Campus Politics

ക്യാമ്പസുകള്‍ എന്നും നല്ലതിന് വേണ്ടി കലഹിച്ച് തന്നെ മുന്നേറണം. എന്നാല്‍ അവ ഒരിക്കലും ആധിപത്യം സ്ഥാപിക്കലോ അക്രമിക്കലോ ആകരുത്  

അന്ന് സ്ഥലംമാറ്റുകയാണ് അവര്‍ ചെയ്തത്- മേരി ജോര്‍ജ്  

വർഷങ്ങൾക്ക് മുൻപ് യൂണിവേഴ്സിറ്റി കോളേജില്‍ തന്റെ ക്ലാസില്‍നിന്ന് പിടിച്ചിറക്കികൊണ്ട് പോയ വിദ്യാര്‍ഥിയെ എസ്.എഫ്.ഐക്കാരുടെ ഇടിമുറിയില്‍നിന്ന് ജീവച്ഛവം പോലെ പിടിച്ചിറക്കി കൊണ്ടുവന്ന സംഭവത്തെക്കുറിച്ച് പല ചാനല്‍ ചര്‍ച്ചകളിലും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എന്നെ കോഴിക്കോട് ആര്‍ട്സ് കോളേജിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. പിന്നീട് മൂന്ന് വര്‍ഷം കോഴിക്കോട് കോളേജില്‍ പ്രവര്‍ത്തിച്ച ശേഷം അടുത്ത സര്‍ക്കാരിന്റെ കാലത്ത് തിരികെ യൂണിവേഴ്സിറ്റി കോളേജിലേക്ക് തന്നെ കിട്ടുകയായിരുന്നു- മേരി ജോര്‍ജ് പറയുന്നു. 

"യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, അധ്യാപകരും പലവിധത്തില്‍ ഇരയാകുന്നുണ്ട്. അധ്യാപക സംഘടനക്കകത്തും അവരെ എതിര്‍ത്ത് സംസാരിക്കുന്നവര്‍ക്കെതിരേ മാനസികമായ അക്രമണമാണ് അവര്‍ നടത്തുന്നത്. അതിന് പാര്‍ട്ടിയുടെ പിന്തുണയും ഉണ്ട്. കുട്ടികളും അധ്യാപകരും തമ്മില്‍ പരസ്പരം സഹായിച്ചാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. കോപ്പിയടിക്കുന്നതിന് വേണ്ട എല്ലാ സഹായവും അധ്യാപകര്‍ ചെയ്ത് കൊടുക്കും. അല്ലാതെ നിഷ്പക്ഷമായി നില്‍ക്കുന്ന അധ്യാപകരെ കഴിയുംവിധം ഉപദ്രവിക്കുകയും ചെയ്യും."  
  
"മെരിറ്റിലല്ല ഇപ്പോള്‍ ക്യാമ്പസില്‍ കുട്ടികളെത്തുന്നത്. റാങ്ക് ലിസ്റ്റ് ഇട്ടാല്‍ അപ്പോള്‍ തന്നെ കുട്ടികളുടെ വീട്ടിലും മറ്റുമായി തിരഞ്ഞ് പിടിച്ചെത്തി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുക. ഇതോടെ  മാതാപിതാക്കളും പേടിച്ച് കുട്ടികളെ കോളേജിലേക്ക് വിടാത്ത സാഹചര്യമുണ്ടാകും. അങ്ങനെ ഒഴിവു വരുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡിമിഷനിലൂടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് സ്പോര്‍ട്സ് ക്വാട്ടയിലൂടെയും ഈ പറയുന്ന വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്ന സാഹചര്യമാണുള്ളത്."- മേരി ജോര്‍ജ് പറയുന്നു.

ജനാധിപത്യപരമാകണം നമ്മുടെ ക്യാമ്പസുകള്‍- സാബ്ലു തോമസ്  

ജെ.എന്‍.യു. ക്യാമ്പസും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുമെല്ലാം മാതൃകയാക്കുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളും ജനാധിപത്യപരമായി മാറാത്തതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ക്യാമ്പസുകളില്‍ ഏകാധിപത്യവും പഴയ മുദ്രാവാക്യങ്ങളുമായാണ് ഇപ്പോഴും വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുമാണ് മാധ്യമപ്രവര്‍ത്തകനായ സാബ്ലു തോമസ്  അഭിപ്രായപ്പെടുന്നത്.

