ജൂലൈ 31. തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പിണറായി വിജയന്‍ ആക്രോശിച്ച ദിവസം. ആ ദിവസം ബംഗാള്‍ സി.പി.എമ്മില്‍ മറ്റൊന്നു കൂടി സംഭവിച്ചു. 60 വര്‍ഷത്തിനിടെ ആദ്യമായി പശ്ചിമ ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് ഒരു ഇടതുപക്ഷ സ്ഥാനാര്‍ഥി പോലും മത്സരിക്കാനില്ലാതെ വന്ന ദിവസം. അപൂര്‍ണമായ പത്രിക. അതും സമയത്ത് സമര്‍പ്പിക്കാഞ്ഞതിനാല്‍ സി.പി.എം. സ്ഥാനാര്‍ഥി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയുടെ പത്രിക തള്ളി. ഇത് ബോധപൂര്‍വ്വമായ അബദ്ധമാണോ അതോ ശരിക്കുള്ള അബദ്ധമാണോ എന്ന് പി.ബിയോ പ്ലീനമോ വിളിച്ച് ചര്‍ച്ചചെയ്യാവുന്നതാണ്(ആദ്യ ഘട്ടത്തില്‍ ഈ അട്ടിമറി പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്). രാജ്യസഭ സീറ്റിലേക്ക് സി.പി.എം. സ്ഥാനാര്‍ഥി മത്സരിച്ചില്ല. തൃണമൂലും കോണ്‍ഗ്രസും അവരുടെ സ്ഥാനാര്‍ഥികളെ എതിരില്ലാതെ വിജയിപ്പിച്ചു. 

സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി ദുര്‍വാശിയുടെ ഫലമായി കാരാട്ടും കേരള ഘടകവും ചേരുന്ന അച്ചുതണ്ട് യെച്ചൂരിക്ക് മുന്നില്‍ മൂന്നാം തവണ രാജ്യസഭയിലേക്കുള്ള വാതില്‍ കൊട്ടിയടച്ചതുമായി പത്രിക തള്ളിയതിനെ ചേര്‍ത്തുവായിക്കാവുന്നതാണ്. യെച്ചൂരി വേണ്ടെങ്കില്‍ ആരും വേണ്ട എന്ന വാശിയില്‍ ബംഗാള്‍ ഘടകം സ്ഥാനാര്‍ഥിത്വം പോലും അട്ടിമറിച്ചതാണോ എന്ന് അന്വേഷിച്ച് കണ്ടത്തട്ടെ. കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ കേരള ഘടകവും ബംഗാള്‍ ഘടകവും ഭിന്ന ധ്രുവത്തിലാണ്. വി.എസ്സിനോട് യെച്ചൂരിക്കുള്ള അയഞ്ഞ നിലപാട് തുടങ്ങിയ കാലം മുതല്‍ കേരള ഘടകത്തിന്റെ നോട്ടപ്പുള്ളിയാണ് അദ്ദേഹം. 

pinarayi

കഴിഞ്ഞ തവണ എസ്.ആര്‍.പിയെ രംഗത്തിറക്കി കേരള ഘടകം യെച്ചൂരിക്കെതിരെ ഒരു വോട്ടെടുപ്പിന് പോലും ഒരുങ്ങിയതാണ്. പക്ഷേ തോല്‍വി ഉറപ്പായതോടെ പിന്മാറുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസിനെ കൂടി മത്സരിപ്പിച്ച് യെച്ചൂരി ഒത്തുതീര്‍പ്പ് ഫോര്‍ലയുണ്ടാക്കി ഫലം വന്നപ്പോള്‍ അദ്ദേഹത്തെ കേരള കാസ്‌ട്രോ ആക്കി പ്രഖ്യാപിച്ചതും ആരും മറന്നിട്ടുണ്ടാവില്ല. ഒരാള്‍ക്ക് രണ്ട് ടേം എന്നത് സി.പി.എം. കൈക്കൊണ്ടിട്ടുള്ള തീരുമാനമാണ്. ചില ഘട്ടത്തിലൊക്കെ പി.ബിയും കേന്ദ്രകമ്മിറ്റിയും അതിന് ഇളവും നല്‍കിയിട്ടുണ്ട്. യെച്ചൂരിയാണെങ്കില്‍ പിന്തുണക്കാം, അല്ലെങ്കില്‍ പിന്തുണയില്ല തങ്ങള്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നതാണ്.

