‘‘കോൺഗ്രസ് ഇപ്പോൾ ഒരുതരം ‘മൃദുഹിന്ദുത്വ’രാഷ്ട്രീയമല്ലേ കളിക്കുന്നത്?, നിങ്ങൾ ‘മൃദു ബി.ജെ.പി.’ ആയിരിക്കുകയല്ലേ?’’- രാജ്യമെങ്ങും ജനങ്ങളുമായി സംവദിക്കുമ്പോൾ ഈയിടെയായി എനിക്കു നേരിടേണ്ടിവരുന്ന ചോദ്യങ്ങളിൽ ചിലത് ഈ സ്വഭാവത്തിലുള്ളതാണ്. ഇതിനുള്ള ഏറ്റവും ഹ്രസ്വമായ ഉത്തരം ‘അല്ല’ എന്നതാണ്. ബി.ജെ.പി.യുടെ മൃദുരൂപമാവാൻ ശ്രമിച്ചാൽ കോൺഗ്രസ് മൃതിയടയുമെന്നതു ദീർഘനാളായി ഞാൻ പുലർത്തിപ്പോരുന്ന നിലപാടാണ്. കോൺഗ്രസ് ഒരുതരത്തിലും ബി.ജെ.പി.യല്ല; എന്നിരിക്കെ, ‘അല്ലാത്ത’ ഒന്നിന്റെ ‘മൃദുരൂപ’മാവാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്ന തോന്നൽ പൊതുജനങ്ങൾക്ക് ഉണ്ടാവാതിരിക്കുന്നതിനു പരമാവധി ശ്രദ്ധപുലർത്തേണ്ടതുമുണ്ട്.

പക്ഷേ, തുടർച്ചയായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിനാൽ ഈ ചോദ്യത്തിനു പൂർണതോതിലുള്ള ഉത്തരം ആവശ്യമാണ്. ചോദ്യകർത്താക്കൾക്ക് പലവിധ സംശയങ്ങളുണ്ട്: രാഹുൽഗാന്ധിയുടെ ക്ഷേത്രദർശനങ്ങൾ, മധ്യപ്രദേശിൽ മാട്ടിറച്ചി നിരോധിച്ചതുസംബന്ധിച്ചു ദിഗ്വിജയ് സിങ് നടത്തിയ അവകാശവാദം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഗോശാലകൾ സ്ഥാപിക്കുമെന്ന കമൽനാഥിന്റെ വാഗ്ദാനം, സുപ്രീംകോടതിവിധിയെ എതിർക്കുന്ന ശബരിമലഭക്തർക്കു കേരളത്തിലെ കോൺഗ്രസ് ഘടകം നൽകുന്ന പിന്തുണ എന്നുതുടങ്ങി ‘ഞാൻ എന്തുകൊണ്ടു ഹിന്ദുവാണ്’ എന്ന എന്റെ പുസ്തകത്തെപ്പറ്റിവരെ സംശയങ്ങൾ ഉന്നയിക്കപ്പെടുന്നു. ‘ബി.ജെ.പി.യെ അനുകരിച്ച് ഹൈന്ദവപ്രീണനം നടത്തുന്ന കോൺഗ്രസ് മതനിരപേക്ഷപാരമ്പര്യം കൈവെടിയുന്നു’വെന്നാണ് ആക്ഷേപം.

‘ബി.ജെ.പി.ക്കും അത് ഉയർത്തിപ്പിടിക്കുന്ന ഹിന്ദുഭൂരിപക്ഷരാഷ്ട്രീയത്തിനും അർഥവത്തായ ബദലൊരുക്കാൻ കോൺഗ്രസിനാവുമോ’ എന്നാണ് ആദരണീയനായ പംക്തികാരൻ ജി. സമ്പത്ത് ഈയിടെ ഒരു ലേഖനത്തിൽ സംശയംപ്രകടിപ്പിച്ചത്. മൃദുഹിന്ദുത്വ ആരോപണംതന്നെയാണ് അദ്ദേഹം കോൺഗ്രസിനുനേരെ ഉയർത്തുന്നത്. ‘കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു മുന്നണി 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയം നേടിയാൽത്തന്നെയും അതു വർഗീയശക്തികളുടെ അടിയറവായി കണക്കാക്കാനാവില്ല’ എന്നാണ് സമ്പത്തിന്റെ പക്ഷം. ‘രാഹുൽഗാന്ധിയും കോൺഗ്രസും ഹിന്ദുത്വഭീഷണിയിൽ നിന്നു രാജ്യത്തെ രക്ഷിക്കുമെന്നു പ്രതീക്ഷപുലർത്തുന്ന ഉദാരരാഷ്ട്രീയോപാസകരും മറ്റു സുമനസ്സുകളും ഞെട്ടാനിരിക്കുന്നതേയുള്ളൂ’ എന്നും അദ്ദേഹം തീർച്ചപ്പെടുത്തുന്നു.