Sablu Thomas
സാബ്ലു തോമസ്/ ഫെയ്‌സ്ബുക്ക്‌

ജനാധിപത്യവത്കരണത്തെക്കുറിച്ച് പറയുമ്പോള്‍ അതിന് സുതാര്യത നല്‍കാന്‍ തയാറാകുന്നില്ലായെന്നതാണ് യാഥാര്‍ഥ്യം. ക്യാമ്പസുകള്‍ ജനാധിപത്യവത്കരിക്കുകയും എല്ലാ ആശയങ്ങളേയും ഉള്‍ക്കൊള്ളാനുമുള്ള സാഹചര്യവുമാണ്‌ ഉണ്ടാകേണ്ടത്.

ഇപ്പോള്‍ നടക്കുന്നത് എസ്.എഫ്.ഐക്കെതിരേയുള്ള കടന്നാക്രമണം- മന്ത്രി കെ.ടി.ജലീല്‍ 

യൂണിവേഴ്‌സിറ്റി കോളേജില്‍ ഇപ്പോള്‍ നടന്ന കാര്യങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രമേ കാണാന്‍ കഴിയു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്യാമ്പസില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവിടെ പോലീസോ മറ്റ് ബന്ധപ്പെട്ടവരോ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലവിലെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് 11 അധ്യാപകര്‍, മൂന്ന് അനധ്യാപകര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. ക്യാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. 

ഒന്നാം ഭാഗംതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതറിഞ്ഞ് അവര്‍ രാത്രിയെന്നോ പകലെന്നോയില്ലാതെ വീട്ടിലെത്തി ആക്രമിച്ചു......

നിഖിലയെന്ന കുട്ടി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ആ കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ എസ്.എഫ്.ഐക്കെതിരേ മാത്രമല്ല, എസ്.എഫ്.ഐ. നടത്തിയ നല്ല കാര്യങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ആരും പറഞ്ഞില്ല- കെ.ടി.ജലീല്‍ പറഞ്ഞു. 

KT Jaleel
മന്ത്രി കെ.ടി.ജലീൽ- ഫോട്ടോ: ജി.ശിവപ്രസാദ്/ മാതൃഭൂമി ആർക്കൈവ്സ്

കേരളത്തില്‍ ഒന്നാമത്തെ റാങ്ക് കിട്ടിയത് യൂണിവേഴ്സിറ്റി കോളേജിനാണ്. കോളേജ് യൂണിയന്‍ ചെയര്‍മാനായിരിക്കെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയിട്ടുള്ളത് തനിക്കാണ്. അതുകൊണ്ട് തന്നെ സംഘടനാപ്രവര്‍ത്തനം നടത്തിയതുകൊണ്ട് വിദ്യാര്‍ഥികള്‍ ഇല്ലാതാകുന്നില്ല. ഞാനടക്കമുള്ള പല നേതാക്കളും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി വളര്‍ന്നുവന്നവരാണ്. നല്ലൊരു നേതാവ് ആവുക എന്നതിലുപരിയായി അക്കാദമിക് തലത്തില്‍ നല്ലൊരു മാതൃകയാകാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, സംസ്ഥാനത്തെ ക്യാമ്പസുകളില്‍ മതനിരപേക്ഷമായ സാഹചര്യമാണ് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകേണ്ടത്. എസ്.എഫ്.ഐക്കെതിരേ ഇന്ന് എ.ഐ.എസ്.എഫ്. ഉന്നയിക്കുന്നത് വെറും പൊള്ളയായ ആരോപണങ്ങള്‍ മാത്രമാണ്. അവനവന്റെ കഴിവുകേടുകളെ മറച്ച് വെക്കാന്‍ മറ്റുള്ളവരെ പഴിചാരുകയാണ് ചെയ്യുന്നതെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. 

അക്രമങ്ങള്‍ സര്‍ക്കാര്‍ ന്യൂനപക്ഷ കോളേജുകളെ കേന്ദ്രീകരിച്ച്- അഡ്വ.ജയശങ്കര്‍ 

ഏതെങ്കിലും ഒരു പ്രസ്ഥാനം മാത്രം പ്രവര്‍ത്തിക്കുകയോ അക്രമമോ ആധിപത്യം കാണിക്കുന്നതോ ആയി മാറരുത് നമ്മുടെ കലാലയങ്ങള്‍. കലാലയ രാഷ്ട്രീയം എല്ലാ കോളേജുകളിലും ഉണ്ടെങ്കിലും പിന്നാക്ക, ന്യൂനപക്ഷ വിഭാഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കലാലയങ്ങളോ സര്‍ക്കാര്‍ കോളേജുകളിലോ മാത്രമാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ അരങ്ങേറുന്നത്. എല്ലാ ക്യാമ്പസുകളിലും രാഷ്ട്രീയവും ശക്തമായ പ്രവര്‍ത്തനവും വേണം. പാര്‍ലമെന്റിലേക്ക് വോട്ട് ചെയ്യാന്‍ അവകാശമുള്ള പതിനെട്ട് വയസുള്ള കുട്ടികളാണ് നമ്മുടെ കലാലയങ്ങളിലുള്ളത്. അതുകൊണ്ട് തന്നെ ക്യാംപസുകള്‍ക്കുള്ളില്‍ രാഷ്ട്രീയം വേണം. എന്നാല്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്ന ജനാധിപത്യപരമായ സംവിധാനമായിരിക്കണം ഉണ്ടാകേണ്ടത്. 