 ഇത്തവണ ബംഗാള്‍ ഘടകം യെച്ചൂരിയെ പരിഗണിക്കണമെന്ന് പലവട്ടം പറഞ്ഞപ്പോള്‍ പി.ബിയില്‍ കാരാട്ടും കേരള ഘടകവും ചേര്‍ന്ന് ആ സമ്മര്‍ദ്ദത്തെ വെട്ടിനിരത്തി. യെച്ചൂരി താന്‍ മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു. യെച്ചൂരിയില്ലെങ്കില്‍ ആരും വേണ്ട എന്ന വാശി ബംഗാള്‍ ഘടകവും നടപ്പാക്കി. 

കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യത്തിന്റെ ലഹരിയില്‍ മോദി-ഷാ കൂട്ടുകെട്ട് പ്രതിപക്ഷ മുക്ത ഭാരതം എന്ന അടുത്ത ലക്ഷ്യത്തിലേക്ക് കരുനീക്കുമ്പോഴാണ് ഇതൊക്കെ നടക്കുന്നത്. ആ ലക്ഷ്യത്തിലേക്ക് ചൂണ്ടയെറിഞ്ഞ അവരുടെ ചൂണ്ടയില്‍ കൊത്തിയ വലിയ മീനായിരുന്നു നിതീഷ് കുമാര്‍, പ്രതിപക്ഷത്തിന്റെ മുഖം തന്നെ സ്വന്തം ചേരിയില്‍ പ്രതിഷ്ഠിച്ചാണ് അമിത് ഷായുടെ ചാണക്യതന്ത്രം വിജയിച്ചത്. ഗുജറാത്തിലും യുപിയിലുമൊക്കെയായി ആ ഒഴുക്ക് ഇപ്പോഴും തുടരുന്നു. ചാക്കിട്ടുപിടുത്തത്തില്‍നിന്ന് രക്ഷപെടാന്‍ എം.എല്‍.എമാരുടെ ഒളിവ് ജീവിതം നയിക്കുന്നിടത്ത് റെയ്ഡ് നടത്തിയാണ് ഏറ്റവും ഒടുവില്‍ ഇച്ഛാശക്തി കാണിക്കുന്നത്. 

ഈ പശ്ചാത്തലത്തിലാണ് രാജ്യസഭയില്‍ എന്നും മുഴങ്ങിയ യെച്ചൂരിയുടെ ശബ്ദം ഇനി അവിടെ വേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ കാവിസഖ്യത്തിന് യെച്ചൂരി എന്നും കണ്ണിലെ കരടായിരുന്നു. ബംഗാളില്‍ ഇനി സി.പി.എം. ഒരു ഭീഷണിയേയല്ല എന്ന് മനസ്സിലാക്കി ബി.ജെ.പി. തൃണമൂലിനെയാണ് നോട്ടമിട്ടിരിക്കുന്നത്. ഒരാള്‍ക്ക് രണ്ട് ടേം എന്ന നിബന്ധനയില്‍ യെച്ചൂരിക്ക് ഇളവ് നല്‍കണ്ട എന്ന കര്‍ക്കശ നിലപാടിലൂടെ സി.പി.എം. ബി.ജെ.പിയെ സഹായിക്കുകയാണോ എതിര്‍ക്കുകയാണോ ചെയ്തതെന്ന് കാലം തെളിയിക്കട്ടെ. 

ഒറ്റയ്ക്ക് നിന്നാല്‍ രാജ്യസഭയിലേക്ക് ജയിപ്പിക്കാനുള്ള അംഗബലമില്ല എന്നിരിക്കെ യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാം എന്ന കോണ്‍ഗ്രസ് വാഗ്ദാനം സ്വീകരിക്കരുത് എന്ന പിടിവാശി കാരാട്ടിനേക്കാളും കേരള സി.പി.എമ്മിനായിരുന്നു. അതിന് അവര്‍ക്ക് ന്യായമുണ്ട്. കേരളത്തില്‍ സി.പി.എമ്മിന്റെ പ്രധാന ശത്രു കോണ്‍ഗ്രസും യു.ഡി.എഫുമാണ്. പണ്ട് ബംഗാളില്‍ ഭരണമുണ്ടായിരുന്ന കാലത്തും(ബുദ്ധദേബിന് മുന്‍പ് വരെ) ബംഗാള്‍ സി.പി.എമ്മിനും ഇതേ നിലപാടായിരുന്നു. കാരണം കോണ്‍ഗ്രസായിരുന്നു അവരുടെ ശത്രു, ഭരണം പോയി, ഇനി തിരിച്ചുകിട്ടുമോ എന്ന് പോലും ഉറപ്പില്ല. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച ബംഗാള്‍ സി.പി.എം. അനൗദ്യോഗികമായിട്ടാണെങ്കിലും കഴിഞ്ഞ തവണ മത്സരിച്ചത് കോണ്‍ഗ്രസുമായി ചേര്‍ന്നാണ്. ഇതാണ് യാഥാര്‍ഥ്യം. ഇന്ന് കോണ്‍ഗ്രസ് ബന്ധത്തിനായി ഏറ്റവും വാദിക്കുന്നവരായി ബംഗാള്‍ സി.പി.എം. മാറിയിരിക്കുന്നു. 

