എസ്.എഫ്.ഐക്കാരന്‍ തന്നെ എസ്എഫ്‌ഐക്കാരന്റെ ചങ്കില്‍ കുത്തുക. വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അനവധി കണ്ട കേരളത്തില്‍ ഇങ്ങനെയൊന്ന് ആദ്യമായിരുന്നു. എസ്എഫ്‌ഐയുടെ കോട്ടയായ കാമ്പസ്സാണ് യൂണിവേഴ്‌സിറ്റി കോളജ്. അവിടെ 'സ്വന്തം ചോര' തന്നെ എസ്എഫ്‌ഐ വീഴ്ത്തുമ്പോള്‍ ഈ സംഘടനയ്ക്ക് ഇതെന്ത് പറ്റി എന്ന് പലരും ചോദിക്കുന്നു.

അഖിൽ എന്ന വിദ്യാർഥിയെ കുത്തിയ സംഭവത്തെ തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തി പെൺകുട്ടികളടക്കം പ്രതികരിച്ചത് ഇത് ഞങ്ങളുടെ എസ് എഫ് ഐ അല്ലെന്നും ഇവിടെ നടക്കുന്നത് കുറച്ച്പേരുടെ അതിക്രമം മാത്രമാണെന്നുമാണ്. കാലാകാലങ്ങളായി നമ്മുടെ തലസ്ഥാനത്തെ കോളേജുകളിൽ നടക്കുന്നത് ഏതെങ്കിലും ഒരു വിദ്യാർഥി സംഘടനയുടെ കുത്തകയും അതിന്റെ മറവിലെ തേര്‍വാഴ്ചയുമാണ്‌.

'ഞങ്ങളുടെ എസ്.എഫ്.ഐ ഇങ്ങനെ അല്ല' എന്ന് പറയുന്നവരോട് 'യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ പണ്ടും ഇങ്ങനെ തന്നെയായിരുന്നു' എന്ന് പറയുകയാണ് ബെന്‍സി എന്ന പൂര്‍വ്വവിദ്യാര്‍ഥി തന്റെ അനുഭവത്തിലൂടെ. എന്നാല്‍ താനൊരു എസ്.എഫ്.ഐ വിരോധിയല്ലെന്നും നല്ല സൗഹൃദങ്ങളുണ്ടെന്നും പറയുമ്പോൾ യൂണിവേഴ്സിറ്റി കോളേജിൽ കാലാകാലങ്ങളായി നടക്കുന്നതാണ് ഈ അതിക്രമങ്ങൾ എന്ന് പറഞ്ഞുറപ്പിക്കുകയാണ് ബെൻസി മോഹന്റെ അനുഭവം. 

