കേരളത്തിലെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം സൈന്യം ഏറ്റെടുക്കണമെന്ന് പലകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാകാത്ത ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സൈന്യമോ മറ്റു കേന്ദ്രസേനകളോ ദുരിതാശ്വാസ നടപടികളും രക്ഷാപ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നതല്ല നിലവിലെ രീതി. മറിച്ച്, സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ പൂര്‍ണ പിന്തുണ നല്‍കുകയാണ് കേന്ദ്രസേനകളുടെ ചുമതല.

സംസ്ഥാനങ്ങള്‍ ആവശ്യപ്പെടാതെയും കേന്ദ്രസര്‍ക്കാരിന് വിവിധ സൈനികവിഭാഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിന്‌ ചുമതലപ്പെടുത്താം. കാരണം, സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇല്ലെങ്കിലും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായം നല്‍കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. ദുരന്തമേഖലകളില്‍ സംസ്ഥാനത്തിന്റെ നടപടികള്‍ക്ക് പിന്തുണ നല്‍കുകയാണ് വിവിധ സൈനിക വിഭാഗങ്ങളുടെ ചുമതല. ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുക, ഭക്ഷണസാധനങ്ങളും കുടിവെള്ളവും മരുന്നുകളും എത്തിക്കുക, താത്കാലിക ഗതാഗത സൗകര്യങ്ങളും, ആശയവിനിമയ സംവിധാനങ്ങളും ഉണ്ടാക്കുക തുടങ്ങിയവ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ചുമതലകളാണ്. 

വിവിധ സൈനികവിഭാഗങ്ങളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് കീഴില്‍ ദേശീയ നിര്‍വാഹക സമിതി രൂപീകരിച്ചിരിക്കുന്നത്. ഈ നിര്‍വാഹക സമിതിയാണ് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതും. 

രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തില്‍ കഴമ്പില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതുപോലെ ജില്ലാ ഭരണകൂടത്തെ സഹായിക്കുകയാണ് സൈന്യത്തിന്റെ ചുമതല. വിവിധ കേന്ദ്രസേനകള്‍ ഇപ്പോള്‍ കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. 

Read Also: ദേശീയ ദുരന്തം : വിവാദങ്ങള്‍ വെറുതെ