അംബദ്കര്‍ ചിന്തകള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ അടിച്ചമര്‍ത്തുകയാണെന്ന് പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ എം കുഞ്ഞാമന്‍ കുറ്റപ്പെടുത്തി. 1952 ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ അംബദ്കറെ പരാജയപ്പെടുത്താന്‍ സോഷ്യിലസ്റ്റുകള്‍ക്കൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗൂഢാലോചന നടത്തിയെന്നും കുഞ്ഞാമന്‍ ആരോപിച്ചു. ചൊവ്വാഴ്ച മാതൃഭൂമി ഡോട്ട്കോമിന്റെ ഇംഗ്ളിഷ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് കുഞ്ഞാമന്‍ ഈ വിമര്‍ശം ഉന്നയിച്ചത്. കുഞ്ഞാമന്റെ ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ :

ഇന്ത്യന്‍ സംസ്‌കാരം അനീതിയുടെ സംസ്‌കാരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അനീതി ഒരു ജീവിത രീതിയാണ്. സാമ്പത്തിക ബന്ധങ്ങളാണ് ഉത്പാദന ബന്ധങ്ങള്‍ നിര്‍വ്വചിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നത്. തൊഴില്‍ വിഭജനം, സ്വത്തിന്റെ നിയന്ത്രണം, ഉടമസ്ഥതയുടെ സാമൂഹ്യ ഘടന, സാമൂഹ്യ മിച്ചത്തിന്റെ ഉപയോഗം ഏറ്റെടുക്കല്‍ എന്നിവയെല്ലാം ജാതിയാണ് നിര്‍ണ്ണയിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നതുപോലെ ജാതി ഉപരിതലത്തിലുള്ള ഘടനയല്ലെന്നും മറിച്ച് ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാന ഘടനയാണെന്നും അംബദ്കര്‍ കൃത്യമായി പറഞ്ഞത്.

അംബദ്കറിസവും കമ്മ്യൂണിസവും സമാന്തര രേഖകളാണ്. അവയ്ക്കൊരിക്കലും കൂട്ടിമുട്ടാനാവില്ല. അംബദ്കറിസം കൈവശപ്പെടുത്താന്‍ കമ്മ്യൂണിസം ശ്രമിക്കുന്നുണ്ട്. പക്ഷേ, ഇത്തരം ഹീനമായ ശ്രമങ്ങള്‍ അംബദ്കറിസം വിജയകരമായി ചെറുക്കുന്നു. ലിബറല്‍ പാര്‍ട്ടികളുടെ ഇത്തരം ദൗത്യങ്ങളും അംബദ്കറിസം തള്ളിക്കളയുന്നുണ്ട്.

ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള കാമ്പസുകളില്‍ അംബദ്കര്‍ ചിന്താ പദ്ധതി ആഴത്തില്‍ വേരുകള്‍ പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായൊരു ബൗദ്ധിക സംസ്‌കാരത്തിന്റെ വഴിയിലൂടെയുള്ള മുന്നേറ്റമാണത്. അംബദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ വളര്‍ച്ച അതാണ് വ്യക്തമാക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈ മുന്നേറ്റം അത്രമേല്‍ ദൃശ്യമല്ല. കാരണം കമ്മ്യൂണിസ്റ്റുകാര്‍ ഈ ചിന്താപദ്ധതിയെ കേരളത്തില്‍ അടിച്ചമര്‍ത്തുകയാണ്. ഉന്നതജാതീയരും പാര്‍ലമെന്ററി വ്യാമോഹികളും വര്‍ഗ്ഗ - വര്‍ഗ്ഗ പ്രത്യയശാസ്ത്ര നിരപേക്ഷരരുമായ കമ്മ്യൂണിസ്റ്റുകാര്‍ അംബ്ദകറിസം വളരുന്നത് ഇഷ്ടപ്പെടുന്നില്ല.  തിരഞ്ഞെടുപ്പില്‍ ജയിച്ച് സ്ഥാനമാനങ്ങള്‍ സ്വന്തമാക്കുന്നതാണ് അവരെ സംബന്ധിച്ചിടത്തോളം പരമപ്രധാനം. അവരുടെ ഉന്നത നേതൃത്വം, പ്രത്യേകിച്ച് സിപിഎമ്മിന്റേത് ഉന്നത ജാതിയില്‍ നിന്നും മുന്‍ പൂര്‍വ്വ ഫ്യൂഡല്‍ കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്‌.

