സാമ്രാജ്യത്തത്തിനെതിരെയുള്ള ഐതിഹാസിക സായുധ സമരത്തിനിടയില്‍ പിടിക്കപ്പെടുകയും പിന്നീട് തടവറയില്‍ വച്ച് വെടിയേറ്റ് മരണപ്പെടുകയും ചെയ്ത വിശ്വവിഖ്യാതനായ വിപ്ലവകാരി ജ്വല്ലിക്കുന്ന ഓര്‍മയായി മാറിയിട്ട് അന്‍പതാണ്ട് പൂര്‍ത്തിയാവുന്നു. എന്നാല്‍ മരണത്തിനിപ്പുറം ഇത്രകാലം കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള പോരാളികള്‍ക്ക് ആശയും ആവേശവുമാണ് ഏണസ്റ്റോ ചെ ഗുവേര 

മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി എണസ്റ്റോ ജ്വലിച്ചു നില്‍ക്കുന്നു. ലാറ്റിനമേരിക്കയില്‍ നിന്നും എത്രയോ കാതമകലെ സ്ഥിതി ചെയ്യുന്ന കേരളമെന്ന ഈ കൊച്ചുദേശം ചെയെ ഒരു വികാരം പോലെ നെഞ്ചേറ്റിയവരുടെ കൂടി നാടാണ്. സത്യത്തില്‍ കേരളം ഇത്രയധികം തങ്ങളോടു ചേര്‍ത്തുനിര്‍ത്തിയ മറ്റൊരു വിപ്ലവകാരിയില്ല. 

2009-ലെ ഒരു മെയ് മാസ പുലരിയിലാണു ഞാന്‍ സാന്റാക്ലാരക്കടുത്ത് റഞ്ച്വോലോ എന്ന ചെറുപട്ടണത്തിലെ എന്റെ സുഹൃത്തുക്കളായ വാലന്‍സ്യ കുടുംബാഗംങ്ങളോടൊത്ത് ചെ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തുന്നത്. സാന്റക്ലാരയിലെ ഓട്ടോപിസ്ത നാസ്യോണലിന്റെ (ക്യൂബന്‍ ദേശീയ പാത) ഓരത്ത് ഉയര്‍ന്നു നില്‍ക്കുന്ന ചെയുടെ പ്രതിമ ആ കുടീരത്തിന്റെ മുഖമുദ്രയാണ്. 

ചെയുടെ വ്യക്തിത്വത്തെ പോലെ തന്നെ ഏറെ പ്രത്യേകതകളുണ്ട് ആ പ്രതിമക്കും. ഭൂനിരപ്പില്‍ നിന്നും മീറ്ററുകള്‍ ഉയരത്തില്‍ കെട്ടിപൊക്കിയ തറയ്ക്ക് മുകളില്‍ 22 അടി ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് വിശ്വപ്രസിദ്ധ ക്യൂബന്‍ ശില്‍പികളായ ഹോസെ ഡെലാറോയും ഹോസെ ഡെ ലസാറോയും ചേര്‍ന്നാണ്. ഓടില്‍ തീര്‍ത്ത പ്രതിമ ഏറെ പ്രതീകങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. 

190 ഡിഗ്രി ചെരിഞ്ഞിരിക്കുന്ന പ്രതിമ ഉറ്റുനോക്കുന്നത് തെക്കെ അമേരിക്കയിലേക്കാണ്. അവിടുത്തെ ജനങ്ങളുടെ ക്ഷേമമായിരുന്നല്ലോ അദ്ദേഹത്തിന്റെ വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്കാധാരം. ഒലിവു പച്ചനിറത്തിലുള്ള വിപ്ലവകമാന്‍ഡറുടെ യൂണിഫോമില്‍ വലതുകയ്യില്‍ തോക്കേന്തി പ്ലാസ്റ്ററിട്ട ഇടതു കയ്യുമായി മുന്നോട്ടു മാര്‍ച്ചു ചെയ്യുന്ന ചെയുടെ രൂപം വെല്ലുവിളികളെ സ്വതസിദ്ധമായ ശൈലിയില്‍ നേരിടുന്ന ചെയുടെ വ്യക്തിത്വത്തെ കൃത്യമായി വരച്ചുകാട്ടുന്നു. ആ പ്രതിമക്കു താഴെ അദ്ദേഹത്തിന്റെ ജീവിതസാരമായ ആപ്തവാക്യം, ''ഹസ്ത ലാ വിക്തോറിയ സിയംബ്രേ'' (വിജയം വരെ പോരാടാം) കുറിച്ചുവെച്ചിരിക്കുന്നു. 

