കോണ്‍ഗ്രസ്സിന്റെ ഒരു നിഴല്‍ എപ്പോഴും സി.പി.എമ്മിനു മേലുണ്ട്. കോണ്‍ഗ്രസ്സിനുള്ളിലെ സോഷ്യലിസ്റ്റുകളില്‍നിന്നാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉടലെടുത്തതെന്ന നിരീക്ഷണം അസ്ഥാനത്തല്ല. കോണ്‍ഗ്രസ്സിനെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പലപ്പോഴും നിര്‍ണ്ണയിക്കുന്നതും നിര്‍വ്വചിക്കുന്നതും. എം.എന്‍. റോയ് മുതല്‍ ഇ.എം.എസ്. വരെയുള്ള താത്വികാചാര്യന്മാര്‍ ഏറെ തലപുകച്ചിട്ടുള്ളതും കോണ്‍ഗ്രസ്സിനെ തലനാരിഴകീറി പരിശോധിക്കുന്നതിനാണ്. 1964-ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നതിനു പിന്നിലും കോണ്‍ഗ്രസ്സിന്റെ പങ്ക് അവഗണിക്കാനാവില്ല.  അന്നും പിന്നീട് അടിയന്തരാവസ്ഥയിലും സി.പി.ഐക്ക്  കോണ്‍ഗ്രസ്സിനോടുണ്ടായിരുന്ന പക്ഷപാതം സി.പി.എമ്മിന് ഇതുവരെ മറക്കാനോ പൊറുക്കാനോ ആയിട്ടില്ല. 

ഇതിപ്പോള്‍ ഹൈദരാബാദില്‍ 22-ാം പാര്‍ട്ടികോണ്‍ഗ്രസ്സിലും സി.പി.എമ്മിനെ പിന്തുടരുന്നത് കോണ്‍ഗ്രസ് എന്ന ഭൂതം തന്നെയാണെന്നത് ചരിത്രപരമായ അനിവാര്യതയാണ്. പിതാവിന്റെ നിഴലിനെ മറികടക്കുക എന്നതാണ് മക്കള്‍ നേരിടുന്ന എക്കാലത്തെയും വെല്ലുവിളി. ഈ പ്രഹേളികയ്ക്കു മുന്നില്‍ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും നേര്‍ക്കുനേര്‍ നിലയുറപ്പിക്കുമ്പോള്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം ദുരന്തമാവുമോ പ്രഹസനമാവുമോ എന്ന ചോദ്യമാണ് സി.പി.എം. അണികള്‍ക്കു മുന്നില്‍ ഉയരുന്നത്.

കോണ്‍ഗ്രസ്സുമായി സഖ്യമെന്നത് ആത്മഹത്യാപരമാണെന്ന് പ്രകാശ് കാരാട്ടിനെപ്പോലെ തന്നെ യെച്ചൂരിക്കുമറിയാം. കോണ്‍ഗ്രസ്സുമായി ഒരിക്കല്‍ സഖ്യത്തിലേര്‍പ്പെട്ട സി.പി.ഐക്ക് എന്താണ് സംഭവിച്ചതെന്ന കാര്യം പകല്‍ പോലെ ഇരുവര്‍ക്കും മുന്നിലുണ്ട്. ലോകത്തെവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലതുപക്ഷവുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടോ അവിടെയൊക്കെ ഇടതുപക്ഷം ബലഹീനമാവുകയാണുണ്ടായിട്ടുള്ളത്. ബി.ജെ.പിയെ തകര്‍ക്കുക എന്ന പ്രഥമ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്ന വാദം പ്രകാശ്കാരാട്ടും കൂട്ടരും ഉയര്‍ത്തുന്നത് ചരിത്രത്തിന്റെ ഈ വെള്ളിവെളിച്ചത്തില്‍ നിന്നുകൊണ്ടാണ്. ചരിത്രം മുന്നോട്ടുവെയ്ക്കുന്ന ഈ പാഠം കണ്ടില്ലെന്നു നടിക്കാന്‍ മാത്രം വിവരദോഷിയല്ല സീതാറാം യെച്ചൂരി. അതുകൊണ്ടുതന്നെയാണ് കേന്ദ്ര കമ്മിറ്റി തന്റെ ബദല്‍ നിലപാട്  തള്ളിയ സാഹചര്യത്തില്‍ രാജി മാത്രമാണ്  മുന്നിലുള്ള ഏകവഴിയെന്ന് യെച്ചൂരി ശഠിക്കാതിരുന്നത്.