'1995-98 കാലഘട്ടത്തിലെ ബി.എസ്.സി ഫിസിക്സ് വിദ്യാര്‍ഥിയായിരുന്നു ഞാന്‍. ആ കാലത്തായിരുന്നു അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍, കോളേജിനെ രണ്ടാക്കി മാറ്റി പാളയത്തെ കോളേജ് ക്യാമ്പസ് പോസ്റ്റ് ഗ്രാജുവേറ്റായി നിലര്‍ത്തിക്കൊണ്ട് ഡിഗ്രി ക്ലാസുകള്‍ കാര്യവട്ടത്തേക്ക് മാറ്റിയത്. പാളയത്തെ ക്യാമ്പസില്‍ എസ് എഫ് ഐ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ കാര്യവട്ടത്ത് എ.ഐ.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി, എസ്.ഐ.ഒ, എ.ഐ.ഡി.എസ്.ഒ അടക്കമുള്ള എല്ലാ സംഘടനകളും പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്‍ സി പി ഐ നേതാവായിരുന്നതുകൊണ്ട് തന്നെ അവിടത്തെ എ.ഐ.എസ്.എഫ് യൂണിറ്റ് നേതാക്കള്‍ സമീപിക്കുകയും മെമ്പര്‍ഷിപ്പ് എടുക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. അക്കാലഘട്ടത്തില്‍ പേരിനും വേണ്ടിമാത്രമായിരുന്നു ആ മെമ്പര്‍ഷിപ്പ്. എന്നാല്‍ തുടര്‍ന്ന് ഭരണംമാറി ഇടത്പക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തി പഴയതുപോലെ യൂണിവേഴ്സിറ്റി കോളേജ് പഴയ നിലയിലേക്ക് കൊണ്ടുവരുകയും ചെയ്തു. പുതിയ ഡിഗ്രി ബാച്ച് അഡ്മിഷന്‍ പാളയത്ത് ക്യാമ്പസിലും മുന്‍പ് കാര്യവട്ടത്തേക്ക് മാറ്റിയ ആര്‍ട്സ് വിഷയങ്ങളിലെ ഡിഗ്രി വിദ്യാര്‍ത്ഥികളെ അവിടത്തന്നെ തുടരാനും ലാബ് ആവശ്യമുള്ളതിനാല്‍ സയന്‍സ് ഡിഗ്രീ വിദ്യാര്‍ത്ഥികളെ പാളയത്തേക്ക് തിരികെ കൊണ്ടുവരാനും തീരുമാനിച്ചു. ലാബുള്ള രണ്ട് ദിവസങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ക്ക് പാളയത്തേക്ക് വരേണ്ടിയിരുന്നത്. 

bency mohan
ബെൻസി മോഹൻ


 
പക്ഷേ കാര്യവട്ടത്ത് എ.ഐ.എസ്.എഫ് യൂണിറ്റ് ഭാരവാഹിയായിരുന്ന നേതാവ് 'ഇവിടെ ഒന്നിനും ഞാനില്ല. ഇവന്മാര്‍ കൊല്ലും. നീയും എ.ഐ.എസ്.എഫ് ആണെന്ന് ആരോടും പറയണ്ട എന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് എ.ഐ.എസ്.എഫ് യൂണിറ്റിന്റെ ഭാഗമായി യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ ഒരു സാംസ്‌ക്കാരിക പരിപാടി സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ നോട്ടീസ് കുറച്ച് എന്റെ കൈയ്യിലും തന്നു. വിതരണം ചെയ്തതിന്റെ ബാക്കി ഞാന്‍ എന്റെ ബാഗില്‍ സൂക്ഷിച്ചു. പിറ്റേന്ന് ലാബ് ഉണ്ടായിരുന്ന ദിവസമായിരുന്നു. അതിനിടെ അവിടെയുണ്ടായിരുന്ന കൂട്ടുകാര്‍ക്ക് ആ നോട്ടീസ് നല്‍കി പരിപാടിയ്ക്ക് വരാന്‍ ക്ഷണിച്ചു.

പിന്നീട് ഞാന്‍ കാണുന്നത് 'ആരാടാ ഈ ബൻസി മോഹന്‍?' എന്ന ഉറക്കെയുള്ള പത്തോളം പേരടങ്ങിയ സംഘത്തിന്റെ ചോദ്യമായിരുന്നു.

ഞാനാണ്, എന്താകാര്യമെന്ന് തിരക്കിയ എന്നോട് ചോദിച്ചത്, നീയാണോടാ ഈ നോട്ടീസ് കൊണ്ടുവന്നത് എന്നായിരുന്നു. അതെ, എന്ന എന്റെ മറുപടി കൊടുത്തതും എസ്.എഫ്.ഐയുടെ കോളേജില്‍ വേറെ സംഘടനയുടെ നോട്ടീസ് വിതരണം ചെയ്യാനൊക്കെ നീ വളര്‍ന്നോടാ. 'എന്ന് ചോദിച്ച് തെറിവിളിക്കുന്നതായിരുന്നു. പിന്നീട് കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍ വിളിച്ച് അവര്‍ എന്നെ അടുത്തുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലേയ്ക്ക് വലിച്ചു കൊണ്ടുപോയി. പിന്നീട് കൊല്ലുമെന്നും കൈയും കാലും വെട്ടുമെന്നതടക്കമുള്ള ഭീഷണിയും തല്ലുമായിരുന്നു. ഇട്ടിരുന്ന വസ്ത്രവും പുസ്തകങ്ങളുമടക്കം അവര്‍ നശിപ്പിച്ചു.