cheguvera
ഫോട്ടോ:  എ.എഫ്.പി

ആരാണു ചെ? പലരും പല രീതിയിലാണു ചെയുടെ ജീവിതത്തെ വിശകലനം ചെയ്യുന്നത്. തീവ്ര വലതുപക്ഷക്കാര്‍ അദ്ദേഹത്തെ തികഞ്ഞ അക്രമിയും ദയാദാക്ഷിണ്യമില്ലാത്ത കൊലയാളിയുമായി കാണുമ്പോള്‍ ലോകമെമ്പാടുമുള്ള ഇടതുപക്ഷ സഹയാത്രികര്‍ അദ്ദേഹത്തെ അമരനായ പോരാളിയും വിപ്ലവകാരിയും തങ്ങളുടെ പോരാട്ടങ്ങളിലെ ഒരിക്കലും മരിക്കാത്ത ആവേശവും ആത്മസഖാവുമായി കണക്കാക്കുന്നു. 

അര്‍ജന്റീനയിലെ റൊസാരിയോ എന്ന പട്ടണത്തിലെ ആശുപത്രികളിലൊന്നില്‍ ഡോക്ടറായി ജീവിച്ചു മരിക്കേണ്ടിയിരുന്ന ഏണസ്റ്റോ ഗുവാര സര്‍നയെന്നയാള്‍ ലോകമെമ്പാടും അറിയപ്പെടുന്ന ചെയെന്ന വിപ്ലവകാരിയായി മാറിയത് തികച്ചും ആകസ്മികമായല്ല. ചെറുപ്പത്തിലേ തന്നെ ആസ്ത്മ രോഗിയായിരുന്ന ആ ബാലന്റെ ഏറ്റവും വലിയ സവിശേഷത തന്റെ മുന്നിലുള്ള വെല്ലുവിളികളെ, അതെത്ര വലുതായിരുന്നാലും, സ്വതസിദ്ധമായ ആത്മവിശ്വാസത്തോടെ നേരിടുന്നതിലായിരുന്നു. 
 
ചെറുപ്പകാലത്ത് ഫുട്ബോളിലും സാമൂഹ്യ സേവനങ്ങളിലും തല്‍പരനായിരുന്ന ചെയുടെ ജീവിതത്തെ മാറ്റി മറിച്ചത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ അദ്ദേഹം നടത്തിയ വെല്ലുവിളികള്‍ നിറഞ്ഞ യാത്രകളാണ്. ആ യാത്രകളിലൂടെ ലാറ്റിനമേരിക്കയിലെ അടിസ്ഥാന വര്‍ഗ്ഗക്കാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളേയും യാതനകളേയും അദ്ദേഹം അടുത്തറിഞ്ഞു. 

തലമുറകളായി തുടരുന്ന അവരുടെ ജീവിതവ്യഥകള്‍ക്ക് കാരണം അവരെ അടുക്കളതോട്ടത്തിലെ തൊഴിലാളികളാക്കി നിര്‍ത്തി അടിമകളെ പോലെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളിലെ സര്‍ക്കാരും അവരുടെ പാവകളായ സ്വദേശ സര്‍ക്കാരുകളും അമേരിക്കയിലേയും സ്വദേശത്തെയും കുത്തകമുതലാളിമാരുമാണെന്ന തിരിച്ചറിവ് ഭാവിയിലെപ്പോഴെങ്കിലും അവസരം കിട്ടിയാല്‍ അക്കൂട്ടര്‍ക്കെതിരെ ആയുധമെടുക്കണമെന്ന തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 

കൊടിയ അനീതികാണുമ്പോള്‍ അതിനെതിരെ പോരാടണമെന്ന തോന്നല്‍ സാധാരണയായി അനുകമ്പയുള്ള ഏതൊരാള്‍ക്കും ഉണ്ടാവുന്നതാണ്. എന്നാല്‍ അതിനായി രാജ്യാന്തര ഭൂഖണ്ഡാന്തര യാത്രകള്‍ നടത്തുകയും അത്തരം പോരാട്ടങ്ങളില്‍ സര്‍വ്വസന്നദ്ധനായി ഏര്‍പ്പെടുകയും ചെയ്യുകയെന്നത് ഒരു സാധാരണ സംഗതിയല്ല. അതിനുമപ്പുറം താന്‍ ഏര്‍പ്പെട്ട പോരാട്ടങ്ങളെയും തനിക്ക് അനുഭവവേദ്യമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെയും തന്റെ അനിതരസാധാരണമായ വാങ്മൊഴികളില്‍ പകര്‍ത്തിവെച്ച് താന്‍ കൊളുത്തിവിട്ട വിപ്ലവാഗ്നി കെടാതെ സൂക്ഷിക്കാന്‍ കഴിഞ്ഞ ചെ ഒരിക്കലും ഒരു സാധാരണക്കാരന്‍ ആയിരുന്നില്ല. 

