Campus politics

മരസപ്പെട്ടല്ല, കലഹിച്ച് തന്നെ നേടിയെടുത്തതാണ് ഇന്ന് നമ്മള്‍ അനുഭവിച്ച് പോരുന്ന സ്വാതന്ത്ര്യം.  വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറി ബഹിഷ്‌കരിച്ച് ദേശീയസമരത്തിന്റെ ഭാഗമാകണമെന്നായിരുന്നു ഗാന്ധിജി നടത്തിയ ആഹ്വാനം. അദ്ദേഹത്തിന്റെ ആ ആഹ്വാനത്തില്‍ ആവേശഭരിതനായാണ് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഇ.എം.എസ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായതും. പിന്നീട് സാംസ്‌കാരികകേരളത്തിന്റെ ചരിത്ര പുരുഷനായി തന്നെ മാറുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സംഘടിച്ച് ശക്തിയാര്‍ജിച്ചാണ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഇന്ന് ഈ കാണുന്ന നിലയിലേക്ക് വളര്‍ന്നത്.

നിലവില്‍ നമ്മുടെ സംസ്ഥാനത്ത് പ്രതിപക്ഷത്തും ഭരണപക്ഷത്തുമായി  ഉള്ള മിക്ക നേതാക്കളും വളര്‍ന്നതും വളര്‍ത്തിയതും ഈ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. 1882-ല്‍ തിരുവിതാംകൂറിലെ ദിവാന്‍ ഭരണത്തിനെതിരേ ലേഖനമെഴുതിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍നിന്നു പുറത്താക്കപ്പെടുകയായിരുന്നു മൂന്ന് വിദ്യാര്‍ഥികള്‍. ആ മൂന്നുപേരില്‍ ഉള്‍പ്പെട്ട  ജി. പരമേശ്വരന്‍പിളള മുതലാണ് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. 1958 ലെ കെ.എസ്.യുവിന്റെ ഒരണസമരം മുതല്‍ അടിയന്തരാവസ്ഥകാലവും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ശക്തിതെളിയിച്ചവയായിരുന്നു.

പ്രീഡിഗ്രി ബോര്‍ഡ്, കേരള സര്‍വകലാശാല വൈസ് ചാന്‍സലറായി ജെ.ബി വിളനിലത്തിനെ നിയമിച്ചതിനെതിരായുണ്ടായ പ്രക്ഷോഭം, കൂത്തുപറമ്പ് വെടിവെയ്പ്, പ്രൊഫഷണല്‍ കൗണ്‍സിലിംഗ് ഉപരോധസമരം,  2008-ലെ പാഠപുസ്തക വിവാദം അങ്ങനെ നീളുകയാണ് ചരിത്രത്തിലിടം നേടിയ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍. വിയറ്റനാം യുദ്ധക്കാലത്തടക്കം യുദ്ധത്തിനെതിരായ ഏറ്റവും ശബ്ദമുയര്‍ത്താന്‍ പ്രാപ്തരായിരുന്നു നമ്മുടെ കലാലയങ്ങള്‍. ഇത്രയധികം ചരിത്രം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെക്കുറിച്ചും അവരുടെ അവകാശ പോരാട്ടങ്ങളെക്കുറിച്ചും പറയുമ്പോഴാണ് ഇന്ന് നമ്മുടെ കലാലയങ്ങളിലുയരുന്ന അക്രമങ്ങളേയും മറ്റൊരാളുടെ ചിന്തയേയോ ആശയത്തെയോ അംഗീകരിക്കാന്‍ കഴിയാത്ത വിധം വിദ്യാര്‍ഥി സമൂഹവും അതിന് കുടപിടിക്കുന്ന നേതൃത്വത്തെക്കുറിച്ചും ആലോചിക്കേണ്ടി വരുന്നത്. 