തല്ലിയപ്പോഴൊക്കെ മുഖംപൊത്തി കുനിഞ്ഞിരിക്കുകയായിരുന്നു. പിന്നീട് മേലില്‍ ഈ ക്യാമ്പസിനുള്ളില്‍ കയറരുതെന്ന് പറഞ്ഞ് ഇറക്കി വിടുകയായിരുന്നു. പക്ഷേ ശരീരത്തിനേറ്റ വേദനയെക്കാള്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് ചോദിച്ചുള്ള വിഷമമായിരുന്നു. തുടര്‍ന്ന് ഞാനൊരു തീരുമാനമെടുക്കുകയായിരുന്നു എന്നെ തല്ലിയത് എന്തിന് വേണ്ടിയാണോ അതിന് വേണ്ടി തന്നെ പ്രവര്‍ത്തിക്കുമെന്ന്.- ബെന്‍സി മോഹന്‍ പറയുന്നു. 

ഈ സംഭവത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഉറച്ച് നില്‍ക്കാനും പ്രവര്‍ത്തിക്കാനും തീരുമാനിക്കുകയായിരുന്നു. പാളയത്തെ ക്യാമ്പസില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിക്കുകയും കൊടിമരം നാട്ടുകയും ചെയ്തു. എന്നാല്‍ അന്ന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന അവര്‍ സ്ഥിരം രീതികള്‍ തന്നെ മറ്റ് എഐഎസ്എഫ് പ്രവര്‍ത്തകരെ പലരീതിയിലും ഉപദ്രവിക്കുകയായിരുന്നു. ഭീക്ഷണിപ്പെടുത്തല്‍ മുതല്‍ പാര്‍ട്ടിക്കാരായ അധ്യാപകരെ ഉപയോഗിച്ച് ഇലക്ഷനില്‍ നോമിനേഷന്‍ തള്ളിക്കുകവരെയുണ്ടായി. 

രണ്ടാം ഭാഗം- എതിർക്കുന്നവരെ ഇല്ലാതാക്കിയാണോ വിദ്യാർഥി രാഷ്ട്രീയം വളരേണ്ടത്..?

 

യൂണിവേഴ്സിറ്റി കോളേജിൽ കാലാകാലങ്ങളായി നടക്കുന്നതാണ് ഈ അതിക്രമങ്ങൾ എന്ന് പറഞ്ഞുറപ്പിക്കുകയാണ് ബെൻസി മോഹന്റെ അനുഭവം. 

‌വ്യത്യസ്തമല്ല എം.ജി.കോളേജ് 

അന്ന് ഞങ്ങള്‍ എം.ജി.കോളേജില്‍ എസ്.എഫ്.ഐ യുടെ യൂണിറ്റ് തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു.ഞങ്ങളുടെ കൂട്ടത്തില്‍ ഞാനൊഴികെ ബാക്കിയെല്ലാവരും ആണ്‍കുട്ടികളാണ്. അവരെ എല്ലാവരേയും അവരുടെ ക്യാര്യാലയത്തില്‍ കൊണ്ട്പോയി തല്ലിച്ചതച്ചു. എന്നെമാത്രം അവര്‍ക്ക് അന്ന് കായികമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് പുലര്‍ച്ചെ ക്യാമ്പസിനകത്ത് ഒറ്റക്ക് കയറി ഓരോ ക്ലാസിലും യൂണിറ്റ് കമ്മിറ്റിയുടെ നോട്ടീസിട്ടു. നേരം പുലര്‍ന്ന് ക്ലാസിലെത്തിയ എ.ബി.വി.പി.പ്രവര്‍ത്തകര്‍ കണ്ടത് എസ് എഫ് ഐയുടെ യൂണിറ്റ് കമ്മിറ്റിയുടെ നോട്ടീസാണ്.  അവര്‍ക്ക് എന്നെയായിരുന്നു സംശയം. എന്നാല്‍ ഉറപ്പിക്കാനും വയ്യ. കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ കൈയില്‍ കത്തിയും വടിവാളുമടങ്ങിയ ആയുധങ്ങളുമായി ക്ലാസുകള്‍ക്ക് മുന്നിലൂടെ പ്രകനം നടത്തി. അന്ന് അവര്‍ക്ക് കോളേജ് മാനേജ്മെന്റ് എല്ലാ പിന്തുണയും നല്‍കിയിരുന്നു.

പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് വരുകയും പിന്നാലെ ഞാന്‍ നോമിനേഷന്‍ നല്‍കാന്‍ തയാറെടുക്കുന്നതും അറിഞ്ഞതോടെയാണ് എനിക്ക് നേരെ ആക്രമണങ്ങള്‍ തുടങ്ങിയത്. അന്ന് രാത്രി വീട്ടിലെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ എന്റെ ഐഡി കാര്‍ഡ് എടുത്ത്കൊണ്ട്പോയി.

OS Nisha
അഭിഭാഷകയായ ഒ എസ് നിഷ

പിന്നീട് രാത്രിയും പകലെന്നുമില്ലാതെ എ.ബി.വി.പി പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തി വന്‍ അതിക്രമം നടത്തി. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ച് ഇല്ലാതാക്കി നശിപ്പിരുന്നു. ഒടുവില്‍ എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. അങ്ങനെ മൂന്ന് മാസത്തോളം ഹോസ്റ്റലില്‍ കഴിയേണ്ടി വന്നു. അങ്ങനെയിരിക്കെയാണ് എനിക്ക് നേരെ സ്റ്റാച്യുവില്‍വെച്ച് അക്രമം നടന്നത്. നടന്നുപോകുകയായിരുന്ന എനിക്ക് പിന്നില്‍ ബൈക്കിലെത്തിയ സംഘം ഷാള്‍ കഴുത്തില്‍ കുരുക്കി. പിറകിലേക്ക് വലിച്ച് എന്നെ കത്തി ഉപയോഗിച്ച് കുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ അവര്‍ക്ക് എന്നെ ആക്രമിക്കാന്‍ സാധിക്കാതെ വന്നു.

അന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. പിന്നീട് ഇക്കാര്യങ്ങളെല്ലാം അറിയിക്കാനായി ഞാനൊരു പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു. പക്ഷേ പിറ്റേന്ന് ദേശാഭിമാനിയിലൊഴികെ മറ്റൊരു മാധ്യമങ്ങളും അത് വാര്‍ത്തയാക്കിയിരുന്നില്ല. അന്ന് രാത്രിക്ക് വീട് കയറി അതിക്രമം നടത്തിയത് കോളേജിലെ പ്രവര്‍ത്തകര്‍ മാത്രമല്ലായിരുന്നു.  അക്കൂട്ടത്തില്‍ ഇന്നത്തെ ബി.ജെ.പി. തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം ബി.സുരേഷ്‌കുമാറുമുണ്ടായിരുന്നു.- എം.ജി.കോളേജില്‍ നിന്ന് എ ബി വി പി പ്രവര്‍ത്തകരുടെ അതിക്രമങ്ങള്‍ക്ക് ഇരയായ അഭിഭാഷക നിഷ പറയുന്നു.