ലോകം കണ്ട ഏറ്റവും സമ്പൂര്‍ണ്ണനായ വിപ്ലവകാരിയായി ചെയെ മാറ്റുന്നതും സമാനതകളില്ലാത്ത ഈ ജീവിതമാണ്. അതുകൊണ്ടൊക്കെ തന്നെയാവണം ലോകം കണ്ട മികച്ച ചിന്തകരിലൊരാളായ ഫ്രെഞ്ച് തത്വചിന്തകന്‍ ഴാങ് പോള്‍ സാര്‍ത്രെ തന്റെ ജീവിതഘട്ടത്തിലെ ഏറ്റവും സമ്പൂര്‍ണ്ണനായ മനുഷ്യനായി ചെയെ കണക്കാക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ലോക പ്രശസ്ത ടൈംസ് മാഗസിന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളായി ചെയെ തെരെഞ്ഞെടുക്കുകയുണ്ടായി. എതിരാളികളെപോലും വിസ്മയിപ്പിക്കുന്ന ചെയുടെ ഈ പ്രഭാവം തന്നെയാണ് കൊല്ലപ്പെട്ടതിനിത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ചെയെന്ന വിപ്ലവകാരിയെ ജനമനസ്സുകളില്‍ പ്രിയപ്പെട്ടവനാക്കുന്നത്. 

cheguvera
ഫോട്ടോ:  എ.എഫ്.പി

ഗ്വാട്ടിമാലയില്‍ നിന്നാണ് ചെയെന്ന വിപ്ലവകാരിയുടെ ജീവിതം ആരംഭിക്കുന്നത്. അവിടെ മെച്ചപ്പെട്ട ഭരണം നടത്തിയിരുന്ന അര്‍ബന്‍സിന്റെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കന്‍ ഐക്യനാടുകളുടെ ശ്രമത്തിനെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹവും പങ്കാളിയായി. അട്ടിമറിയെ എതിര്‍ത്ത് തോല്‍പിക്കാനായില്ലെങ്കിലും അതില്‍ നിന്നു ലഭിച്ച അനുഭവപരിചയം പിന്നീടുള്ള തന്റെ പോരാട്ടങ്ങള്‍ക്ക് പ്രചോദനമായി എന്ന് ചെ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഗ്വാട്ടിമാലയില്‍ നിന്നും മെക്സികോയിലെത്തിയ ചെ അവിടെ വച്ചാണ് ഫിദല്‍ കാസ്ട്രോ എന്ന ക്യൂബന്‍ വിപ്ലവകാരിയെ കണ്ടുമുട്ടുന്നത്. ലോകവിപ്ലവ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായൊരു അധ്യായത്തിന്റെ ആരംഭമായിരുന്നു ആ ഒത്തുചേരല്‍. ഫിദലും ചെയും ചേര്‍ന്ന് നയിച്ച ക്യൂബന്‍ വിപ്ലവം മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിപ്ലവ വിജയങ്ങളിലൊന്നാണെന്ന് നിസ്സംശയം പറയാം. 

ബാറ്റിസ്റ്റയെ തോല്‍പിച്ച് സൈനികമായ വിജയം നേടിയതുകൊണ്ടുമാത്രമല്ലത്. അമേരിക്കന്‍ ഐക്യനാടുകളുടെ നേതൃത്വത്തില്‍ ക്യൂബക്കെതിരെ നടന്ന പ്രതിവിപ്ലവപ്രവര്‍ത്തനങ്ങളെയെല്ലാം (ബേ ഓഫ് പിഗ്സ് ആക്രമണവും ഓപറേഷന്‍ മങ്ങ്ഗൂസും ഉള്‍പ്പെടെ) മറികടന്ന്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലും ഇടറാതെ, ഇന്നും അത് മുന്നേറുന്നു എന്നതു കൊണ്ടുകൂടിയാണത്. തീര്‍ച്ചയായും  ചെയുള്‍പ്പെടെയുള്ള വിപ്ലവകാരികളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ് ക്യൂബയുടെ അതിജീവനം. 

