രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള വിദ്യാര്‍ഥിസംഘടനയായ എ.ഐ.എസ്.എഫ്. സി.പി. ഐ. നിയന്ത്രണത്തിലാണെന്നതിനാല്‍ സി.പി.എം. അനുകൂല എ.ഐ. എസ്.എഫുകാരാണ് കേരളത്തില്‍ കെ.എസ്.എഫ്. രൂപവത്കരിച്ചത്. ബംഗാളില്‍ ഈ വിഭാഗം ബി.എസ്.എഫും പഞ്ചാബില്‍ പി.എസ്.യു.വും സംഘടിപ്പിച്ചു. വിമോചന സമരകാലത്ത് ഉദയംചെയ്ത കെ.എസ്.യു.വിന് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടാക്കാന്‍കഴിഞ്ഞ സ്വാധീനത്തെ വെല്ലുവിളിക്കാന്‍ മാത്രം പിന്തുണ അക്കാലത്ത് കെ.എസ്.എഫിന് ഉണ്ടായിരുന്നില്ല.
പിണറായി വിജയന്, വൈക്കം വിശ്വന്, പാട്യം രാജന് തുടങ്ങിയവര്‍ നയിച്ച കെ.എസ്.എഫ്. ഒടുവിലായപ്പോള്‍ 'നക്സല്‍ ഭീഷണി'യില്‍ ആടിയുലയുകയും ചെയ്തു. സി.പി.എം. നേതൃത്വത്തെ ധിക്കരിച്ച് നക്സല്വാദിയായ ഫിലിപ്പ് എം. പ്രസാദിനെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കുന്ന സ്ഥിതിവരെയുണ്ടായി. പിന്നീട് മറ്റൊരു കണ്വെന്ഷന് വിളിച്ച് ഫിലിപ്പ് എം. പ്രസാദിനെയും സംഘത്തെയും മാറ്റുകയായിരുന്നു. ഒടുവില്‍ സി.പി. അബൂബക്കര്‍ പ്രസിഡന്റും സി. ഭാസ്കരന് സെക്രട്ടറിയുമായിരിക്കേയാണ് തിരുവനന്തപുരത്ത് വിവിധ സംസ്ഥാനങ്ങളിലെ സി.പി.എം. നിയന്ത്രണത്തിലുള്ള വിദ്യാര്‍ഥിപ്രവര്‍ത്തകരുടെ സമ്മേളനം നടത്തി അഖിലേന്ത്യാ സംഘടന രൂപവത്കരിക്കുന്നത്. കേരളത്തില്‍ ആദ്യ പ്രസിഡന്റായി ജി. സുധാകരനും സെക്രട്ടറിയായി സി.പി. അബൂബക്കറും. ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ ജോയന്റ് സെക്രട്ടറി.
കൊടിയുടെ കഥ
ലോകവ്യാപകമായി വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന ആശയത്തര്ക്കങ്ങള് എസ്.എഫ്.ഐ.യുടെ യൂണിറ്റ് മുതല്‍ എല്ലാതലത്തിലെയും സമ്മേളനങ്ങളിലും കാമ്പസ് കൂട്ടായ്മകളിലും അന്ന് വലിയ ചര്‍ച്ചയായി. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് മുദ്രണംചെയ്ത ശുഭ്രപതാക എസ്.എഫ്.ഐ. പതാകയായി അംഗീകരിക്കുന്നതുതന്നെ രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ്. കൊടി ചുവപ്പുതന്നെ വേണമെന്ന് കേരളഘടകം പ്രഥമ അഖിലേന്ത്യാ സമ്മേളനത്തില്‍ വാശിപിടിച്ചു. ബംഗാളടക്കമുള്ള ഘടകങ്ങള്‍ വെള്ളപ്പതാക മതിയെന്നും. ഒടുവില്‍ സമ്മേളനത്തിനുശേഷം നടന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് പതാക അംഗീകരിച്ചത്.
വളര്‍ച്ചയുടെ പടവുകള്‍
എസ്.എഫ്.ഐ. രൂപംകൊണ്ട് മൂന്നുവര്‍ഷത്തിനുശേഷമാണ് കോളേജ് യൂണിയന് തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ്, കൊല്ലം എസ്.എന്‍., തൃശ്ശൂര്‍ കേരളവര്‍മ, തലശ്ശേരി ബ്രണ്ണന്‍ എന്നിവിടങ്ങളിലാണ് അത്തവണ ആദ്യമായി എസ്.എഫ്.ഐ. വിജയിച്ചത്. ബ്രണ്ണനില്‍ ചെയര്‍മാനായി ജയിച്ചത് ഇപ്പോള്‍ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ. ബാലന്. 1973-ല്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് '78 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അക്കാലത്ത് ആദ്യം ജി. സുധാകരനും പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് എം.എ. ബേബിയും തുടര്‍ന്ന് എ.കെ. ബാലനും സംസ്ഥാന പ്രസിഡന്റ്. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് ജി. സുധാകരന്, എം. വിജയകുമാര്‍, എം.എ. ബേബി എന്നിവരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തി അറസ്റ്റിലായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മിസ പ്രകാരം 18 മാസമാണ് ജയിലിലടച്ചത്.