Deshabhimani news on Nisha attack
എം.ജി.കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകയായ നിഷയ്ക്കതിരേ എ.ബി.വി.പി.നടത്തിയ ആക്രമണത്തെസംബന്ധിച്ച് 2000 ല്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

തിരഞ്ഞെടുപ്പ് എത്തിയാല്‍ എ.ബി.വി.പിയും കെ.എസ്.യുവും ഒരുമിച്ച് ചേര്‍ന്നാണ് അക്കാലഘട്ടത്തില്‍ എം.ജി.കോളേജില്‍  തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നിട്ടും ഇവര്‍ക്കെതിരേ 1991-92 കാലത്ത് എസ്.എഫ്.ഐ വന്‍ വിജയം നേടുകയായിരുന്നു. ആ വിജയത്തോടെ എം.ജി.കോളേജില്‍ എ.ബി.വി.പി എന്ന പ്രസ്ഥാനത്തിന്റെ പതനമാണെന്ന് ചിന്തിച്ചവര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കടന്നാക്രമിച്ചു.  എം.ജി.കോളേജിലെ അവസാനത്തെ തിരഞ്ഞെടുത്ത എസ്.എഫ്.ഐ. ചെയര്‍മാനായിരുന്ന ജ്യോതിഷ് കുമാര്‍ പറയുന്നു.

എം.ജി.കോളേജിലെ ഫിസിക്‌സ് ലാബ് അടക്കം എ.ബി.വി.പി പ്രവര്‍ത്തകരുടെ ആയുധപ്പുരയാണ്.  ക്യാമ്പസിനകത്ത് മാത്രമല്ല എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വീട് കയറിയും അതിക്രമം നടത്തുകയായിരുന്നു അക്കാലത്തും എബിവിപി പ്രവര്‍ത്തകരുടെ പതിവ്. അവിടെ പ്രാദേശികമായി സഹായമുള്ളവര്‍ മാത്രം എ ബി വി പിയുടെ ആക്രമണങ്ങളെ ചെറുത്ത് നില്‍ക്കാന്‍ സാധിച്ചു.

jyothish kumar
എം.ജി.കോളേജില്‍ തിരഞ്ഞെടുക്കപ്പെട്ട അവസാനത്തെ എസ്.എഫ്.ഐ യുടെ ചെയര്‍മാന്‍ ജ്യോതിഷ് കുമാര്‍

എക്കാലത്തും തലയെടുപ്പോടെ നിലനില്‍ക്കുന്നിടമാണ് തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജ്. എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രം. കെആര്‍ നാരായണനെപ്പോലുള്ള പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ഒഎന്‍വി കുറുപ്പ്, എസ്. ഗുപ്തന്‍ നായര്‍, എം. കൃഷ്ണന്‍ നായര്‍, സുഗതകുമാരി ടീച്ചര്‍, ഹൃദയകുമാരി ടീച്ചര്‍, പത്മന രാമചന്ദ്രന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി,  തിരുനെല്ലൂര്‍ കരുണാകരന്‍ തുടങ്ങിയ പ്രഗത്ഭര്‍ പഠിപ്പിക്കുകയും ചെയ്ത കോളജാണ് ഇപ്പോള്‍ എസ്.എഫ്.ഐക്കാരന്‍ തന്നെ എസ്.എഫ്.ഐക്കാരനെ കുത്തിയെന്ന വാര്‍ത്തയോടെ അപമാനിക്കപ്പെട്ടിരിക്കുന്നത്.

എം.ജി.കോളേജില്‍ എ.ബി.വി.പി എന്ന പ്രസ്ഥാനമാണ് കൊടി കുത്തിവാഴുന്നതെങ്കില്‍ പതിറ്റാണ്ടുകളായി യൂണിവേഴ്‌സിറ്റി കോളേജ് ഭരിക്കുന്നത് എസ്.എഫ്.ഐ പ്രസ്ഥാനമാണ്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന് പോലും യൂണിവേഴ്‌സിറ്റി കോളേജിലേക്ക് പ്രവേശനമില്ലായിരുന്നു. 