ഇതൊരിക്കലും അപരിചിതമോ അസാധാരണമോ ആയ സംഗതിയല്ല. സമൂഹം മാറുമ്പോള്‍ പരമ്പരാഗതമായി ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും പുതിയ വ്യവസ്ഥിതിയിലും അതേ ആനുകൂല്യങ്ങള്‍ തുടര്‍ന്നും അനുഭവിക്കുന്നു.

അസമത്വം അനീതിയാണ്. ജാതിയില്‍ അധിഷ്ഠിതമായ സാമൂഹ്യ ശ്രേണിക്രമം തട്ടുതട്ടായുള്ള അനീതിയാണ് അര്‍ത്ഥമാക്കുന്നത്. ഈ ശ്രേണിയില്‍ താഴോട്ട് പോകുന്തോറും വിഭവങ്ങളുടെയും സ്വത്തിന്റെയും മേലുള്ള അധികാരവും നിയന്ത്രണവും കുറഞ്ഞുവരും. അംബ്ദകര്‍ ഈ ഹയരാര്‍ക്കിയെ നിശിതമായി ചോദ്യം ചെയ്തു. സാമ്പത്തിക സ്വാതന്ത്ര്യമില്ലെങ്കില്‍ സാമൂഹ്യ നീതിയുണ്ടാവില്ല. സമത്വം നിഷേധിക്കപ്പെട്ടാല്‍ അതിന്റെ അര്‍ത്ഥം നീതി നിഷേധിക്കപ്പെടുന്നുവെന്നാണ്. വിപ്ലവകരമായ ഭൂപരിഷ്‌കരണത്തിലൂടെ മാത്രമേ ഈ അനീതി ഇല്ലാതാക്കാനാവുകയുള്ളുവെന്ന് അംബദ്കറിന് ഉറപ്പായിരുന്നു. 

ഭൂമി സ്റ്റേറ്റ് ഏറ്റെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് കൈമാറണമെന്ന് അംബദ്കര്‍ പറഞ്ഞു. പൊതു ഉടമസ്ഥതയിലുള്ള കാര്‍ഷികവൃത്തിയായിരുന്നു അംബദ്കര്‍ വിഭാവനം ചെയ്തത്.  ഉന്നത ജാതിക്കാരുടെ അധീശത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവകരമായ ഭൂപരിഷ്‌കരണമാണ് അംബദ്കര്‍ മുന്നോട്ടു വെച്ചത്. അംബദ്കറുടെ ഈ ആശയങ്ങളാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റുകാരുടെ ശത്രുവാക്കിയത്. അങ്ങിനെയാണ് 1952 ല്‍ നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ അംബദ്കറെ പരാജയപ്പെടുത്താന്‍ സോഷ്യലിസ്റ്റുകള്‍ക്കൊപ്പം കമ്മ്യൂണിസ്റ്റുകാരും ഗൂഡാലോചന നടത്തിയത്.

അതൊരു തുടക്കമായിരുന്നു. ചോദ്യം ചെയ്യുന്ന ദളിത് ബുദ്ധിജീവികള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ചതുര്‍ത്ഥിയാണ്. സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറൊയില്‍ ഇതുവരെ ഒരു ദളിതനുണ്ടായിട്ടില്ലെന്നത് മറക്കാനാവില്ല. ഉപാധികളില്ലാത്ത അനുസരണയും വിധേയത്വവുമാണ് അവര്‍ ദളിതരില്‍ നിന്ന് ആവശ്യപ്പെടുന്നത്. ജാതി തീര്‍ക്കുന്ന പക്ഷപാതങ്ങള്‍ പെട്ടെന്നൊന്നും ഇല്ലാതാവില്ല. അംബദ്കറെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യമാണ് അടിസ്ഥാന പരിസരം. സ്വാതന്ത്ര്യത്തിനാവട്ടെ സമത്വമില്ലാതെ നിലനില്‍പുമില്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് സാമൂഹ്യ നീതിയുടെ അടിസ്ഥാന ശിലകള്‍. അടിച്ചമര്‍ത്തപ്പെടുന്ന ജനതയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം പല വഴികളില്‍ ഒന്നല്ല പൂര്‍ണ്ണമായും അനിവാര്യമായ സംഗതിയാവുന്നു.

കുഞ്ഞാമന്റെ ലേഖനം പൂര്‍ണരൂപം