ശക്തിസ്രോതസ്സ്
സി.പി.എം. രാഷ്ട്രീയത്തില്‍ എണ്‍പതുകളോടെയാണ് പ്രധാന ശക്തിസ്രോതസ്സായി എസ്.എഫ്.ഐ. മാറുന്നത്. എണ്‍പതുകളുടെ പകുതിയോടെ സംസ്ഥാനത്തെ ഭൂരിഭാഗം കോളേജുകളിലും ജയിക്കുന്നതിനുപുറമേ എല്ലാ സര്‍വകലാശാലാ യൂണിയനുകളും എസ്.എഫ്.ഐ.യുടെ അധീനതയില്‍വരുന്ന സ്ഥിതിയായി.
വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണത്തിനെതിരായ പോരാട്ടവും ധൈഷണികരംഗത്തെ ഇടപെടലും എസ്.എഫ്.ഐ.ക്ക് മേല്ക്കൈയുണ്ടാക്കി. തിരുവനന്തപുരത്ത് ഒന്നാം സമ്മേളനത്തിന്റെ പ്രകടനത്തിനിടയിലേക്ക് ബസ് ഇരച്ചുകയറിയതില്‍ ചതഞ്ഞ് മരിച്ച ദേവപാലന്‍മുതല്‍ അഭിമന്യുവരെ 33 പേരാണ് എസ്.എഫ്.ഐ. പ്രവര്‍ത്തനത്തിനിടയില്‍ രക്തസാക്ഷികളായത്.
പാര്‍ട്ടിയുടെ പരമ്പരാഗതമായ സ്രോതസ്സിനുപുറത്തെ വലിയൊരുവിഭാഗത്തെ കാമ്പസുകളിലെ പ്രവര്‍ത്തനത്തിലൂടെ എസ്.എഫ്.ഐ. യിലേക്ക് ആകര്‍ഷിക്കാനും അതുവഴി പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യാനും കഴിഞ്ഞതാണ് കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടുകളായി സി.പി.എമ്മിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം. തൊഴിലാളി-ദരിദ്ര കര്‍ഷക വിഭാഗത്തിനപ്പുറത്ത് മധ്യവര്‍ഗത്തില്‍നിന്നുള്ള റിക്രൂട്ട്മെന്റ്.
എന്നാല്‍, എസ്.എഫ്.ഐ.യിലൂടെ പ്രവര്ത്തകരായെത്തുന്നവരില് വലിയൊരുഭാഗം പാര്‍ട്ടിയുടെ പ്രവര്‍ത്തകരായി മാറുന്നില്ല, പഴയതുപോലെ മികച്ച കാഡര്‍മാരെ കിട്ടുന്നില്ല എന്ന സ്വയംവിമര്‍ശനം പാര്‍ട്ടിക്കകത്തുണ്ട്.
സി.പി.എമ്മിന്റെ ഇപ്പോഴത്തെ ദേശീയനേതൃത്വം പഴയ എസ്.എഫ്.ഐ. നേതാക്കളിലാണ്. കാരാട്ടും യെച്ചൂരിയും ബേബിയും മുന്‍ പ്രസിഡന്റ്-സെക്രട്ടറിമാര്‍. കേരളത്തിലെത്തിയാല്‍ പിണറായി കെ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി. കോടിയേരിയും എ.കെ. ബാലനും ഇ.പി. ജയരാജനും തോമസ് ഐസക്കും എ. വിജയരാഘവനും പി. രാജീവും കെ. എന്‍. ബാലഗോപാലനും എത്തിയത് എസ്.എഫ്.ഐ.യിലൂടെ. മുന്‍ സംസ്ഥാന സെക്രട്ടറിയോ പ്രസിഡന്റോ മറ്റ് ഭാരവാഹികളോ ആയിരുന്നവരാണ് ജി. സുധാകരന്, എം. വിജയകുമാര്‍, സുരേഷ്കുറുപ്പ്, ജയിംസ് മാത്യു, വി. ശിവന്‍കുട്ടി, എ. പ്രദീപ്കുമാര്‍, കെ.കെ. രാഗേഷ് എം.പി. എന്നിവര്‍. ആദ്യ സെക്രട്ടറിയായിരുന്ന സി.പി. അബൂബക്കര്‍ മാത്രമാണ് രാഷ്ട്രീയം ഉപേക്ഷിച്ച് അധ്യാപകനായത്.