പാര്‍ട്ടി പ്രവര്‍ത്തകരെന്ന പേരില്‍ എല്ലാതരത്തിലുമുള്ള അതിക്രമം നടത്തിയിരുന്ന ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത സംഘമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ വരുതിയിൽ നില്‍ക്കാത്ത അധ്യാപകരായാലും വിദ്യാര്‍ഥികളായാലും ഭീഷണിയും തെറിവിളിയും നിത്യ സംഭവങ്ങള്‍ തന്നെയായിരുന്നു. ആണ്‍കുട്ടികളെ പരസ്യമായി മര്‍ദ്ദിച്ചും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തലും നിത്യസംഭവം. എന്നാല്‍ ഇത് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലെ മാത്രം വിഷയമായി കാണാനാകില്ല. ഓരോ ക്യാമ്പസിലും ഏത് പാര്‍ട്ടിക്കാരാണോ ഭരിക്കുന്നത്, അവര്‍ അവിടെ തീര്‍ത്തും അഴിഞ്ഞാടുന്ന കാഴ്ച. ഒരുകാലത്ത് വിദ്യാര്‍ഥി ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പലരുടേയും ചരടാകുകയാണ് ചെയ്യുന്നത്. തിരുവനന്തപുരത്തെ എം.ജി.കോളേജില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവങ്ങളെല്ലാം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരുന്ന സംഭവങ്ങള്‍ക്ക് സമാനമാണ്.  

മൂന്നാം ഭാഗംഅതിക്രമിച്ച് അധികാരം പിടിച്ചെടുക്കാൻ കൊടിയുടെ നിറത്തിന് വ്യത്യാസമില്ല

കെ.എസ്.യു എന്ന പ്രസ്ഥാനം ചരിത്രത്തിലിടം നേടിയത് വിമോചന സമരത്തിന് ഊര്‍ജം പകര്‍ന്നുകൊണ്ടായിരുന്നു. പിന്നീട് അവര്‍ ചരിത്രത്തിന്റെ ഭാഗമായത് 1959ലെ ഒരണസമരത്തിലൂടേയും. കുട്ടനാട്ടിലെ ബോട്ട് സര്‍വീസ് സ്വകാര്യമേഖലയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് അന്നേവരെയുണ്ടായിരുന്ന യാത്രാചാര്‍ജ് ഒരണയില്‍ നിന്ന് പത്തൂ പൈസയാക്കി ഉയര്‍ത്തുകയുമായിരുന്നു. ഇതോടെ ഇതിനെതിരെ കെ.എസ്.യു വിന്റെ നേതൃത്വത്തില്‍ സമരം ചെയ്യുകയായിരുന്നു. പ്രസ്ഥാനം രൂപം കൊണ്ട് ഏകദേശം ഇരുപതു വര്‍ഷത്തോളം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശക്തമായ വിദ്യാര്‍ത്ഥി സംഘടനകളിലൊന്നായിരുന്നു കെ.എസ്.യു. എന്നാല്‍ പിന്നീട് കെ.എസ്.യുവിന്റെ പ്രാധാന്യം നഷ്ടമാവുകയും പഠിക്കുക പോരാടുക എന്നീ മുദ്രാവാക്യമുയര്‍ത്തി കേരളത്തിലെ ക്യാമ്പസുകളിലേക്ക് എസ്.എഫ്.ഐ കടന്നുവരുകയായിരുന്നു. 

കെ.എസ്.യു രൂപീകൃതമായി രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് എസ്.എഫ്.ഐ രൂപീകൃതമാകുന്നത്. പിന്നാലെ ബഹുഭൂരിപക്ഷം കോളേജുകളും എസ്.എഫ്.ഐ പിടിച്ചെടുത്ത് മുന്നേറി. സ്‌കൂളുകളിലെ മുടങ്ങിയ ഉച്ചക്കഞ്ഞിക്കായി അവര്‍ തെരുവിലേക്കിറങ്ങി. 