ഇത്തരം വിമർശനങ്ങളുയർത്തുന്നവർ കോൺഗ്രസിന്റെതന്നെ ഉറപ്പുകൾ മുഖവിലയ്ക്കെടുക്കുന്നില്ല. കോൺഗ്രസ് എല്ലാ ജനവിഭാഗങ്ങളുടെയും സംഘടനയാണ്, ന്യൂനപക്ഷ-ദുർബല-പാർശ്വവത്കൃതവിഭാഗങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ അത്താണിയാണ്, മതനിരപേക്ഷതയോട് അടിസ്ഥാനപരമായി പ്രതിജ്ഞാബദ്ധമാണ് എന്നതൊക്കെയാണ് ആ ഉറപ്പുകൾ. ഇങ്ങനെ ഉറപ്പിച്ചുപറയാനും ആ ഉറപ്പുകളിൽ അടിയുറച്ചുനിൽക്കാനും കഴിയുന്ന ഒരേയൊരു സുപ്രധാന രാഷ്ട്രീയസംഘടന ഈ രാജ്യത്തു കോൺഗ്രസ് മാത്രമാണ് എന്നതാണ്‌ വസ്തുത. ഇപ്പറഞ്ഞ ജനവിഭാഗങ്ങളുടെയൊന്നും താത്പര്യങ്ങൾക്കായി നിലകൊള്ളുന്നുവെന്നു വെറുതേ ഭാവിക്കാൻപോലും ബി.ജെ.പി. മനസ്സുവെക്കുന്നില്ല.

ഹിന്ദുമതമല്ല ഹിന്ദുത്വം

ഹിന്ദുമതത്തെയും ഹിന്ദുത്വത്തെയും വ്യവച്ഛേദിക്കുന്ന കോൺഗ്രസ് സമീപനം കാമ്പില്ലാത്തതാണെന്നാണു വിമർശകരുടെ വാദം. കോൺഗ്രസ് ആദരപൂർവം കാണുന്ന ‘ഹിന്ദുമതം’ സർവാശ്ലേഷിയും ഭീഷണഭാവമില്ലാത്തതുമാണ്. അതേസമയം, വിവേചനത്തിലധിഷ്ഠിതമായ രാഷ്ട്രീയസിദ്ധാന്തമാണ് ‘ഹിന്ദുത്വം.’ ഇതിനെ രണ്ടിനെയും വേറിട്ടുകാണുന്ന കോൺഗ്രസ് നിലപാടിനെ വിമർശകർ അംഗീകരിക്കുന്നില്ല. ബി.ജെ.പി.യുടെ രാഷ്ട്രീയസന്ദേശത്തിന്റെ മയപ്പെടുത്തിയ രൂപംമാത്രമാണ്‌ കോൺഗ്രസ് മുന്നോട്ടുവെക്കുന്നതെന്ന് ഇക്കൂട്ടർ തീർപ്പിലെത്തുന്നു.

