മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ നരേന്ദ്ര മോദിയെ കാണാന്‍ പോയി. എല്ലാവരും ആ കൂടിക്കാഴ്ച ഉറ്റുനോക്കി. ഒരേ മൂശയില്‍ വാര്‍ത്ത രണ്ടു ലോഹപുരുഷന്മാര്‍ മുഖാമുഖം. ഒന്നും സംഭവിച്ചില്ല. ചര്‍ച്ച സൗഹാര്‍ദപരം. മോദി പറഞ്ഞു: ''ഈ വാതിലുകള്‍ എപ്പോഴും താങ്കള്‍ക്കായി തുറന്നിട്ടിട്ടുണ്ട്.''

പിന്നീടിങ്ങോട്ട് നല്ല ബന്ധമായിരുന്നു രണ്ടു പേരും. മോദിയെ മമത ബാനര്‍ജി വിമര്‍ശിച്ചപ്പോഴും പിണറായിയും മോദിയും കൂട്ടുകാരായി തുടര്‍ന്നു. ചന്ദ്രശേഖര്‍ റാവു കേന്ദ്രത്തെ തള്ളിപ്പറഞ്ഞപ്പോഴും പിണറായിക്ക് മോദി പിറന്നാള്‍ ആശംസ നേര്‍ന്നു. ജുനൈദിന്റെ കുടുംബത്തെ കാണാനും കെജ്‌രിവാളിന് പിന്തുണയ്ക്കാനും ദല്‍ഹിക്ക് ചെന്നിട്ടും പ്രണയം മാറിയില്ല. മധുവിധു അവസാനിക്കുകയാണ്. ഇനി കേന്ദ്രവിരുദ്ധ സമരങ്ങളുടെ കാലം.

പ്രധാനമന്ത്രി മധ്യപ്രദേശിലാണ്. മോഹന്‍പുര അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിക്കുകയാണ് അദ്ദേഹം. നേവജ് നദിക്ക് കുറുകെ 3800 കോടി രൂപയുടെ പദ്ധതി. 55 ഗ്രാമങ്ങള്‍ അപ്പാടെ  മുങ്ങിപ്പോയി. അണക്കെട്ടുമായി ബന്ധപ്പെട്ട അഴിമതികള്‍ മധ്യപ്രദേശില്‍ വിവാദമാണ്. കനാല്‍ പോലും ഉണ്ടാക്കാതെ ഡാം ഉദ്ഘാടനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. 

അതിനിടെയാണ് പ്രധാനമന്ത്രിയെ കാണാന്‍ പിണറായി അപേക്ഷിക്കുന്നത്. സമയം കൊടുത്തില്ല. നാലു തവണ ചോദിച്ചിട്ടും സമ്മതിച്ചില്ലെന്ന് മുഖ്യമന്ത്രി. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമായി കണ്ട് ബഹളം വയ്ക്കും മുന്പ് ഓര്‍ക്കേണ്ട ചില പഴമൊഴികളുണ്ട്. പഴഞ്ചൊല്ലില്‍ പതിരില്ലെന്നതാണ് ആദ്യത്തേത്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നതാണ് അടുത്തത്.

സി.പി.എം. കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും ചേരുമ്പോഴാണ് കേരള മന്ത്രിമാരും മുഖ്യമന്ത്രിയും പൊതുവേ  ദല്‍ഹിക്കു പോകുന്നത്. ഉത്സവത്തിന് പോയി വരുമ്പോള്‍ രണ്ടു മണ്‍കലവും വാങ്ങാം എന്ന  മട്ടിലാണ് മിക്കവാറും ജനകീയ പ്രശ്‌നച ര്‍ച്ചകള്‍. ഒരു പക്ഷേ തിരക്കിനിടെ മോദി സി.പി.എമ്മിന്റെ സി.സിയും പി.ബിയും അറിഞ്ഞിരിക്കില്ല. 
റേഷന്‍ കാര്യം പറയാന്‍ ചെന്നപ്പോള്‍  ഭക്ഷ്യമന്ത്രിയെ കണ്ടാല്‍ മതിയെന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ അതില്‍ അത്ര വലിയ തെറ്റ്  കാണാനാവില്ല. ബാങ്ക് പാസ് ബുക്കില്‍ കണക്ക് തെറ്റായി എഴുതിക്കൂട്ടിയതിന് നമ്മളാരും തോമസ് ഐസക്കിനെ കാണാന്‍ അവസരം ചോദിക്കാറില്ലല്ലോ. ബന്ധപ്പെട്ടവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ മാത്രം മുകളിലുള്ളവരെ കാണുന്നതാണല്ലോ ജനാധിപത്യ സംവിധാനം. 

