Campus politics

പ്രവേശനോത്സവത്തിന്റെ ഭാഗമായി മാതൃകം ജില്ലാ കമ്മിറ്റി അംഗമായ ഞാനും വി.ടി.എം. എന്‍.എസ്.എസ്. കോളേജിലെതന്നെ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്ന ആര്യയും മറ്റ് രണ്ട് കുട്ടികളുമായി ക്യാംപസിനുള്ളിലേക്ക് പോകുകയായിരുന്നു. കോളേജിനുള്ളില്‍ എ.ബി.വി.പിയുടെ ബലിദാനിയായിരുന്ന മുരുകാനന്ദന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി പുതുതായി വന്ന കുട്ടികളെഅകത്തേക്ക് വിടുകയായിരുന്നു അപ്പോള്‍. അതിനിടെയാണ് ഞങ്ങള്‍ അവിടെയെത്തിയത്. ആര്യയുടെ കൈയില്‍ കൊടിയുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു. 

ഞങ്ങളുടെ കൈയിലുണ്ടായിരുന്ന കൊടിവാങ്ങി അടിക്കുകയും ഞങ്ങള്‍ കൊണ്ടുപോയ മധുരപലഹാരങ്ങള്‍ ഞങ്ങളുടെ ദേഹത്തേക്ക്തന്നെ എടുത്ത് എറിയുകയും ചെയ്തു.  പോലീസ് എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളിലേക്ക് ഓടിക്കയറി. പരിസ്ഥിതിദിനത്തിനായി കൊണ്ടുവെച്ചിരുന്ന മരത്തൈകളടക്കം ഇവര്‍ പുറത്തേക്ക് എറിയാന്‍ തുടങ്ങിയതോടെ പോലീസ് ഞങ്ങളോട് അവിടെ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂട്ടര്‍ എടുത്ത് തിരികെ വരുമ്പോള്‍ മതിലിനകത്ത് നിന്ന് കുപ്പിയും കല്ലുമെല്ലാം അവര്‍ ഞങ്ങള്‍ക്ക് നേരെ എറിയാന്‍ തുടങ്ങി. മതിലിനോട് ചേര്‍ന്ന് നീങ്ങിയ ഞാന്‍ കോളേജ് ഗേറ്റിനടുത്ത് കുറേ പേര്‍ കമ്പിയും ബിയര്‍ കുപ്പിയുമെല്ലാമായി നില്‍ക്കുന്നതാണു കണ്ടത്.  സ്‌കൂട്ടര്‍ റോഡിന്റെ സൈഡിലേക്ക് മാറ്റിവെച്ച് പോലീസിനോട് ഇക്കാര്യം പറഞ്ഞ് തിരിയുമ്പോഴേക്കും എന്റെ നേര്‍ക്ക് ബിയര്‍ കുപ്പി പാഞ്ഞുവന്നു. - ധനുവെച്ചപുരം വി.ടി.എം. എന്‍. എസ്.എസ്. കോളേജില്‍ നിന്ന് എ.ബി.വി.പി. പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ പരിക്കേറ്റ പ്രീജ പറയുന്നു. 

Preeja
എ.ബി.വി.പി. പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രീജ 

എം.ജി. കോളേജിലെന്ന പോലെ ധനുവെച്ചപുരം വി.ടി.എം. എന്‍.എസ്.എസ്. കോളേജില്‍ വര്‍ഷങ്ങളായി എ.ബി.വി.പിയാണ് യൂണിയന്‍ കൈയാളിയിരിക്കുന്നത്. വീട്ടില്‍ കയറിയും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ആക്രമിച്ചും എ.ബി.വി.പി. പതിവ് രീതി ഇവിടെയും തുടരുകയാണ്. എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പെണ്‍കുട്ടികളടക്കം വിദ്യാര്‍ഥികളുടെ വീട് കയറി അക്രമിച്ചും ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്. ഇതിന് പുറമേ പല കുട്ടികള്‍ ഇവരുടെ ഭീഷണിയെ തുടര്‍ന്ന് പഠനം നിര്‍ത്തി പോവുകയും ചെയ്തിട്ടുണ്ട്. 

ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. 2017 ഒക്ടോബറില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇത് സംബന്ധിച്ച് പ്രസക്തമായ നിരീക്ഷണങ്ങളാണ് നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയമുണ്ടെന്നും ഇത് ഭരണഘടനാപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിച്ചാല്‍ കൊലപാതകങ്ങള്‍ അവസാനിക്കുമോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. 

മാതൃപാര്‍ട്ടിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പോഷകസംഘടനയല്ലെന്ന് പറയുമ്പോഴും വിദ്യാര്‍ഥി സംഘടനകള്‍ എക്കാലത്തും പ്രവര്‍ത്തിക്കുന്നത് മാതൃപാര്‍ട്ടിയുടെ ലാഭത്തിന് വേണ്ടിയാണ്. അതിന് കാരണം എന്ത് കൊള്ളത്തരം കാണിച്ചാലും പാര്‍ട്ടി  കുട്ടിനേതാക്കള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന ഉറപ്പാണ്. എസ്.എഫ്.ഐ ആയാലും എ.ബി.വി.പി. ആയാലും കെ.എസ്.യു. ആയാലും സ്ഥിതി വ്യത്യസ്തമല്ല. എസ്.എഫ്.ഐ സംഘടനാ ശുദ്ധീകരണത്തിനൊരുങ്ങുമ്പോഴാണ് ഇത് കൂടുതല്‍ പ്രസക്തമാകുന്നതും.

വിമര്‍ശിക്കുമ്പോള്‍ സ്വയവിമര്‍ശനവും നടത്തേണ്ട സമയം കഴിഞ്ഞില്ലേ എന്ന് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു. പന്ത്രണ്ടാം ക്ലാസ് പഠനത്തിന് ശേഷം പരമാവധി 17-18 വയസിലാണ് ഈ വിദ്യാര്‍ഥികള്‍ ക്യാമ്പസിലെത്തുന്നത്. കുടുംബത്തിനകത്ത് നിന്നോ സാമൂഹികചുറ്റുപാടുകളില്‍ നിന്നോ അല്ലാതെ സൈക്കോളിജിസ്റ്റുകള്‍ പറയുന്നതുപോലെ പിയര്‍ ഗ്രൂപ്പിന് ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രായം. ഇക്കാലയളവില്‍ വ്യക്തമായ രാഷ്ട്രീയ അഭിരുചിയില്ലാതെ ക്യാമ്പസുകളിലെത്തപ്പെടുന്ന വിദ്യാര്‍ഥികള്‍ അവര്‍ക്ക് മുന്നില്‍കാണുന്ന ലോകത്തിന് മുന്നില്‍ അഭിരമിക്കുകയാണ് ചെയ്യുന്നത്. മുന്‍പില്‍ നില്‍ക്കുന്ന നേതൃത്വത്തിന് അല്ലെങ്കില്‍ ലക്ഷം ലക്ഷം പിന്നാലെ എന്ന ചിന്തക്ക് അവര്‍ കൊടിപിടിക്കുന്നു. എന്തും മാറ്റിമറിക്കാമെന്ന് കരുതുന്ന സോകോള്‍ഡ് ചോരതിളപ്പുള്ള പ്രായം.

രണ്ടാംഭാഗംഎതിർക്കുന്നവരെ ഇല്ലാതാക്കിയാണോ വിദ്യാർഥി രാഷ്ട്രീയം വളരേണ്ടത്..?
 