യൂണിവേഴ്സിറ്റി കോളേജിനേയും കോളേജിലെ യൂണിയനേയും ഇന്ന് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് രക്തസാക്ഷികളും സമരപ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വിദ്യാര്‍ഥി ക്ഷേമത്തിനായി തന്നെ പൊരുതിയ സംഘടനാ നേതാക്കള്‍ അവരുടെ ആശയങ്ങള്‍ പിന്തുടരുന്ന മറ്റൊരു വിദ്യാര്‍ഥിയെ കുത്തിയതോടെയാണ്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ ഭാരവാഹികളുടെ, തങ്ങളുടെ ആശയത്തേയും അഭിപ്രായത്തേയും എതിര്‍ക്കുന്നവരെ മാനസികമായും ശാരീരികമായും അക്രമിക്കുകയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായിരുന്നു അഖില്‍ എന്ന മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി. 

ഇക്കഴിഞ്ഞ ജൂലൈ പന്ത്രണ്ടിനായിരുന്നു എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്തും സെക്രട്ടറിയും മുന്‍പ് പാളയത്ത് വെച്ച് പോലീസിനെ മര്‍ദ്ദിച്ച കേസിലെ പ്രതിയുമായ നസീമും ചേര്‍ന്ന് അഖിലിനെ കുത്തിയത്. ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇതിനിടെ അഖിലിനെ ശിവരഞ്ജിത്ത് കുത്തുകയുമായിരുന്നു. തുടര്‍ന്ന് യൂണിയന്‍ അംഗങ്ങള്‍ക്കെതിരേ കോളേജിലെ തന്നെ പെണ്‍കുട്ടികളടക്കം ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കോളേജിനകത്ത് നടന്ന സംഭവങ്ങളെല്ലാം പുറം ലോകമറിയുന്നത്. 

campus politics
യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ     
- ഫോട്ടോ- എസ്.ശ്രീകേഷ് /മാതൃഭൂമി ആർക്കൈവ്സ്

കാന്റീനില്‍ പാട്ട്‌ പാടിയതുമായുണ്ടായ വാക്കേറ്റമാണ് അഖിലിനെ കുത്തിയതെന്നായിരുന്നു ആദ്യം വന്നവാര്‍ത്തകള്‍. പിന്നാലെ പ്രതികള്‍ക്ക് സംരക്ഷണമൊരുക്കി കോളേജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങള്‍ക്കടക്കം അവിടെ പ്രതിരോധം തീര്‍ത്തു. എന്നാല്‍ അഖിലിന്റെ അച്ഛന്‍ തന്നെ ഇത് മുന്‍വൈരാഗ്യമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് നസീമും കൂട്ടരും അക്രമിച്ചെന്നും അന്ന് ജില്ലാ സെക്രട്ടറി ഇടപെട്ട് കേസ് ഒതുക്കിതീര്‍ക്കുകയുമായിരുന്നു. ഒരു പക്ഷേ ഇത്തവണ അഖിലിന് കുത്തേറ്റപ്പോള്‍ അതില്‍ പ്രതിഷേധവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഒരുകൂട്ടം തന്നെ എത്തിയില്ലായിരുന്നെങ്കില്‍ ഇതും പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങിപ്പോകേണ്ടതായിരുന്നു. 

ഒന്നാം ഭാഗം- തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതറിഞ്ഞ് അവർ രാത്രിയെന്നോ പകലെന്നോയില്ലാതെ വീട്ടിലെത്തി ആക്രമിച്ചു

 

യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ പഠനാന്തരീക്ഷം ലഭിക്കാതെ വന്നതോടെ ആത്മഹത്യക്ക് ശ്രമിച്ച നിഖിലയെന്ന വിദ്യാര്‍ഥിയിലൂടെയാണ് യൂണിവേഴ്സിറ്റി കോളേജിലെ അതിക്രമങ്ങള്‍ മുഴുവന്‍ പുറംലോകമറിഞ്ഞത്. പിന്നീട് ടി സി വാങ്ങി കോളേജ് വിട്ട് പോയ നിഖിലയുടെ ആത്മഹത്യാശ്രമത്തില്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയ മറുപടി നിഖിലയുടെ ആരോപണങ്ങളെ ശരിവെക്കുന്നതായിരുന്നു. 

  • കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ടിസി വാങ്ങിപ്പോയത് 187 കുട്ടികള്‍ 
  • യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനം സര്‍വ നിയന്ത്രണങ്ങള്‍ക്കും അതീതം
  • യൂണിയന്‍ പ്രവര്‍ത്തനം അക്കാദമിക പ്രവര്‍ത്തനങ്ങളേയും പഠനത്തേയും ബാധിക്കുന്നു
  • യൂണിയന്‍ പ്രവര്‍ത്തനം ജനാധിപത്യ രീതിയിലല്ല 
  • വിദ്യാര്‍ഥികള്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കരുത് 
  • സമ്മതമില്ലാതെ ക്ലാസ് സമയത്ത് നിര്‍ബന്ധിച്ച് കൊണ്ടുപോകുമ്പോള്‍ അധ്യാപകര്‍ പ്രതികരിക്കുന്നില്ല 
  • ശാരീരിക അവശതകള്‍ ഉള്ളകുട്ടികളെപ്പോലും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നു തുടങ്ങിയവയായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ നിയമസഭയെ രേഖാമൂലം അറിയിച്ചത്. 

സ്വതന്ത്ര ജനകീയ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍

 നിഖിലയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്നാണ് സ്വതന്ത്ര ജനകീയ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ യൂണിവേഴ്‌സിറ്റികോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എസ്.വര്‍ഗീസ്, മുന്‍സിന്‍ഡിക്കേറ്റ് അംഗം ഡോ.തങ്കമണി, ബാലാവകാശ കമ്മിഷന്‍ മുന്‍ അംഗം ജെ.സന്ധ്യ, യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ അദ്ധ്യാപകന്‍ എ.ജി.ജോര്‍ജ് എന്നിവരടങ്ങുന്നതാണ് കമ്മിഷന്‍. 

ഇതുമായി ബന്ധപ്പെട്ട് നടത്തിയ സിറ്റിങില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കാനെത്തിയത്. ഇതില്‍ കൂടുതലും പ്രധാനതെളിവുകള്‍ എസ്.എഫ്.ഐ ഏകാധിപത്യത്തിനെതിരായാണ്. ക്യാമ്പസുകളില്‍ പ്രവേശനം മുതല്‍ പരീക്ഷവരേയുള്ള എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്നത് എസ്.എഫ്.ഐയാണ്. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലധികവും ഭീഷണിപ്പെടുത്തലുകളായും അപവാദപ്രചരണവുമായാണ് എത്തിയത്. എന്നാല്‍ ആണ്‍കുട്ടികളെ കായികമായി അക്രമിക്കുന്ന കാഴ്ചയുമാണ് കണ്ടത്. ആദ്യ ദിവസം 82 പേര്‍ തെളിവുകള്‍ നല്‍കാനെത്തിയിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയസംഘടനകള്‍, അക്കാദമികരംഗത്തു നിന്നുള്ളവരെല്ലാം പരാതിയുമായി എത്തിയിരുന്നു. കലാലയത്തിന്റെ അന്തരീക്ഷംമുഴുവന്‍ നഷ്ടമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ക്യാംപസുകളില്‍ രാഷ്ട്രീയം നിരോധിക്കല്‍ പ്രായോഗികമല്ല. എന്നാല്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തുല്യമായ പ്രാതിനിധ്യം ഉറപ്പിച്ചുകൊണ്ട് ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നാണ് കമ്മിഷന്‍ അദ്ധ്യക്ഷന്റെ അഭിപ്രായം.

ക്യാമ്പസുകള്‍ക്കുള്ളില്‍ യൂണിയന്‍ ഓഫീസ് പ്രവര്‍ത്തനം, കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത്. അവരുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങളെയെല്ലാം കമ്മിഷന്‍ ശക്തമായി പ്രതിരോധിക്കുമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് 30 ഓടെ കൂടി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വിദ്യാർഥികൾ മാത്രമല്ല, അധ്യാപകരും ഇരകളാണ്

വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളില്‍ ഭീഷണിയും അക്രമവും ഏല്‍ക്കേണ്ടി വരുക എന്നത് വ്യക്തമാക്കുകയായിരുന്നു സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ആയിരുന്ന ടി.വിജയലക്ഷ്മി നേരിട്ട പീഡനം.

