കമ്മ്യൂണിസ്റ്റുകാര്‍ക്ക് കണ്ണിലെ കൃഷ്ണമണി പോലെയാണ് അടവും കരടും. അച്ചടക്കവും അക്കൂട്ടത്തില്‍പ്പെടുമെങ്കിലും അടവും കരടും പോലെ പരമപ്രധാനമല്ല. കണ്ണിലെ കരട്, മഷിയിലെ കരട് എന്നിവ പോലെയുള്ള ചെറിയ കരടല്ല, പൊടിയല്ല, തരിയല്ല- അസ്സലിനു മുമ്പുള്ള നക്കല്‍- അതത്രെ കമ്മ്യൂണിസ്റ്റുകാരുടെ ഭാഷയിലെ കരട്. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ടി കോണ്‍ഗ്രസ്സില്‍ പാസാകുന്നതുവരെ പ്രമേയം നക്കലാണ്. പണ്ടത്തെ മോസ്‌കോ പോലെ പണ്ട് ഇന്ത്യന്‍ മോസ്‌കോവായിരുന്ന കൊല്‍ക്കത്താവില്‍ മൂന്ന് ദിവസം പി.ബി.യും സി.സിയും( അതും കമ്മ്യൂണിസത്തിന്റെ അപാര സംഭാവനയാകുന്നു) നക്കലിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ചെറിയ കാര്യമല്ല ഇന്ത്യന്‍ വിപ്ലവത്തിന്റെ അടവെന്തായിരിക്കണമെന്ന പ്രമേയത്തിന്റെ നക്കല്‍. ഒടുവില്‍ വോട്ടിനിട്ട് നക്കലിന് അംഗീകാരം നല്‍കിയിരിക്കുന്നു- 

അടവിനെക്കുറിച്ചുള്ള നക്കല്‍ പ്രമേയത്തിന്റെ ചര്‍ച്ചാപരമ്പരയും ജനറല്‍ സെക്രട്ടറിയുടെ നക്കല്‍ വോട്ടിനിട്ട് തള്ളലും  കാണുമ്പോള്‍ രണ്ടും രണ്ടിടത്താവുന്നതിലേക്കണോ പോക്ക് എന്നും സംശയിക്കാം. കൊല്‍ക്കത്ത തീസീസിന്റെ നാടാണ്. രണ്ടാം കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ നടന്നപ്പോഴാണല്ലോ ഗ്രാമങ്ങള്‍ പിടിച്ചടക്കി നഗരങ്ങളെ വളഞ്ഞ് സോഷ്യലിസ്റ്റ് വിപ്ലവം നടത്താന്‍ രണദിവെ നക്കല്‍ അവതരിപ്പിച്ചതും അത് പാസാക്കിയതും പാര്‍ടി നിരോധിക്കപ്പെട്ടതും.

അന്ന് രണദിവെക്ക് പാര്‍ടി സെക്രട്ടറി സ്ഥാനം പോയി. ഇപ്പോള്‍ 22-ന്റെ നക്കലാണ്. രണദിവെ പറഞ്ഞതുപോലെ വിപ്ലവം ഒറ്റക്ക് നടത്തണമെന്നാണ് കാരാട്ടിന്റെയും രാമചന്ദ്രന്‍ പിള്ളയുടെയും നക്കലെങ്കില്‍ കോണ്‍ഗ്രസ്സടക്കമുള്ള ജനാധിപത്യ പാര്‍ടികളുമായി ചേര്‍ന്നാലേ ഇന്ത്യന്‍ വിപ്ലവത്തിന്റെ തല്‍ക്കാലത്തെ ചുമതല നിര്‍വഹിക്കാനുള്ള ശേഷിയുണ്ടാവൂ എന്നതാണ് യെച്ചൂരിയുടെ നക്കല്‍. ആ നക്കലാണ് കേരളീയരായ കാരാട്ടും രാമചന്ദ്രന്‍പിള്ളയും പിണറായിയും  കോടിയേരിയുമെല്ലാം ചേര്‍ന്ന് തള്ളിയത്.  കൊല്‍ക്കത്താ തീസീസിന്റെ കാലത്ത് രണദിവെ ലൈനിനൊപ്പം ഉറച്ചുനിന്ന കേരളഘടകം ആധുനിക കൊല്‍ക്കത്താ നക്കല്‍  തീസീസിന്റെ കാര്യത്തിലും ഉറച്ച നിലപാടാണ് സ്വീകരിച്ചത്.

