അങ്ങിനെ ഉണ്ടുകൊണ്ടിരിക്കുമ്പോള്‍ കേന്ദ്രന് ഉള്‍വിളിയുണ്ടായി. കോടന്‍പറമ്പിലെ ആ പ്രസിദ്ധമായ ഉപ്പുമാങ്ങ സദ്യയില്‍ വിളമ്പാതിരുന്നതാണ് ഉള്‍വിളിക്ക് കാരണമെന്നാണ് അന്തഃപുര വാര്‍ത്തയെങ്കിലും കേന്ദ്രന്‍ അത് ശക്തിയുക്തം നിഷേധിച്ചു. ഊണ് കഴിഞ്ഞുള്ള മയക്കം വേണ്ടെന്നും പകരം കമ്മിറ്റി ചേരാമെന്നും യെച്ചൂരി സഖാവ് പറഞ്ഞപ്പോള്‍ പിള്ള സഖാവ് ഇടഞ്ഞു. അടുത്ത സദ്യ അങ്ങ് പാലക്കാട്ട് കാരാട്ട് തറവാട്ടിലായിരിക്കുമെന്ന് ഉറ്റസഖാവ് കാതില്‍ സ്വകാര്യം പറഞ്ഞതോടെ പിള്ള സഖാവ് ഒന്നടങ്ങി. കമ്മിറ്റിയെങ്കില്‍ കമ്മിറ്റി... അതാവുമ്പോള്‍ മയക്കമല്ല കുശാലായുള്ള ഉറക്കം തന്നെയാവാം...അല്ലെങ്കിലും ഉറക്കത്തിന് കമ്മിറ്റി പോലൊരു മരുന്ന് വേറെയെന്താണുള്ളത്. 

ചര്‍ച്ചയാവുമ്പോള്‍ വിഷയം വേണം. ഈ ഇന്ത്യാ മഹാരാജ്യത്ത് നൂറുകണക്കിന് വിഷയങ്ങള്‍ അനാഥമായി കിടക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സില്‍ തന്നെയായിരിക്കണം നമ്മുടെ കണ്ണെന്ന ആപ്തവാക്യം അങ്ങ് കണ്ണൂരില്‍ നിന്നുള്ള സഖാവ് ഓര്‍മ്മിപ്പിച്ചതോടെ വിഷയ ദാരിദ്ര്യം തീര്‍ന്നു. കേരളം ഇന്ത്യയിലാണോ അതോ ഇന്ത്യ കേരളത്തിലാണോ എന്ന കാര്യത്തില്‍ ആദ്യം തീര്‍പ്പ് വേണമെന്ന് ബംഗാളില്‍ നിന്നുള്ള  വിമത സഖാവ് കട്ടായം പറഞ്ഞു.  ഉറക്കത്തിലേക്ക് വഴുതി വീഴാന്‍ തുടങ്ങുകയായിരുന്ന പിള്ളസഖാവ് അതോടെ ഞെട്ടിയുണര്‍ന്നു. സന്തത സഹചാരിയായ ബ്രീഫ്‌കെയ്‌സ് മലര്‍ക്കെതുറന്ന് ഇ എം എസിന്റെ ചുവന്ന ഡയറി പുറത്തെടുത്ത് അഞ്ചാം വോള്യത്തിലെ 555 ാമത്തെ വാക്യം ഉറക്കെ വായിച്ചു. ''  കേരളമെന്ന് നമ്മളും ഇന്ത്യയെന്ന് അവരും വിളിക്കുന്ന ഭൂമി ''. യോഗ ഹാളില്‍ കേരള സഖാക്കള്‍ ഇരിക്കുന്ന ഭാഗത്തു നിന്ന് അപ്പോള്‍ കൂര്‍ക്കം വലി ശക്തമാവുകയും വിശദീകരണം ഏകകണേ്ഠന പാസ്സായതായി അദ്ധ്യക്ഷന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ചോദ്യം ചോദിച്ച വിമത സഖാവ് ഇതിനിടെ ഹാളില്‍ നിന്നിറങ്ങിപ്പോവുന്നത് കോടിയേരി സഖാവിന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും സഖാവ് അത് കണ്ടില്ലെന്ന് നടിച്ചു. നാട്യം സര്‍വ്വധനാല്‍ പ്രധാനം എന്ന മാവോ വചനം നൂറ്റൊന്ന് തവണ ഉരുവിട്ട് സഖാവ് നിര്‍വൃതി അടഞ്ഞു.