A Jayasankar
എ.ജയശങ്കർ- ഫോട്ടോ: ബി.മുരളീകൃഷ്ണൻ/ മാതൃഭൂമി ആർക്കൈവ്സ് 

സര്‍ക്കാര്‍ കോളേജുകളിലല്ലാതെ ഹിന്ദു, മുസ്ലീം മാനേജ്മെന്റ് കോളേജുകളിലാണ് അതിക്രമം നടത്തുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ മാര്‍ ഇവോനിയോസ് അടക്കമുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള കോളേജുകളില്‍ ഇത്തരത്തിലുള്ള രാഷട്രീയപാര്‍ട്ടികളുടെ അക്രമങ്ങളോ സമരങ്ങളോ ഇല്ല. അതിന് മാനേജ്മെന്റുകള്‍ അനുവദിക്കാറില്ല. എന്നാല്‍ അല്ലാതെയുള്ള സര്‍ക്കാര്‍ കോളേജുകളിലെത്തുന്ന സാധാരണ കൂലിപ്പണിക്കാരന്റെ മക്കളെ പഠിക്കാനുള്ള അവസരം  ഇല്ലാതാക്കുകയാണ് ഇത്തരക്കാര്‍ തങ്ങളുടെ രാഷ്ട്രീയത്തിലൂടെ ഇല്ലാതാക്കുന്നത്. 

രണ്ടാം ഭാഗംഎതിര്‍ക്കുന്നവരെ ഇല്ലാതാക്കിയാണോ വിദ്യാര്‍ഥി രാഷ്ട്രീയം വളരേണ്ടത്..?......

കേരളത്തില്‍ ഇന്ന് മറ്റ് വിദ്യാര്‍ഥി സംഘടനകളൊക്കെയും അപ്രസകത്മായി. കേരളത്തിലെ മിക്ക കോളേജുകളിലും ഇന്ന് എസ്.എഫ്.ഐ ഭരിക്കുമ്പോള്‍ അവരുടെ പ്രാമുഖ്യം കുറഞ്ഞ കോളേജുകളില്‍ എം.എസ്.എഫ്, എ.ബി.വി.പി.പോലെയുള്ള സംഘടനകള്‍ എസ്.എഫ്.ഐയുടെ ചുവട് പിടിച്ച് അതിക്രമം നടത്തുകയാണ് ചെയ്യുന്നത്.എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി പ്രസ്ഥാനം നല്ല ഉദ്ദേശത്തോടുകൂടിയാണ് ആരംഭിച്ചതെങ്കിലും ഇന്ന് ജനാധിപത്യവിരുദ്ധവും വിദ്യാര്‍ഥി വിരുദ്ധവുമായി അധഃപതിച്ചിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

എസ്.എഫ്.ഐ സംഘടനാതലത്തില്‍ അഴിച്ചുപണി നടത്തുമെന്ന് പറയുമ്പോള്‍ താന്‍ അതില്‍ വിശ്വസിക്കുന്നില്ലെന്നും പിരിച്ചുവിടുകയാണ് വേണ്ടതെന്നുമാണ് അഡ്വ. ജയശങ്കര്‍ അഭിപ്രായപ്പെടുന്നത്. 

ഇന്ന് ക്യാംപസ് രാഷ്ട്രീയം വളരുന്നത് കഠാരയുടെ പിന്തുണയോടെ- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കലാലയ രാഷ്ട്രീയം എഴുപതുകളിലേക്ക് മടങ്ങുകയാണ് വേണ്ടത്. ക്ലാസില്‍ നിന്ന് ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന രീതിമാറി നേതാക്കളാകുന്നത് ഒരു ക്യാംപസിന്റെ പിന്തുണയോടെയാകണം. അങ്ങനെയാണെങ്കില്‍ മാത്രമേ നിലവില്‍ നമ്മുടെ ക്യാമ്പസുകളില്‍ നിലനില്‍ക്കുന്ന അക്രമത്തിന് അവസാനമുണ്ടാവുകയുള്ളൂ.

