പാലക്കാട്: എ.വി ഗോപാനാഥന് പിന്നാലെ സീറ്റ് നിര്‍ണയത്തില്‍ കലാപക്കൊടിയുമായി പാലക്കാട് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന്‌ മുന്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാനായ എ. രാമസ്വാമി വ്യക്തമാക്കി. നെന്മാറ സീറ്റ് സി.എം.പിക്ക് കൊടുത്തത് സംശയാസ്പദമാണ്. നെന്മാറ സീറ്റ് കോണ്‍ഗ്രസ് വിറ്റതാണ്. കോണ്‍ഗ്രസ്സിന്റെ ഈ നിലപാട് ബി.ജെ.പിയെ സഹായിക്കാനാണെന്നും എ. രാമസ്വാമി പറഞ്ഞു.

55 വര്‍ഷം പണിയെടുത്തിട്ടും തനിക്ക് ഒരിക്കലും നീതി ലഭിച്ചില്ല. മുന്‍പും തിരഞ്ഞെടുപ്പുകളില്‍ നിന്ന് അവഗണിച്ചപ്പോഴും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനോ കലാപത്തിനോ ശ്രമിച്ചിട്ടില്ല. ഇത്തവണ പാര്‍ട്ടി പുനഃസംഘടന നടത്തിയപ്പോഴും തന്നെ അവഗണിച്ചു. പാലക്കാടാണ് തന്റെ പ്രവര്‍ത്തന മണ്ഡലം. പത്ത് വര്‍ഷം മുന്‍പ് ഷാഫി ഇവിടെ വരുമ്പോള്‍ ഷാഫിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 

ഷാഫി മാറുന്നില്ലെങ്കില്‍ നെന്മാറ പരിഗണിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. നെന്മാറ സീറ്റ് സി.എം.പിക്ക് വിറ്റതാണെന്ന് ഡി.സി.സി യോഗത്തില്‍ പോലും ആക്ഷപം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കോണ്‍ഗ്രസിന്റെ സാധ്യതയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്നും രാമസ്വാമി വ്യക്തമാക്കി. രാമസ്വാമിയെ അനുനയിപ്പിക്കാനായി ഷാഫി പറമ്പില്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.

Content Highlights: Rebellion simmering within Congress in Palakkad