sitharam yechuri

അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് കാരാട്ട് സഖാവാണ് ചര്‍ച്ച തുടങ്ങിവെച്ചത്. വിപ്ലവം ആഗോളതലത്തില്‍ വേണോ അതോ റഷ്യയില്‍ മാത്രം മതിയോ എന്ന് പണ്ട് സഖാക്കള്‍ ട്രോട്‌സ്‌കിയും സ്റ്റാലിനും തമ്മില്‍ നടന്ന സംവാദങ്ങളിലൂടെ ഊളിയിട്ടുകൊണ്ടാണ്  സഖാവ്  ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയത്. റഷ്യയില്‍ സഖാവ് ട്രോട്‌സിക്കുണ്ടായ ചാഞ്ചല്യം ഇക്കാലത്തും ചില സഖാക്കള്‍ക്കുണ്ടെന്നത് തന്നെ അമ്പരപ്പിക്കുന്നുണ്ടെന്ന് സഖാവ് പറഞ്ഞപ്പോള്‍ നേരെ എതിരെയിരുന്ന സഖാവ് യെച്ചൂരിയുടെ മുഖം കാര്‍മേഘങ്ങളാല്‍ വലയം ചെയ്യപ്പെട്ടതിനുള്ള ഏകസാക്ഷി സഖാവ് തോമസ് ഐസക്കായിരുന്നുവെന്നാണ്  ചര്‍ച്ചാരേഖകളിലുള്ളത്. ചര്‍ച്ചയുടെ ഗതിയും അന്ത്യവും പിടികിട്ടിയ സഖാവ് ഐസക്ക്  അന്നേരം കേരള ധനവകുപ്പില്‍ നിന്നുള്ള അടിയന്തര കമ്പി സന്ദേശം വിളിച്ചുവരുത്തി യോഗത്തില്‍ നിന്ന് സ്വയം നിഷ്‌കാസിതനായി.

വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ചകിതവും ഭീകരവുമായ പരിസരങ്ങളില്‍ നിന്നുവേണം വിഷയത്തെ സമീപിക്കേണ്ടതെന്ന പ്രഖ്യാപനത്തോടെയാണ് യെച്ചൂരി സഖാവ് സംവാദത്തിലിടപെട്ടത്. വൈരുദ്ധ്യാത്മക ഭൗതിക വാദം ചകിതമോ ഭീകരമോ അല്ലെന്നും ഉണ്ടയില്ലാവെടികള്‍ കൊണ്ട് യോഗം ഹൈജാക്ക് ചെയ്യാമെന്ന് കരുതേണ്ടതില്ലെന്നും പിള്ള സഖാവ് എടുത്തടിച്ചതുപോലെ പറഞ്ഞപ്പോള്‍ ഹാളിന്റെ വടക്കന്‍ മൂലയില്‍ നിന്ന് കാതടപ്പിക്കുന്നവിധത്തില്‍ കൈയ്യടികള്‍ ഉയര്‍ന്നു. ആരട വീരാ പോരിനു വാടാ എന്ന വിപ്ലവ ഗാനത്തിന്റെ ഈരടികള്‍ അപ്പോള്‍ സമയോചിതമായി കര്‍ട്ടനു പിന്നില്‍ നിന്ന് ആരോ പാടുകയും ചെയ്തു.