2017 മാര്‍ച്ച് മാസത്തിലാണ് ടി.വിജയലക്ഷ്മിക്ക് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കടന്നാക്രമണം ഉണ്ടായത്. ഡി.ജി.പിക്ക് പരാതിനല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഗവര്‍ണറെ കാണുകയായിരുന്നു.പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തു. കേസുമായി കോടതിയിലേക്ക് വിളിപ്പിച്ച് മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെറിയ വകുപ്പ് ചേര്‍ത്ത് മാത്രമാണ്‌ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നാലെ തന്നെ അറിയിക്കുകപോലും ചെയ്യാതെ സര്‍ക്കാര്‍ തലത്തില്‍ കേസ് അന്വേഷിക്കേണ്ടതില്ലെന്ന തീരുമാനം തന്നെ അറിയിക്കുകയായിരുന്നുവെന്നും ടി.വിജയലക്ഷ്മി പറയുന്നു. ഒരു സ്ത്രീയെന്ന പരിഗണനയോ നീതിയോ തനിക്ക് ലഭിച്ചില്ല. തന്റെ മൗലികാവകാശത്തെ ഹനിക്കുന്നതായാണ് ഈ സംഭവത്തെ താന്‍ നോക്കികാണുന്നത്. അതുകൊണ്ട് തന്നെ ഈ കേസ് സ്വന്തം നിലയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. 

T Vijayalekshmi
ഡോ.ടി.വിജയലക്ഷ്മി

"കേരളയൂണിവേഴ്സിറ്റി കലോത്സവുമായി ബന്ധപ്പെട്ട് യൂണിയന്‍ നല്‍കുന്ന അവസാനത്തെ ഗഡുവായ ഏഴരലക്ഷം രൂപ കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നത്. 22 ലക്ഷം രൂപ നല്‍കിയിരുന്നു. പിന്നീട് ബാക്കിയുള്ള തുക നല്‍കുന്നതിന് മുന്‍പായി ആദ്യം നല്‍കിയ തുകയുടെ ബില്ലുകള്‍ സമര്‍പ്പിച്ചതിന് ശേഷം മാത്രം ബാക്കിയുള്ള തുക അനുവദിച്ചാല്‍ മതിയാകുമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ സംഭവം നടക്കുന്ന ദിവസം രാവിലെ യൂണിയന്‍ മെമ്പര്‍മാര്‍ എത്തുകയും തുക നേരത്തെ നല്‍കിയ തുകയുമായി ബന്ധപ്പെട്ട് ആറ് ലക്ഷത്തോളം രൂപയുടെ ബില്ലുകള്‍ സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ള തുകയും എത്രയും വേഗം അനുവദിച്ച് തരണമെന്നും കലോത്സവവുമായി ബന്ധപ്പെട്ട മറ്റ് ചിലവുകള്‍ മുടങ്ങുമെന്നും അവര്‍ പറഞ്ഞതോടെ എന്റെ ഉത്തരവാദിത്തത്തില്‍ തുക അനുവദിച്ച് നല്‍കാന്‍ തയാറായി. അതിന് വേണ്ട പണികളെല്ലാം തീര്‍ത്തതിന് ശേഷം പ്രോവൈസ്ചാന്‍സലറുടെ മുറിയിലേക്ക് പോയപ്പോഴായിരുന്നു എസ്.എഫ്.ഐയുടെ ഇരുന്നൂറോളം വരുന്ന കുട്ടികള്‍ തനിക്ക് നേരെ അക്രമണം നടത്തിയത്.  