 അഥവാ കോണ്‍ഗ്രസ് വിരോധത്തിലൂടയേ മുന്നോട്ടുപോകാനാവൂ എന്ന നക്കലിന് പിന്നില്‍ത്തന്നെ കേരളഘകമാണ് എന്നതാണ് കിംവദന്തി. അന്ന് നക്കല്‍ പാസായി തീസീസായി പരിണമിച്ച ശേഷമാണ് രണദിവെക്ക് സെക്രട്ടറിസ്ഥാനം പോയതെങ്കില്‍ ഇന്ന് തന്റെ നക്കല്‍ പാസാകാത്തതിനാല്‍ യെച്ചൂരി സഖാവിന് സെക്രട്ടറി സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നേക്കുമെന്ന വ്യത്യാസം മാത്രം. 
 കൊല്‍ക്കത്താ തീസീസിന്റെ അസ്‌കിതയെല്ലാം തീര്‍ന്ന് സഖാക്കള്‍ ഒളിവില്‍നിന്ന് പുറത്തുവന്ന് പരസ്പരം തര്‍ക്കിക്കാന്‍ തുടങ്ങിയപ്പോള്‍ വരാനിരിക്കുന്ന പിളര്‍പ്പ് ദീര്‍ഘദര്‍ശനം ചെയ്ത് വൈലോപ്പിള്ളി കുടിയൊഴിക്കല്‍ എന്ന കാവ്യത്തില്‍ പാര്‍ടിക്ക് ഒരാശംസ നല്‍കി. 
     'മര്‍ദകനിണസ്വാദിനെയോര്‍ക്കും
      കത്തിയാലാത്മഹത്യ ചെയ്യാതെ'
  എന്നും ' പോക ഭൗതിക തൃപ്തിതന്‍ മധ്യ
             മേഖലയില്‍ മയങ്ങിമേവാതെ' എന്നുമുള്ള ആശംസ. വ്യവസ്ഥ മാറ്റാന്‍ ആശയപരമായി സായുധരെന്ന് സ്വയംഅഭിമാനിക്കുന്നവര്‍ നശിക്കാനും അതേആയുധങ്ങളുപയോഗിക്കുന്നുവെന്ന്. 
       രാഷ്ട്രീയപ്രമേയങ്ങളുടെ നക്കല്‍ തയ്യാറാക്കുമ്പോള്‍ സാര്‍വദേശീയ,ദേശീയ വൈരുദ്ധ്യങ്ങളേക്കുറിച്ചാണ് ചിന്തിച്ചുപോന്നതെങ്കില്‍ ഇപ്പോള്‍ മറ്റ് സുപ്രധാന വൈരുദ്ധ്യങ്ങളേക്കുറിച്ചാണ് നാട്ടുകാര്‍ ചര്‍ച്ച ചെയ്യുന്നത്. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള വൈരുദ്ധ്യം, കാരാട്ടും യെച്ചൂരിയും തമ്മിലുള്ള വൈരുദ്ധ്യം, സി.പി.എമ്മിലെ കേരളഘടകവും ബംഗാള്‍ ഘടകവും തമ്മിലുള്ള വൈരുദ്ധ്യം. പാര്‍ട്ടി ആചാര്യന്മാര്‍ പറഞ്ഞതുപോലെയാണെങ്കില്‍ നാലാമതൊരു വൈരുദ്ധ്യം കൂടിയുണ്ടായേ തീരൂ- അത് പാര്‍ടിയുടെ  അടവും വര്‍ത്തമാനകാല യാഥാര്‍ഥ്യവും തമ്മിലാവുമോ- കോണ്‍ഗ്രസില്‍ നക്കല്‍ അസ്സലാകുമ്പോഴാണതറിയുക.

ഏതായാലും സീതാറാം യെച്ചൂരിക്ക് സ്വന്തം നാട്ടില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മോചനം ലഭിക്കുമെന്ന് കരുതാവുന്നിടത്തോളം സംഭവം വികസിച്ചിരിക്കുന്നു. ജീവന്‍ രക്ഷിക്കാന്‍ പാടുപെടുന്ന ബംഗാള്‍ ഘടകവും ബുദ്ധദേവ് ഭട്ടാചാര്യയും എന്തെങ്കിലും കടുംകൈ ചെയ്യുമോ, യെച്ചൂരി അപ്പോള്‍ എന്തുചെയ്യും എന്നതെല്ലാം കൊണ്ട് ഹൈദരാബാദ് കോണ്‍ഗ്രസ് മാധ്യമ ശ്രദ്ധയാകര്‍ഷിക്കും. അടവിന്റെ പേരില്‍ കടുംകൈകളൊന്നുമുണ്ടാവില്ലെന്ന് കരുതാം.