അന്തര്‍ സംസ്ഥാന പ്രശ്‌നങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളോ ആണെങ്കിലോ? തീര്‍ച്ചയായും പ്രധാനമന്ത്രി കാണുക തന്നെ വേണം. അവിടെയാണ് കേരള മുഖ്യമന്ത്രിയുടെ ഗൃഹപാഠം ഇല്ലായ്മ ബോധ്യപ്പെടുന്നത്. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്ന മോഹന്‍പുര അടക്കമുള്ള അണക്കെട്ടുകള്‍ കേന്ദ്രത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കം നടത്തുകയാണ് മോദി സര്‍ക്കാര്‍. നിര്‍ദിഷ്ട ഡാം സേഫ്റ്റി ഭേദഗതികള്‍ സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കും എന്ന് ആശങ്കകളുണ്ട്. 

മുല്ലപ്പെരിയാറിന്റെ അവകാശവുമായി ബന്ധപ്പെട്ട് തമിഴ് നാട് ഇതിനെതിരേ കേന്ദ്രത്തെ സമീപിച്ചു കഴിഞ്ഞു. കാവേരി പ്രശ്‌നങ്ങളും സജീവമായുണ്ട്. ഇക്കാര്യങ്ങളില്‍ പഠിച്ചിട്ട് പറയാം എന്ന നിലപാട് മുഖ്യന്ത്രിക്ക്.  അപ്പോള്‍ പ്രശ്‌നം പൂര്‍ണമായും മോദിയുടേതല്ല. കേന്ദ്ര വിരുദ്ധ സമരത്തിന് മുമ്പ് തീര്‍ച്ചയായും ഇക്കാര്യങ്ങളില്‍ സ്വന്തം ഓഫീസിന്റെ രീതി കൂടി മുഖ്യമന്ത്രി പരിശോധിക്കണം. 

ജിഷ്ണു പ്രണോയിയുടെ അമ്മയും ഉറച്ച കമ്മ്യൂണിസ്റ്റുകാരിയുമായ മഹിജയോടുള്ള സമീപനം എന്തായിരുന്നു? കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി കിട്ടിയിരുന്നോ? അതാണ് പറഞ്ഞത് കൊടുത്താല്‍ കൊല്ലത്തും കിട്ടും. പോരാത്തതിന് തൊട്ടു പിന്നാലെ മാധ്യമ പ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം വന്നു. കടക്ക് പുറത്ത് എന്നതിനുള്ള വിശദീകരണം. 'വിളിക്കാത്തിടത്ത് പോകരുത്. വിളിച്ചിടത്തേ പോകാവൂ.''

ഇതൊന്ന് വിശദീകരിച്ചാല്‍ കാര്യം കുഴപ്പത്തിലാവും. സഖാവ് വ്‌ലാദിമിര്‍ ഇല്ലിച്ച് റഷ്യന്‍ വിപ്ലവത്തിന് ഇറങ്ങിത്തിരിച്ചത് സര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍നിന്ന് ക്ഷണപത്രം കിട്ടിയിട്ടൊന്നുമല്ലല്ലോ. ഗ്രാന്‍മയെന്ന കപ്പലില്‍ സഖാവ് ഫിദല്‍ കാസ്‌ട്രോ പുറപ്പെട്ടതും സര്‍ക്കാര്‍ അനുമതിയോടെ ആയിരുന്നില്ല. മഹാത്മ ഗാന്ധി സത്യാഗ്രഹമിരുന്നതും ഭഗത് സിംഗ്  ബോംബെറിഞ്ഞതും വിളിക്കാത്തിടത്ത് ആയിരുന്നു. പോട്ടെ, തലശ്ശേരി കലാപകാലത്ത് പിണറായി വിജയന്‍ മൈക്ക് കെട്ടി സമാധാനം പ്രസംഗിച്ചതും വിഎസ് അച്യുതാനന്ദന്‍ മതികെട്ടാന്‍ മല കയറിയതും ആരെങ്കിലും വിളിച്ചിട്ടാണോ? 