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ടു സ്റ്റെപ്പ് ഫ്‌ലോ തിയറി കൃത്യമായി നമ്മുടെ ക്യാംപസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലപ്പത്തിരിക്കുന്ന നേതാവ് ഒരു ആശയം പ്രകടിപ്പിക്കുകയും അത് സ്വീകരിച്ച് അതേ ആശയം ബാക്കിയുള്ള അണികളിലേക്ക് ഒപ്പീനിയന്‍ ഫോളോവേഴ്‌സിലൂടെ എത്തുകയും ചെയ്യുന്നു. എന്നാല്‍ ഈ ആശയമെന്താണെന്നോ അതിന്റെ പിന്നിലെ സ്വാര്‍ഥ താത്പര്യങ്ങളെന്താണെന്നോ പിന്നില്‍ നില്‍ക്കുന്ന ഈ അണികള്‍ മനസിലാക്കിക്കൊള്ളണമെന്നില്ല. പിന്നീട് കൊണ്ടും കൊടുത്തും കൊന്നും കൊലവിളിച്ചും ക്യാമ്പസുകള്‍ പിടിച്ചടക്കുമ്പോള്‍ അധികാരമെന്ന ഹുങ്ക് ഇതിന് മറുപറവുമാകുന്നു. എ.ഐ.എസ്.എഫ്, എം.എസ്.എഫ്, ക്യാംപസ് ഫ്രണ്ട്, കെ.എസ്.സി, എസ്.എസ്.ഒ എന്നിങ്ങനെ നിരവധി സംഘടനകള്‍ ക്യാംപസുകള്‍ക്കുള്ളില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. പകരത്തിന് പകരമെന്നോണം അവർ അതിക്രമങ്ങളും കൊലപാതകങ്ങളും നടത്തി കേരളത്തിലെ കോളേജുകളില്‍ അധികാരം പിടിച്ചെടുക്കുകയായിരുന്നു. 

എസ്.എഫ്.ഐയുടെ കുത്തകയായി പ്രവര്‍ത്തിക്കുന്നിടമാണ് തൃശൂര്‍ ശ്രീകൃഷ്ണ കോളേജ്. കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ബി.വി.പി.പ്രവര്‍ത്തകനായ  കെ.എസ്.സനൂപ് മത്സരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ എഴുതി ഒട്ടിക്കുന്നതിനോ ക്ലാസുകളില്‍ കയറി പ്രചരണം നടത്തുന്നതിനോ സനൂപിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. മറ്റ് കുട്ടികളോട് മിണ്ടുന്നതിനുപോലും സനൂപിന് അനുവാദമുണ്ടായിരുന്നില്ല. ഒടുവില്‍ കാര്‍ഡ്ബോഡില്‍ എന്നെ വിജയിപ്പിക്കണമെന്ന് എഴുതി കഴുത്തില്‍ കെട്ടിത്തൂക്കിയായിരുന്നു സനൂപ് കോളേജിലേക്ക് എത്തിയിരുന്നത്.  തന്റെ തിരഞ്ഞെടുപ്പ് പ്രചരണ രീതിയായി മാറ്റി. എസ്.എഫ്.ഐ യെ പേടിച്ച് മറ്റ് കുട്ടികള്‍ സനൂപിനോട് സംസാരിക്കുന്നതിന് പോലും വിമുഖത കാണിക്കുകയായിരുന്നു.

ഒടുവില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചതോടെ ഇവര്‍ സനൂപിനെ അക്രമിക്കുകയായിരുന്നു. 2008 ഫെബ്രുവരിയില്‍ പരീക്ഷാഹാളിലായിരുന്ന സനൂപിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമാവുകയും കൃത്രിമകണ്ണ് വെച്ച് പിടിപ്പിക്കുകയുമായിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചു എന്നതായിരുന്നു അന്ന് സനൂപിനെതിരേ ഉയര്‍ന്ന അക്രമത്തിന് പിന്നിലെ വൈരാഗ്യം.

സംഭവത്തെ തുടര്‍ന്ന് പ്രതികളെ 2013 ഓടെ കോടതി ശിക്ഷിച്ചു. എന്നിരുന്നാല്‍ പോലും പല ക്യാമ്പസുകളിലും എസ്.എഫ്.ഐ. നടത്തുന്ന ഏകാധിപത്യ ഭരണത്തിനോ മറ്റ് പാര്‍ട്ടികളടങ്ങിയ വിദ്യാര്‍ഥികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കോ അറുതിവന്നിട്ടില്ല. 

വിദ്യാര്‍ഥികളേയും പാര്‍ട്ടിയേയും കൃത്യമായി ദുരുപയോഗം ചെയ്യുന്ന അധ്യാപക സമൂഹവുമുണ്ട്. യൂണിവേഴ്സിറ്റി കോളേജില്‍ ടി.വിജയലക്ഷ്മിയെന്ന സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടറെങ്കില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ കോളേജ് പ്രിന്‍സിപ്പലാണ് അതിക്രമത്തിന്റെ ഇരയായത്.  

