നമ്മുടെ ജനാധിപത്യത്തിന്റെ അനുഭവങ്ങൾ എല്ലാ വിഭാഗങ്ങളോടും നീതിപുലർത്തുന്നുണ്ടോ? പാർലമെന്റും നിയമസഭകളും പാസാക്കിയ നിയമങ്ങൾ പരിരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിയ മേഖലകളിൽ  അത് യാഥാർഥ്യമായോ? ഉണ്ടാക്കിയ നിയമങ്ങൾ നടപ്പാക്കുമ്പോൾ അതിൽ  ‘ഇടപെടുന്ന’ രീതികൾ എങ്ങനെയായിരുന്നു? ആരെ ഉദ്ദേശിച്ചാണോ നിയമമുണ്ടാക്കിയത്‌, അവർക്ക് അതിന്റെ സമ്പൂർണമായ പിന്തുണ ലഭ്യമാകുന്ന തരത്തിൽ  അവ നടപ്പാക്കാൻ സാധിച്ചോ? ഈ പ്രശ്നങ്ങളെല്ലാം വിമർശനബുദ്ധ്യാ പരിശോധിച്ച് ഇന്ത്യൻ ജനാധിപത്യത്തിന്റെ അനുഭവങ്ങളെ ആകെ വിശകലനവിധേയമാക്കാനും ചർച്ചചെയ്യാനുമുള്ള ഒരു വേദിയാണ്‌ ഫെസ്റ്റിവൽ ഓൺ ഡെമോക്രസി.

ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് നിയമസഭാസമുച്ചയത്തിൽ  നിർവഹിക്കും. ഇരുപതുകോടിയോളം വരുന്ന രാജ്യത്തെ ദളിത്‌ സമൂഹത്തിന്റെ സംരക്ഷണം  ലക്ഷ്യംവെച്ച്‌ പാർലമെൻറ്‌ പാസാക്കിയ ഒരു നിയമത്തിന്റെ കാതലെടുത്ത്‌ കടലിലെറിയുന്ന നീതിപീഠത്തിന്റെ നിലപാട്‌  രാജ്യം ഉറ്റുനോക്കുന്ന ദിവസമാണ്‌ ഫെസ്റ്റിവൽ ഓൺ ഡെമോക്രസി ഉദ്‌ഘാടനംചെയ്യപ്പെടുന്നത്‌ എന്നത്‌ യാദൃച്ഛികമെങ്കിലും പ്രധാനമാണ്‌. ആറുമാസം നീണ്ടുനിൽക്കുന്ന വിവിധ സമ്മേളനങ്ങളിലെ ആദ്യത്തേതാണ് സ്വതന്ത്ര ഇന്ത്യയിൽ  പട്ടികജാതി-പട്ടികവർഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികൾ എന്നത്‌.

രാഷ്ട്രീയതുല്യതയും സ്വാതന്ത്ര്യവും ഇന്ത്യയിൽ  നിലനിൽക്കുന്നു. എന്നാൽ,  സാമൂഹികതുല്യതയും സാംസ്കാരികതുല്യതയും ഇല്ലാത്തതിനാൽ  രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങൾ അനുഭവിക്കാൻ അടിസ്ഥാനവർഗത്തിനും പ്രാന്തവത്‌കൃത ജനതയ്ക്കും കഴിയുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു പ്രതിസന്ധിയാണിത്. ഈ പ്രതിസന്ധിയെ ചർച്ചാവിഷയമാക്കിക്കൊണ്ടായിരിക്കും ആദ്യസമ്മേളനം ചേരുന്നത്. 
 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം  എം.എൽ.എ.മാരും  കേരളത്തിലെ മുഴുവൻ എം.എൽ.എ.മാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പട്ടികജാതി-പട്ടികവർഗ മേഖലയിൽ  ശ്രദ്ധേയമായ നിലയിൽ  ഇടപെട്ടുകൊണ്ടിരിക്കുന്നവരും ഈ സമ്മേളനത്തിൽ പങ്കാളികളാകും.

നിയമനിർമാണം, നിയമങ്ങളുടെ ഇടപെടലുകൾ എന്നിവയെല്ലാം ചർച്ചയ്ക്ക് വിധേയമാക്കി ഒരു അഭിപ്രായ രൂപവത്‌കരണത്തിനാണ്‌ സാധ്യതതേടുന്നത്‌.  ഇതിന്റെ തുടർച്ചയായി സ്ത്രീശാക്തീകരണത്തിന്റെ അനുഭവങ്ങളെ വിശദമാക്കിക്കൊണ്ടുള്ള ദേശീയ വനിതാ ലജിസ്ലേറ്റേഴ്‌സ്‌ കോൺഫറൻസ്‌ സെപ്റ്റംബറിലും ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന ദേശീയ വിദ്യാർഥിപാർലമെന്റ്‌ ഒക്‌ടോബർ മാസത്തിലും നടക്കും. മാധ്യമങ്ങളുടെ വിശ്വാസ്യതയും സ്വാധീനവും ഏറ്റവും വർധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്കായി ഒരുക്കുന്ന പരിപാടിയാണ് നാഷണൽ മീഡിയ കോൺക്ലേവ്‌ ഓൺ െഡമോക്രസി.

കേരളം കടന്നുവന്ന വഴികൾ പരിശോധിക്കുമ്പോൾ രാജ്യത്തിന് മാതൃകയായ അനവധി നിയമനിർമാണങ്ങൾക്ക്‌ നേതൃത്വംകൊടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും  നമുക്ക്  നഷ്ടപ്പെട്ടുപോയ കാര്യങ്ങൾകൂടി ചർച്ചാവിധേയമാക്കേണ്ടതുണ്ട്. രാഷ്ട്രീയമായ അഭിപ്രായഭിന്നതകൾ നിലനിൽക്കേത്തന്നെ കേരളത്തിനുവേണ്ട, അഥവാ കേരളത്തിന്റെ നിലനില്പിന് ആവശ്യമായ മിനിമം കാര്യങ്ങളിലുള്ള ഒരു യോജിപ്പ് ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലും ആസൂത്രണ വിദഗ്ധർക്കിടയിലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ അടിസ്ഥാനപരമായ കേരള താത്പര്യങ്ങൾ ഉയർത്തിപിടിക്കാൻ നമുക്ക് കഴിയും. വികസനരംഗത്ത്‌ യോജിപ്പോടെ നിൽക്കാവുന്ന ഒരു പൊതുസമവായം ഉണ്ടാവാനുള്ള പരിശ്രമമാണ്‌ കേരള വികസനത്തിന്‌ ഒരു സമവായസംവാദം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആന്തരിക സത്തയെ അർഥസമ്പുഷ്ടമാക്കാൻ പുതിയ നിയമനിർമാണങ്ങളും ഭരണപരമായ ഇടപെടലുകളും അനിവാര്യമാണ്. ഈ ദിശയിലുള്ള മുൻകൈയാണ്‌ ഫെസ്റ്റിവൽ ഓൺ ഡെമോക്രസി.