ഇന്ത്യ വളരുകയാണ്, ഇന്ധനവിലയിലൂടെ. ഓരോ തുള്ളി ഇന്ധനത്തിലുമാണ് യഥാര്‍ഥ ഇന്ത്യയുടെ വികസന സ്വപ്നങ്ങള്‍ അടയിരിക്കുന്നത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞ കാലമല്ല ഇത്. വികസനത്തിന്റെ കാലമാണ്. സുന്ദരമായ റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍... എങ്ങും സര്‍വത്ര വികസനം. ആ വികസനത്തിന്റെ ഗേറ്റ് വേ പെട്രോള്‍ പമ്പുകളാണ്. വികസനത്തിനായി അഹോരാത്രം പണിയെടുക്കുന്ന പമ്പിലെ ജീവനക്കാര്‍ക്കും വില നോക്കാതെ ഇന്ധനം നിറയ്ക്കുന്ന ഉപഭോക്താവിനും നല്‍കാം ഒരു കൈയടി. ഉണരൂ പഭോക്താവെ ഉണരൂ. അളവു നോക്കാം. വില നോക്കരുത്. വികസനം മാത്രം ഓര്‍ക്കുക.
പെട്രോള്‍ വില നിയന്ത്രണം യു.പി.എ. സര്‍ക്കാര്‍ എടുത്തുകളഞ്ഞു. അതോടെ വില മാസംതോറും കൂടാന്‍ തുടങ്ങി. പലരും പെട്രോള്‍ പേടിച്ച് ഡീസല്‍ കാര്‍ വാങ്ങി. 25 രൂപ വരെ വ്യത്യാസം കണ്ട് മോഹിച്ചാണ് വില കൂടുതലായിട്ടും ഡീസലിലേക്ക് തിരിഞ്ഞത്. പിന്നാലെ വന്ന എന്‍.ഡി.എ. സര്‍ക്കാര്‍ ഒട്ടും മടിച്ചില്ല. ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞു.
അതോടെ പെട്രോള്‍-ഡീസല്‍ വാഹന ഉടമകള്‍ തുല്യദു:ഖിതരായി. ആര്‍ക്കും പരാതിയില്ലാതായി. വിലയില്‍ ആര് ആദ്യം സെഞ്ച്വറി അടിക്കും എന്ന തര്‍ക്കവും ഇനി വേണ്ട. ആ റെക്കോഡ് പെട്രോള്‍ കൊണ്ടുപോയി. എല്ലാ രാജ്യങ്ങളിലും വില കുറയുമ്പോഴും വില കൂട്ടി ഇന്ത്യ തിളങ്ങുകയാണ്. ലോകത്ത് പെട്രോളിന് ഏറ്റവും വലിയ വില ഹോങ്കോങ്ങിലാണ്. അതായിരിക്കണം നമ്മുടെ ലക്ഷ്യം. വികസ്വര രാജ്യത്തില്‍നിന്ന് വികസിത രാജ്യമായി ഇന്ത്യ മാറുമ്പോള്‍ ഇന്ത്യയുടെ പേരിലായിരിക്കും ആ റെക്കോഡ്.
പാചകവാതക വില ഈ മാസം തന്നെ 75 രൂപ കൂടി. ഈ പോക്കാണെങ്കില്‍ മിക്കവാറും 2022 പുലരും മുമ്പ് 1000 രൂപ കടക്കും. വികസനത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഇപ്പോഴെ സബ്‌സിഡി ഒഴിവാക്കി അതിലേക്ക് എത്താവുന്നതേയുള്ളൂ
ജനത്തിന് മുന്നില്‍ രണ്ട് ഓപ്ഷനുണ്ട്. വികസനം വേണോ വേണ്ടയോ. വേണം എന്നാണ് ഉത്തരമെങ്കില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ തെറ്റു കാണരുത്. വികസനം വേണ്ടെന്ന് ആഗ്രഹമുള്ളവര്‍ക്ക് ജേക്കബ് തോമസിന്റെ ഇക്കണോമിക്‌സില്‍ വിശ്വസിക്കാവുന്നതാണ്. ഇനിയും വില കൂടണം. സെഞ്ച്വറിയും പിന്നിട്ട് കുതിക്കുന്ന കിണാശ്ശേരിയാണ് മൂപ്പരുടെ സ്വപ്നം.