ഒപ്പിട്ട് കൊടുത്തില്ലെങ്കില്‍ ജീവനോടെ പുറത്ത് പോകില്ലെന്നായിരുന്നു ഭീഷണി. ഇനിയും ഈ സ്ഥാനത്ത് തുടര്‍ന്നാല്‍ വെച്ചേക്കില്ലായെന്നും അന്ന് അവര്‍ ഭീഷണിപ്പെടുത്തി. അതേ സമയം മറ്റൊരു വിഭാഗം പെണ്‍കുട്ടികള്‍ താന്‍ ഉടുത്തിരിക്കുന്ന സാരിയുമായി പുറത്തേക്ക് പോകില്ലെന്നും പെണ്‍കുട്ടികളായതുകൊണ്ട് തന്നെ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നുമായിരുന്നു അവരുടെ ഭീഷണി. തുടര്‍ച്ചയായി മൂന്ന് മണിക്കൂറോളം അവര്‍ ആ മുറിയില്‍ തന്നെ പിടിച്ചിരുത്തുകയായിരുന്നു."- ടി. വിജയലക്ഷ്മി പറയുന്നു. 

"യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായിരുന്ന എ.എ. റഹിം, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ അഷിത, മുട്ടത്തറ അഞ്ചു എന്ന വാര്‍ഡ് മെമ്പര്‍ എന്നിവരടക്കമാണ് അവിടെയെത്തി തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. അവിടേക്ക് വി.ശിവന്‍കുട്ടിയും പിന്നീട് എത്തിയിരുന്നു. മുന്‍കൂര്‍ പ്ലാന്‍ ചെയ്തായിരുന്നു എനിക്ക് നേരെ അന്ന് അതിക്രമം നടത്തുകയും അപമാനിക്കുകയും ചെയ്തത്. 

മൂന്നാം ഭാഗം- അതിക്രമിച്ച് അധികാരം പിടിച്ചെടുക്കാൻ കൊടിയുടെ നിറത്തിന് വ്യത്യാസമില്ല

 

മൂന്ന് മണിക്കൂറോളം എന്നെ ഇരുന്നൂറോളം കുട്ടികള്‍ എന്നെ ചീത്തവിളിക്കുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നു. ഓരോ തലമുടിയായി വലിച്ച് പിടിക്കുകയും പേന കൊണ്ട് മുതുകില്‍ കുത്തുകയും ചെയ്തു. കൂടി നിന്ന പെണ്‍കുട്ടികള്‍ ചെവിപൊട്ടുന്ന രീതിയില്‍ ഉറക്കെ ചീത്തവിളിക്കുകയായിരുന്നു. അതിനെക്കാള്‍ ഏറെ വേദനിപ്പിച്ചത് താന്‍ ഈ കുട്ടികളെയാണല്ലോ പഠിപ്പിച്ചത് എന്ന് ഓര്‍ത്തായിരുന്നു."- അവർ പറയുന്നു. 

"താന്‍ ഒരു സ്ത്രീയായി പോയി. ഇന്ന് ഈ ബില്‍ ഒപ്പിട്ട് തന്നില്ലെങ്കില്‍ താന്‍ പുറം ലോകം കാണില്ല"- എന്നായിരുന്നു റഹിമിന്റെ ഭീഷണി. തുടര്‍ന്ന് സംഭവം നടക്കുന്ന സമയത്ത് അവിടേക്ക് എത്തിയ പോലുസുകാരെപ്പോലും റഹിം വിരട്ടിയോടിക്കുകയാണ് ചെയ്തത്. പിന്നീട് സംഭവുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നാം തീയതി തന്നെ വൈസ്ചാന്‍സലര്‍ക്കും പിന്നീട് ഡി.ജി.പി.ക്കും പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഇതിനെതിരേ നടപടിയെടുക്കുമെന്ന് അന്ന് ഡിജിപി പറഞ്ഞിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. പിന്നീട് ഗവര്‍ണറെ കാണുകയായിരുന്നു. തുടര്‍ന്ന് സംഭവുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതിന് ശേഷമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്."- വിജയ ലക്ഷ്മി പറയുന്നു. 

image

എന്നാല്‍ ഇതിനെ പ്രതിരോധിച്ച് അന്ന് തന്നെ എ.എ റഹിമും യൂണിവേഴ്സിറ്റി കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. ഡയറക്ടര്‍ക്കെതിരേ ആരും ഭീഷണിമുഴക്കിയിട്ടില്ലെന്നും അപമാനിക്കുകയോ കൈയേറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അന്ന് കോളേജ് യൂണിയന്‍ നേതാക്കളും വ്യക്തമാക്കിയിരുന്നു.  