ഈ തീർപ്പ് സത്യത്തിൽനിന്ന് ഏറെ അകലെയാണ്. വ്യക്തിപരമായി ഹിന്ദുമതത്തിൽ വിശ്വാസമർപ്പിക്കുന്നുവെങ്കിലും താൻ ഒരുതരത്തിലുമുള്ള (മൃദുവോ തീവ്രമോ) ഹിന്ദുത്വത്തെ പിന്താങ്ങുന്നില്ലെന്ന് രാഹുൽഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഹൈന്ദവത മതമാണെന്നും ഹൈന്ദവവിശ്വാസത്തിന്റെ സുപ്രധാനതത്ത്വങ്ങളിൽനിന്ന് അടിസ്ഥാനപരമായി വ്യതിചലിക്കുന്ന രാഷ്ട്രീയസിദ്ധാന്തമാണു ഹിന്ദുത്വമെന്നും കോൺഗ്രസ് മനസ്സിലാക്കുന്നു. ഹിന്ദുമതം എല്ലാത്തരത്തിലുമുള്ള ആരാധനാസമ്പ്രദായങ്ങളെ ഉൾക്കൊള്ളുമ്പോൾ, ഹിന്ദുത്വം വിശ്വാസത്തോടു നിസ്സംഗതപുലർത്തുകയും സ്വത്വത്തിൽ ശ്രദ്ധയൂന്നുകയുംചെയ്യുന്നു. ഹിന്ദുമതം അതിന്റെ വാതിലുകൾ പരിഷ്കരണത്തിനും പുരോഗതിക്കുമായി തുറന്നിട്ടുകൊടുത്തിരിക്കുന്നു. നാലായിരം കൊല്ലം അതു നിലനിന്നതും അതുകൊണ്ടുതന്നെയാണ്. ഹിന്ദുത്വമാവട്ടെ പ്രതിലോമസ്വഭാവമുള്ളതാണ്. 1920-കളിൽ ഫാസിസത്തിനു വിത്തുപാകിയ ‘വംശാഭിമാന’മൂല്യങ്ങളിലാണ് അതിന്റെ വേരുകൾ കുടികൊള്ളുന്നത്. ഈ നൂറ്റാണ്ടിൽ, ഇപ്പോഴത്തെയീ ഉത്തുംഗദശയ്ക്കപ്പുറം അതു നിലനിൽക്കാനിടയില്ല എന്നു കരുതപ്പെടുന്നതും ഇക്കാരണത്താൽത്തന്നെയാണ്.
കൂടുതൽ മൗലികമായ അന്തരങ്ങളുണ്ട്. വിപുലമായ വൈവിധ്യത്തെ ഉൾക്കൊള്ളുന്ന, വ്യക്തിയെയും വ്യക്തിയും ദൈവസങ്കല്പവും തമ്മിലുള്ള ബന്ധത്തെയും ആദരിക്കുന്ന ഹൈന്ദവതയാണ് കോൺഗ്രസ് നേതാക്കൾ അനുശീലിക്കുന്നത്. വർഗീയസ്വത്വരാഷ്ട്രീയത്തെ മുൻനിർത്തിയുള്ള, ഹൈന്ദവവിശ്വാസത്തെ ഏകശിലാത്മകമതമായി രൂപാന്തരപ്പെടുത്താൻ ശ്രമിക്കുന്ന ‘ഹിന്ദുത്വ’ത്തെയാണ് ബി.ജെ.പി. ഉയർത്തിപ്പിടിക്കുന്നത്. ഹൈന്ദവവിശ്വാസത്തിന് അങ്ങനെയൊരു ഏകശിലാത്മകസ്വഭാവമേയില്ലെന്നിരിക്കെയാണിത്. വ്യത്യാസങ്ങളെ അംഗീകരിക്കുകയും ഇതരമതസ്ഥരെ ആദരപൂർവം ആശ്ലേഷിക്കുകയും ചെയ്യണമെന്നതടക്കമുള്ള വിവേകാനന്ദാശയങ്ങളിലധിഷ്ഠിതമായ ഹൈന്ദവതയിലാണു കോൺഗ്രസ് വിശ്വസിക്കുന്നത്. വിഭിന്നവിശ്വാസങ്ങൾ പുലർത്തുന്നവരെ വിരട്ടിയും ആക്രമിച്ചും കീഴ്‌പ്പെടുത്തിയും വ്യത്യാസങ്ങളെ ഉൻമൂലനംചെയ്യാനാണ് ബി.ജെ.പി.യുടെ ‘ഹിന്ദുത്വം’ പരിശ്രമിക്കുന്നത്.

ആശങ്ക എന്തിന്?