അങ്ങനെ കാലഘട്ടത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിക്കുകയും അവകാശങ്ങള്‍ക്കായി തുടര്‍ച്ചയായി പോരാടുകയും ചെയ്തു. കെ.എസ്.യു, എസ്.എഫ്.ഐ., എ.ബി.വി.പി, എം.എസ്.എഫ് അങ്ങനെ ഈ വിദ്യാര്‍ഥി സംഘടനകളെല്ലാം അധികാര തേര്‍വാഴ്ചയ്ക്ക് പരസ്പരം കടന്നാക്രമിച്ചു. മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരേയും തങ്ങളുടെ സംഘടനക്ക് അകത്ത് തന്നേയും ഉള്ളവര്‍ക്ക് നേരെ ഓരോ തവണയും ആക്രമണങ്ങള്‍ നടത്തുകയും അവരുടെ രക്തസാക്ഷികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും പരസ്പരം മത്സരിക്കുകയാണുണ്ടായത്.

Abhimanyu
അഭിമന്യു

കലാലയ രാഷ്ട്രീയത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട അവസാനത്തെ വ്യക്തിയാണ് അഭിമന്യു. ചുമരെഴുത്തിനെച്ചൊല്ലി എസ്യു.എഫ്.ഐ- ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുമായുണ്ടായ വാക്ക് തർക്കത്തിനെ തുടർന്ന് അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നു. എസ്.എഫ്.ഐയുടെ മഹാരാജാസ് കോളേജിലെ കരുത്തുറ്റ പോരാളിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികളെ കൊലപാതകം നടന്ന് ഒരുവർഷം പിന്നിട്ടിട്ടും ഇനിയും പിടികൂടാനായിട്ടില്ല.

സി പി എം പോഷക സംഘടനയല്ല എസ് എഫ് ഐ എന്ന് പറയുമ്പോഴും അഭിമന്യുവിന്റെ ഘാതകരെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ചതന്നെയാണെന്ന് പറയണം. അഭിമന്യുവിനെക്കാൾ പ്രായം കുറഞ്ഞ എന്നാൽ അഭിമന്യുവിനെപ്പോലെ തന്നെ സ്വപ്നങ്ങൾ കണ്ടിരുന്നവനാണ് സജിൻ ഷാഹുലും.

നാലാം ഭാഗംരാഷ്ട്രീയ നിരോധനമല്ല പരിഹാരം, ക്യാമ്പസുകളില്‍ വളരേണ്ടത് രാഷ്ട്രീയ പ്രബുദ്ധത......

ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിലേക്ക് ഒരു സംഘം ആര്‍എസ്എസ് അക്രമികള്‍ മാരകായുധങ്ങളുമായി കടന്നുവന്ന് ക്ലാസ്സിലിരുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദിക്കുകയും കോളജ് അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ ക്യാമ്പസിന് നഷ്ടമായത് രണ്ട് ജീവനുകളായിരുന്നു. ആര്‍എസ്എസ് അക്രമികള്‍ക്കെതിരേ പാറശാല പോലീസിന് പരാതി നല്‍കിയെങ്കിലും അടുത്തിടെ നമ്മള്‍ കണ്ട മറ്റ് പല സംഭവങ്ങളേയും പോലെ പോലീസ് നിഷ്‌ക്രിയമായി നിലകൊണ്ടു. പരാതികൊടുക്കാന്‍ നേതൃത്വം നല്‍കിയ കോളേജിലെ എസ്.എഫ്.ഐയുടെ പ്രസിഡന്റായിരുന്ന അനുവിനെ കൊല്ലുമെന്ന ഭീഷണിമുഴക്കി. എല്ലാക്കാലത്തും ആര്‍ എസ് എസ് നടത്തിയ ചെറുത്ത്‌നില്‍പ്പ് ഭീഷണിയില്‍ കരയുന്ന അമ്മയുടെ മുഖം കാണാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് അനു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇനി മറ്റേയാള്‍ പഠിക്കുക പോരാടുക എന്ന എസ്.എഫ്.ഐ യുടെ ആപ്തവാക്യത്തോടൊപ്പം സജിന്‍ ഷാഹുല്‍ എന്ന വിദ്യാര്‍ഥി ചേര്‍ത്തുവെച്ചത് ജീവിക്കുക എന്ന മുദ്രാവാക്യം കൂടിയായിരുന്നു. 