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പില്‍ പ്രോ-വൈസ്ചാന്‍സലറും അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരോ പോലും അവിടെ നടന്ന സംഭവങ്ങള്‍ സത്യസന്ധമായി പറഞ്ഞില്ല.  എന്നാല്‍ സര്‍വകലാശാലക്കകത്തുള്ള പലരും ഇതിനെല്ലാമെതിരേ കണ്ണടക്കുകയും ഇവിടെ ഇങ്ങനെയാണെന്നും ഇതൊക്കെ കണ്ടില്ലെന്ന് നടിക്കണമെന്നുമാണ് പലരും അന്ന് തന്നോട് പറഞ്ഞതെന്നും വിജയലക്ഷ്മി പറയുന്നു. 

പഠിക്കണ്ട, പരീക്ഷ പാസാകും പിന്‍വാതില്‍ നിയമനവും- ടി.വിജയലക്ഷ്മി 

കുട്ടികള്‍ക്ക് പഠിക്കാതെ തന്നെ പാസ് ആകാനും പിന്‍വാതില്‍ നിയമനം നല്‍കാനും പിന്നില്‍ നേതാക്കളുണ്ടെന്ന വിശ്വാസമാണ് ക്യാമ്പസിനകത്ത് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതെന്ന് വിജയലക്ഷ്മി അഭിപ്രായപ്പെടുന്നത്. ക്യാമ്പസുകളില്‍ രാഷ്ട്രീയം വേണ്ടെന്ന നിലപാട് തനിക്ക് ഇല്ല. എന്നാല്‍ ഒരു നിശ്ചിതകാലത്തേക്ക് ക്യാമ്പുസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായി നിരോധിക്കണമെന്നതാണ് തന്റെ നിലപാട്. അതിന് ശേഷം പുതിയൊരു സംസ്‌കാരത്തിലായിരിക്കണം വിദ്യാര്‍ഥികള്‍ വരേണ്ടത്. ഇടത്പക്ഷത്തിന്റെ തന്നെ വിദ്യാര്‍ഥി സംഘടനയായ എ ഐ എസ് എഫിന് പോലും യൂണിവേഴ്‌സിറ്റി കോളേജിനുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള സ്ഥിതിയില്ല. കലോത്സവസമയത്ത് പോലും എ ഐ എസ് എഫ് പ്രവര്‍ത്തകനെ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്ന കാഴ്ച കണ്ട വ്യക്തിയാണ്. ജനാധിപത്യപരമായി എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ക്യാമ്പസിനുള്ളില്‍ ഉണ്ടാകണം. മറ്റ് പാര്‍ട്ടികള്‍ക്ക് നോമിനോഷന്‍ കൊടുക്കാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഇല്ല. അത്തരമൊരു സാഹചര്യം മാറി പ്രതികരണശേഷിയുള്ള ഒരു പ്രതിപക്ഷം കോളേജിനുള്ളില്‍ ഉണ്ടാകണം. 

ഇതേ അവസ്ഥ തന്നെയാണ് അധ്യാപക സംഘടനക്കകത്തും നടക്കുന്നത്. അധ്യാപകരെ അക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമടക്കമുള്ള വിഷയങ്ങളില്‍ അധ്യാപക സംഘടനാ നേതാക്കളും അധ്യാപകരും കൃത്യമായി ഇടപെടല്‍ നടത്തുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നാല്‍ മാത്രമേ കോളേജിനുള്ളില്‍ സമാധാനവും ജനാധിപത്യപരവുമായ അന്തരീക്ഷം സംജാതമാവുകയുള്ളൂ.

(തുടരും)

Content Highlights: Student politics and violence- Part two of the series