അപ്പോൾപ്പിന്നെ, കോൺഗ്രസിന്റെ ഹിന്ദുക്കളായ നേതാക്കളോ പ്രവർത്തകരോ വ്യക്തിപരമായി വെച്ചുപുലർത്തുന്ന വിശ്വാസത്തെ എന്തിനാണ് ഉദാരരാഷ്ട്രീയനിലപാടുകാർ ആശങ്കയോടെ വീക്ഷിക്കുന്നത്? സമഗ്രസ്വഭാവമുള്ള ഒരു വിശ്വാസസംഹിതയായല്ല ഈ കോൺഗ്രസുകാർ ഹിന്ദുമതത്തെ മനസ്സിലാക്കുന്നത്; മറിച്ച്, ലോകത്തിന്റെ സങ്കീർണതകളോടു സമരസപ്പെടാനുള്ള മാർഗമായാണ്. സത്യം ബഹുസ്വരമാണെന്നും ഉത്പത്തിയെയോ ജീവിതത്തിന്റെ അർഥത്തെയോ സംബന്ധിച്ചുള്ള വലിയ ചോദ്യങ്ങൾക്ക് ഒരൊറ്റ ശരിയുത്തരമല്ല ഉള്ളതെന്നും അത് അംഗീകരിക്കുന്നു. മറ്റു സത്യങ്ങൾ നിലനിൽക്കുന്നുവെന്ന് അംഗീകരിക്കലാണ് ഹിന്ദുവിനെ സംബന്ധിച്ച്, ഏറ്റവും മഹത്തായ സത്യം.  
മിക്ക മതങ്ങളും ഒരു സ്വത്വത്തിനും ഒരു ആഖ്യാനത്തിനും ഒരു വിശുദ്ധഗ്രന്ഥത്തിനും മുൻഗണന കല്പിക്കുന്നു. ഹിന്ദുമതമാവട്ടെ എല്ലാവരിലും ബഹുസ്വത്വങ്ങളുണ്ടെന്ന് അംഗീകരിക്കുകയും വ്യത്യസ്ത ആഖ്യാനങ്ങളെ സ്വീകരിക്കുകയും വിവിധങ്ങളായ വിശുദ്ധഗ്രന്ഥങ്ങളെ ആദരിക്കുകയും ചെയ്യുന്നു. ഇതാണ് കോൺഗ്രസുകാരൻ മനസ്സിലാക്കുന്ന ‘ഹിന്ദുമതം.’ ഒറ്റദൈവത്തിലും ഒറ്റ വിശുദ്ധഗ്രന്ഥത്തിലും ഒരൊറ്റ രീതിയിലും അധിഷ്ഠിതമായ ഏബ്രഹാമിക ചട്ടക്കൂടിലേക്ക് ബഹുവിശ്വാസങ്ങളിലധിഷ്ഠിതമായ ഹിന്ദുമതത്തെ സന്നിവേശിപ്പിക്കാനാവില്ല; ബി.ജെ.പി. ആഗ്രഹിക്കുന്നതാവട്ടെ അതാണുതാനും. വലിയ ചോദ്യങ്ങളുമായി കൂടുതൽക്കൂടുതൽ ഇടപെടുന്തോറും പല കാര്യങ്ങളും എത്രമാത്രം നമ്മുടെ ഗ്രഹണശക്തിക്കുമപ്പുറത്താണ് എന്ന് ഹിന്ദു മനസ്സിലാക്കുന്നു. ഹിന്ദുത്വമാവട്ടെ തീർപ്പുകളിൽ അധിഷ്ഠിതമാണ്.