Thiruvanchoor Radhakrishnan
തിരുവഞ്ചൂർ രാധാകൃഷ്ണൻ- ഫോട്ടോ: ജി.ശിവപ്രസാദ്/ മാതൃഭൂമി ആർക്കൈവ്സ്

അതേസമയം തിരഞ്ഞെടുപ്പ് രീതിയും പഴയനിലയിലേക്ക് മാറ്റുകയാണെങ്കില്‍ നമ്മുടെ ക്യാംപസുകളിലെ ഒരു ക്ലാസ്മുറിയില്‍ നിന്ന് മാത്രം ഉയര്‍ന്നുവരുന്ന നേതാക്കളേയും ക്രിമിനല്‍ സ്വഭാവമുള്ളവരേയും മാറ്റാന്‍ സാധിക്കുകയുള്ളൂ. എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള കലാലയമായിരിക്കും ഉണ്ടാകേണ്ടത്. 

എസ്.എഫ്.ഐ പ്രവര്‍ത്തനം കത്തിമുനയിലും കത്തിപ്പിടിയിലും-മനുപ്രസാദ് 

ഭരണം ഉപയോഗിച്ച് ക്യാമ്പസുകളെ ഞെരുക്കിവെച്ചിരിക്കുകയാണ് ഇപ്പോള്‍ സിപിഎം. ഇത്തരത്തില്‍ ക്യാമ്പസുകളെ അടക്കിവെച്ചിരിക്കുന്ന നടപടി അവസാനിപ്പിക്കണം. ഇപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തനം കത്തിമുനയിലും കത്തിപ്പിടിയിലുമാണെന്നുമാണ് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി മനുപ്രസാദ് ആരോപിക്കുന്നത്. ഇടതുപക്ഷസംഘടനാ അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം സഹായിച്ചാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അധ്യാപകര്‍ രാഷ്ട്രീയത്തിന്റെ ചുവട് പിടിച്ചല്ല മറിച്ച് ക്യാമ്പസിനുള്ളില്‍ നടക്കുന്ന ക്രമക്കേടുകളെ മറച്ച് പിടിക്കാനും അഴിമതി നടത്താനുമുള്ള ശ്രമമാണ് ഇവരെ കൂട്ട് പിടിച്ച് നടത്തുന്നതെന്നും എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി മനു പ്രസാദ് അഭിപ്രായപ്പെടുന്നു. 

കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും എ.ബി.വി.പി. യൂണിറ്റ് തുടങ്ങി ശക്തമാക്കാനാണ് തീരുമാനിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങില്ലായെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ നിലവില്‍ യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിനകത്ത് യൂണിറ്റ് എന്നതിലുപരിയായി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട വിഷയമാണ് മുഖവിലക്കെടുക്കുന്നത്. എ. വിജയരാഘവന്‍ പറഞ്ഞത് ഉത്തരമെഴുതാത്ത കടലാസാണ് എന്നാണ്. ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതടക്കം സംഭവങ്ങളെ അത്രയും നിസാരമായിട്ടാണ് നേതൃത്വത്തിലുള്ളവര്‍ പോലും കാണുന്നത്.

എം.ജി. കോളേജില്‍ നാളിതുവരേയും ഇടതുപക്ഷ അനുഭാവികളായ അധ്യാപകരാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ക്ക് മറ്റൊരുതരത്തിലും അധ്യാപക സഹായം ലഭിക്കില്ല. എ.ബി.വി.പി എന്ന സംഘടന എം.ജി.കോളേജില്‍ വളര്‍ന്നത് വിദ്യാര്‍ഥികളെ അണിനിരത്തിക്കൊണ്ടായിരുന്നു. ഒരുകാലത്ത് എസ്.എഫ്.ഐ ആയിരുന്നു എം.ജി.കോളേജിനെ നയിച്ചിരുന്നത്. എം.ജി.കോളേജില്‍ വലിയൊരു സമരം നടന്നിരുന്നു. അതിന്റെ ഭാഗമായി കോളേജിലെ പ്രധാനാധ്യാപികയായ കനകവല്ലിടീച്ചറുടെ സാരി വലിച്ചുരിഞ്ഞ സാഹചര്യമുണ്ടായിരുന്നു. അന്ന് ടീച്ചര്‍ ശക്തമായി പ്രതികരിച്ചു. ഇതിനെ തുടര്‍ന്ന് എ.ബി.വി.പിയുടെ പ്രവര്‍ത്തനങ്ങളോടുകൂടിയാണ് എം.ജി.കോളേജില്‍ എ.ബി.വി.പി.ശക്തമാകുന്നത്.

