യുഡിഎഫ് ഭരണകാലത്ത് ശക്തിയേറിയ സമരപരിപാടിയാണ് ഇടതുമുന്നണി നടത്തിയത്. സോളാര്‍ വിവാദം മുതല്‍ ബാര്‍ കോഴ വരെ ധാരാളം വിഷയങ്ങള്‍ ഇതിലേക്കായി വീണുകിട്ടുകയും ചെയ്തു. എങ്കിലും ഭരണത്തിലേറി ഒരു വര്‍ഷം പിന്നിട്ടിട്ടും യുഡിഎഫ് ഭരണത്തിലെ വീഴ്ചകളെക്കുറിച്ചോ അഴിമതിയെക്കുറിച്ചോ പിണറായി സര്‍ക്കാര്‍ അന്വേഷണത്തിനൊന്നും മുതിര്‍ന്നില്ല. മുന്‍ സര്‍ക്കാറിന്റെ വഴിവിട്ട ചെയ്തികളെക്കുറിച്ചന്വേഷിക്കാന്‍ ആദ്യദിവസം തന്നെ മന്ത്രിസഭ തീരുമാനിക്കുകയും എ.കെ.ബാലന്‍ അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയും ചെയ്തതാണ്. മന്ത്രിസഭ ഒരു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടും തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല. ഇന്നിപ്പോള്‍ സോളാര്‍ വിവാദത്തെക്കുറിച്ചന്വേഷിക്കാന്‍ യുഡിഎഫ് നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നു. വിജിലന്‍സ് അന്വേഷണത്തിനു പുറമെ ക്രിമിനല്‍ നടപടികളുമൊക്കെയായി ഒരു മുന്നണിയെ മുഴുവനായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലേക്കാണ് അന്വേഷണം നീളുന്നത്.

ഇതില്‍ ഏറ്റവും വലിയ തിരിച്ചടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു തന്നെയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും കേന്ദ്രീകരിച്ചാണ് സോളാര്‍ നാടകത്തിലെ പ്രധാന രംഗങ്ങളൊക്കെയും അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജിക്കുമോന്റെയും ജോപ്പന്റെയുമൊക്കെ പേരുകള്‍ ആദ്യഘട്ടത്തില്‍ത്തന്നെ ഉയര്‍ന്നു വന്നു. ഇവരുടെയെല്ലാം പേരില്‍ നടപടിയുമുണ്ടായി. മല്ലേലില്‍ ശ്രീധരന്‍ നായര്‍ സരിതാനായരോടൊപ്പം ഓഫീസിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചുവെന്ന ആരോപണമായി പിന്നീട്. സോളാര്‍ വിവാദം കേരളരാഷ്ട്രീയത്തില്‍ മാസങ്ങളോളം കത്തിനിന്നു. സി.പി.എം. വര്‍ദ്ധിത വീര്യത്തോടെ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. പ്രതിപക്ഷ സമരം കൊടുമ്പിരികൊണ്ടുനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അതേ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടേയും ശുപാര്‍ശകളുടെയും പേരില്‍ ഇടതു സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. 

കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴാണ് യുഡിഎഫ് പുതിയ പരീക്ഷണത്തെ നേരിടുന്ന കാര്യവും ഓര്‍ക്കണം. മുന്നണി തന്നെ ദുര്‍ബലമായിരിക്കുന്നു. കെ.പി.സി.സി.ക്ക് ഒരധ്യക്ഷനെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കെ.പി.സി.സി. അംഗങ്ങളുടെ കാര്യത്തിലും ഒരു യോജിപ്പുണ്ടായിട്ടില്ല. മുന്നണിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു കേരളാ കോണ്‍ഗ്രസ് വിഭാഗം കുറേക്കാലമായി വിട്ടു നില്‍ക്കുന്നു. ഐക്യജനാധിപത്യമുന്നണിക്ക് കെട്ടുറപ്പുള്ള ഒരു നേതൃത്വം ഇനിയുമുണ്ടായിട്ടില്ല. 1995 ല്‍ ഉമ്മന്‍ചാണ്ടി രൂപം നല്‍കിയ നേതൃത്വമാണ് ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനു ശേഷം ഉണ്ടായത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല വന്നെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുതിയൊരു നേതൃത്വം ഉരുത്തിരിഞ്ഞു വന്നിട്ടില്ല. യു.ഡി.എഫിന്റെ ഏറ്റവും വലിയ ദൗര്‍ബല്യവും ഇതുതന്നെ. ഈ ദുര്‍ബലാവസ്ഥയിലാണ് സോളാര്‍ അന്വേഷണത്തിന്റെ മുന കോണ്‍ഗ്രസിനു നേരെ നീളുന്നത്. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിജിലന്‍സ് അന്വേഷണത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു ഇടതു സര്‍ക്കാര്‍.

ഇതൊരു രാഷ്ട്രീയ നീക്കം തന്നെയാണ്. ലക്ഷ്യം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്. 2006 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇതുപോലെയൊരു അന്വേഷണം പ്രഖ്യാപിച്ചതാണ്. അന്ന് ലക്ഷ്യം പിണറായി വിജയനായിരുന്നു. 1996ല്‍ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന പിണറായി വിജയന്‍ 1998 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാവാന്‍ വേണ്ടി മന്ത്രിസ്ഥാനത്തുനിന്നും രാജിവെച്ചു. 

