ഗാന്ധി മൈ ഫാദര്‍ എന്ന സിനിമയില്‍ മറക്കാനാവാത്ത ഒരു രംഗമുണ്ട്. ഒരു റെയില്‍വെ സ്റ്റേഷനില്‍ ഗാന്ധിജിയെ സ്വീകരിക്കാന്‍ വലിയൊരു ജനക്കൂട്ടം കാത്തു നില്‍ക്കുന്നു. ഗാന്ധിജി സഞ്ചരിക്കുന്ന തീവണ്ടി എത്തുമ്പോള്‍ ജനക്കൂട്ടം ആവേശഭരിതരായി ഗാന്ധിജി സിന്ദാബാദ് എന്ന് വിളിക്കുന്നു. അപ്പോള്‍ ഒരാള്‍ മാത്രം പതിഞ്ഞ ശബ്ദത്തില്‍ മറ്റൊരു മുദ്രാവാക്യം മുഴക്കുന്നു '' കസ്തൂര്‍ബ്ബ സിന്ദാബാദ്. ''  അത് ഗാന്ധിജിയുടെ മൂത്തമകനായിരുന്നു. ജീവിതകാലം മുഴുവന്‍ പിതാവുമായി കലഹിച്ച ഹരിലാല്‍. 

രണ്ടു പേരെ മാത്രമേ തനിക്ക് ജീവിതത്തില്‍ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താനാവാതെ പോയിട്ടുളളുവെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. മുഹമ്മദലി ജിന്നയും ഹരിലാലും. പാകിസ്താന്‍ ആവശ്യമില്ലെന്ന ഗാന്ധിജിയുടെ വാദം ജിന്ന ഒരിക്കലും ചെവിക്കൊണ്ടില്ല. ഗാന്ധിജിയുടെ സകല വിശ്വാസ പ്രണാമങ്ങള്‍ക്കും എതിരായുള്ള ജീവിതമായിരുന്നു ഹരിലാലിന്റേത്.  മകനെ തിരുത്താന്‍ ഗാന്ധിജി  ശ്രമിച്ചു. മകന്റെ വഴി തെറ്റിയുള്ള ജീവിതത്തില്‍ ഉള്ളുകൊണ്ട് കരഞ്ഞു. ഒടുവില്‍ മകന് മകന്റെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും നിലപാടെടുത്തു. പക്ഷേ, അപ്പോഴും ഗാന്ധിജി മകനെ തള്ളിപ്പറഞ്ഞില്ല. മകനു മുമ്പില്‍ പരാജയപ്പെടുമ്പോഴും രാഷ്ട്രത്തിനും സമൂഹത്തിനും മുന്നില്‍ താന്‍ പരാജയപ്പെടുന്നില്ലെന്ന് ഗാന്ധിജിക്കറിയാമായിരുന്നു. 

Binoy Kodiyeri
ഇന്നലെ എകെജി സെന്ററില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മകനെ തള്ളിപ്പറയേണ്ടി വന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നില്‍ ഗാന്ധിജിയുടെ ചിത്രമുണ്ടായിരുന്നില്ല. പക്ഷേ, കോടിയേരിയുടെ  പ്രതിസന്ധി പ്രകടമായിരുന്നു. പാര്‍ട്ടിക്കുവേണ്ടി , അധികാര സ്ഥാനത്തിനു വേണ്ടി മകനെ തള്ളിപ്പറയേണ്ടി വരുമ്പോള്‍ അതൊരു വല്ലാത്ത പ്രതിസന്ധിയാണ്. മറ്റൊരു കാലത്ത് , മറ്റൊരു സാഹചര്യത്തില്‍ ഗൗരിയമ്മ നേരിട്ട പ്രതിസന്ധിയോട് ഇതിനെ തുലനം ചെയ്യാനാവില്ല. എങ്കിലും രണ്ടിടത്തും പാര്‍ട്ടിയും അധികാരവും ഒരു പോലെയുണ്ടായാരുന്നു.