മറ്റൊരു ആക്ഷേപം ഉയരുന്നത് ധനുവെച്ചപുരം കോളേജിനെക്കുറിച്ചാണ്. ധനുവെച്ചപുരം കോളേജില്‍ മുന്‍പ് തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ എ.ബി.വി.പി.വിജയിക്കുമെന്ന സാഹചര്യമായതോടെ മുരുകാനന്ദന്‍ എന്ന വിദ്യാര്‍ഥിയെ ക്യാമ്പസിനുള്ളില്‍ പരസ്യമായി അടിച്ചുകൊല്ലുകയായിരുന്നു. ഈ സംഭവത്തോടെയാണ് ധനുവെച്ചപുരം കോളേജില്‍ എ.ബി.വി.പി.ആധിപത്യം സ്ഥാപിക്കുന്നത്.- മനു പ്രസാദ് പറയുന്നു.

മൂന്നാം ഭാഗംഅതിക്രമിച്ച് അധികാരം പിടിച്ചെടുക്കാന്‍ കൊടിയുടെ നിറത്തിന് വ്യത്യാസമില്ല......

കലയുടെ ആലയമാകട്ടെ നമ്മുടെ കലാലയങ്ങൾ

സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ആഹ്വാനം ചെയ്ത ഗുരുവചനത്തെ ഈ കാലഘട്ടത്തിൽ ഒരിക്കൽകൂടി ഓർമപ്പെടുത്തേണ്ടിയിരിക്കുന്നു. വിദ്യാർഥികൾ കലാലയത്തിലെത്തുന്നത് ആത്യന്തികമായി വിദ്യാഭ്യാസത്തിനാണ്. അതുകൊണ്ട് തന്നെ ആദ്യം പ്രാമുഖ്യം നൽകേണ്ടതും വിദ്യാഭ്യാസത്തിന് തന്നെയാണ്. സംഘടനാ പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്ന വിദ്യാർഥികൾ തന്നെ വിവിധ മേഖലകളിൽ തിളങ്ങിയവരും റാങ്കുകൾ കരസ്ഥമാക്കിയവരും കുറവല്ല. എന്നാൽ വിദ്യാഭ്യാസത്തിനായി പണമില്ലാതെ ഇനിയൊരു രജനി എസ് ആനന്ദോ, ചുമരെഴുത്തിനെച്ചൊല്ലി ഒരു അഭിമന്യുവോ പഠിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കി ആത്മഹത്യക്ക് ശ്രമിച്ച നിഖിലയോ, ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാത്തവരുടെ കത്തിമുനയിൽ ഇനി നമ്മുടെ ക്യാമ്പസുകളിലെ ഒരു വിദ്യാർഥികളുമുണ്ടാകാൻ പാടില്ല. 

എല്ലാ സംഘടനകള്‍ക്കും ക്യാമ്പസില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണം

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥിതി അനുവദിക്കാന്‍ പാടില്ല

ക്യാമ്പസുകളിലെ പ്രവേശന നടപടികള്‍ സുതാര്യമാക്കുക

സ്പോര്‍ട്സ് ക്വാട്ടയിലുള്ള പ്രവേശനത്തിന് സംവരണം നല്‍കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന അതാത് ഇനങ്ങളില്‍ കായിക ക്ഷമത പരീക്ഷനടത്തി മാത്രം പ്രവേശനം നല്‍കാം

പരീക്ഷാ ഹാളുകളില്‍  വെബ്ക്യാമറകള്‍ സ്ഥാപിക്കുക, 

യൂണിയന്‍ പ്രവര്‍ത്തനം അക്കാദമിക പ്രവര്‍ത്തനങ്ങളേയും പഠനത്തേയും ബാധിക്കാത്ത തരത്തിലാക്കുക 

വിദ്യാര്‍ഥികള്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കാനും നമ്മുടെ കലാലയങ്ങളിലെ വിദ്യാർഥി സംഘടനകൾക്ക് കഴിയണം. കോടതി ചോദിച്ചതുപോലെ ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിച്ചതുകൊണ്ട് കൊലപാതകങ്ങൾ കുറയില്ല. എന്നാൽ നമ്മുടെ കലാലയങ്ങളിൽ കഴിയുന്ന ഓരോ സംഘടനയും അവരുടേ മുദ്രാവാക്യങ്ങൾ മുറുകെ പിടിച്ച് അതിന്റെ അർഥം മനസിലാക്കി തന്നെ മുന്നോട്ട് പോകട്ടെ. 

അവസാനിച്ചു...

Content Highlights: Campus Politics in Kerala must be democratic