ഭയം വെടിയൂ

കോൺഗ്രസുകാരനും ഉറച്ച ഉദാരവാദിയുമെന്നനിലയിൽ എനിക്കു ഹിന്ദുമതത്തോടു കൂറു പ്രഖ്യാപിക്കുക എളുപ്പമാണ്. വ്യക്ത്യധിഷ്ഠിതവും വ്യക്തിക്കു മുൻഗണന കല്പിക്കുന്നതുമായ മതമാണത്; ജീവിതത്തിന്റെ അർഥംസംബന്ധിച്ച്‌ സ്വന്തമായ ഉത്തരങ്ങൾ കണ്ടെത്താൻ വിശ്വാസിക്ക്‌ പൂർണസ്വാതന്ത്ര്യം ആദരപൂർവം അനുവദിച്ചുകൊടുക്കുന്ന മതം; രൂപമില്ലാത്ത ദൈവത്തെ ഏതു രൂപത്തിലും രീതിയിലും ആരാധിക്കാമെന്നതടക്കമുള്ള ബഹുവിധസാധ്യതകൾ മുന്നോട്ടുവെക്കുന്ന മതം; മനസ്സിനു വലിയ പ്രാധാന്യം കല്പിക്കുകയും ചിന്തിക്കാനും ബൗദ്ധികമായ അന്വേഷണങ്ങൾ നടത്താനും അവനവനിലേക്കുള്ള സഞ്ചാരങ്ങൾ നടത്താനുമുള്ള വ്യക്തിയുടെ കഴിവിനെ വിലമതിക്കുകയും ചെയ്യുന്ന മതം; ആശയസംഹിതകളും വിശുദ്ധകല്പനകളുമില്ലാത്ത, എന്നാൽ, ആത്മീയ-താത്ത്വികഗ്രന്ഥങ്ങളും സാമൂഹിക-സാംസ്കാരികവഴക്കങ്ങളുമൊക്കെയായി ഒട്ടനവധി സാധ്യതകൾ മുന്നോട്ടുവെക്കുന്ന മതം.

ഇതൊന്നും ഹിന്ദുത്വത്തിന്റെ പ്രയോക്താക്കൾക്ക് ഇഷ്ടമുള്ള കാര്യങ്ങളല്ല. അധികാരത്തിനെതിരായ ചെറുത്തുനിൽപ്പുകൾ വർധിച്ചുവരുന്നൊരു ലോകത്ത്, ഹിന്ദുമതം ഒരുതരത്തിലുള്ള അധികാരപ്രയോഗവും നടത്തുന്നില്ല. സാങ്കേതികവിദ്യകളുടെ സഹായത്താൽ പരസ്പരബന്ധിതരായ വ്യക്തികളുടെ ലോകത്ത്, ഹിന്ദുമതം ഒരുതരത്തിലുള്ള അധികാരശ്രേണിയും സ്ഥാപിക്കുന്നില്ല. വിവരങ്ങൾ ഉപാധിരഹിതമായി പങ്കുവെക്കപ്പെടുന്ന ലോകത്ത്, ഹിന്ദുമതം എല്ലാ മാർഗങ്ങളെയും ഒരുപോലെ സാധുവായി കണക്കാക്കുന്നു. ഇപ്പറഞ്ഞ ഓരോ കാര്യത്തിലും ഹിന്ദുത്വം നേർവിപരീതസ്ഥാനത്താണ്.

അതുകൊണ്ട്, അസ്വസ്ഥനായ ഉദാരവാദിയോട് എനിക്കു പറയാനുള്ളത് ‘ഭയം വെടിയൂ’ എന്നാണ്. അമ്പലത്തിൽ പോകുമ്പോഴും ഹിന്ദുമതത്തിൽ വിശ്വസിക്കുമ്പോഴും കോൺഗ്രസ് താങ്കളെ കൈവിടുന്നില്ല. താങ്കൾ വെറുക്കുന്ന ഹിന്ദുത്വവുമായി ഞങ്ങളുടെ വിശ്വാസത്തിന് ഒരുതരം സാമ്യവുമില്ല. ഹിന്ദുമതത്തിന്റെ, സഹിഷ്ണുതയും ഉദാരതയും പേറുന്ന ഹൃദയത്തോടാണതു ചേർന്നുനിൽക്കുന്നത്. ഹൈന്ദവേതരർക്ക് ഇന്ത്യയെ ഒരു സുരക്ഷിതസ്ഥാനമാക്കിത്തീർത്തത് ഈ ഹൃദയമാണ്. അതിൽ മാറ്റംവരുത്താൻ ഞങ്ങൾ ബി.ജെ.പി.യെ അനുവദിക്കുകയില്ല.

(പാർലമെന്റംഗവും എഴുത്തുകാരനുമാണ് ലേഖകൻ)