വെനിസ്വേല മുതല്‍ നിക്കരാഗ്വ വരെയുള്ള ആഗോള വിപ്ലവ സാഹചര്യങ്ങള്‍ വിശദീകരിച്ചു വന്നപ്പോഴേക്കും നേരം വെളുക്കാന്‍ തുടങ്ങിയിരുന്നു. അപ്പോഴാാണ് വെളിപാടിലെന്ന പോലെ സഖാക്കളുടെ സഖാവെന്നറിയപ്പെടുന്ന ആ സഖാവ് സംസാരിക്കാന്‍ തുടങ്ങിയത്. കേരളമാണ് ഇന്ത്യയെന്ന കാര്യത്തില്‍ ഇനിയും സംശയമുണ്ടോയെന്ന ഒരൊറ്റ ചോദ്യമാണ് സഖാവ് ആദ്യമേ ചോദിച്ചത്. ഇന്‍സ്‌പെക്ടര്‍ മിന്നല്‍ ഇടിക്കുളയുടെ ഭാവദേഭങ്ങള്‍  സഖാവിന്റെ മുഖത്ത് നിന്നും കൃത്യമായി വായിച്ചെടുത്തത് ബേബി സഖാവ് മാത്രമായിരുന്നു. ബോധോദയത്തിന്റെ ആ നിമിഷങ്ങളില്‍ സ്വന്തം വിധിയോര്‍ത്ത് ബേബി സഖാവ് ഖിന്നനാവുകയും കൈകള്‍ കൊണ്ട് മുഖം മറച്ച് വരാനിരിക്കുന്ന വിപത്തിനെ നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്തു.

കേരളമാണ് ഇന്ത്യയെന്ന പരമവും പച്ചയുമായ യാഥാര്‍ത്ഥ്യം പല്ലിളിച്ച് നില്‍ക്കെ ചര്‍ച്ചയുടെ തന്നെ ആവശ്യമുണ്ടോയെന്ന സഖാക്കളുടെ സഖാവിന്റെ രണ്ടാം ചോദ്യത്തിന്റെ ശക്തിയില്‍ സമ്മേളന വേദി ആടിയുലയുകയും തിരശ്ശീല രണ്ടായി നെടുകെ കീറിപ്പോവുകയും ചെയ്തു. ഹാളിന് മദ്ധ്യത്തില്‍ സ്ഥാപിച്ചിരുന്ന സഖാവ് അജയഘോഷിന്റെ എണ്ണക്കളര്‍ ചിത്രം പൊടുന്നനെ നിലത്തേക്ക് വീണ് അതിന് മുകളിലുണ്ടായിരുന്ന ഗ്‌ളാസ്സ് കവചം ചിന്നിച്ചിതറി. അതേസമയം തന്നെ തെലങ്കാനയില്‍ സഖാവ് യെച്ചൂരിയുടെ പൂര്‍വ്വിക ഭവനത്തിനു മുന്നിലുണ്ടായിരുന്ന പന വാഴ വെട്ടിയിട്ട പോലെ ഒടിഞ്ഞു വീണു. ലക്ഷണങ്ങള്‍ പിശകാണെന്ന് കൃത്യമായി വ്യവച്ഛേദിച്ചറിഞ്ഞ തമിഴ് സഖാവ് ജി രാമകൃഷ്ണന്‍ ജെല്ലിക്കെട്ട് കാളയുടെ മുന്നില്‍ അകപ്പെട്ട കുട്ടിയെ പോലെ പേടിച്ചരണ്ടു.

ഒടുവില്‍ സംഗതി വോട്ടിനിട്ടെന്നാണ്  ഔദ്യോഗിക രേഖകളിലുള്ളത്.എന്നാല്‍  കേരളത്തില്‍ ആരാണ് മുഖ്യ ശത്രുവെന്ന സഖാക്കളുടെ സഖാവിന്റെ മൂന്നാം ചോദ്യത്തോടെ യോഗം സ്വമേധയാ പിരിയുകയായിരുന്നുവെന്നാണ് കര്‍ട്ടന് പിന്നില്‍ ഒളിച്ചു നിന്നിരുന്ന ഒരു സഖാവ് രഹസ്യമായി പറഞ്ഞത്.

പിന്‍വിളി :  കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് പ്രൊഫസര്‍ ജയതി ഘോഷ് നല്‍കിയ വ്യാഖ്യാനം  '' തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ സിപിഎം തോറ്റിരിക്കുന്നു. കടുത്ത പോരാട്ടത്തില്‍ 31 നെതിരെ 55 വോട്ടോടെ   സിപിഎം കേന്ദ്ര കമ്മിറ്റി   ബി ജെ പി പിടിച്ചെടുത്തിരിക്കുന്നു. ''