Sajin Shahul
കൊല്ലപ്പെട്ട സജിന്‍ ഷാഹുല്‍- ചിത്രം ഫെയിസ്ബുക്ക്/ sajin shahul comrade 

തിരുവനന്തപുരം ധനുവെച്ചപുരം ഐടിഐയിലെ വിദ്യാര്‍ഥിയായിരുന്നു സജിന്‍ ഷാഹുല്‍. എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവും. തന്റെ വീട് എന്നതായിരുന്നു സജിന്റെ ഏറ്റവും വലിയ സ്വപ്നം. അതിനായി ലോണ്‍ എടുത്ത് വീട് പണി ആരംഭിച്ച ശേഷം പതിനെട്ടുകാരനായ സജിന്‍ സമയം കിട്ടുമ്പോഴൊക്കെ കൂലിപ്പണിക്ക് പോയാണ് വീടിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. മറ്റെല്ലാ ദിവസത്തേയും പോലെ അന്നും ജോലിക്ക് പോയതിന് ശേഷം കോളേജിലേക്ക് പോയ സജിന്‍ മുപ്പത്തിരണ്ട് ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. 2013 ഓഗസ്റ്റ് 28ന് ആത്മഹത്യ ചെയ്ത അനുവിന്റെ മരണത്തിന് കാരണമായ ക്രിമിനലുകളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ പ്രകടനം ഐടിഐയുടെ മുന്നില്‍ എത്തിയപ്പോള്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളും ബോംബുമായി പാഞ്ഞടുത്ത സംഘം പ്രകടനത്തിനിടെ ബോംബ് വലിച്ചെറിഞ്ഞു. അത് പതിച്ചത് സജിന്‍ ഷാഹുലിന്റെ തലയിലായിരുന്നു. അവിടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ തണലും. 

ഏതൊരു രാഷ്ട്രീയപാര്‍ട്ടിക്കും ഉള്ളതിനെക്കാള്‍ വിശാലമായ താത്പര്യങ്ങളും പ്രശ്‌നങ്ങളും വിദ്യാര്‍ഥി സമൂഹത്തിന് അതായത് നാളത്തെ പൗരന്മാരായ ഇന്നത്തെ വിദ്യാര്‍ഥികള്‍ക്കുണ്ടെന്ന കാര്യം ഈ പ്രക്രിയയില്‍ കാണാതെ പോകുന്നു. അതിനാല്‍ നാളത്തെ പൗരന്മാരായ ഇന്നത്തെ വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ ഏറ്റെടുത്ത് സ്വമേധയാ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമായ വിദ്യാര്‍ഥിസംഘടനകള്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്. അതുകൊണ്ട് വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി വരച്ച വരയ്ക്കപ്പുറം കടന്ന്, വിദ്യാര്‍ഥികളുടെ പൊതുവായ പ്രശ്‌നങ്ങളേ ആസ്പദമാക്കി വേണം പ്രവര്‍ത്തിക്കാന്‍- 
(വിദ്യാര്‍ഥി പ്രസ്ഥാനം ഇന്ന്, ഇന്നലെ, നാളെ- ഇ.എം.എസ്.നമ്പൂതിരിപ്പാട്., ചിന്ത പബ്ലിക്കേഷന്‍സ്, രണ്ടാം പതിപ്പ്.)

നമ്മുടെ സർവകലാശാലകൾ കൊലനിലങ്ങളാകുന്ന ഈ കാലഘട്ടത്തിലാണ് 1992 ല്‍ ഇ എം എസിന്റെ ലഘുലേഖയില്‍ പ്രതിപാദിപ്പിക്കുന്ന വിദ്യാര്‍ഥി സംഘടനകളെക്കുറിച്ചുള്ള പാര്‍ട്ടി നിലപാട് പ്രസക്തമാ‌വുന്നത്. 

                                                                                                                                                                                                              തുടരും...

Content Highlights: Campus politics in Kerala making more students in trouble with llosing their lives.