാവസ്ഥയ്ക്കുനേരെനടന്ന എസ്.എഫ്.ഐ.യുടെ ഉശിരന്‍ സമരങ്ങളും കല്‍ക്കത്ത സമ്മേളനം അംഗീകരിച്ച വിദ്യാഭ്യാസപ്രമേയത്തെ മുന്‍നിര്‍ത്തിയുള്ള പ്രചാരണപ്രക്ഷോഭങ്ങളും എസ്.എഫ്.ഐ.ക്ക്, വ്യത്യസ്തമായ ഒരു വിദ്യാര്‍ഥിസംഘടനയെന്ന അംഗീകാരം പകര്‍ന്നുനല്‍കി. അടിയന്തരാവസ്ഥക്കാലത്തിന് മുമ്പുതന്നെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ കലാലയങ്ങളിലും കുറെ സ്‌കൂളുകളിലും സംഘടനയ്ക്ക് സ്വാധീനംസ്ഥാപിക്കാന്‍ സാധിച്ചു. എന്നാല്‍, വന്‍മുന്നേറ്റമുണ്ടായത് 1977-ല്‍ രാജ്യം ജനാധിപത്യസ്വാതന്ത്ര്യവും പൗരാവകാശങ്ങളും വീണ്ടെടുത്ത പ്രസന്നമായ അന്തരീക്ഷത്തിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ത്യാഗപൂര്‍ണവും സാഹസികവുമായ ചെറുത്തുനില്‍പ്പുകളും അതില്‍ എസ്.എഫ്.ഐ. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ നടത്തിയ ഇടപെടലും കെ.എസ്.യു.വും കൂട്ടാളികളും വിദ്യാര്‍ഥിരംഗത്ത് ദയനീയമായി ഒറ്റപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. നാലുപതിറ്റാണ്ടിലേറെ അതില്‍ മാറ്റംവരുത്താന്‍ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടനയെന്ന് വ്യാജമായ വീമ്പുപറച്ചില്‍ നടത്തിയിരുന്നവര്‍ക്ക് സാധിച്ചിട്ടില്ല എന്ന് വ്യക്തം.

അടിയന്തരാവസ്ഥക്കാലത്തെ മാറിയ സാഹചര്യത്തില്‍, വിദ്യാര്‍ഥിപ്രതിഷേധം വ്യത്യസ്തരൂപങ്ങളില്‍ സംഘടിപ്പിക്കാന്‍ നടത്തിയ ഭാവനപൂര്‍ണമായ ശ്രമങ്ങള്‍ എസ്.എഫ്.ഐ.യുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

പന്തലിച്ച വളര്‍ച്ച

ഒരുലക്ഷത്തി ഇരുപത്തിനാലായിരം അംഗങ്ങളാണ് ഒന്നാം അഖിലേന്ത്യാസമ്മേളനകാലത്ത് ഇന്ത്യയിലാകെ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കേരളത്തില്‍മാത്രം 14 ലക്ഷത്തിലധികമാണ് അംഗങ്ങള്‍. അഖിലേന്ത്യാതലത്തില്‍ 42 ലക്ഷത്തോളവും. അമ്പതുവര്‍ഷംമുമ്പ് ഏതാനും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍മാത്രമായിരുന്നു സംഘടനയ്ക്ക് വിദ്യാര്‍ഥി യൂണിയന് ജയിക്കാനായിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. വലിയ വളര്‍ച്ചയാണ് അരനൂറ്റാണ്ടില്‍ എസ്.എഫ്.ഐ. നേടിയത് എന്ന് ചുരുക്കം.

ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ അട്ടിമറിക്കാന്‍ കൂസലില്ലാത്ത തീവ്രവലതുപക്ഷ ശക്തികള്‍ ആധിപത്യംനേടുന്ന അത്യന്തം ആപത്കരമായ ഇക്കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കടമകള്‍ വളരെ വലുതാണ്. വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണത്തിനും വര്‍ഗീയവത്കരണത്തിനും അമിതമായ ക്രേന്ദീകരണത്തിനുമെതിരായ സമരപരമ്പരകള്‍ ശക്തമാക്കേണ്ടതുണ്ട്.

സംയോജനകാലത്താണ് അവകാശപ്രക്ഷോഭങ്ങളുടെ പര്യായമായി മാറിക്കഴിഞ്ഞിട്ടുള്ള എസ്.എഫ്.ഐ. യുടെ ഇന്നലകളിലേക്കുള്ള തിരിഞ്ഞുനോട്ടം 50-ാം വാര്‍ഷികവേളയില്‍ നടക്കുന്നത്. ജനാധിപത്യ-മതേതര-പുരോഗമന മൂല്യങ്ങള്‍ മുറുകെപ്പിടിച്ച്, പഠനവും സമരവും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകാനും അതോടൊപ്പം ബലഹീനതകളും തിരിച്ചറിയാനാകുന്ന തെറ്റുകുറ്റങ്ങളും തിരുത്താനും ഈ ചരിത്രമുഹൂര്‍ത്തം എസ്.എഫ്.ഐ.ക്ക് അവസരമൊരുക്കുമെന്ന് കരുതുന്നു.

(പൊളിറ്റ് ബ്യൂറോ അംഗമായ ലേഖകന്‍ '78-'81 കാലഘട്ടത്തില്‍എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റായിരുന്നു )