മകന് പ്രായപൂര്‍ത്തിയായെന്നും അവന്റെ കാര്യം അവനാണ് നോക്കുന്നതെന്നുമാണ് കോടിയേരി പറഞ്ഞത്. അവനെ ഫോണില്‍ പോലും കഴിഞ്ഞ കുറെ ദിവസങ്ങളായി ബന്ധപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു. ബിനോയ് ബിനോയിയായത് ഇന്നലെയല്ല. ദുബായിലും നാട്ടിലുമുള്ള വ്യവസായ ബന്ധങ്ങള്‍ ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചതുമല്ല. അതിനു പിന്നില്‍ കോടിയേരി ബാലകൃഷണന്‍ എന്ന പിതാവിന്റെ സ്വാധീനം  ആര്‍ക്കാണ് നിഷേധിക്കാനാവുക. മകന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഉപോത്പന്നങ്ങളായ വീടുകളും കാറുകളും ഉപയോഗിച്ചിട്ടില്ലെന്ന് കോടിയേരിക്ക് പറയാനാവുമോ? ബിനോയിയുടെ വളര്‍ച്ച എന്നാല്‍ അത് കോടിയേരിയുടെ വളര്‍ച്ച കൂടിയാണ്. ബിനോയി വീഴുമ്പോള്‍ അതുകൊണ്ടുതന്നെ കോടിയേരിയും വീണുപോവുന്നു.

ഒരു പാത്രം വെള്ളമെടുത്ത് കൈകഴുകിക്കൊണ്ട് ഈ രക്തത്തില്‍ എനിക്ക് പങ്കില്ലെന്ന് പറഞ്ഞ പീലാത്തോസിനെ ഓര്‍ക്കാതിരിക്കാനാവില്ല. കൈകഴുകുമ്പോഴും പീലാത്തേിസിനറിയാമായിരുന്നു ഒരു കോപ്പയിലെ വെള്ളം കൊണ്ട് കഴുകിക്കളയാനാവുന്ന കറയല്ല കൈകളിലുള്ളതെന്ന്. എകെജി സെന്ററില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കോടിയേരി കൈകഴുകുന്നത് വല്ലാത്തൊരു കാഴ്ചയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി മാത്രമല്ല കോടിയേരി. കേരളത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രികൂടിയാണ്. മകന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അവനെ നിയമത്തിന് മുന്നിലെത്തിക്കുകയാണ് കോടിയേരി ചെയ്യേണ്ടത്. അവനെ ഞാന്‍ വിളിക്കാറില്ല, അവനുമായി എനിക്കിപ്പോള്‍ ബന്ധമില്ല എന്ന വാക്കുകള്‍ എത്ര പൊള്ളയാണെന്ന് കോടിയേരിയും സിപിഎമ്മും തിരിച്ചറിയുന്നില്ലെന്നത് സമകാലിക കേരള രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധിയും വെല്ലുവിളിയുമാണ്.

മാരിയോ പുസൊയുടെ ഗോഡ്ഫാദറില്‍ ഡോണ്‍ വിറ്റൊ കോര്‍ലിയോണ്‍ മകന്‍ സാന്റിനൊ കൊര്‍ലിയോണിനെ ശാസിക്കുന്ന ഒരു രംഗമുണ്ട്. മയക്കു മരുന്ന് കച്ചവടത്തിന്റെ ഡീലുമായി എത്തുന്ന സൊളൊസ്സൊയൊട് വിറ്റൊ കോര്‍ലിയോണ്‍ നോ എന്ന് പറയുന്നു. പക്ഷേ, കോടികളുടെ കിലുക്കം മകന്‍ സാന്റിനൊയെ പ്രലോഭിപ്പിക്കുന്നു. പിതാവ് നോ പറയുന്നതിനിടയില്‍ സാന്റിനൊ ഇടയ്ക്കുകയറി സൊളൊസ്സൊയോട് കച്ചവടത്തിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ചോദിക്കുന്നു. മകന് പിതാവിന്റെ അഭിപ്രായമല്ലെന്ന് സൊളൊസ്സൊ തിരിച്ചറിയുന്ന ആ നിമിഷമാണ് കൊര്‍ലിയോണ്‍ കുടുംബത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്. എന്ത് എവിടെ വെച്ച് സംസാരിക്കണമെന്ന് നിനക്കറിയില്ലേ, നിന്റെ ബുദ്ധി കെട്ടുപോയോ എന്ന് വിറ്റോ പിന്നീട് മകനോട് ചോദിക്കുന്നുണ്ട്. പക്ഷേ, അപ്പോഴേക്കും എതിരാളികള്‍ക്ക് വേണ്ടത് അവര്‍ക്ക് കിട്ടിക്കഴിഞ്ഞിരുന്നു. നോ പറയേണ്ടിടത്ത്  നോ പറയാതെ പോവുന്ന പിതാക്കള്‍ മക്കളുടെ പതനത്തിനാണ് വഴിയൊരുക്കുന്നത്.

