ഇവിടെ പഴിയും പരിഹാസവും. അവിടെ ചോര ചിന്തിയ സമരം. വൈരുധ്യാത്മക ഭൗതികവാദത്തിന്റെ നിലനില്‍പ് തന്നെ ഭീഷണിയിലായ കാലത്താണ് ഇതു നടക്കുന്നത്. അതുകൊണ്ട് ഒരേ വിഷയത്തില്‍ ബംഗാളിലും കേരളത്തിലും രണ്ട് നിലപാട് എടുക്കുന്നതില്‍ തെറ്റില്ല. രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് കേട്ടിട്ടില്ലേ. ഏതാണ്ട് അതുപോലെ. 

ബംഗാളില്‍ തൊഴില്‍ തേടി സമരം ചെയ്യുന്നു. സഖാവ് യെച്ചൂരിയുടെ ട്വീറ്റ് നോക്കിയാല്‍  പോലീസിന്റെ മമതയില്ലാത്ത മര്‍ദനത്തിന്റെ നേര്‍ചിത്രങ്ങള്‍ കാണാം. മര്‍ദനത്തില്‍ പരിക്കേറ്റ ഒരു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ മരിക്കുകയും ചെയ്തു. മര്‍ദനത്തിലും തൊഴിലില്ലായ്മയിലും പ്രതിഷേധിച്ച് രണ്ട് ദിവസം മുമ്പ് ഹര്‍ത്താലും നടത്തി. സഖ്യകക്ഷിയായ കോണ്‍ഗ്രസും സമരത്തിന് പിന്തുണയുമായുണ്ട്. അന്തര്‍ധാര ശക്തമല്ലാത്തതിനാല്‍ ശ്രീനിവാസന്‍ പറയുന്നതുപോലെ, ബംഗാളിലെ സമരവും കേരളത്തിലെ സമരവും മാറ്റി മാറ്റി കാണിക്കരുത്.

പിന്‍വാതില്‍ നിയമനത്തിന്റേയും സ്ഥിരപ്പെടുത്തല്‍ മഹാമേളയുടെയും സീസണാണിത്. ലിസ്റ്റ് ഇപ്പോഴും തീര്‍ന്നിട്ടില്ലെന്നാണ് ശ്രുതി. ഇന്നലെ 214 പേരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് വന്നിട്ടുണ്ട്. ഇനി ബാക്കിയുണ്ടെങ്കില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീര്‍പ്പാക്കാവുന്നതേയുള്ളൂ. ആര്‍ജവം കാണാതിരിക്കരുതല്ലോ. സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി തടഞ്ഞിട്ടും സ്‌കോള്‍ കേരളയില്‍ 54 പേരെ സ്ഥിരപ്പെടുത്തിയെന്നാണ് കേള്‍വി. ആരെയും വിട്ടുപോകരുത്. തിരഞ്ഞെടുപ്പ് വരുന്നു. ഇറങ്ങിപ്പോകും മുമ്പ് മാനുഷിക പരിഗണന കാട്ടേണ്ട സമയമാണ്. ആരും കുറ്റപ്പെടുത്തരുത്. 

മാനുഷിക പരിഗണന കാട്ടിയാലും നാട്ടുകാര്‍ പ്രതിഷേധിക്കുന്ന വിചിത്രകാലം. പഠിച്ച് റാങ്ക് ലിസ്റ്റില്‍ ജോലി കാത്തിരിക്കുന്നവര്‍ക്കാണോ താത്കാലികമായി വര്‍ഷങ്ങള്‍ ജോലി ചെയ്യുന്നവര്‍ക്കോ, ആര്‍ക്കാണ് മാനുഷിക പരിഗണനയ്ക്ക് കൂടുതല്‍ യോഗ്യത. താത്കാലികം സ്ഥിരപ്പെടുന്നതിനോളം വരില്ല മറ്റൊരു മാനുഷിക പരിഗണനയും. കാരണം സ്ഥിരപ്പെടുത്തിയതിന്റെ റെക്കോഡിലാണ് നോട്ടം. ഉപകാരം ചെയ്താലും തെറ്റ് കാണുന്ന കുബുദ്ധികള്‍ക്ക് അത് മനസ്സിലാകില്ല. 