കേരളത്തില്‍ ഭാവിയില്‍ ബി.ജെ.പി. അവരുടെ നിയമസഭയിലെ അംഗബലം ഒന്നില്‍ നിന്ന് പത്തോ പതിനഞ്ചോ ഒക്കെ ആക്കി വര്‍ധിപ്പിച്ചാല്‍ എന്താകും സ്ഥിതി. ഇന്നത്തെ ശത്രുക്കളായ എല്‍.ഡി.എഫും യു.ഡി.എഫും കൈകോര്‍ക്കില്ലേ. ഉറപ്പാണ്(അതിന് യു.പി.എ സര്‍ക്കാരിന്റെ കാലത്തെ പോലെ പുറത്തുനിന്നുള്ള പിന്തുണ എന്നൊക്കെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം). തൊട്ടതിലെല്ലാം കോഴ എന്ന നിലയില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന ബി.ജെ.പിക്ക് കൊലപാതക രാഷ്ട്രീയത്തിലൂടെ വീണ്ടും മേല്‍വിലാസം നല്‍കി തുടങ്ങിയാല്‍ കോണ്‍ഗ്രസ് വിരോധം അറബിക്കടലില്‍ എന്ന മുദ്രാവാക്യം വൈകാതെ വിളിക്കേണ്ടി വരും കേരള സിപിഎമ്മിനും.

karat

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമായ മണ്ടത്തരം എന്ന പ്രയോഗം സി.പി.എമ്മിന് ചാര്‍ത്തി നല്‍കിയത് ജ്യോതി ബസുവായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി പദം താലത്തില്‍ വച്ച് നീട്ടിയപ്പോള്‍ ആശയദൃഢതയുടെ ന്യായത്തില്‍ നിരാകരിച്ച തീരുമാനത്തെയായിരുന്നു ബസു അങ്ങനെ വിശേഷിപ്പിച്ചത്. ഒന്നാം യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ ആണവക്കരാറിന്റെ പേരില്‍ പിന്‍വലിച്ച കാരാട്ടിന്റെ നടപടി ഈ ഗണത്തില്‍ വരുമോ ഇല്ലയോ എന്നുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. ലോക്‌സഭ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിക്ക് ഒരുപക്ഷേ കിട്ടിയേക്കാവുന്ന രാഷ്ട്രപതി പദവും നിരാകരിച്ചത് ഇതേ സി.പി.എം. തന്നെയാണ്. അടുത്തിടെ, കാരാട്ടാണ് തന്റെ രാഷ്ട്രപതിപദം തട്ടിത്തെറിപ്പിച്ചതെന്ന് സോമനാഥ് ചാറ്റര്‍ജി തന്നെയാണ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അംഗബലമില്ലാതിരുന്നിട്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മൂന്നാം തവണയും ഉറപ്പായിരുന്ന രാജ്യസഭാ സീറ്റ് സി.പി.എം. തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു. യെച്ചൂരിയെ തടഞ്ഞത് ശരിയോ തെറ്റോ എന്നൊക്കെ കണ്ടെത്തി പാര്‍ട്ടി തന്നെ ഉത്തരം പറയണമെങ്കില്‍ കുറഞ്ഞത് ഒരു പത്ത് വര്‍ഷമെങ്കിലും കഴിഞ്ഞുള്ള പ്ലീനത്തിന്റെ റിപ്പോര്‍ട്ട് വരേണ്ടി വരും. ഈ നാല് തീരുമാനങ്ങളുടേയും കേന്ദ്രബിന്ദു ഒരാള്‍ തന്നെയെന്നതും വിചിത്രം. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ഗോര്‍ബച്ചേവിന്റെ വേഷം ഏറ്റവും നന്നായി ഇണങ്ങുക കാരാട്ടിനു തന്നെയായിരിക്കും.