അങ്ങനെ ഇന്ധന വില മൂന്നക്കവും കടന്ന് മുന്നേറുമ്പോള്‍ ഉപഭോഗം കുറയുന്നു. ആരും വാങ്ങാതാവുന്നു. എണ്ണക്കമ്പനികള്‍ പൂട്ടുന്നു. എണ്ണ ഉത്പാദക രാജ്യങ്ങള്‍ പട്ടിണിയിലാകുന്നു. ട്വിറ്ററിന് പകരക്കാരനെ ഇറക്കിയ പോലെ ആത്മനിര്‍ഭരമായി പുതിയ ഇന്ധനം വരുന്നു. എത്ര സുന്ദരമായ സ്വപ്നം. ഇനി അത് നടന്നില്ലെങ്കില്‍ വര്‍ഷത്തില്‍ ഒരു ലോക്ഡൗണ്‍ വീതം പ്രഖ്യാപിക്കാവുന്നതേയുള്ളൂ. ഉപഭോഗം കുറയ്ക്കാം.
ഇനി സംസ്ഥാനത്തിന്റെ കഥയെടുക്കാം. വളര്‍ച്ച മുഴുവന്‍ വരുന്നത് കിഫ്ബിയിലൂടെയാണ്. കിഫ്ബിയിലൂടെ വളരാനും വാഹന നികുതിയും പെട്രോള്‍ ഡീസല്‍ സെസും തന്നെ ശരണം. ഒരു രൂപ കേന്ദ്രം കൂട്ടിയാല്‍ 33 പൈസ കേരളത്തിനും കിട്ടും. അടിസ്ഥാന വിലയും എക്സൈസ് തീരുവയും കടത്തുകൂലിയും ചേരുന്ന വിലയിലാണ് സംസ്ഥാനം നികുതി ചുമത്തുന്നത്. ഇന്ധനവില കുതിച്ചുകയറിയതോടെ കേരളത്തിന്റെ നികുതിവരുമാനവും കൂടി. കേന്ദ്രമായാലും കേരളമായാലും ഇന്ധനവില വിട്ടൊരു കളിയില്ല.
പെട്രോളിനും 37 ശതമാനവും ഡീസലിന് 40 ശതമാനവുമാണ് എക്‌സൈസ് നികുതി. പതിവ് തെറ്റിക്കാതെ 10 ദിവസം തുടര്‍ച്ചയായി വില കൂട്ടി. ആര്‍ക്കും പരാതിയില്ല. കേരളം കേന്ദ്രത്തെ പഴിക്കുന്നു. കേന്ദ്രം കേരളത്തെ പഴിക്കുന്നു. നികുതി കുറയ്ക്കില്ലെന്ന് കേരളം പറയുമ്പോള്‍ വില ഞങ്ങളല്ല നിശ്ചയിക്കുന്നത്, നികുതി മാത്രമേ കൂട്ടുന്നുള്ളൂവെന്ന് കേന്ദ്രം പറയും. കേരളത്തിന് രണ്ടുണ്ട് ഗുണം. കേന്ദ്രത്തെ പഴിക്കുകയും ചെയ്യാം, ചുളുവില്‍ അധികവരുമാനം കിട്ടുകയും ചെയ്യും.
ഇത്രയും നാള്‍ വികസനം മാത്രമായിരുന്നു ഇന്ധനത്തില്‍ അടങ്ങിയിരുന്നത്. ഇനി കര്‍ഷകരേയും രക്ഷിക്കണം. അവര്‍ കലിപ്പിലാണ്. കര്‍ഷകന്‍ ഈ വിലയ്ക്ക് പെട്രോളും ഡീസലും അടിച്ച് കൂടുതല്‍ വില കിട്ടുന്ന വിപണി തേടിപ്പോകുന്ന സുവര്‍ണകാലമാണ് വരാന്‍ പോകുന്നത്. പഞ്ചാബില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലംതൊടിച്ചില്ല അവര്‍ക്കായി പ്രത്യേക സെസ് കൂടി തുടങ്ങി. പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും. നികുതി കുറച്ച് അഡ്ജസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനം വിശ്വസിക്കണ്ട. വരും ദിവസങ്ങളില്‍ അതും ഡെയ്‌ലി മാര്‍ജിനില്‍ ലയിക്കും. അപ്പോള്‍ കേരളത്തിലും വോട്ടെടുപ്പിന് മുമ്പെ മൂന്നക്കം ക്രമീകരിക്കാനുള്ള വഴി പമ്പുകാര്‍ നോക്കുന്നത് നന്ന്.