വിളിക്കാത്തിടത്ത് ചെന്നുള്ള ബുദ്ധിമുട്ടേറിയ പണിയാണ് ജേര്‍ണലിസമെന്ന്  മലയാളി മാധ്യമപ്രവര്‍ത്തകര്‍ മറന്നിട്ട് കാലം കുറച്ചായി. പെട്ടി പിടുത്തക്കാര്‍ എം.എല്‍.എമാരെപ്പോലെ മാധ്യമങ്ങളിലും നിറഞ്ഞു. കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാദ്യങ്ങള്‍ മാത്രമേ അവര്‍ കൊട്ടൂ. ഇമ്പമുള്ള രാഗങ്ങളേ പാടൂ. അതായി പുതിയ വ്യാകരണം മാറി. അതിനിടെ വൃത്തം തെറ്റിക്കുമ്പോഴാണ് മുഖ്യമന്ത്രി ആയാലും പ്രധാനമന്ത്രിയായാലും അമേരിക്കയിലെ  ട്രംപായാലും  മാധ്യമങ്ങളോട് പ്രകോപിതരാവുന്നത്. ഭക്തന്മാര്‍ പൊങ്കാലക്കലങ്ങളുമായി തെരുവിലിറങ്ങുന്നത്. അനുയായികള്‍ ഉണ്ടായിരുന്നതു കൊണ്ട് മാത്രം ഹിറ്റ്‌ലര്‍ ശരിയായിരുന്നു എന്ന് ചരിത്രം പഠിപ്പിക്കുന്നതേയില്ല.  വിളിച്ചിട്ട് വന്നാല്‍ മതി എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നെങ്കില്‍ ഓര്‍ത്തു നോക്കൂ മുഖ്യമന്ത്രീ, സി.പി.എം. കേന്ദ്ര കമ്മറ്റി യോഗം യെച്ചൂരിക്ക് മാറ്റിവയ്്‌ക്കേണ്ടി വന്നേനെ. 

രാഷ്ട്രീയ താല്‍പര്യങ്ങള്‍ തീര്‍ച്ചയായും മോദിക്കുമുണ്ട്. വിവേചനങ്ങളുടെ പന്തടിക്കുന്നതിലെ മോദിത്വത്തിന്റെ തീവ്രത കാണിക്കാനാണല്ലോ അരവിന്ദ് കെജ്‌രിവാള്‍  ലഫ്റ്റനന്റ് ഗവര്‍ണറുടെ വീട്ടില്‍ കയറി സമരമിരുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഭരണഘടനപരമായ പദവികളാണെന്ന് രണ്ടുപേരും ഓര്‍ക്കണം. കാരണം അംബേദ്ക്കര്‍ എഴുതിയ ഭരണഘടന മാത്രമാണ് ഇന്ത്യന്‍ ഭരണകൂടവും വിപ്ലവവും. 

ഇനി ഇതൊന്നും ഇല്ലെങ്കിലും പ്രധാനമന്ത്രിയെ കാണാന്‍ പോകുമ്പോള്‍ മുന്‍കൂട്ടി അറിയിക്കണം. ഭാഗ്യത്തിന് ഇപ്രാവശ്യം അദ്ദേഹം ഇന്ത്യയിലെങ്കിലും ഉണ്ടായി. ഭൂഗോളത്തിലെ കാണാത്ത വന്‍കരകള്‍ തേടി കപ്പലോട്ടുന്ന പഴയ നാവികനെ പോലെയാണ് മോദി. മെസ്സിയെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം റഷ്യയിലേക്ക് പറന്നില്ലല്ലോ എന്നത് തന്നെ വലിയ കാര്യമല്ലേ സര്‍...!