ഇതാദ്യമല്ല ബിനോയി വിവാദത്തില്‍ പെടുന്നത്. കോടികളുടെ സാമ്പത്തിക ഇടപാടില്‍ ബിനോയി  പ്രതിസ്ഥാനത്ത് നിന്നപ്പോഴും കോടിയേരിയും പാര്‍ട്ടിയും ഇതുപോലെ തന്നെ കൈകഴുകി. ഇതൊരു വ്യക്തിയുടെ കാര്യമാണ്. പാര്‍ട്ടിക്കോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കോ ഇതില്‍ ഒന്നും ചെയ്യാനില്ല. സഖാക്കള്‍ യെച്ചൂരിയും വൃന്ദ കാരാട്ടുമൊക്കെ കൈകഴുകിക്കൊണ്ടേയിരിക്കുന്നു. ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്തപ്പോഴും പാര്‍ട്ടി കൈ കഴുകി. ഉദ്യോഗസ്ഥ ദുര്‍ഭരണമാണ് കാരണമെന്ന് വിധിയെഴുതി. അങ്ങിനെ ഉദ്യോഗസ്ഥരുടെ തോന്നിവാസത്തിന് കുടപിടിക്കാനാണെങ്കില്‍ എന്തിനാണൊരു നഗരസഭ അദ്ധ്യക്ഷയെന്ന് ചോദിക്കാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോവുന്നതെന്തുകൊണ്ടാണ്. 

ധാര്‍മ്മിക ബോദ്ധ്യങ്ങളില്ലെങ്കില്‍ രാഷ്ട്രീയ നേതൃത്വം തികഞ്ഞ പരാജയമാവും. ഇന്നിപ്പോള്‍ സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ മൂലകാരണം ധാര്‍മ്മിക ശക്തിയുടെ അഭാവമാണ്. തെറ്റു പറ്റുമ്പോള്‍ അതേറ്റെടുക്കാനുള്ള ഉള്‍ക്കരുത്ത് പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നു. കോടിയേരി സെക്രട്ടറി സ്ഥാനത്ത് തുടരട്ടെയന്നും പി കെ ശ്യാമള ആന്തൂര്‍ നഗരസഭയുടെ അദ്ധ്യക്ഷസ്ഥാനം ഒഴിയേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനിക്കുന്നത് അതുകൊണ്ടാണ്.                       

കോടിയേരിയെ സംബന്ധിച്ചിടത്തോളം പരാജയങ്ങള്‍ രണ്ടാണ്. ഈ പ്രതിസന്ധിയില്‍ മകനോടുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന് നിറവേറ്റാനാവുന്നില്ല. പൊതു സമൂഹത്തിനു മുന്നില്‍ മകനെ തള്ളിപ്പറയുകയല്ല അവനെ തിരുത്തുകയാണ് കോടിയേരി ചെയ്യേണ്ടത്. ഒരു പിതാവെന്ന നിലയിലും  നേതാവെന്ന നിലയിലും കോടിയേരി പരാജയപ്പെട്ടുപോവുന്നു. പ്രായശ്ചിത്തമല്ല തള്ളിപ്പറയലും നിരാകരണവുമാണ്  ഈ പ്രതിസന്ധി  മറികടക്കാനുള്ള വഴികളെന്ന് പാര്‍ട്ടി തീരുമാനിക്കുമ്പോള്‍ ആ പരാജയത്തിന് ആഴവും പരപ്പുമേറുന്നു. 

 1921 ല്‍ സോവിയറ്റ് കോണ്‍ഗ്രസ്സിനു മുന്നില്‍ പുതിയ സാമ്പത്തിക നയം അവതരിപ്പിച്ചുകൊണ്ട് ലെനിന്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് എം എന്‍ റോയ് എഴുതിയിട്ടുണ്ട്. പ്രസംഗം ലെനിന്‍ അവസാനിപ്പിച്ചത് ഇങ്ങനെയാണ്. '' വിപ്ലവം നമ്മള്‍ നടത്തിക്കഴിഞ്ഞു. ഇനിയിപ്പോള്‍ കാര്യങ്ങൾ എങ്ങിനെ വിപ്ലവകരമായി നടത്താനാവും എന്ന് നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു ( We have made the revolution. Now we should learn the revolutionary house keeping). കുടുംബവും പാര്‍ട്ടിയും എങ്ങിനെയാണ് നടത്തേണ്ടതെന്ന അടിസ്ഥാന പാഠങ്ങളിലേക്ക് സിപിഎം തിരിച്ചുപോവുന്നില്ലെങ്കില്‍ ആത്യന്തികമായി അതിന്റെ നഷ്ടം ഇന്ത്യന്‍ ജനാധിപത്യത്തിന്റേതു കൂടിയാവുന്നു.

Content Highlights: Kodiyeri in crisis, Binoy Kodiyeri issue