ക്യൂബന്‍ വിപ്ലവവിജയത്തിന്റെ പശ്ചാത്തലത്തിലാണ് വിപ്ലവത്തെ ഭൂഖണ്ഡാന്തര തലത്തിലേക്കുയര്‍ത്താനുളള തീരുമാനം ചെയെടുത്തത്. അതിനെത്തുടര്‍ന്ന്  തന്നെപോലെ ചിന്തിക്കുന്ന ക്യൂബക്കാരുടെ ഒരു സംഘവുമായി കോംഗോയിലെ മാര്‍ക്സിസ്റ്റ് പോരാളികളെ സഹായിക്കാന്‍ അദ്ദേഹം പുറപ്പെട്ടു. പക്ഷേ ആ ഉദ്യമം ഒരു പരാജയമായി ഭവിച്ചു. ചെയുടെ കോംഗോ ഡയറി തുടങ്ങുന്നതു തന്നെ ഇതൊരു പരാജയത്തിന്റെ ചരിത്രമാണെന്ന മുഖവുരയോടെയാണ്. 

കോംഗോയിലെ പരാജയത്തെത്തുടര്‍ന്നാണ് ചെ ബോളീവിയയിലെത്തുന്നത്. അവിടെ നംഗാഹുവാസു നദിക്കരയില്‍ ഒരു പരിശീലന ക്യാമ്പൊരുക്കുകയും ക്യൂബക്കാരും പെറുക്കാരും അര്‍ജന്റീനക്കാരും ബൊളിവിയക്കാരുമുള്‍പ്പെടുന്ന ഒരു ലാറ്റിനമേരിക്കന്‍ സംഘത്തെ സായുധ വിപ്ലവത്തിനായി ഒരുക്കിയെടുക്കുയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളെത്തുടര്‍ന്ന് ചെ പിടിക്കപ്പെടുകയും സി ഐ എ യുടെ അധീനതയിലായിരുന്ന ബൊളീവിയന്‍ റേയ്ഞ്ചേഴ്സിനാല്‍ തടവറയില്‍ വധിക്കപ്പെടുകയും ചെയ്തു. 

ഇവിടെ പ്രത്യേകം പ്രസ്താവിക്കേണ്ട ഒരുകാര്യം ക്യൂബയില്‍ ജനിച്ച അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ യില്‍ അംഗവും തീവ്രവലതുപക്ഷക്കാരനും, പരാജയപ്പെട്ട ബേ ഓഫ് പിഗ്സ് ആക്രമണത്തില്‍ പങ്കാളിയുമായിരുന്ന ഫെലിക്സ് റോഡ്രിഗസിന്റെ സാന്നിധ്യമാണ്. 

അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും മറ്റൊരു ക്യൂബന്‍-അമേരിക്കക്കാരനും ഹവാനയിലെ ഏറ്റവും സമ്പന്നനായ കാര്‍ ഡീലറുടെ പുത്രനും ബാറ്റിസ്റ്റ അനുകൂലിയുമായ ഗുസ്തോവോ വിയോല്‍ഡൊയും ചെയെ പിടിക്കാനായി സി ഐ എ പ്രത്യേകം തെരെഞ്ഞെടുത്തവരില്‍പെട്ടിരുന്നു. ഇവരെകൂടാതെ നാസി യുദ്ധ കുറ്റവാളിയും പഴയ ഗസ്റ്റപ്പോയും ഈ ഭൂമുഖത്തുനിന്നും കമ്മ്യൂണിസം തുടച്ചുനീക്കുമെന്നു ശപഥം ചെയ്ത വ്യക്തിയുമായ ക്ലാവുസ് ബാര്‍ബിയും ചേര്‍ന്നതോടെ ചെയെ പിടിക്കാനുള്ള തന്ത്രങ്ങള്‍ പൂര്‍ത്തിയായി. 

