മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടും ആശ്വസിക്കാം. ഒരിക്കല്‍ കൂടി ഭരണത്തിനും രാഷ്ട്രീയ ജീവിതത്തിനും മേല്‍ ലാവ്‌ലിന്‍ കുരുക്ക് തീര്‍ക്കുമോ എന്ന ആശങ്ക ഇനിയില്ല. 2006-ല്‍ ചുണ്ടിനും കപ്പിനുമിടയില്‍നിന്നാണ് ലാവ്‌ലിന്‍ കേസ് പിണറായിയെ കുരുക്കിയത്. ഇതിപ്പോള്‍ നാലുകൊല്ലത്തെ ഭരണം അവശേഷിക്കെ പിണറായിയുടെ സ്വപ്നങ്ങള്‍ ലാവ്‌ലിന്‍ തകര്‍ക്കുമെന്ന പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ നാനാവിധമായിരിക്കുന്നു.

ലാവ്‌ലിന്‍ കേസില്‍ പുനര്‍ വിചാരണ വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സിബിഐ ഹര്‍ജിയിന്മേല്‍ ഹൈക്കോടതിയുടെ വിധി വരുമ്പോഴുള്ള സാഹചര്യം പിണറായിക്ക് മൊത്തത്തില്‍ അനുകൂലമായിരുന്നില്ല. വിധി എതിരായാല്‍ പിണറായിയുടെ നില പരുങ്ങലിലാവുന്നതിനുള്ള സാദ്ധ്യത ഏറെയായിരുന്നു. സിപിഎം കേന്ദ്ര നേതൃത്വവുമായി പിണറായിയുടെ ബന്ധം അത്ര സുഗമമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് കോണ്‍ഗ്രസിന്റെ സഹായത്തോടെ മത്സരിക്കേണ്ടെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതിനു പിന്നില്‍ കേരള ഘടകത്തിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നുവെന്നായിരുന്നു സൂചന. പിണറായിക്കെതിരെയുള്ള ഹൈക്കോടതി വിധി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവും ബംഗാള്‍ ഘടകവും എങ്ങിനെയായിരിക്കും കാണുമായിരുന്നുവെന്നത് വലിയൊരു ചോദ്യം തന്നെയാണ്. 

ഹൈക്കോടതി വിധി എതിരായിരുന്നാലും സാങ്കേതികമായി പിണറായി വിജയന്‍ രാജി വെയ്‌ക്കേണ്ടി വരുമായിരുന്നില്ല. പുനര്‍ വിചാരണ നടത്തണം എന്ന ഹൈക്കോടതി നിര്‍ദ്ദേശം ഒരു തരത്തിലും പിണറായി കുറ്റവാളിയാണെന്ന വിധിയുമാവില്ല. ബാബ്രി മസ്ജിദ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടു പോലും ഉമാഭാരതി കേന്ദ്ര മന്ത്രിയായി തുടരുകയാണെന്ന കാര്യവും കാണാതിരിക്കാനാവില്ല. പക്‌ഷേ, ധാര്‍മ്മികമായി പിണറായി വിജയന്‍ നേരിടേണ്ടി വരുമായിരുന്ന വെല്ലുവിളി ഒരിക്കലും നിസ്സാരമാവുമായിരുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു നിന്നും ഉയരുമായിരുന്ന ഈ പ്രതിസന്ധിയില്‍ നിന്നാണ് പിണറായി ഇപ്പോള്‍ കരകയറിയിരിക്കുന്നത്.

വിധി എതിരാവുമെന്ന് പിണറായിയോ പാര്‍ട്ടിയോ കരുതിയിരുന്നില്ലെന്നാണ് സൂചന. പിണറായിക്കൊരു ബദല്‍ എന്നതിനെക്കുറിച്ച് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ഒരിക്കല്‍ പോലും ആലോചിച്ചിട്ടേയില്ല. 2014 സപ്തംബര്‍ 27 ന് വിധി കേള്‍ക്കാനായി ബെംഗളൂരു പ്രത്യേക കോടതിയിലേക്ക് പോയ ജയലളിതയെ പോലെയായിരുന്നില്ല പിണറായി. വിധി എതിരാവില്ലെന്നാണ് തമിഴ്‌നാട് പോലീസിലെ സകല ഇന്റലിജന്‍സ് മേധാവികളും ജയലളിതയെ ധരിപ്പിച്ചിരുന്നത്. രണ്ടാമതൊരു സാരി പോലും കരുതാതെയായിരുന്നു അന്ന് ജയലളിതയുടെ യാത്ര. പക്‌ഷേ, വിധി എതിരായി നേരെ പരപ്പനാഹര ജയിലിലേക്ക് പോകേണ്ടി വന്നതോടെ ജയലളിത ആകെ തകര്‍ന്നുപോയി.  2013 ല്‍ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ട അവസ്ഥ മാറിമറിയുന്നതിന് കാരണങ്ങളൊന്നും തന്നെയില്ലെന്നാണ് നിയമവിഭാഗം പിണറായിക്ക് നല്‍കിയ വ്യക്തമായ സന്ദേശമെന്നാണറിയുന്നത്. എന്നിട്ടും ഒരു പഴുതുപോലുമുണ്ടാവരുതെന്ന നിര്‍ബ്ബന്ധമാണ് ഡെല്‍ഹിയില്‍ നിന്നും ഹരീഷ് സാല്‍വെയെ കളത്തിലിറക്കാന്‍ പാര്‍ട്ടിയെയും പിണറായിയെും പ്രേരിപ്പിച്ചത്. ഒരു തരത്തിലുള്ള റിസ്‌കും ഇക്കുറി വേണ്ടെന്ന കൃത്യമായ തീരുമാനമായിരുന്നു അത്.

ഒരു പക്‌ഷേ, പിണറായി കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയായിരുന്നിരിക്കണം. ഇനിയങ്ങോട്ട് പിണറായി വിജയന്‍ എന്ന ഭരണാധികാരിയുടെ പുതിയൊരു മുഖം കേരളം കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ആശങ്കകളും സന്ദേഹങ്ങളുമൊഴിഞ്ഞ് പിണറായിക്ക് ഇനിയങ്ങോട്ട് സുഗമമായി മുന്നോട്ട് നീങ്ങാം. അപാരമായ  ധാര്‍മ്മിക പിന്‍ബലമാണ് ബുധനാഴ്ചയിലെ ഹൈക്കോടതി വിധി പിണറായിക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നത്. ബിജെപിക്കെതിരെ ദേശീയതലത്തില്‍ ഉടലെടുക്കുന്ന പ്രതിപക്ഷ നീക്കങ്ങളുടെ മുന്‍നിരയിലേക്ക് പിണറായി കടന്നുവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. പാര്‍ട്ടിയിലും ഭരണത്തിലും പിണറായിക്ക് മുന്നില്‍ ഇപ്പോള്‍ പ്രതിബന്ധങ്ങളില്ല. കേരളം കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ പരിണമിക്കുന്ന കാഴ്ചയായിരിക്കാം വരും ദിവസങ്ങളില്‍ കാണാന്‍ പോവുന്നത്.