ഒന്നാം ഭാഗംതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതറിഞ്ഞ് അവർ രാത്രിയെന്നോ പകലെന്നോയില്ലാതെ വീട്ടിലെത്തി ആക്രമിച്ചു

 

"കഴിഞ്ഞമാസം ടീച്ചറെ ഘരാവോ ചെയ്യാന്‍ വന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഞങ്ങളും ഉണ്ടായിരുന്നു. അന്ന് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ശരിയായി അറിഞ്ഞുകൂടായിരുന്നു. ഇപ്പോള്‍ ടീച്ചര്‍ പറയുന്നതാണ് ശരി എന്ന് മനസിലായി. ആ സംഭവം നടന്നതിന്റെ മുന്‍പത്തെ ദിവസം രജിത, ലക്ഷ്മി (യഥാര്‍ഥ പേരല്ല) ടീച്ചര്‍മാര്‍ ഞങ്ങളെ മലയാളം ഹാളിലേക്ക് വിളിച്ചുവരുത്തി. പ്രിന്‍സിപ്പലിനെ ഖരാവോ ചെയ്യാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നു. 

politics

ഘരാവോ ചെയ്യുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന്  ടീച്ചര്‍ പറഞ്ഞു തന്നിരുന്നു. കുറ്റിച്ചൂല് കൊണ്ട് മുഖത്തടിക്കണം, മുടി മുറിക്കണം പറ്റുമെങ്കില്‍ സാരി വലിച്ചൂരണം എന്നൊക്കെയായിരുന്നു ടീച്ചര്‍ പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് പേടിയാണെന്ന് പറഞ്ഞപ്പോള്‍ പ്രിന്‍സിപ്പാലിനെ മാറ്റുമെന്നും ഞങ്ങള്‍ക്ക് വേണ്ട സഹായം മറ്റ് രണ്ട് അധ്യാപകര്‍ ചെയ്ത് നല്‍കുമെന്നും പറഞ്ഞു. അതിന് ശേഷം രജിത ടീച്ചര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ പ്രിന്‍സിപ്പലിന്റെ മുഖത്തേക്ക് എറിയണമെന്നായിരുന്നു. എന്നാല്‍ ഞങ്ങള്‍ അത് വിസമ്മതിച്ചു. പിന്നാലെ ടീച്ചര്‍ ഞങ്ങളോട് ദേഷ്യപ്പെടുകയും സാനിറ്ററി നാപ്കിന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് ഇപ്പോള്‍ പിരീയഡ് ടൈം ആണെന്നും പ്രിന്‍സിപ്പലിനെ ഖരാവോ ചെയ്യുന്നതിന് മുന്‍പ് സ്റ്റാഫ് റൂമിലെത്തി ടീച്ചറുടെ കൈയില്‍ നിന്നും വാങ്ങണമെന്നും പറഞ്ഞു. പിറ്റേന്ന് ടീച്ചര്‍ പറഞ്ഞതനുസരിച്ച് ടീച്ചര്‍ പേപ്പറില്‍ പൊതിഞ്ഞ് ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ ഞങ്ങള്‍ക്ക് കൊണ്ടുവന്നു തന്നു. ചൂല്‍ മുറിച്ച് പകുതിയാക്കി കൈയില്‍ കരുതിയിരുന്നു.പ്രിന്‍സിപ്പലിനെ ചെറ്റ, മണ്ണാത്തി എന്നതടക്കം വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഞങ്ങളില്‍ ചിലരും ആ സമുദായത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്. ടീച്ചറുടെ ഈ പെരുമാറ്റം ഞങ്ങളെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ രജിത ടീച്ചര്‍ പറഞ്ഞതുപോലെയൊന്നും ചെയ്യാന്‍ അന്ന് മനസ് അനുവദിച്ചില്ല." - മഹാരാജാസ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ബീനക്ക് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