1975-ല്‍ പി. സുന്ദരയ്യ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത് പരാമര്‍ശിക്കാതെ സി.പി.എമ്മിന്റെ വര്‍ത്തമാന പ്രതിസന്ധിയിലേക്ക് വരാനാവില്ല. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതിന് ജനസംഘുമായി കൂട്ടുചേരേണ്ടതില്ലെന്ന നിലപാടായിരുന്നു സുന്ദരയ്യയ്ക്ക്. തീവ്രവലതുപക്ഷത്തിന് ഇന്ത്യന്‍ ജനസമൂഹത്തില്‍ സ്വീകാര്യത നല്‍കുന്ന ഒരു നീക്കമാണ് ജെ.പിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന് തിരിച്ചറിയാനുള്ള ദീര്‍ഘവീക്ഷണം സുന്ദരയ്യയ്ക്കുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതിന് ഏത് ചെകുത്താനുമായും കൂട്ടുകൂടാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് സുന്ദരയ്യ പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവെച്ചു. സമാനമെല്ലെങ്കിലും 1996-ല്‍ അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത് രാജിക്കൊരുങ്ങിയതും സിപിഎമ്മിന്റെ ചരിത്രമാണ്. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന തന്റെ നിലപാട് പാര്‍ട്ടി നിരാകരിച്ച പശ്ചാത്തലത്തിലാണ് സുര്‍ജിത് രാജിക്കൊരുങ്ങിയത്. പാര്‍ട്ടി നേതൃത്വം സുര്‍ജിത്തിനെ പക്ഷെ, രാജിയില്‍നിന്ന് പിന്തിരിപ്പിച്ചു.

സുന്ദരയ്യയോ സുര്‍ജിത്തോ നേരിട്ട പ്രതിസന്ധിയല്ല സീതാറാം യെച്ചൂരിക്കു മുന്നിലുള്ളത്. ബി.ജെ.പിയെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്ന് യെച്ചൂരി ആവശ്യപ്പെടുന്നില്ല. കോണ്‍ഗ്രസ്സ് മുഖ്യ എതിരാളിയല്ലാത്ത ഇടങ്ങളില്‍ കോണ്‍ഗ്രസ്സുമായുള്ള ധാരണയാണ് യെച്ചൂരിയുടെ അജണ്ട. ഈ നിലപാട് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗീകരിച്ച നിലപാടിനോട് കടകവിരുദ്ധമല്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഹൈദരാബാദില്‍ ഒരൊത്തുതീര്‍പ്പിനുള്ള സാദ്ധ്യത ഏറെ കൂടുതലാണ്. 

യെച്ചൂരിയെ പ്പോലൊരാള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരേണ്ടത് നിലവില്‍ സി.പി.എമ്മിന് ഒഴിവാക്കാനാവില്ല. പാര്‍ട്ടിക്കുള്ളിലും പുറത്തും ഇന്നിപ്പോള്‍ സി.പി.എമ്മിന് യെച്ചൂരിയെപ്പോലെ മറ്റൊരു നേതാവില്ല. ബി.ജെ.പിയെ എതിര്‍ക്കുന്നതില്‍ സി.പി.എമ്മിന്റെ കുന്തമുനയാണ് യെച്ചൂരി. പാര്‍ലമെന്റില്‍ യെച്ചൂരി വേണമെന്ന് കോണ്‍ഗ്രസ്സുകാര്‍ പോലും ആഗ്രഹിച്ചതിനു പിന്നില്‍ ഈ തിരിച്ചറിവുണ്ടായിരുന്നു. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ യെച്ചൂരി പാര്‍ലമെന്റിലേത്തേണ്ടതില്ലെന്ന  നിലപാട് പാര്‍ട്ടി എടുത്തപ്പോള്‍ അതിന് കാരണമായി ഉയര്‍ത്തിക്കാട്ടിയ ഒരുകാര്യം എംപിയുടെയും ജനറല്‍സെക്രട്ടറിയുടെയും ഉത്തരവാദിത്വങ്ങള്‍ ഒരുപോലെ കൈകാര്യം ചെയ്യുക എന്നത് എളുപ്പമല്ലെന്നായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടി ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നും യെച്ചൂരി പടിയിറങ്ങുന്നത് സുഖകരമായ കാഴ്ചയാവില്ലെന്ന് സി.പി.എം. നേതൃത്വത്തിന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

ബി.ജെ.പിക്കും മോദിക്കുമെതിരെ  ശക്തമായ ജനവികാരം ഇന്ത്യയില്‍ ഉടലെടുക്കുന്നത് സി.പി.എമ്മിന് കാണാതിരിക്കാനാവില്ല. ഈ ഘട്ടത്തില്‍ ബി.ജെ.പിക്കെതിരെ ഒരു വിശാലമുന്നണി എന്ന പ്രായോഗിക നിലപാടില്‍ നിന്ന് ഒളിച്ചോടാനും സി.പി.എമ്മിനാവില്ല. കാരാട്ടും യെച്ചൂരിലും സമാന്തര രേഖകളിലല്ല സഞ്ചരിക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക രേഖ മുന്‍ ജനറല്‍സെക്രട്ടറി അവതരിപ്പിക്കുമ്പോള്‍ ബദല്‍ നിലപാട് പാര്‍ട്ടി ജനറല്‍സെക്രട്ടറിയാണ്  മുന്നോട്ടുവെയ്ക്കുന്നതെന്നത് സിപിഎമ്മിനുള്ളിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ശക്തിതന്നെയാണ് കാണിക്കുന്നത്. ഏപ്രില്‍ 22-ന് ഹൈദരാബാദില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് തിരശ്ശീല വീഴുമ്പോള്‍ പാര്‍ട്ടിയുടെ അമരത്തുണ്ടാവുക യെച്ചൂരി തന്നെയായിരിക്കുമെന്ന് കരുതാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ തയ്യാറാവുന്നത് ഈ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ്.