Oommen Chandy

ആ കാലത്ത് കേരളത്തെ ഇരുട്ടിലാക്കിയിരുന്ന അതിരൂക്ഷമായ വൈദ്യുതിക്ഷാമത്തിന് അന്ത്യം കുറിച്ചശേഷമാണ് പിണറായി മന്ത്രിസ്ഥാനം വിട്ട് പാര്‍ട്ടി നേതൃത്വത്തിലേക്ക് നീങ്ങിയത്. മന്ത്രിയെന്ന നിലയില്‍ അതിവിദഗ്ദ്ധനായ പ്രകടനം കാഴ്ചവെച്ച പിണറായി വിജയനെ ലാവ്‌ലിന്‍ അന്വേഷണത്തില്‍ കുരുക്കിയിടാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു. സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയായപ്പോള്‍ അവസാനത്തെ മന്ത്രിസഭാ യോഗത്തിലാണ് ലാവ്‌ലിന്‍ കേസ് സി.ബി.ഐ.ക്ക് വിട്ടുകൊണ്ട് തീരുമാനമെടുത്തത്. 

ലാവ്‌ലിന്‍ വര്‍ഷങ്ങളോളം പിണറായി വിജയനെ വേട്ടയാടി. മുഖ്യമന്ത്രിയായ ശേഷവും അദ്ദേഹത്തെ ലാവ്‌ലിന്‍ കേസ് വേട്ടയാടിക്കൊണ്ടിരുന്നു. അടുത്തകാലത്താണ് കേസില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയ വിജിലന്‍സ് കോടതി വിധി ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ആ കേസും അതിന്റെ പേരിലുണ്ടായ തുടര്‍നടപടികളിലുമൊക്കെ രാഷ്ട്രീയ നീക്കങ്ങളുണ്ടായിരുന്നു. പിണറായി വിജയനെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താനുള്ള രാഷ്ട്രീയ നീക്കങ്ങള്‍.

സോളാര്‍ കേസിന്റെ പുതിയ വഴിത്തിരിവിലും രാഷ്ട്രീയമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കൈയിലൊരായുധം കിട്ടിയാല്‍ ഭരണത്തിലിരിക്കുന്നവര്‍ ആരായാലും ചെയ്യുന്ന കാര്യം മാത്രമാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നു മറുപടി പറയാവുന്നതേയുള്ളൂ. ലാവ്‌ലിന്‍ കേസിന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിണറായി വിജയനെ ലക്ഷ്യമാക്കി ലാവ്‌ലിന്‍ കേസ് സി.ബി.ഐ. അന്വേഷണത്തിനു വിട്ടപ്പോള്‍ മുള്‍മുനയിലായത് സി.പി.എം. തന്നെയായിരുന്നു. പിണറായി വിജയന്റെ രാഷ്ട്രീയവും പ്രതിസന്ധിയെ നേരിട്ടു. പാര്‍ട്ടിക്കകത്ത് വി.എസ്. അച്യുതാനന്ദന്റെ നീക്കവും പിണറായിക്കെതിരെ തിരിഞ്ഞപ്പോള്‍ പ്രതിസന്ധിയുടെ ആക്കംകൂടി.

ഇന്നിപ്പോള്‍ സമ്മര്‍ദ്ദം ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് നേതൃനിരയില്‍ മാത്രമല്ല, യു.ഡി.എഫില്‍ തന്നെ ഏറ്റവും തലയെടുപ്പുള്ള നേതാവാണ് ഉമ്മന്‍ചാണ്ടി. കെ.പി.സി.സി. അധ്യക്ഷപദം ഏല്‍ക്കാന്‍ കോണ്‍ഗ്രസിലെ എല്ലാ ചേരികളും അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് സോളാര്‍ വിവാദം പുതിയ അന്വേഷണത്തിലെത്തി നില്‍ക്കുന്നത്. വിജിലന്‍സ് കേസും ക്രിമിനല്‍കേസും മാത്രമല്ല, മാനഭംഗകേസും അദ്ദേഹത്തിനു മേല്‍ ചുമത്താന്‍ പോകുന്നു. കെ.പി.സി.സി. അധ്യക്ഷനായി ആന്റണിപക്ഷം മുന്നോട്ടുവെച്ചിട്ടുള്ള ബെന്നി ബെഹനാന്റെ പേരിലും അന്വേഷണമുണ്ട്. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിപ്പട്ടികയില്‍ തന്നെ. കോണ്‍ഗ്രസിലെ പല പ്രമുഖരും പ്രതിപ്പട്ടികയിലേക്ക് കടന്നിരിക്കുന്നു. കോണ്‍ഗ്രസിന് വീണ്ടും കഷ്ടകാലം തന്നെ. ഉമ്മന്‍ചാണ്ടി ഭരണത്തിലെ കറുത്ത അധ്യായമായിരുന്നു സരിത വിവാദമെന്ന കാര്യവും ഓര്‍ക്കണം.