അധ്യാപകര്‍ രാഷ്ട്രീയമായി മുതലെടുക്കുമ്പോള്‍ ഇരകളാകുന്നത് വിദ്യാര്‍ഥികള്‍- പ്രൊഫസര്‍ ബീന

മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിനെതിരേ നടന്ന അക്രമസംഭവങ്ങളും പലവിധ പ്രതിഷേധങ്ങളും കണ്ടിരുന്നു. എന്നാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെക്കുറിച്ചും പിന്നാലെ ക്ഷമാപണം നടത്തി കത്തെഴുതിയ വിദ്യാര്‍ഥികളെക്കുറിച്ചുമാണ് പ്രൊഫ. എന്‍.എല്‍. ബീനക്ക് പറയാനുള്ളത്. 

Beena
പ്രൊഫ. ബീന 

വിദ്യാര്‍ഥികളെ കരുക്കളാക്കി തന്നോടുള്ള വൈരാഗ്യം തീര്‍ക്കുകയായിരുന്നു ഒരുകൂട്ടം അധ്യാപകര്‍. അതിനായി അവര്‍ ഉപയോഗിച്ചത് പാര്‍ട്ടിയേയും ക്യാമ്പസിനകത്തെ പാര്‍ട്ടി പ്രവര്‍ത്തകരേയുമായിരുന്നു. ക്യാമ്പസുകളില്‍ രാഷ്ട്രീയം വേണം. പക്ഷേ എങ്ങനെയാകണം ക്യാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന ഓറിയന്റേഷന്‍ ലഭിച്ച, പുസ്തകങ്ങള്‍ വായിക്കുന്ന ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റ് പലരുടേയും സ്വാര്‍ഥതാത്പര്യങ്ങളില്‍ വഴങ്ങാത്ത ഒരുകൂട്ടം വിദ്യാര്‍ഥികളാകണം ക്യാമ്പസില്‍ പ്രവര്‍ത്തിക്കാന്‍. 

ചെറിയൊരു വിഭാഗം അധ്യാപകരുടേയും നേതാക്കളുടേയും സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി കുട്ടികളെ ബലിയാടാക്കുന്ന സാഹചര്യമാണ് ഇന്നത്തെ ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഡ്രഗ് കഞ്ചാവ് മാഫിയ എന്ന് പറയുന്നതുപോലെ ക്യാമ്പസിനുള്ളില്‍ ഇത്തരമൊരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ കോളേജുകളെ കേന്ദ്രീകരിച്ചാണ് ഇത്തരമൊരു മാഫിയ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചെറിയ കോളേജുകളില്‍ സംഘടനാപ്രവര്‍ത്തനവും അതേ സമയം ക്ലാസുകളും ഒരുപോലെ നടക്കുന്നുണ്ട്. വിദ്യാര്‍ഥി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക എന്നതിലുപരിയായി മേധാവിത്വം സ്ഥാപിക്കലാണ് പലപ്പോഴും നടക്കുന്നത്.

സാധാരണയായി സര്‍ക്കാര്‍ കോളേജില്‍ പഠനത്തിനായെത്തുന്ന കുട്ടികളൊക്കെ തന്നേയും സാധാരണ കുടുബംത്തില്‍ നിന്ന് വരുന്നവരാണ്. മെരിറ്റില്‍ പഠിക്കാനെത്തുന്ന ഈ കുട്ടികളെ ഒന്നിനും കൊള്ളാത്തവരായി മാറ്റിയാണ് ചില അധ്യാപകര്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുറത്തിറക്കുന്നത്. സമരങ്ങള്‍ക്ക് പോകണമെന്നും ക്ലാസില്‍ കയറണ്ടെന്നും നിര്‍ബന്ധിക്കുന്ന അധ്യാപകരെ അറിയാം. ഇത്തരം സംഭവങ്ങളില്‍ ടീച്ചര്‍മാര്‍ ഗുണ്ടകളാകുകയും വിദ്യാര്‍ഥികളെ അവരുടെ ഉപകരണങ്ങളാക്കുന്ന സ്ഥിതി വിശേഷവുമാണുള്ളത്. അവര്‍ അക്ഷരാര്‍ഥത്തില്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണ് ചെയ്യുന്നത്.

(തുടരും)