യു.പി.എ. കാലത്ത് ബാരലിന് 150 ഡോളര്‍ എത്തിയപ്പോ ഇന്ത്യയില്‍ പെട്രോള്‍ വില 85-ല്‍ എത്തിക്കാനേ മന്‍മോഹനും കൂട്ടര്‍ക്കും കഴിഞ്ഞുള്ളൂ. വില നിയന്ത്രണം നീക്കിയതിലൂടെ സബ്‌സിഡി എടുത്തുകളയുന്നു എന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. യഥാര്‍ഥത്തില്‍ നികുതി കൂട്ടുന്നതിനുള്ള നിയന്ത്രണമാണ് നീക്കിയത്. രാജ്യാന്തര വിപണയില്‍ വില കുറയുമ്പോള്‍ നികുതി കൂട്ടുന്നതായിരുന്നു ആദ്യരീതി. കോവിഡിന് ശേഷം രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. എല്ലാ രാജ്യത്തും ഇന്ധന വില കുറഞ്ഞു. ഇന്ത്യയില്‍ വില കൂടി.
എന്തിനും ഏതിനും ജി.എസ്.ടിയുണ്ട്. പക്ഷേ, മദ്യത്തിനും ഇന്ധനത്തിനും അതു ബാധകമല്ല. അതിലാണ് കാര്യം. ഇഷ്ടം പോലെ കൈകാര്യം ചെയ്യാനുള്ള നീക്കിയിരിപ്പാണത്. കേന്ദ്രത്തിന് കൂട്ടാം. കേരളത്തിനും കൂട്ടാം. മദ്യത്തിന് നികുതിയില്‍ കേരളമായിരിക്കും നമ്പര്‍ വണ്‍. എത്ര കൂടിയാലും വാങ്ങാന്‍ റെഡിയാണ്. പിന്നെ കൂട്ടിയാലെന്ത്. കേന്ദ്രം പോരെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് കൂട്ടാം. സെസ് ഏര്‍പ്പെടുത്താം. പിരിക്കാം ആരും ചോദിക്കില്ല.
ഫലത്തില്‍ പാപ്പരാകാതിരിക്കുന്നത് മദ്യവും ഇന്ധനവും ഉള്ളതുകൊണ്ടാണ്. അതോര്‍ക്കുക. ഇലക്ട്രിക്കിലേക്ക് ഗിയര്‍ മാറ്റാനുള്ള ആലോചനയിലാണ്. പക്ഷേ ഇപ്പോ അത്ര വേഗം പോരെ. കഴിഞ്ഞ ബജറ്റില്‍ അതിന് ഒരു ബ്രേക്കുള്ളതുപോലെ. എല്ലാവരും ഒറ്റയടിക്ക് ഇലക്ട്രിക്കിലേക്ക് മാറിയാല്‍ സംഗതി പാളില്ലേ. ഒരു എളിയ സംശയം. ഇതുപോലെ പിരിവ് നടക്കുമോ.
'എത്ര വില കൂടിയാലും എന്നെ ബാധിക്കാറില്ല. ഞാന്‍ 100 രൂപയ്‌ക്കെ അടിക്കാറുള്ളൂ' എന്ന സന്ദേശം കൈമാറാവുന്നതാണ്. ജി.ഡി.പിയും വളര്‍ച്ചയും കുറഞ്ഞാലെന്താ ഇന്ധനവിലയിലെങ്കിലും ലോകത്ത് ഒന്നാം നമ്പര്‍ ആകണം. അത് നടക്കുമോ അതോ അഞ്ച് ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥ നടക്കുമോ. ഏതാകും ആദ്യം സംഭവിക്കുക. ബില്യണ്‍ ഡോളര്‍ ചോദ്യമായി ഇതിരിക്കട്ടെ
വികസന മുദ്രാവാക്യം: 100 രൂപയ്ക്ക് പെട്രോള്‍ അടിക്കുന്നവര്‍ 150 രൂപയ്ക്ക് അടിച്ച് ഇനിയെങ്കിലും വികസനത്തില്‍ പങ്കാളിയാകുക.
Content Highlights: Petrol price, Diesel price