മാനുഷികത ഭരണത്തിലുള്ളവര്‍ക്ക് മാത്രം മനസ്സിലാകുന്ന പ്രത്യേക വികാരമാണ്. ബംഗാളിലെ മാനുഷികതയല്ലല്ലോ കേരളത്തിലെ മാനുഷികത. ബംഗാളില്‍ പ്രതിഷേധമാകാമെങ്കില്‍ ഇവിടെ ന്യായീകരണമാകാം. അവിടെ ഭരിക്കുന്നത് മമതയാണ്. ഇവിടെ പിണറായി വിജയനാണ്. വ്യത്യാസം ഏറെയുണ്ട്. ഇവിടെ പോരാട്ടം തത്കാലം കുത്തകകള്‍ക്കും ബൂര്‍ഷ്വകള്‍ക്കുമെതിരെയാണ്. റാങ്ക് ലിസ്റ്റില്‍ പേരില്ലാത്തവര്‍ ആരും സമരത്തില്‍ പാടില്ല. എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ്. 

rank holders strike
നിരാഹാരസമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയ
ഉമ്മന്‍ചാണ്ടിയുടെ കാലില്‍ വീണ്
അപേക്ഷിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍
റാങ്ക് ഹോള്‍ഡര്‍മാര്‍

സമരപരമ്പരകളിലൂടെ നടന്നുകയറിയ നേതാക്കള്‍ ഡല്‍ഹിയില്‍ കര്‍ഷക സമരത്തിന്റെ മുന്‍നിരയിലുണ്ട്. അവര്‍ എന്ത് കൃഷി ചെയ്യുന്നവരാണ് എന്ന് ചോദിക്കരുത്. സമരം അങ്ങനെയാണ്. ചിലതിന് അതിര്‍വരമ്പുകളുണ്ട്. അത് കടന്നാല്‍ നിലപാട് മാറും. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ് എന്നാണ് മാര്‍ക്‌സ് പഠിപ്പിച്ചത്. ഇതിപ്പോള്‍ ഡിജിറ്റല്‍ യുഗമാണ്.  മുദ്രാവാക്യം തിരുത്തണം. നിലപാടുകള്‍ മാറ്റുന്നതിലാണ് ജാഗ്രതക്കുറവ് പാടില്ലാത്തത്. ആദ്യം താത്കാലികമായി നിയമിക്കും. അധികാരമുള്ളപ്പോഴല്ലേ ചെയ്യാനാകൂ. പ്രിയപ്പെട്ടവരാകും ഇങ്ങനെ വരുക. കുറേക്കാലം അവിടെ ഇരുന്ന് തഴമ്പിച്ചു. അപ്പോള്‍ പഠിച്ച് റാങ്ക് ലിസ്റ്റിലെത്തുന്നവരുടെ യോഗ്യതയ്‌ക്കൊപ്പമാകും. അതോടെ സ്ഥിരപ്പെടുത്താം. അതാണ് അതിന്റെ ഒരു നടപ്പുരീതി. 

റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലും ആരെയും സ്ഥിരപ്പെടുത്തിയില്ല. കേള്‍ക്കുമ്പോള്‍ സംഗതി ശരിയാണ്. ഒന്നര ലക്ഷം പേര്‍ക്ക് പി.എസ്.സി വഴി ജോലി കൊടുക്കുന്നത് താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള ലൈസന്‍സാണോ.

യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സത്യസന്ധമായി ആഗ്രഹിക്കുന്നെങ്കില്‍ താത്കാലിക തസ്തിക പി.എസ്.സിക്ക് വിടാം. അതില്‍നിന്ന് നിയമനം കൊടുക്കാം. ആ തസ്തികയില്‍ പിന്നെ താത്കാലികം നടക്കില്ല. ഇടതായാലും വലതായാലും അത് ചെയ്യില്ല. കാരണം തരാതരം തിരുകാനുള്ള ഇരിപ്പിടങ്ങളാണത്. ഇങ്ങനെ തിരുകാനായി ചില മിഷനുകള്‍ തന്നെയുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് കുറേ പേരെ ഇതുപോലെ താത്കാലികമാക്കി നിര്‍ത്തിയിട്ടുണ്ട്. അവരുടെ കാര്യം അടുത്ത തവണ അധികാരത്തില്‍ വരുമ്പോള്‍ പരിഗണിക്കുന്നതായിരിക്കും. കുറച്ച് കാത്തിരിക്കണം, പ്ലീസ്.
 
പ്രളയവും കോവിഡും മുന്നില്‍നിന്ന് നയിച്ചു. പ്രതിസന്ധിയുടെ കാലത്ത് കിറ്റുമായി ജനത്തെ സമാശ്വസിപ്പിക്കാന്‍ മറക്കാതിരുന്ന സര്‍ക്കാര്‍. ശബരിമല വിഷയത്തില്‍ നിയമം നടപ്പാക്കാന്‍ മടിയുണ്ടായില്ല. എടുത്ത നിലപാടില്‍ ഒരു തിരുത്തലിനും വഴങ്ങില്ല. കാര്‍ക്കശ്യത്തില്‍ പിണറായിക്ക് സമം പിണറായി മാത്രം. പക്ഷേ, പോലീസ് നിയമഭേദഗതി ആകെ പൊല്ലാപ്പായി. ബുദ്ധിജീവികളും പാര്‍ട്ടിയെ പിന്തുണക്കുന്നവരും ഒരുപോലെ വാളോങ്ങി. അവിടെ കടക്കൂ പുറത്തെന്ന് പറഞ്ഞില്ല. നിയമഭേദഗതി പിന്‍വലിച്ച് തടിയൂരി. അതിന് ദുരഭിമാനം തടസ്സമായില്ല. 

റാങ്ക് ഹോള്‍ഡര്‍മാര്‍ സമരത്തിലാണ്. നാല് ദിവസവും പരിഹസിച്ചു. അവരെ അഞ്ചാം ദിവസം ചര്‍ച്ചയ്ക്കു വിളിച്ചു. ഒരു തീരുമാനവുമായില്ല. കത്തിക്കുത്ത് നടത്തിയവര്‍ പോലീസില്‍ കയറാതെ കഷ്ടിച്ച് രക്ഷപ്പെട്ടത് നമ്മുടെ മഹാഭാഗ്യം. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ഒഴിവുണ്ടായിട്ടും നിയമനം നടത്തിയില്ലെന്ന് ചിലര്‍ പറയുന്നു. അത് പരിഗണിക്കുന്നതില്‍ പരിമിതിയുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അത് എളുപ്പം ബോധ്യമാകും. അതേസമയം, മുന്നിലൂടെ കയറാന്‍ സമരം ചെയ്യുന്നവരെ കൊഞ്ഞനം കുത്തി പിന്നിലൂടെ ആളെ കയറ്റുന്ന ഉദാരത. നവ ഉദാരവത്കരണത്തിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല. ഇതും ഒരുതരത്തില്‍ ഓഹരി വില്‍പനയാണ്. ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നല്‍കുന്ന ഓഹരി. 

ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലില്‍ ജീവിതഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍...

അശ്വമേധം എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനം. സെക്രട്ടേറിയറ്റിന്‌ മുന്നിലെ റാങ്ക് ഹോള്‍ഡേസിന്റെ പ്രതിഷേധം യാചനാ സമരവും പിന്നിട്ട് മുട്ടിലിഴയുന്ന സമരത്തിലേക്ക് നീങ്ങി. അസാധാരണ സാഹചര്യത്തിലെ അസാധാരണ സമരം. വഴിയറിയാതെ മുടന്തി നടക്കേണ്ടി വരുന്ന പഠിപ്പിസ്റ്റുകള്‍ക്ക് കാലം ഉത്തരം കൊടുക്കുമായിരിക്കും.

Content Highlights:  Rank holders strike