ഏറെ പ്രയാസം നിറഞ്ഞ ഒരു വലിയ മാര്‍ച്ചിനു ശേഷം പരുക്കേറ്റകാലുമായി ചലനശേഷി കുറഞ്ഞ അവസ്ഥയിലാണ് എതിരാളികള്‍ അദ്ദേഹത്തെ പിടികൂടിയത്. പിറ്റേന്നു കസ്റ്റഡിയില്‍ വെച്ച സ്‌കൂളില്‍ വെച്ചു തന്നെ മരിയോ ടെരന്‍ എന്ന ബൊളീവിയന്‍ റേഞ്ചര്‍ അദ്ദേഹത്തെ നിറയൊഴിച്ചു വധിക്കുകയും ചെയ്തു. മരണത്തിനു തൊട്ടുമുന്‍പും അദ്ദേഹം ആവശ്യപ്പെട്ടത് തന്നെ കസ്റ്റഡിയിവെച്ച ആ വിദ്യാലയത്തിലെ അദ്ധ്യാപികയെ കാണണമെന്നായിരുന്നു. 

യൂലിയ കോര്‍ട്ടസ് എന്ന അധാ്യപികയോട് അദ്ദേഹം പ്രധാനമായും സംസാരിച്ചത് ആ സ്‌കൂളിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ചായിരുന്നു. ക്യൂബയിലെ സിയറ മയിസ്ത്രയില്‍ സായുധ വിപ്ലവത്തിലേര്‍പ്പെട്ടിരുന്നപ്പോഴും അവിടത്തുകാര്‍ക്കായി സ്‌കൂളും പത്രവും തൊഴില്‍ശാലയും ആശുപത്രിയുമെല്ലാം നടത്തിയിരുന്ന ചെ ആ സ്‌കൂളിന്റെ അവസ്ഥയെക്കുറിച്ചു ചിന്തിച്ചതില്‍ അസാധാരണമായി ഒന്നുമില്ല.    

കൊല്ലപ്പെടുന്നതിനു മിനുട്ടുകള്‍ക്കു മുന്‍പും അദ്ദേഹം ചിന്തിച്ചത് വിപ്ലവത്തിന്റെ അനശ്വരതയെക്കുറിച്ചാണ്. താന്‍ മരിച്ചാലും അനീതിക്കെതിരെ പൊരുതാന്‍, മാറ്റത്തിനായി യത്നിക്കാന്‍ അനേകം പേരുണ്ടാകുമെന്ന വിശ്വാസത്തോടെ. ഓരോ ദിവസവും ഞങ്ങള്‍ ചെയെപ്പോലെയാവും എന്ന് പ്രതിജ്ഞയെടുക്കുന്ന ക്യൂബന്‍ വിദ്യാര്‍ത്ഥികളിലൂടെ, അദ്ദേഹത്തിന്റെ സ്വപനം സാക്ഷാത്കരികുന്നതിനായി അഹോരാത്രം പ്രയത്നിക്കുന്ന ലോകം മുഴുവനുമുള്ള അനേകരിലൂടെ, അനീതിക്കെതിരെ പോരാടുന്ന ലോകമെമ്പാടുമുള്ള പോരാളികളിലൂടെ ചെയെന്ന പ്രതിഭാസം ഇന്നും ജീവിക്കുന്നു. 

തങ്ങളുടെ പ്രിയനായ ചെയുടെ നെഞ്ചിലേക്കു നിറയൊഴിച്ച മരിയൊ ടെരന്‍ എന്ന പഴയ ബൊളിവിയന്‍ റേഞ്ചറുടെ കാഴച്ചശക്തി വീണ്ടെടുത്ത് നല്‍കിയ ക്യൂബന്‍ ഡോക്ടര്‍മാരിലൂടെയും, പാകിസ്താനിലും ലോകത്തെ മറ്റുഭാഗങ്ങളിലും ഉണ്ടായ പ്രകൃതിദുരന്തങ്ങളില്‍ കഷ്ടപ്പെട്ട അനേകരെ ദേശവും ഭാഷയും സാംസ്‌കാരവും മതവും നോക്കാതെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവന്ന സന്നദ്ധപ്രവര്‍ത്തകരിലൂടെയും, ചെയുടെ കൂടെ ശ്രമഫലമായി സൃഷ്ടിക്കപ്പെട്ട ക്യൂബയെന്ന രാഷ്ട്രം ലോകത്തിനു മുന്നില്‍ വേറിട്ടൊരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ആ മാനവികതയാണ് ചെ വിഭാവനം ചെയ്ത വിപ്ലവത്തിന്റെ തിരുശേഷിപ്പ് എന്നുറപ്പിക്കാം. 

(ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അസോസിയേറ്റ് പ്രഫസറാണ് ലേഖകന്‍)